• Follow

ഡോൺ പട്രീഷ്യോ Part 3

  • Posted On June 24, 2019

വേനലവധിയിൽ നിന്ന് തിരിച്ചെത്തിയ ഡോൺ 1935-36 സീസണിലെ ബാഴ്സയുടെ കോച്ചായിട്ട് ചുമതലയേറ്റു. ബാഴ്സയുടെ മാനേജ്മെന്റിന് ഡോണിന്റെ രീതികളിൽ വളരെ ഇഷ്ടപ്പെട്ടത് അന്നുവരെ തങ്ങൾക്കുണ്ടായിട്ടുള്ള കോച്ചുമാരിൽ ആർക്കും തന്നെയില്ലാതിരുന്ന പ്രൊഫഷണൽ സമീപനമായിരുന്നു. അദ്ദേഹം മുൻപ് പരിശീലിപ്പിച്ചിരുന്ന ക്ലബ്ബുകളിൽ മുൻപെങ്ങും പരിചയമില്ലാത്ത ഒരു പ്ലെയിങ് സ്റ്റൈൽ സ്ഥിരമായി ഉപയോഗിച്ചതും, ബ്രിട്ടീഷ് മുറയിലുള്ള കഠിനമായ പരിശീലന രീതികളും, ടാക്ടിക്കൽ മികവും, ഒപ്പം കളിക്കാരുടെ ഭക്ഷണക്രമവും ഉറക്കവും വരെയും തികഞ്ഞ അച്ചടക്കത്തോടെ നിയന്ത്രിച്ച അദ്ദേഹത്തെക്കുറിച്ച് എല്ലാവരിലും വളരെ വലിയ മതിപ്പായിരുന്നു. അതുകൊണ്ടാണ് 1935’ൽ പുതുതായി ചുമതലയേറ്റ ബാഴ്സ പ്രസിഡന്റ് ജോസപ് സുന്യോൾ ദിവസങ്ങൾക്കകം ഡോണിനെ ബാഴ്സയിൽ എത്തിച്ചത്. ബാഴ്സയുടെ കോച്ചായി അധികാരമേറ്റതിനു ശേഷം അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ എടുത്തു പറഞ്ഞതിതാണ് “ഞാനിവിടെ വന്നത് ബാഴ്സയുടെ ഏറ്റവും മഹത്തരമായ യുഗത്തിൻറെ മുഖമുദ്രയാവാൻ വേണ്ടിയിട്ടാണ്” . തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനെ പറ്റി അദ്ദേഹത്തിന് അതിശയകരമായ അഭിനിവേശവും അതിനേക്കാളേറെ ഉറച്ച നിശ്ചയദാർഢ്യവും ഉണ്ടായിരുന്നെന്ന് വ്യക്തം. പക്ഷേ പിന്നീടെന്തു സംഭവിച്ചു !?.. അദ്ദേഹം അത് നേടിയോ ?!

ഡോൺ വരുന്നതുവരെ ബാഴ്സയുടെ അന്നത്തെ സമീപഭാവിയിൽ ഉള്ള കൊച്ചുമാർക്കൊന്നും ക്ലബ്ബിനുവേണ്ടി കാര്യമായുള്ള നേട്ടങ്ങളൊന്നും നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. ആദ്യ സീസണിൽ തന്നെ അദ്ദേഹം ബാഴ്സയെ ഒരുപാട് മുന്നോട്ട് കൊണ്ടെത്തിച്ചു. ആഭ്യന്തര യുദ്ധത്തിനു മുന്നേ അന്നത്തെ സ്പെയിനിലെ പ്രമുഖ ടൂർണമെന്റായ “കാമ്പ്യോണാ ഡി കറ്റാലുന്യ” (കറ്റാലൻ ചാമ്പ്യൻഷിപ്പ്) അദ്ദേഹത്തിന്റെ കീഴിൽ ടീം ആദ്യ സീസണിൽ തന്നെ നേടി. കൂടാതെ ഇന്നും സ്പെയിനിലെ പ്രൗഢിയുടെ അടയാളമായ പ്രശസ്ത “കോപ്പാ ഡെൽ റെ” (സ്പാനിഷ് കപ്പ്) ടൂർണമെന്റിൽ ഫൈനലിലെത്തി റണ്ണേഴ്സ് അപ്പായി അവസാനിച്ചു. ലാ ലിഗയിലാവട്ടെ മുൻ സീസണിലെ ആറാം സ്ഥാനത്ത് നിന്ന് ഒരു പടി കൂടി കയറി അഞ്ചാം സ്ഥാനത്തായി മെച്ചപ്പെട്ട സ്ഥാനം നേടിയെടുത്തു. അങ്ങനെ ഡോൺ വാഗ്ദാനം ചെയ്ത പോലെ എല്ലാ അർത്ഥത്തിലും ഒരു മഹത്തരമായ യുഗത്തിലേക്കുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു ആ സുന്ദരമായ യുവ ടീം നടത്തിയത്. വരാനിരിക്കുന്ന വർഷങ്ങളിൽ ആ യുവ ടീം ഒരുപാട് ഉയരങ്ങൾ കീഴടക്കും എന്ന് സൂചനകൾ തന്ന വാഗ്ദാനം. പക്ഷേ…….!?

അങ്ങനെ താരതമ്യേന സംതൃപ്തമായ ഒരു സീസണിനു ശേഷം അടുത്ത സീസണിന്റെ തയ്യാറെടുപ്പുകൾക്ക് മുന്നേ അവധിക്കാലം ആഘോഷിക്കാൻ ഡോൺ മാതൃരാജ്യത്തേക്ക് തിരിച്ചു. പക്ഷേ വിധി കാത്തുവച്ച കറുത്ത അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു ആ കാലഘട്ടത്തിൽ സംഭവിച്ചത്. എല്ലാവരുടെയും ജീവിതം തലകീഴായി മറിച്ച വിധി. അല്ല, ക്രൂരനായ വിധികർത്താവ് സ്വേച്ഛാധിപതിയായ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോ. റിപ്പബ്ലിക്കൻ സ്പെയിനിലെ ഭരണം പിടിച്ചെടുക്കണമെന്ന് അത്യാഗ്രഹിച്ച ഫ്രാങ്കോ തന്റെ പട്ടാളവുമായി സൈനിക അട്ടിമറി നടത്തി ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളാൽ രൂപംകൊണ്ട ‘പോപ്പുലർ ഫ്രണ്ട്’ ഗവൺമെന്റിനെ ഇല്ലാതാക്കി സ്പെയിനിനെ തന്റെ കാൽക്കീഴിലാക്കാൻ ശ്രമിച്ചു. പക്ഷേ 1936 ജൂലൈ 17’ന്, സംഭവിച്ച ആ അട്ടിമറി ശ്രമം പൂർണ്ണമായും ഒരു വിജയമായിരുന്നില്ല ഫ്രാങ്കോയുടെ കീഴിലുള്ള നാഷണലിസ്റ്റുകൾക്ക് (വലതു പക്ഷ കൂട്ടർ) സ്പെയിനിലെ ഒരു ചെറിയ ശതമാനം ഭാഗം മാത്രമേ അവരുടെ വരുതിയിലാക്കാൻ കഴിഞ്ഞുള്ളു. അങ്ങനെ ജനറൽ ഫ്രാങ്കോയും നാഷണലിസ്റ്റുകളും റിപ്പബ്ലിക്കൻ ഗവൺമെന്റിനെതിരെ അവരുടെ കീഴിലുള്ള പ്രദേശങ്ങൾ പിടിച്ചടക്കാനായി ആ പ്രദേശങ്ങളിലും രാഷ്ട്രീയ സംഘടനകൾക്കെതിരെയും ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. ഇതായിരുന്നു കുപ്രസിദ്ധമായ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ തുടക്കം. റിപ്പബ്ലിക്കൻ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ മൂന്ന് പ്രമുഖ നഗരങ്ങളാണ് ഉണ്ടായിരുന്നത് – മാഡ്രിഡ്, ബാഴ്സലോണ, വലൻസിയ. പിന്നെ അതിന്റെ പരിസര പ്രദേശങ്ങളിലുള്ള കുറേ നാട്ടിൻപുറങ്ങളും കൂടാതെ ലെവാന്റെ തീരവും. അതേസമയം ഫ്രാങ്കോയുടെ അധീനതയിലടങ്ങിയ പ്രദേശങ്ങളിലുള്ള ലാ ലിഗ ക്ലബുകളെല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി കഴിഞ്ഞിരുന്നു. അതിൽ റേസിംഗ് സന്റാന്റർ, റിയൽ ഒവൈഡോ, റിയൽ ബെറ്റിസ് എന്നീ ഡോണിന്റെ മുൻകാല ക്ലബ്ബുകളെല്ലാം അടങ്ങിയിരുന്നു.

സ്പെയിനിലെ ഭയപ്പെടുത്തുന്ന രക്ത കലുഷിതമായ യുദ്ധവും തന്റെ മുൻ ക്ലബ്ബുകളുടെ പരിതാപകരമായ അവസ്ഥയുമെല്ലാം ഡോൺ തന്റെ മാതൃരാജ്യമായ അയർലൻഡിലെ അവധിക്കാലത്തിനിടയിൽ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടായിരുന്നു. ഫ്രാങ്കോയുടെ പട്ടാളത്തിന്റെ ക്രൂരമായ ആക്രമണത്തിൽ റിപ്പബ്ലിക്കൻ പ്രദേശങ്ങളെല്ലാം ദാരുണമായി നരകിച്ചു. തന്റെ രാഷ്ട്രീയ പ്രതിയോഗികളായ പോപ്പുലർ ഫ്രണ്ടിന്റെയും ഇടതുപക്ഷത്തിന്റെയും അനുഭാവികളെയും അംഗങ്ങളെയും നേതാക്കളെയുമെല്ലാം ഫ്രാങ്കോയും അദ്ദേഹത്തിന്റെ കൂട്ടാളികളും തിരഞ്ഞുപിടിച്ച് കൊന്നു. ആയിടക്കാണ് ബാഴ്സലോണ ക്ലബ്ബിനെ പിടിച്ചുലച്ച ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആഗസ്റ്റ് 6’ന് ക്ലബ് പ്രസിഡണ്ടായ ജോസപ് സുന്യോളിനെ ഫ്രാങ്കോയിസ്റ്റ് അനുഭാവികൾ മാഡ്രിഡ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഗ്വാഡറാമ പട്ടണത്തിലെ മലനിരകൾക്കടുത്തുള്ള റോഡിൽ വച്ച് പിടികൂടി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസം ഫ്രാങ്കോയ്ക്ക് എതിരായതും പിന്നെ കറ്റാലൻ ദേശീയതയുടെ പ്രതീകമായ എഫ്.സി ബാഴ്സലോണയുടെ പ്രസിഡണ്ടായതുമായിരുന്നു അതിനുള്ള കാരണമെന്ന് കരുതപ്പെടുന്നു.
ഗ്വാഡറാമ പ്രദേശം റിപ്പബ്ലിക്കൻ ശക്തികളുടെ അധീനതയിലാണെന്ന് തെറ്റായി വിശ്വസിച്ചു അതിലൂടെ സഞ്ചരിച്ചതിനാലാണ് സുന്യോളിന് ആ പൈശാചിക കൃത്യത്തിന് ഇരയാകേണ്ടി വന്നത്. സ്പെയിനിന്റെ രാഷ്ട്രീയത്തിൽ ഫുട്ബോൾ കലർന്നതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇതിൽ നിന്ന് വ്യക്തമായിരുന്നു. ഇതിനകം തന്നെ റിപ്പബ്ലിക്കൻ ഗവൺമെന്റിന്റെ അധീനതയിൽ ആയതിനാൽ ഫ്രാങ്കോയുടെ പട്ടാളത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന ബാഴ്സലോണ നഗരത്തിന് തങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകമായ സ്വന്തം ക്ലബ്ബിന്റെ പ്രസിഡണ്ടിന്റെ കൊലപാതകം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. യുദ്ധത്തിന്റെ ആഘാതവും അനിശ്ചിതത്വവും മൂലം വരും സീസണിൽ ലാ ലിഗ ഫുട്ബോൾ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അത് ഇനി എത്രത്തോളം നീണ്ടു നിൽക്കും എന്നുള്ളതും ആർക്കും ഊഹിച്ചെടുക്കാവുന്നതിലും അപ്പുറമായിരുന്നു.

അങ്ങനെ യുദ്ധത്തിന്റെ പൈശാചികമായ ആഘാതത്തിൽ നഗരവും ജനങ്ങളും നരകിക്കുകയും കൂടാതെ തങ്ങളുടെ പ്രിയ പ്രസിഡണ്ട് അകാലത്തിൽ വധിക്കപ്പെടുകയും കൂടി ചെയ്തപ്പോൾ പകച്ചുപോയ ക്ലബ് ബ്ബോർഡ് അംഗകൾ ഭാവിയെ പറ്റി ചർച്ച ചെയ്യാനായി അടിയന്തര യോഗം വിളിച്ചു കൂട്ടി. യുദ്ധം മൂലം ഇതിനകം തന്നെ വളരെ ഭീമമായ സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വന്ന ക്ലബ്ബിന് ഇനി അനിശ്ചിതകാലത്തേക്ക് ദേശീയ ലീഗ് ഫുട്ബോൾ മാറ്റി വെക്കുന്നത് സാമ്പത്തികമായി നിലനിൽപ്പിന് പോലും വളരെ വലിയ ഭീഷണിയാണ് എന്ന് തിരിച്ചറിഞ്ഞു. കൂടാതെ നഗരത്തിനു പുറത്തുള്ള തങ്ങളുടെ ഹോം സ്റ്റേഡിയമായ ആയ ലെസ് കോർട്ട്സ് യുദ്ധത്തിന്റെ ഭാഗമായി കൈയ്യേറപ്പെടുമോ എന്നുള്ള ആശങ്കയും ഉണ്ടായിരുന്നു. സാമ്പത്തിക പിരിമുറുക്കത്തിനുള്ള ഒരു പ്രധാന കാരണം യുദ്ധാന്തരീക്ഷം മൂലം മുൻപ്പത്തെ സീസണിൽ കാണികൾ ഘോരമായി കുറഞ്ഞതും പിന്നെ അതേ കാരണം കൊണ്ട് സിംഹഭാഗം ക്ലബ് അംഗങ്ങളായ സോഷ്യോ’കൾക്ക് തങ്ങളുടെ ഓഹരി ദൈനംദിന ജീവിതത്തിന് വേണ്ടി കരുതേണ്ടി വന്നതിനാലുമാണ്. സാമ്പത്തിക നഷ്ടം കുറയ്ക്കാനും സുരക്ഷക്കായും തങ്ങളുടെ മിന്നും താരങ്ങളിലൊരാളായ ഉറുഗ്വായ് ദേശീയ താരം ഫെർണാണ്ടസിനോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരിച്ചു വരേണ്ടതില്ലെന്നും മറ്റൊരു വിദേശ കളിക്കാരനായ ഹംഗറിയുടെ ബെർക്കെസ്സിയോടുള്ള ചർച്ച ഉപേക്ഷിക്കുകയും ചെയ്തു. അതുപോലെതന്നെ സ്ഥിതിഗതികളുടെ പൈശാചികത വിവരിച്ചുകൊണ്ട് മാതൃനാട്ടിലുള്ള ഡോണിന് ബോർഡ് അംഗങ്ങൾ കത്തും എഴുതി. കത്തിലുള്ള പ്രധാന വാചകം ഇങ്ങനെയായിരുന്നു
“നോക്കൂ, താങ്കളെനി തിരിച്ചു വരേണ്ടതില്ല ! ഞങ്ങളത് പ്രതീക്ഷിക്കുന്നില്ല. അതിൽ ഞങ്ങൾക്കൊരു പ്രശ്നവുമില്ല.
തീർച്ചയായും യുദ്ധത്തിൽ അകപ്പെട്ടിരിക്കുന്ന ഒരു രാജ്യത്ത് കൂടുതൽ ആപത്തുകൾ ഉണ്ടാകും”.
ഒരു മറുപടി കത്ത് പോലും തിരിച്ചു പ്രതീക്ഷിച്ചിട്ടില്ലായിരുന്ന ബോർഡ് അംഗങ്ങൾ പിന്നീട് മറുപടി കത്ത് കിട്ടി വായിച്ചപ്പോൾ സ്തബ്ധരായിപ്പോയി.

അതിൽ ഇങ്ങനെയായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്
“അത് ഞാൻ കാര്യമാക്കുന്നില്ല.
ഞാൻ ബാഴ്സലോണയിലേക്ക് വരുന്നുണ്ട് കാരണം എനിക്ക് നിങ്ങളുടെ ക്ലബ്ബുമായി കരാറുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ക്ലബ്ബിനോടും, ബാഴ്സലോണയിലെ ജനങ്ങളോടും, രാജ്യത്തോടും പ്രതിബദ്ധതയുണ്ട്. ഞാൻ വരിക തന്നെ ചെയ്യും” .
കറ്റാലൻ ദേശീയതയുടെയും ജനങ്ങളുടെയും പ്രതീക്ഷയും പ്രതീകവുമായിരുന്നു ക്ലബ്ബിന്റെ ആ ദുർഘട ഘട്ടത്തിൽ കൂടെ നിൽക്കാൻ കഴിയുമെങ്കിൽ അത് ജനങ്ങളുടെ ആ നരകയാതനയിൽ തന്നാൽ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാകുമെന്ന് എന്നും പോരാടിയിട്ടുള്ള ഡോണിന് തോന്നിക്കാണണം. ബാഴ്സയിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ ഡോണിന് ഒരു സന്ദേഹവുമില്ലായിരുന്നു. ഒരിക്കൽ ഫുട്ബോൾ കളിച്ച് ഒരു ലോകമഹായുദ്ധ കാലത്തെ അതിജീവിച്ച താൻ എന്തിന് കേവലമൊരു ആഭ്യന്തര യുദ്ധത്തെ ഭയപ്പെട്ടു തന്റെ കളിക്കാരെ പരിശീലപ്പിക്കാതെ ഒളിച്ചോടണം എന്നാവണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക.

അങ്ങനെ തിരിച്ചെത്തിയ ഡോൺ സാമ്പത്തിക നഷ്ടം കുറച്ചുകൊണ്ട് ലഭ്യമായ കളിക്കാരെ വെച്ച് ക്ലബ്ബിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനെപ്പറ്റി ബോർഡ് അംഗങ്ങൾക്ക് മുന്നിൽ ഒരു ആശയം മുന്നോട്ടു വച്ച് സമ്മതിപ്പിച്ചു. താനും തന്റെ കളിക്കാരും ക്ലബ്ബിന്റെ നടത്തിപ്പിന് അനുസൃതമായി വേതനം കുറയ്ക്കാൻ തയ്യാറാണെന്നായിരുന്നു അത്. കരാർ മൂലം കിട്ടേണ്ടേ മാസ വരുമാനമായ 1500 പെസറ്റാസിൽ നിന്ന് 1000 പെസറ്റാസ് മതിയെന്ന് കാണിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി. ലാ ലിഗ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചത് മൂലം റിപ്പബ്ലിക്കൻ സ്പെയിനിന് കീഴിലുള്ള പ്രദേശങ്ങളിൽ പ്രാദേശിക ടൂർണമെന്റുകളുമായി മുന്നോട്ടുപോകാൻ ക്ലബ്ബുകളുടെ കൂട്ടായ്മ തിരുമാനം എടുത്തിരുന്നു. അങ്ങനെ പുതുതായി “കാമ്പ്യോണാ ലെവാന്റെ”യും , പഴയതുപോലെ “കാമ്പ്യോണാ ഡി കറ്റാലുന്യ”യും 1936’ന്റെ അവസാന പകുതിയിൽ ഫുട്ബോളിനെ മുന്നോട്ടു കൊണ്ടുപോയി. ഒട്ടേറെ പ്രധാന കളിക്കാരെ നഷ്ടപ്പെട്ടെങ്കിലും കറ്റാലൻ ചാമ്പ്യൻഷിപ്പിൽ ഡോണും ശിഷ്യരും നന്നായി പൊരുതി പക്ഷേ അവർക്ക് രണ്ടു പോയിൻറ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. എങ്കിലും ലാ ലിഗ ഫുട്ബോൾ ഇല്ലാത്തതിൽ അസംതൃപ്തരായ ക്ലബ്ബുകൾ റിപ്പബ്ലിക്കൻ സ്പെയിനിലെ അവശേഷിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതുതായി ഒരു ദേശീയ ലീഗ് ആരംഭിക്കാൻ തീരുമാനിച്ചു. അതായിരുന്നു 1937 ജനുവരി മുതൽ മെയ് വരെയുള്ള നാലു മാസങ്ങളിൽ നടത്തിയ “മെഡിറ്ററേനിയൻ ലീഗ്”. അതുവരെ നടന്ന മറ്റുള്ള പ്രാദേശിക ലീഗുകൾ പോലെയല്ലാതെ മെഡിറ്ററേനിയൻ ലീഗിൽ റിപ്പബ്ലിക്കൻ സ്പെയിനിലെ എല്ലാ ക്ലബ്ബുകളും അണിനിരന്നിരുന്നു. 14 കളികളുള്ള ലീഗിന്റെ അവസാനം കഷ്ടതകളിൽ നിന്നും ഡോണിന്റെ കീഴിൽ ബാഴ്സ ടീം ആദ്യത്തെ മെഡിറ്ററേനിയൻ ലീഗ് ചാമ്പ്യന്മാരായി. പക്ഷേ എല്ലാവരുടെയും വേതനം കുറച്ചിട്ടും ഇടക്കാല ലീഗ് നേടിയിട്ടും ക്ലബ്ബിൻറെ സാമ്പത്തിക ബാധ്യതയും സുരക്ഷയും അപ്പോഴും ആപത്തിലായിരുന്നു. യുദ്ധത്തിൻറെ വ്യാപ്തി വർദ്ധിക്കുന്നതും റിപ്പബ്ലിക്കൻ പ്രദേശങ്ങൾ കൂടുതൽ കീഴടക്കുന്നതും തങ്ങൾ എപ്പോഴും ആക്രമിക്കപ്പെടാം എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിരുന്നു. കൂടാതെ സാമ്പത്തിക ഭദ്രതയില്ലാത്തതും വരുമാനമില്ലാത്തതും കൂടുതൽ നാശനഷ്ടത്തിന് ഇരയാവുന്നതും ക്ലബ്ബ് നടത്തിപ്പ് ഇനി അധിക കാലം മുന്നോട്ടു പോകില്ലെന്ന ദുർഘടാവസ്ഥയിൽ എത്തിച്ചിരുന്നു.

അപ്പോഴാണ് ഒരു ദൈവദൂതനെ പോലെ മെക്സിക്കോയിലേക്കു ചേക്കേറിയ കറ്റാലൻ ബിസിനസ്മാനായ മാന്യൽ മാസ് സൊറിയാനോ ഒരു കച്ചിത്തുരുമ്പുമായി പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ മികച്ച അന്താരാഷ്ട്ര ടൂർണമെന്റുകളെല്ലാം സംഘടിപ്പിച്ചിട്ടുള്ള മെക്സിക്കോയിലേക്കും അമേരിക്കയിലേക്കും 1937’ലെ ആ സമ്മറിൽ നാലുമാസം ഫുട്ബോൾ ടൂർ പോയി പണം സമ്പാദിക്കാനുള്ള അവസരം. ടീ ചെലവുകൾ പൂർണ്ണമായും അദ്ദേഹം വഹിക്കാമെന്ന വാഗ്ദാനത്തിൽ. അത് ഡോണിനും ക്ലബ്ബിനും കളിക്കാർക്കും കിട്ടിയ വലിയൊരു ആശ്വാസമായിരുന്നു. കാരണം കളിക്കാർക്ക് സുരക്ഷയും അതുപോലെ ഒരേ സമയം ക്ലബ്ബിന് പണം കണ്ടെത്താനുള്ള ഉള്ള വഴിയുമായിരുന്നു അത്. ഫ്രാങ്കോയെ എതിർത്തവരെല്ലാം ജീവനിൽ ഭയന്ന് നാടുവിടുന്ന സമയമായിരുന്നത്. ചിലർ ഫ്രാൻസിലേക്ക് മറ്റു ചിലർ അവർ വേറെ രാജ്യത്തെക്കൊക്കെ. അതുകൊണ്ട് ബാഴ്സ ക്ലബിനും കളിക്കാർക്കും കോച്ചിനും താൽക്കാലികമായി നാട് വിടലായിരുന്നു രക്ഷ.

അങ്ങനെ “ദി ഗ്രേറ്റ് മൈസ്ട്രോ” പാട്രിക്ക് ഒ കോണൽ’ന്റെ നേതൃത്വത്തിൽ പതിനാറ് കളിക്കാർ ഉൾപ്പെടെയുള്ള ഇരുപതംഗ ബാഴ്സ കൂട്ടായ്മ പുതിയൊരു പുലരിക്കായി മെക്സിക്കോയിലേക്ക് യാത്രയായി. ബാഴ്സയെ സംബന്ധിച്ച് ആ യാത്ര ഒരു രക്ഷ എന്നതുകൂടാതെ രാഷ്ട്രീയപരമായി തങ്ങളുടെ രാജ്യത്ത് നടക്കുന്ന പൈശാചികതയും അടിച്ചമർത്തലുകളും പുറം ലോകത്തിന് തുറന്നു കാണിക്കാൻ കിട്ടിയ അവസരം കൂടിയായിരുന്നു.
ഡോണിനെയും കളിക്കാരെയും കൂടാതെ ക്ലബ്ബ് സെക്രട്ടറിയായ റോസെൻഡ് കാൽവറ്റ്, ക്ലബ് ഡോക്ടറായ മോഡെസ്റ്റ് അമോറ്യോസ്, പിന്നെ ക്ലബ്ബിന്റെ ഗ്രൗണ്ട്സ്മാൻ ആയ എയ്ഞ്ചൽ മുർ എന്നിവരായിരുന്നു ബാക്കിയുള്ളവർ. ഇതിൽ എയ്ഞ്ചൽ മുർ’ന്റെ കഥയായിരുന്നു ഏറ്റവും അതിശയകരം. ഒരിക്കൽ പിച്ചിൽ തന്റെ ജോലികൾ ചെയ്തു കൊണ്ടിരുന്ന മുർ’നെ കാണാൻ ഡോൺ വന്നു. തന്റെ ഗ്രൗണ്ട് വർക്കിൽ അസന്തുഷ്ടനായ കോച്ച് തന്നെ ശകാരിക്കാനിയിരിക്കും വന്നതെന്നാണ് മുർ കരുതിയത്. പക്ഷേ ഡോൺ പറഞ്ഞതുകേട്ട് മുർ ഒരേസമയം അന്ധാളിക്കുകയും സന്തോഷിക്കുകയും ചെയ്തു. തൻറെ കൂടെ ടീമിന്റെ പ്രധാന ഉഴിച്ചിലുകാരനായി മെക്സിക്കോയിലേക്ക് വരണമെന്ന് അപേക്ഷിക്കാനാണ് ഡോൺ വന്നത്. യുദ്ധത്തിൽ നിന്ന് രക്ഷനേടുന്നതിന് അപ്രതീക്ഷിതമായി ഒരു വഴി കിട്ടിയതിൽ സന്തോഷിച്ച മുർ പക്ഷേ ഉഴിച്ചിലറിയാത്ത തന്നെയെന്തിന് ഡോൺ ക്ഷണിക്കണം എന്നാണ് മുർ അന്ധാളിച്ചത്. പ്രധാന ഉഴിച്ചിലുകാരൻ യുദ്ധം കാരണം നാടുവിട്ടതിനാൽ മുർ’നെ ഉഴിച്ചിൽ താൻ പഠിപ്പിക്കാം എന്ന നിർദേശത്തിലാണ് അദ്ദേഹം അപേക്ഷിച്ചത്. തന്റെ ഭാഗ്യം വിശ്വസിക്കാനാവാതെ മുർ അങ്ങനെ കടം വാങ്ങിയ സ്യൂട്ടും പെട്ടിയുമായി ഡോണിനൊപ്പം മെക്സിക്കോയിലേക്ക് കപ്പൽ കയറി. അങ്ങനെ ഗ്രൗണ്ട്സ്മാനെ കപ്പലിൽ വച്ച് ഫിസിയോതെറാപ്പിസ്റ്റാവാനും ഡോൺ പരിശീലിപ്പിച്ചു.

മെക്സിക്കോയിലെത്തിയ ബാഴ്സ കൂട്ടത്തെ അവിടത്തെ സ്പാനിഷ് കൂട്ടായ്മ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. അവിടെ ഉണ്ടായിരുന്ന രണ്ട് മാസത്തിൽ ബാഴ്സ മത്സരിച്ച ആറ് കളികളിൽ നാലെണ്ണത്തിലും വിജയിച്ചു. എല്ലാ കളികളിലും കാണികൾ നിറഞ്ഞുകവിഞ്ഞിരുന്നു.അവിടത്തെ പ്രാദേശിക ദിനപത്രങ്ങളിൽ ബാഴ്സ അവിടെ ജനപ്രിയമാവാൻ രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഒന്ന് മികച്ച രീതിയിൽ കളിച്ചതും രണ്ടാമത്തേത് കളിക്കാരുടെ മാന്യമായ പെരുമാറ്റവുമായിരുന്നു. പിന്നീട് സെപ്‌റ്റംബറിൽ ന്യൂയോർക്കിലേക്ക് നീങ്ങിയ ബാഴ്സ അവിടെ നാലു കളികളും ജയത്തോടെ പൂർത്തിയാക്കി. ഒടുവിൽ നാലുമാസത്തെ പ്രയാണത്തിനവസാനം നാട്ടിലേക്ക് പോകാനുള്ള സമയമെത്തിയപ്പോൾ സെക്രട്ടറി കാൽവെറ്റ് കളിക്കാരുടെ മുന്നിൽ രണ്ട് മാർഗ്ഗങ്ങൾ മുന്നോട്ട് വെച്ചു. ഒന്നുകിൽ അവർക്ക് തങ്ങളുടെയൊപ്പം സ്പെയിനിലേക്ക് കപ്പൽ കയറാം അല്ലെങ്കിൽ ക്ലബ്ബിന്റെ അംഗത്വം ഉപേക്ഷിച്ച് യുദ്ധത്തിൽ നിന്നു രക്ഷതേടി ആ രാജ്യത്തുതന്നെ അഭയാർത്ഥിയാകാം. നിർഭാഗ്യവശാൽ ക്ലബ്ബ് അംഗങ്ങളോടൊപ്പം നാല് കളിക്കാർ മാത്രമേ സ്പെയിനിലേക്ക് തിരിച്ചെത്തിയുള്ളൂ ബാക്കി കളിക്കാരിൽ ഭൂരിഭാഗവും മെക്സിക്കോയിലേക്ക് തിരിച്ചപ്പോൾ മൂന്നുപേർ യാത്രാമധ്യേ ഫ്രാൻസിൽ അഭയം സ്വീകരിച്ചു. ടൂറിൽ നിന്ന് സമ്പാദിച്ച $12,500 സ്പെയിനിലേക്കുള്ള യാത്രാമദ്ധ്യേ ഡോണും കാൽവെറ്റും പാരീസിലെ ബാങ്കിൽ ബാഴ്സയുടെ പേരിൽ നിക്ഷേപിച്ചു. ആ സമ്പാദ്യവുമായി യുദ്ധം ഉച്ചിയിലെത്തിയ ബാഴ്സലോണയിൽ തിരിച്ചെത്തിയാൽ ഒരു പക്ഷേ ഫ്രാങ്കോയാലോ അനുയായികളാലോ കൊള്ളയടിക്കപ്പെടാമെന്ന യഥാർത്ഥ്യബോധ്യം കൊണ്ടാണ് ഡോണും കാൽവെറ്റും ആ പണം പാരീസിൽ നിക്ഷേപിക്കുന്നതാണ് സുരക്ഷിതമെന്ന് തീരുമാനിച്ചത്. ഡോണിന്റെയും കാൽവെറ്റിന്റെയും ബുദ്ധിപരമായ ഈ തീരുമാനമാണ് ഒരു പക്ഷേ നമ്മുടെ ക്ലബ്ബിനെ ഇന്നും ഈ ഉയരങ്ങളിൽ കണ്ടുകൊണ്ടിരിക്കാൻ ഇടയാക്കിയത്. കാരണം യുദ്ധാനന്തരം ക്ലബിന്റെ കടങ്ങളെല്ലാം തീർത്ത് അതിജീവിനത്തിന് നിർണായകമായത് ഈ സമ്പാദ്യമായിരുന്നു.

വിദേശ പര്യടനം കഴിഞ്ഞ് അവർ തിരിച്ചെത്തിയപ്പോഴേക്കും റിപ്പബ്ലിക്കൻ അധീനതയിലുള്ള മുക്കാൽ പ്രദേശവും ഫ്രാങ്കോയുടെ വരുതിയിലായിരുന്നു ബാഴ്സലോണ നഗരവും അവർ ഏറെക്കുറെ പിടിച്ചെടുത്തിരുന്നു. ഭയാനകമാം ധാരാളം പേർ കൊല്ലപ്പെടുകയും രാജ്യത്തെ ഫുട്ബോളിനെ ഫ്രാങ്കോ കാൽക്കീഴിലാക്കുകയും ചെയ്തിരുന്നു. ആറു മാസങ്ങൾക്കുശേഷം 1938 മാർച്ച് 16’ന് അർദ്ധരാത്രിയോടടുപ്പിച്ച് ഫ്രാങ്കോയുടെ എയർഫോഴ്സ് റിപ്പബ്ലിക്കൻ പ്രദേശങ്ങളിൽ തുടരെത്തുടരെ നടത്തിപ്പോന്ന ബോംബാക്രമണങ്ങളിലൊന്ന് ബാഴ്സയുടെ സോഷ്യോകൾ സ്ഥിരമായി ഒത്തുചേരുന്ന ക്ലബ് കെട്ടിടത്തിനു മുകളിൽ വർഷിച്ചു. സമയം വൈകിയതിനാൽ കെട്ടിടത്തിൽ ആളുകളുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ആളപായമുണ്ടായില്ല. പക്ഷേ ക്ലബ്ബിന്റെ ഒരുപാട് സാധന സാമഗ്രികൾ കത്തിനശിച്ചിരുന്നു. പ്രൗഢമായ ട്രോഫി കളക്ഷൻ മുക്കാലും ആ സ്ഫോടനത്തിൽ തകർന്നുപോയി കൂടാതെ ഒരുപാട് പ്രധാനപ്പെട്ട രേഖകളും ഇല്ലാതായി. അപ്പോഴാണ് ഡോണും കാൽവെറ്റും തങ്ങളുടെയൊപ്പം ആ സമ്പാദ്യം ബാഴ്സലോണയിലെക്ക് കൊണ്ടുവരാതെ പാരീസിൽ നിക്ഷേപിച്ചത് എത്രത്തോളം വിലമതിക്കാനാവാത്ത തീരുമാനമാണെന്ന് തിരിച്ചറിയുന്നത്.

“THANKS TO THEM, OUR CLUB DO EXIST
TODAY WITH ALL GREATNESS ACHIEVED”

[3/4]

(തുടരും……….)