ജന്മദിനാശംസകള്‍ – ലൂയിസ് എന്രികെ
ബാർസ പരിശീലക കുപ്പായത്തിൽ എത്തിയപ്പോഴാവും ഈ തലമുറ ലൂയിസ് എന്രികെയെ ആദ്യമായി ശ്രദ്ധിച്ചിട്ടുണ്ടാവുക. പക്ഷേ കളിക്കാരനെന്ന നിലയിൽ ഒരു വലിയ പാരമ്പര്യം ബ്ലോഗ്രാന ജേഴ്സിയിൽ അദ്ദേഹത്തിനുണ്ട്. സ്വപ്നസമാനമായ കുതിപ്പിനു ശേഷം എല്ലാ പ്രമുഖ ക്ലബുകളും പൊതുവെ നേരിടുന്ന തകർച്ചയുടെ വക്കിലെത്തി ബാർസയുടെ സുവർണ്ണ തലമുറ കിതയ്ക്കുന്ന നേരത്താണ് അസ്റ്റൂറിയൻ വംശജൻ ഒരിക്കൽ കൂടെ നൂകാമ്പിൽ എത്തിയത്. പിന്നീട് അയാൾ നൂകാമ്പിന്റെ മുറ്റത്ത് മൂന്ന് കുതിരകളെ കെട്ടിയ സ്വർണ്ണ രഥം തീർത്തു. അവയെ നയിച്ചുകൊണ്ട് അദ്ദേഹം നടത്തിയ അശ്വമേധം വീണ്ടും ബാർസയെ ആരും ഭയക്കുന്ന സൈന്യമാക്കി മാറ്റി. കേവലം മൂന്ന് സീസൺ കൊണ്ട് താങ്കൾ ഞങ്ങളുടെ ഹൃദയം കവർന്നു. ഒരിക്കൽ താങ്കൾ ഞങ്ങളെ നയിച്ച നായകനായിരുന്നു. റയലിൽ നിന്ന് വന്ന് ഞങ്ങളുടെ ഹൃദയം കീഴടക്കിയ നായകൻ . നൂകാമ്പാണ് തന്നെ ഏറ്റവും ഹൃദ്യമായി സ്നേഹിച്ച, സ്വീകരിച്ച കളിസ്ഥലമെന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ടല്ലൊ; ആ സ്നേഹം ഇന്നും മായാതെയുണ്ട്. ഈ സീസണിനു ശേഷം വിട പറഞ്ഞാലും അതങ്ങനെ തന്നെ കാണും.
