• Follow

ഐസോലേഷനെ ഒരു പുഞ്ചിരിയോട് കൂടി നേരിടുക – ഇവാൻ റാക്കറ്റിച്ച്

  • Posted On March 24, 2020

നിലവിലെ സാഹചര്യങ്ങളെ പറ്റിയും വീട്ടിൽ ചിലവഴിക്കുന്ന സമയത്തെ പറ്റിയും ഒപ്പം മറ്റ് പല കാര്യങ്ങളെയും കുറിച്ച് ബാഴ്‌സിലോണ താരം ഇവാൻ റാക്കിട്ടിച്ച് സംസാരിക്കുന്നു.
എല്ലാരും അവരവരുടെ വീടുകളിലാണ്… വളരെ അസാധാരണമായ ഒരവസ്ഥയാണ്. അതിലേക്ക് പോകുന്നതിന് മുമ്പ്, ക്രൊയേഷ്യയിൽ ഒരു ഭൂചലനം ഉണ്ടായി എന്ന വാർത്തകളാണ് ഇപ്പൊ കേൾക്കുന്നത്?

അതേ… ഒരുപാട് സുഹൃത്തുക്കൾ വിളിച്ചിരുന്നു. ക്രോയേഷ്യയിൽ ഉണ്ടായ ഏറ്റവും മോശം ഭൂകമ്പങ്ങളിൽ ഒന്നാണ് ഇപ്പൊ സംഭവിച്ചിരിക്കുന്നത്. എല്ലാരും വീട്ടിൽ ഇരിക്കേണ്ട ഒരു സന്ദർഭത്തിലാണ് അത് സംഭവിച്ചത് എന്നത്‌ നിർഭാഗ്യകരമാണ്‌.. ക്രൊയേഷ്യയിലെ അവസ്ഥ സ്പെയിനോളം മോശം ആയിരുന്നില്ല ഇത് വരെ, പക്ഷേ ധാരാളം ആശുപത്രികളും വീടുകളും ഇപ്പോൾ തകർന്നിട്ടുണ്ട്. മനുഷ്യർ തെരുവുകളിലാണ്‌. ഇൗ നാശനഷ്ടങ്ങൾക്ക് ഇടയിൽ രണ്ട് സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന വാർത്തയും അറിയാനിടയായി. സാഗ്രെബിൽ ഉള്ള എല്ലാർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ദേശീയ ടീം അംഗങ്ങളുമായി ഗ്രൂപ്പിൽ സംസാരിച്ച് നമ്മളാൽ പറ്റുന്ന സഹായങ്ങൾ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നമ്മൾ ഒരുമിച്ച് അതിജീവിക്കും.

സ്പെയിനിലെ അവസ്ഥ മോശമാണെന്ന് പറഞ്ഞല്ലോ. താങ്കളും കുടുംബവും എങ്ങനെയാണ് അതിനെ നേരിടുന്നത്?

ഈ അവസരം മുതലെടുത്ത് ഒരുപാട് സമയം ഒരുമിച്ച് ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്.ഞങ്ങൾ നാല് പേരും ഇവിടെ ഒരുമിച്ചുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ കുട്ടികൾ അവരുടെ ഹോം വർക്കുകൾ ചെയ്യും. രാവിലെ ഞാനും റാകേലും അധ്യാപകരാണ്. വൈകുന്നേരം ഒരുമിച്ച് എന്തെങ്കിലും കളികൾ കളിക്കും. ഒരുമിച്ച് സമയം ചിലവാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

മുതൽ വെള്ളി വരെ കുട്ടികളുടെ പഠനം. അത് പോലെ മറ്റെന്തെങ്കിലും ദിനചര്യകൾ ഉണ്ടോ? എല്ലാരും അവരുടെത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നുണ്ട്. എന്താണ് താങ്കളുടേത്?

കുട്ടികൾ ഉള്ള വീട്ടിൽ അങ്ങനെ ഒരു ചിട്ട ഉണ്ടാക്കിയെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാ ദിവസുവും ഏഴരക്കോ എട്ട് മണിക്കോ എഴുന്നേൽക്കും. എന്നിട്ട് പ്രാതൽ കഴിച്ച ശേഷം കുറച്ച് നേരം ഇൻറർനെറ്റിൽ ചിലവഴിക്കും. എന്നിട്ട് അവരെ പഠിപ്പിക്കാൻ പോകും. പിന്നീട് ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം കുറച്ച് നേരം അവരോടൊപ്പം കളിക്കും. ചിലപ്പോൾ ചെറുതായി ഒന്ന് ഉറങ്ങും. ദിവസം മുഴുവൻ അവരോടൊപ്പം ചിരിച്ച് കളിച്ച് സമയം പോകുന്നത് അറിയില്ല.

വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. നിങ്ങള് വീട്ടിലിരുന്ന് ട്രെയിൻ ചെയ്യുന്നു. ഈ പുതിയ സാഹചര്യത്തോട് എങ്ങനെയാണ് പൊരുത്തപ്പെടുന്നത്‌?

സിയൂട്ടാട്ട്‌ എസ്പോർട്ടിവയിൽ ട്രെയിൻ ചെയ്യുന്നതിനേക്കാൾ കൂടുതൽ വീട്ടിൽ ട്രെയിൻ ചെയ്യുന്നതായി തോന്നുന്നുണ്ട്. വീട്ടിൽ ഒരു ജിം ഉള്ളത് നന്നായി. എന്റെ ഭാര്യയും വ്യായാമം ചെയ്യാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. അത് കൊണ്ട് എന്നും ഒരുമിച്ചാണ് ജിമ്മിൽ പോവുക. ചില ദിവസങ്ങളിൽ രണ്ട് തവണ പോകാറുണ്ട്. കുട്ടികളും ജിമ്മിൽ ചിലവഴിക്കുന്ന സമയം ഒരുപാട് ആസ്വദിക്കാറുണ്ട്. സൈക്കിളിലും മറ്റുമായി അവരും അവരുടെ രീതിയിൽ വർക്ക് ഔട്ട് ചെയ്യുന്നു. എല്ലാരും ഒരുമിച്ച് സമയം ചിലവഴിക്കുന്ന ഒരു ഗെയിം റൂം പോലെയായി ഇപ്പൊ ജിം. ഒരുമിച്ച് ട്രെയിൻ ചെയ്തിട്ട് ഒരുപാട് ദിവസങ്ങൾ ശേഷം ഒരുമിച്ച് ട്രെയിൻ ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം.

മെഡിക്കൽ ടീമുമായും മറ്റ് സ്റ്റാഫുകളുമായും സംസാരിക്കാറുണ്ടോ?

ഓരോ കളിക്കാർക്കും പ്രത്യേകം ഫിറ്റ്നസ് കോച്ചുകൾ ഉണ്ടാവും. ഞാൻ എന്റെ കോച്ച് അന്റോണിയുമായി എന്നും സംസാരിക്കാറുണ്ട്. എന്താണ് ഓരോ ദിവസവും ചെയ്യേണ്ടതെന്ന് അന്റോണിയോ പറഞ്ഞ് തരാറുണ്ട്. അതിന് പുറമെ എന്റേതായ പതിവ് വർക്ക് ഔട്ട് രീതികളും ഞാൻ ചെയ്യാറുണ്ട്. ഞങ്ങൾ എന്നും പരസ്പരം സംസാരിക്കാറുണ്ട്. ചെയ്യുന്ന എല്ലാ വർക്ക് ഔട്ടിന്റെയും ഫോട്ടോയും വീഡിയോയും ഞാൻ അയച്ച് കൊടുക്കാറുമുണ്ട്.

ആഹാരക്രമം എങ്ങനെയാണ് സൂക്ഷിക്കുന്നത്?

സിയൂട്ടാട്ട്‌ എസ്പോർട്ടിവയിൽ പ്രത്യേകം ഷെഫാണ് ഭക്ഷണം തയ്യാറാക്കുന്നത്. അദ്ദേഹത്തിന്റെ സേവനങ്ങൾ ഇപ്പൊ ലഭ്യമല്ല, പക്ഷേ എന്റെ ഭാര്യ നന്നായി പാചകം ചെയ്യുന്ന ആളാണ്. എനിക്കും പാചകം ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. ഈ ഇന്റർവ്യൂ കഴിഞ്ഞതിന് ശേഷം മകൾ ഒരു കേക്ക് ഉണ്ടാക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ മക്കളോടൊപ്പം ചെയ്യാൻ കഴിയുന്ന രസകരമായ ഒരു കാര്യം കൂടി…

എന്നാൽ ആ കേക്കിന്റെ ഫോട്ടോ എടുത്ത് എനിക്കയച്ച് തരണം.

തീർച്ചയായും. 🙂

ബാഴ്സയ്ക്ക് വേണ്ടി മുന്നൂറ് മത്സരിക്കാൻ തികക്കാൻ ഒരു മത്സരം കൂടിയല്ലേ ബാക്കിയുള്ളൂ?

അതേ, ഈ കഴിഞ്ഞ ദിവസമാണ് അവർ എന്നോടത്‌ പറഞ്ഞത്. അറിഞ്ഞതിൽ പിന്നെ ലാലിഗ പുനരാരംഭിക്കാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. ഇൗ സീസണിലെ ലാലിഗ അവസാനിച്ചോ എന്നതിനെ പറ്റി ചില ആശയക്കുഴപ്പങ്ങൾ ഉണ്ട്. ഒരു മത്സരം കൂടി എങ്ങനെയെങ്കിലും നടത്താൻ സാധിച്ചിരുന്നെങ്കിൽ… ഇനി കുറച്ച് മത്സരങ്ങൾ മാത്രമേ ഉള്ളൂ എന്ന് അറിയാമായിരുന്നു. പക്ഷേ ഒരു മത്സരം മാത്രമേ ഉള്ളൂ എന്ന് അവർ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്. ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു.

സിയൂട്ടാട്ട്‌ എസ്പോർട്ടിവയിലെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്താണ്?

ആ ചിട്ടയായ ജീവിതം… ആൾക്കാരെ കാണുന്നത്… കുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ട് പോയതിന് ശേഷം ഭാര്യയുടോപ്പം സമയം ചിലവഴിക്കുന്നത്… ടീമിലെ മറ്റ് അംഗങ്ങളുമായിയുള്ള നിമിഷങ്ങൾ…തീർച്ചയായും ഫുട്ബോൾ, ട്രെയിനിംഗ് എന്നിവയൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് മറ്റ് മനുഷ്യരുടെ സാമീപ്യമാണ്. വീഡിയോ കാളിലൂടെ അല്ലാതെ മറ്റുള്ളവരോട് സംസാരിക്കുന്നത്… ടീമിൽ ഉള്ള ആരുടെയെങ്കിലും ഒപ്പം ഒരു കോഫി കുടിക്കാൻ പോകാനോ സിയൂട്ടാട്ട്‌ എസ്പോർട്ടിവയിൽ ജോലി ചെയ്യുന്നവരോടോ അയൽവാസികളോടോ ഒന്ന് കുശലം പറയാൻ കഴിയാത്തതും മിസ്സ് ചെയ്യുന്നുണ്ട്.

എല്ലാ പ്രവർത്തികളും പൂർണ്ണമായും നിർത്തി വെക്കുന്ന എന്ന വാർത്തയോട് എങ്ങനെയാണ് പ്രതികരിച്ചത്?

ആദ്യം 14 ദിവസത്തേക്കാണ് നിർത്തി വെച്ചിരുന്നത്. ഇപ്പൊ 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. എനിക്ക് ഒരൽഭുതവും തോന്നിയില്ല. ചാംപ്യൻസ് ലീഗ് മത്സരത്തിനായി നേപ്പിൾസിൽ പോയപ്പോ തന്നെ ഇറ്റലിയിലെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്‌. സ്പെയിനിൽ അപ്പോൾ ഇത് വലിയ ഭീഷണി ആയിരുന്നില്ല. പക്ഷേ ഞാൻ നമ്മുടെ ഡോക്ടർ, ചാവിയോട് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഇപ്പൊൾ തന്നെ സ്റ്റോക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്നു. ഇതിനിയും മോശമായ അവസ്ഥയിലേക്ക് പോകുമെന്നാണ് തോന്നുന്നത്. ഇത്രയെങ്കിലും നമ്മൾ ചെയ്യണം. ഒഴിഞ്ഞ തെരുവുകളിൽ ഫുട്ബോൾ കളിക്കാനും റാക്കേലും കുട്ടികളുമായി നടക്കാൻ പോകാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ വളരെ നിർണ്ണായകമായ ഒരവസ്ഥയിൽ കൂടിയാണ് ഇപ്പൊ നാം കടന്ന് പോകുന്നത്. എല്ലാരും നിയമങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുക. നമ്മളെ ഉള്ളിൽ പൂട്ടിയിടാൻ സർക്കാരിന് യാതൊരു താൽപര്യവുമില്ല. ഒരു സമൂഹം എന്ന നിലയിൽ അത് നമ്മുടെ കടമയാണ്. ഇങ്ങനൊക്കെ ആകുന്നതിൽ എനിക്കും നിങ്ങളെ പോലെ ഒരു താല്പര്യവും ഇല്ല. പക്ഷേ ഇൗ വൈറസിനെ പ്രതിരോധിക്കാൻ വേറെ വഴികൾ ഇല്ല. അത് കൊണ്ട് എല്ലാരും നിർദേശങ്ങൾ പാലിച്ച് മുന്നോട്ട് പോവുക.

അതേ. തീർച്ചയായും നമ്മുടെ കടമയാണ്. ഇൗ അവസ്ഥ 15 ദിവസത്തേക്ക് കൂടി നീട്ടി എന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ട് അല്പസമയമെ ആയിട്ടുള്ളൂ. അത്രയും ദിവസത്തേക്കുള്ള ട്രെയിനിംഗ് എങ്ങനെയാകും?

ഞാൻ നേരത്തെ പറഞ്ഞത് പോലെ, അന്റോണിയയും ഞാനും എന്നും സംസാരിക്കാറുണ്ട്. ലോക്ക്ഡൗൺ നീട്ടുന്നതിനെ പറ്റിയും നമ്മൾ സംസാരിച്ചിരുന്നു. ഇപ്പൊ അത് ഔദ്യോഗികമായി. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായി അറിയാം. കുട്ടികളുടെ കൂടെ സമയം ചിലവഴിക്കാൻ തീർച്ചയായും ഇഷ്ടമാണ്. പക്ഷേ ട്രെയിൻ ചെയ്യാതിരിക്കാൻ കഴിയില്ല. ഇതിന് ശേഷമുള്ള എന്റെ കരിയറിലും ശ്രദ്ധിക്കണം. ഞാൻ ഇപ്പൊ എത്രയധികം ട്രെയിൻ ചെയ്യുന്നുവോ ഭാവിയിൽ അത്ര നന്നായി കളിക്കാൻ കഴിയും. എന്നും ജിമ്മിൽ പോകുന്ന വ്യക്തിയാണ്. അത് കൊണ്ട് വലിയ മാറ്റമായി തോന്നുന്നില്ല. ഒരു പക്ഷെ ട്രെഡ്മില്ലിൽ കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരും. പക്ഷേ മക്കളുടെ കൂടെ ട്രെയിൻ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.

പഴയ അവസ്ഥയിലേക്ക് തിരിച്ച് പോകുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? സീസണിലെ നിർണ്ണായകമായ അവസ്ഥയിലാണ് കളികൾ നിർത്തി വെച്ചത്. എങ്ങനെ പഴയ അവസ്ഥയിലേക്ക് പോകുമെന്നാണ് കരുതുന്നത്?

ഇനി പഴയ അവസ്ഥയിലേക്ക് പോകുന്നത് വളരെ വിചിത്രമായിരിക്കും എന്നാണ് തോന്നുന്നത്. വീണ്ടും സിയൂട്ടാട്ട് എസ്പോർട്ടിവയിൽ വീണ്ടും പോവുക, സ്റ്റേഡിയത്തിൽ കളികൾ പുനരാരംഭിക്കുക… എല്ലാരും വീണ്ടും ശാരീരികക്ഷമത വീണ്ടെടുക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു. വേനലവധി കഴിഞ്ഞ് കളികൾ പുനരാരംഭിക്കുംബോൾ തയ്യാറാകാൻ ഒരുപാട് സമയം കിട്ടാറുണ്ട്. സമ്മർദവും ഉണ്ടാവാറില്ല. പക്ഷേ ഇതങ്ങനൊരു സാഹചര്യമല്ല. കളികൾ പുനരാരഭിക്കുമ്പോൾ തന്നെ ഒരുപാട് സമ്മർദ്ദമുണ്ട്. പക്ഷേ അത് ട്രെയിൻ ചെയ്യാൻ അത് വലിയൊരു പ്രചോദനം ആകുന്നുണ്ട്. ഏതാണ്ടൊരു മാസം ഒറ്റക്ക് ട്രെയിൻ ചെയ്തത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുണ്ട്. പക്ഷേ എത്രയും വേഗം നൂറ് ശതമാനം ശാരീരികക്ഷമത വീണ്ടെടുത്ത് തിരിച്ച് വരുന്നതിന് വേണ്ടിയാണ് എന്റെ പ്രയത്നം.

കുറച്ച് വ്യക്തിപരമായ ചോദ്യമാണ്, മക്കളോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് എന്ത് ചെയ്യാനാണ്?

24 മണിക്കൂറും യൂട്യുബിലാണ്‌. ഡാൻസ്, പ്രത്യേകിച്ച് സുംബയിലാണ്‌ പ്രിയം. ദിവസം മുഴുവൻ ഷക്കീറയുടെ വീഡിയോകളാണ് കാണുന്നത്. അവരുടെ നൃത്തം കുട്ടികൾ പഠിക്കാൻ ശ്രമിക്കുകയാണ്. പിന്നെ ഗെയിം റൂമിലും ജിമ്മിലുമായി ഒരുപാട് സമയം ചിലവഴിക്കും. പരസ്പരം തല്ല് കൂടാത്തത്‌ കൊണ്ട് ഞാനും റാക്കേലും സന്തുഷ്ടരാണ്. അവർ വലിയ സന്തോഷത്തിലാണ്. എപ്പോഴും ആട്ടവും പാട്ടുമായി സമയം ചിലവഴിക്കുന്നു.

വീട്ടിലുള്ളവർ അല്ലാതെ സുഹൃത്തുക്കളും മറ്റ് കുടുംബക്കാരുമായിയുള്ള ബന്ധം? വീഡിയോ കോൾ വഴിയാണോ?

അതേ. ഒന്നിന് പുറകെ ഒന്നായി സെവിയയിലുള്ള അമ്മയുമായും അനിയത്തിയുമായും ഭാര്യ നിരന്തരം സംസാരിക്കാറുണ്ട്. സുഹൃത്തുക്കളുമായി സംസാരിക്കാറുണ്ട്. ഇൗ അവസരത്തിൽ ഇത്തരം ചെറിയ കാര്യങ്ങളിൽ നിന്നും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

താങ്കളുടെ മക്കൾ എങ്ങനെയാണ് ഈ സാഹചര്യം നേരിടുന്നത്?

വീട്ടിന് പുറത്ത് ചെറിയ രാക്ഷസന്മാർ ഉണ്ടെന്നും അത് കൊണ്ട് പുറത്ത് പോകാൻ കഴിയില്ല എന്നും ഞാൻ പറഞ്ഞ് മനസ്സിലാക്കി. ഈ രാക്ഷസന്മാർ പോയാലെ വീണ്ടും വായു ശുദ്ധമാകൂ എന്നൊക്കെ പറഞ്ഞപ്പോ തന്നെ അവർക്ക് മനസ്സിലായി. വീട്ടിൽ രണ്ട് വളർത്ത് നായകളുണ്ട്. അവരോടൊപ്പം വീട്ടിലെ ഗാർഡനിൽ അവർ കളിക്കാറുണ്ട്. സാഹചര്യം മനസ്സിലാക്കി അവർ പെരുമാറുന്നുണ്ട്. ഒരുപാട് നേരം അവരുമായി കളിക്കേണ്ടതായി വരുന്നുണ്ട്, അതൊരു പ്രശ്നമാണ്. പക്ഷേ നമ്മൾ ഒരുമിച്ച് ചിലവഴിക്കുന്ന സമയം വളരെ രസകരവുമാണ്.

രണ്ട് നായകൾ ഉണ്ടെന്ന് പറഞ്ഞില്ലേ, അവരെ നടത്താൻ കൊണ്ട് പോകാറുണ്ടോ?

ഞാൻ ചവറ് കളയാൻ മാത്രമേ പുറത്ത് പോകാറുള്ളൂ. നാപ്പോളിയുമായുള്ള മത്സരം കഴിഞ്ഞപ്പോൾ തന്നെ അവസ്ഥ മോശമാകും എന്നെനിക്ക് തോന്നിയിരിന്നു. അത് കൊണ്ട് അപ്പോൾ തന്നെ ആവശ്യമുള്ള സാധങ്ങൾ വീട്ടിലേക്ക് വാങ്ങിയിരുന്നു. നായകളുമായി നമ്മൾ ഗാർഡനിൽ കളിക്കാറുണ്ട്.

എല്ലാരും വീട്ടിലാണല്ലോ. അവർക്കായി എന്തെങ്കിലും സജഷൻസ് ഉണ്ടോ? ആദ്യം സിനിമകൾ.

ഈ ദിവസങ്ങൾ ഒരുപാട് സിനിമകൾ കണ്ട് തീർത്തു. കുട്ടികൾക്ക് കൂടുതലും ഇഷ്യം ഡിസ്നി സിനിമകളാണ്. ഏറ്റവും കൂടുതൽ ഇഷ്ടമായത് ‘മിയ ആൻഡ് ദി വൈറ്റ് ലയൺ’ എന്ന സിനിമയാണ്. വളരെ നല്ല സിനിമയാണ്. 4 തവണ കണ്ട് കഴിഞ്ഞു ഇപ്പോൾ തന്നെ.

ടിവി സീരീസ്?

എനിക്ക് സിനിമകളാണ് കുറച്ച് കൂടി ഇഷ്ടം. ഞാനവസാനം കണ്ടത് നിക്കി ജാമിന്റെ ‘ദി വിന്നർ’ ആണ്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ സ്ക്രീനിൽ കണ്ടത് വളരെയധികം ഹൃദയഹാരിയായിരുന്നു.

രണ്ട് കുട്ടികൾ, വളർത്ത് നായകൾ , ട്രെയിനിംഗ്… ഇതൊക്കെ കഴിഞ്ഞ് വായിക്കാൻ സമയം കിട്ടാറുണ്ടോ?

ഞാൻ കളിക്കാനായി ഒരുപാട് യാത്ര ചെയ്യുന്നത് കൊണ്ട് എന്റെ ഭാര്യ ഒരുപാട് പുസ്തകങ്ങൾ എനിക്ക് വായിക്കാനായി തരാറുണ്ട്. ആകർഷണനിയമത്തെ പറ്റിയൊരു പുസ്തകമാണ് അവസാനം വായിച്ചത്. വളരെയധികം രസകരമായി തോന്നി. കാരണം ഞാൻ വായിക്കുന്ന പുസ്തകങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒന്നായിരുന്നുവത്.

അങ്ങനെയുള്ള വിഷയങ്ങളിൽ താല്പര്യം ഉണ്ടെങ്കിൽ ‘ക്വാണ്ടം കോൺഷ്യസ്നെസ്സ്‌’ എന്ന പുസ്തകം ഞാൻ നിർദേശിക്കുന്നു ആകർഷണനിയമത്തിന് പിന്നിലുള്ള ശാസ്ത്രീയ വശങ്ങളെ പറ്റി ചർച്ച ചെയ്യുന്ന പുസ്തകമാണ്. എല്ലാം പഴയ അവസ്ഥയിലേക്ക് മാറുമ്പോൾ ഞാൻ കടമായി തരാം. ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വേറെ എന്തൊക്കെ ചെയ്യാറുണ്ട്?

കുട്ടികളുമായി കൂടുതലും ഒളിച്ച് കളിക്കാറാണ്‌ പതിവ്. മൂത്ത മകൾക്ക് ടെന്നിസിൽ ഒരു ഭ്രമം തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് വീടിനുള്ളിൽ ചെറുതായി ടെന്നിസും കളിക്കാറുണ്ട്.

ഒന്നും നശിപ്പിക്കരുത്!

ടീമിലെ മറ്റ് താരങ്ങൾ ഒരുപാട് വീഡിയോഗെയിമുകൾ കളിക്കുന്നത് കാണാറുണ്ട്. പക്ഷേ ഞാൻ കൂടുതലും എന്റെ മക്കളുമായിയാണ് സമയം ചിലവഴിക്കാറ്…

പോകുന്നതിന് മുമ്പ് അവസാന ചോദ്യം, ഈ സോഷ്യൽ ഡിസ്റ്റൻസിംഗ് ഇന്റർവ്യൂവിൽ വരാൻ ഏതെങ്കിലും സഹതാരത്തെ നോമിനേറ്റ് ചെയ്യാൻ താല്പര്യം ഉണ്ടോ?

തീർച്ചയായും. പക്ഷേ അതിന് മുമ്പ് രാപ്പകൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും എന്റെ എല്ലാ കൃതജ്ഞതയും രേഖപ്പെടുത്തുന്നു. കൂടാതെ പോലീസ്കാർക്കും ഞാൻ നന്ദി പറഞ്ഞ് കൊള്ളുന്നു. കൂടാതെ ഈ ഇന്റർവ്യൂവിലേക്ക്‌ ടെർ സ്റ്റെഗനെ ഞാൻ നോമിനേറ്റ് ചെയ്യുന്നു. ഗോൾ വലക്ക്‌ മുമ്പിലുള്ള ചാട്ടം നിർത്തി ഇവിടെ വന്നിരിക്കട്ടെ… 😆

നന്ദി ഇവാൻ, എല്ലാം പഴയ സ്ഥിതിയിലേക്ക് മടങ്ങി ഉടൻ തന്നെ നേരിൽ കാണാൻ കഴിയട്ടെ…

നന്ദി…

  • SHARE :