• Follow

ഞാനാദ്യമായി ഫുട്ബോളിനെ പ്രണയിച്ച രാത്രി …, ഒരു എൽ ക്ലാസികൊ ഓർമക്കുറിപ്പ്

  • Posted On April 21, 2017

എൽ ക്ലാസ്സിക്കോ …ഫുട്ബാൾ പ്രേമികൾക്ക് മാത്രമല്ല, ലോക കായിക പ്രേമികൾക്കും സുപരിചിതമായ ഒരു നാമം. ലോകത്തെ ഏറ്റവും മുന്തിയ പോരാട്ടങ്ങളിൽ ഒന്നായി എക്കാലത്തും വിലയിരുത്തപ്പെടുന്ന ഒരു മത്സരം. ആ മത്സര ദിവസങ്ങളിൽ ലോകം രണ്ടായി പിളരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടു ചേരികളികളിയായി ലോകജനത ആവേശപൂർവ്വം വീക്ഷിക്കുന്ന ഒരു രക്തരഹിതമായ യുദ്ധം. ഒരു പക്ഷെ രണ്ട് ലോകോത്തര ടീമുകൾ തമ്മിലുള്ള ഒരു പോര് എന്നതിലുപരി ഈ മത്സരത്തിന് രാഷ്ട്രീയമാനങ്ങൾ ഉള്ളതിനാലാകാം ഇത്രയും പ്രസിദ്ധിയാർജ്ജിച്ചതു. ലോകഫുട്ബാളിൽ എന്നും ശക്തിദുർഗ്ഗങ്ങളായി വാഴുന്ന സ്പെയിനിന്റെ ദേശീയതയെ റയൽ മാഡ്രിഡ് പ്രധിനിതീകരിക്കുമ്പോൾ , അതേ രാജ്യത്തു നിന്നും വർഷങ്ങളായി സ്വാതന്ത്രം തേടുന്ന കറ്റാലൻ പ്രവിശ്യയിലെ ജനതക്ക് വേണ്ടി ബാഴ്സലോണയും തമ്മിൽ നടത്തുന്ന പോരാട്ടം ലോകപ്രസിദ്ധമാണ്. ചരിത്രത്തിലെ എൽ ക്ലസ്സിക്കോ മത്സരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, സ്വതന്ത്ര സമരങ്ങളുടെയും ഏകാധിപത്യത്തിന്റെയും, അടിച്ചമർത്തലുകളുടെയും പീഡനങ്ങളുടെയുമൊക്കെ കഥകൾ നമുക്ക് ദർശിക്കാനാകും.

ചെറുപ്പത്തിൽ ഒട്ടേറെ എൽ ക്ലാസ്സിക്കോ മത്സരങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. കാരണങ്ങൾ പലതാണ്. ഇന്ത്യയെ പോലെ ഫുട്ബാൾ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു രാജ്യത്തെ പൗരന്, ഫുട്ബോളിനെ പറ്റി അധികം ധാരണയില്ലാത്തതായിരുന്നു ആദ്യത്തെ കാരണം. ആകെ കാണുന്നത് നാലു വർഷം കൂടുമ്പോൾ വരുന്ന ലോകകപ്പ് മാത്രം. അതും കളിയെ പറ്റി യാധൊരു ധാരണയുമില്ലാതെ അർജെന്റീനയെയോ , ബ്രസീലിനെയോ പിന്തുണച്ചു പിന്നീട് മറക്കും. പാടത്തും പറമ്പിലും കടപ്പുറത്തുമെല്ലാം ആദ്യം ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയിലും പിന്നീട് നിവിയ പന്തിലും തട്ടിക്കളിക്കാൻ ശ്രമിച്ചു പറ്റിയ പരിക്കുകൾ ആയിരുന്നു ആകെയുള്ള ബന്ധം. മതവും വിദ്യാഭ്യാസപരവുമായ കാരണങ്ങൾ കൊണ്ട് വീട്ടിൽ ടെലിവിഷനും ഒരു കാലം വരെ നിരോധിക്കപ്പെട്ട വസ്തുവായിരുന്നു. പിന്നീട് ടിവി വന്നപ്പോഴാകട്ടെ, യൂറോപ്യൻ മത്സരങ്ങൾ ഒട്ടുമിക്കപ്പോഴും ഇന്ത്യയിൽ അർദ്ധരാത്രിയിൽ ആണ് സംപ്രേക്ഷണം. പഠനത്തിന്റെ ഭാഗമായി രാത്രി ഉറക്കമിളക്കുന്നതിനും നിരോധനം വന്നപ്പോൾ നഷ്ടമായത് പല ചരിത്രപ്രധാനമായ നിമിഷങ്ങളുമാണ്. അങ്ങനെയുള്ള ഒരു സമയത് വന്ന ഒരു എൽ ക്ലാസ്സിക്കോ മത്സരം എന്നിലെ ഫുട്ബാൾ പ്രേമിയെ മുഴവനായും മാറ്റി മറിച്ചു. ഒരു രാത്രി , ഒരു പക്ഷെ ജീവിതത്തിലെ അതിപ്രധാനമായ രാത്രി. . 2010 ലെ ഒരു നവംബർ മാസം. പതിവ് പോലെ, പത്രം ഏറ്റവും പിറകിലെ പേജിൽ നിന്നും വായിച്ചു തുടങ്ങി. അപ്പോഴാണ് എൽ ക്ലാസ്സിക്കോ എന്ന പദം ശ്രദ്ധയിൽപ്പെടുന്നത്. എന്തോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രങ്ങളെല്ലാം വല്ലാതെ ഈ കാര്യം പറയുന്നുണ്ട്. കൂടുതൽ വായിച്ചപ്പോഴാണ് അത് ബാഴ്സയും റയൽ മാഡ്രിഡും തമ്മിലുള്ള അങ്കപ്പുറപ്പാടാണെന്നു മനസ്സിലായത്. അന്ന് ഒരു മാഡ്രിഡ് ഫാൻ ആയിരുന്നു ഞാൻ. റയൽ മാഡ്രിഡിന്റെ കളി ഒന്നും കണ്ടിട്ടില്ല, കളിയെ പറ്റി അറിയുകയുമില്ല. പിന്നെ ആരാധകൻ ആവാൻ കാരണം ചില പേരുകൾ ആണ്. ഡേവിഡ് ബെക്കാം , റൊണാൾഡോ ( ബ്രസീലിയൻ ), റോബർട്ടോ കാർലോസ് , റൗൾ, സിദാൻ തുടങ്ങി ഫുട്ബോളിലെ അന്നത്തെ വൻ നക്ഷത്രങ്ങൾ എല്ലാം റയലിന് വേണ്ടി കളിക്കുന്നു എന്ന വാർത്തകൾ സ്ഥിരമായി പത്രത്തിൽ കാണാറുണ്ട്. അവരോടുള്ള ആരാധന, സ്വാഭാവികമായും ആ ക്ലബ്ബിനോട് ഒരു അടുപ്പം ഉണ്ടാക്കി. പിന്നീടുള്ള ദിവസങ്ങളിലും പത്രങ്ങൾ എൽ ക്ലാസ്സിക്കോയെ പറ്റി വളരെയധികം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ കാണാൻ ഒരു ആകാംക്ഷ തോന്നി. അങ്ങനെ ആ ദിവസം വന്നെത്തി. നവംബർ 29. അർധരാത്രി പതുക്കെ ടിവി ഓൺ ചെയ്തു, ശബ്ദം പൂർണ്ണമായും കുറച്ചു, അരണ്ട വെളിച്ചത്തിൽ ഞാൻ ഇരുന്നു.

മത്സരം തുടങ്ങി. ഒരു പതിഞ്ഞ താളം പോലെയുള്ള മത്സരം. ഇത്രയും ബോർ കളിയാണോ ഇത്.? ഞാൻ സാധാരണ കണ്ടിട്ടുള്ള അപൂർവ്വം കളികളൊക്കെ , തുടക്കം മുതൽ ആഞ്ഞടിക്കാൻ വീമ്പുകൊള്ളുന്ന രീതിയിലുള്ളതായിരുന്നു . എന്നാൽ ആ ശങ്ക അധിക നേരം നീണ്ടു നിന്നില്ല. ബാഴ്സലോണയുടെ, പന്ത് കൈവശം വച്ച് കുറിയ പാസുകളിലൂടെ പതിയെ മുന്നേറുന്ന രീതി ഞാൻ ശ്രദ്ധിച്ചു. രണ്ട് ടീമുകളിലും എനിക്കറിയാവുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. മെസ്സി , റൊണാൾഡോ തുടങ്ങിയവരായിരുന്നു അത്. പക്ഷെ ഏറെ കഴിയും മുൻപ് ഞാൻ ഒരു കളിക്കാരനെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ബാഴ്സയുടെ എട്ടാം നമ്പർ ജേഴ്സി അണിഞ്ഞ , ഒരു 28 വയസ്സ് തോന്നിക്കുന്ന ആ മൊട്ടത്തലയൻ എന്നെ ആകർഷിച്ചു. കാര്യമായി ആരെയും ഡ്രിബിൾ ചെയ്യാനോ ഓടി തോൽപ്പിക്കാനോ അദ്ദേഹം ശ്രമിക്കുന്നില്ല. പക്ഷെ പന്ത് ലഭിച്ചാൽ ഒരു വരാൽ മീനിനെ പോലെ ഒരു ഒഴുക്കിൽ എതിർ കളിക്കാരെ മറികടന്ന് മികച്ച പാസുകൾ ആ കാലിൽ നിന്നും പിറന്നു കൊണ്ടിരുന്നു. അധികം താമസിയാതെ അദ്ദേഹം തന്നെ ആദ്യ ഗോളിന് വഴി തുറന്നു. ഇടതു ഭാഗത്തു ലഭിച്ച പന്ത്, രണ്ടു പേരെ വെട്ടിയൊഴിഞ്ഞു നാല് പേരുടെ കാലുകൾക്കിടയിലൂടെ ഒരു മിന്നായം പോലെയുള്ള പാസ് നൽകിയപ്പോൾ ഓടിയെത്തിയ സാവി എന്നയാൾ പിൻകാല് കൊണ്ട് ഉയർത്തിയെടുത്തു ഗോളിലേക്ക് തട്ടിയിട്ടു . സ്തബ്ധനായിപ്പോയി ഞാൻ. ഗോൾ അടിച്ചതിലല്ല, അത് എങ്ങനെയാണു അടിപ്പിച്ചതെന്നു ഞാൻ ആലോചിക്കുകയായിരുന്ന. എങ്ങനെയാണു നാല് പേരുടെ മനസ്സ് കൃത്യമായി വായിച്ചു അദ്ദേഹം ആ പാസ് നൽകിയത്? ആലോചിച്ചു നിൽക്കാൻ സമയമില്ല, മത്സരം തുടരുകയാണ്. ബാഴ്സയുടെ ആധിപത്യവും. ആ എട്ടാം നമ്പറും , സാവിയും, മെസ്സിയും ഒക്കെ ഒരമ്മ പെറ്റ മക്കളാണോ എന്ന് ഞാൻ ആലോചിച്ചു. എല്ലാവരും നല്ല ധാരണയിൽ കളിക്കുന്നു. മുഖമുയർത്തി നോക്കാതെ മനക്കണ്ണിൽ പാസുകൾ നൽകുന്നു. ഉടനെ അടുത്ത ഗോളും വീണു. ഇടതു വിങ്ങിൽ ഇന്ന് നെയ്മർ നടത്തുന്നത് പോലെയുള്ള ഒരു റണ്ണിനൊടുവിൽ വില്ല എന്ന കളിക്കാരൻ നൽകിയ പാസിൽ പെഡ്രോ എന്നയാൾ അനായാസേന ഫിനിഷ് ചെയ്തു. പിന്നീടും ബാഴ്സയായിരുന്നു ചിത്രത്തിൽ. റയൽ മാഡ്രിഡും വെറുതെയിരുന്നില്ല. കിട്ടിയ അവസരങ്ങളിൽ പലപ്പോഴും അവർ ബാഴ്സയുടെ ഗോൾ മുഖത്തേക്ക് ഇരമ്പിയാർത്തു. അതിവേഗക്കാരായ റൊണാൾഡോയും കൂട്ടരും അപകട ഭീഷണി മുഴക്കി . പക്ഷെ മുടി നീട്ടി വളർത്തിയ, സ്പാനിഷ് കാളക്കൂറ്റനെ അനുസ്മരിപ്പിക്കുന്ന ആജാനുബാഹുവായ ഒരാൾ, വിദഗ്ധമായി അവയെല്ലാം നിർവീര്യമാക്കിക്കളഞ്ഞു. പലപ്പോഴും ഒപ്പമുള്ള കളിക്കാരെ അയാൾ അലറിവിളിക്കുന്നുണ്ടായിരുന്നു. അൽപ്പം പേടിച്ചരണ്ട കണ്ണുകളോടെയാണ് ഒപ്പമുള്ളവർ അദ്ദേഹത്തെ അനുസരിക്കുന്നത്.

രണ്ടാം പകുതിയിലും കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ബാഴ്സയുടെ ആധിപത്യം കുറച്ചു കൂടി വർധിച്ചു എന്ന് മാത്രം. എന്തോ എന്നെ പിന്നെയും ആകർഷിക്കുന്ന രീതിയിൽ അതി മനോഹരമായി അവർ പന്ത് തട്ടിക്കൊണ്ടിരുന്നു. മെസ്സിയും, മൊട്ടത്തലയനും , സാവിയും, വില്ലയുമെല്ലാം മായികഭാവത്തോടെയുള്ള പാസുകൾ നൽകുന്നത് കണ്ടപ്പോൾ എന്റെ രോമ കൂപങ്ങൾ എഴുന്നേറ്റ് നിന്ന് അവരെ വണങ്ങി. ഒപ്പം ആ പുൽത്തകിടിയെ എരിയുന്ന അഗ്നി പോലെയാകുന്ന ആവേശത്തോടെ കളിക്കുന്ന മറ്റു ചിലരും എന്റെ കൺവെട്ടത്തേക്ക് പതിയെ കടന്നു വന്നു. മെല്ലിച്ച, നീണ്ട് നിവർന്ന, ഒരു കാറ്റടിച്ചാൽ ഇപ്പോൾ ഒടിഞ്ഞു വീഴും എന്ന് തോന്നിച്ച അഞ്ചാം നമ്പർ ബുസ്കെട്സ് , ഒരു മോഡലാണെന്നു തോന്നിച്ച മൂന്നാം നമ്പർ പിക്വെ, റൊണാൾഡോയെ കത്രികപ്പൂട്ടിട്ട് നിർത്തി സ്ഥിരം വഴക്കടിക്കുന്ന ഡാനി , ഇടതു വിങ്ങിലെ ഒരു കറുത്ത മുഖം ആബിദാൽ, നിറചിരിയുമായി ഓടി നടക്കുന്ന പെഡ്രോ, എത്ര വശ്യമനോഹരമായ കളിയാണ് അവർ കളിക്കുന്നത്? കമന്റേറ്ററുടെ ഒരു അലർച്ച കേട്ടാണ് ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു നോക്കിയത്. അതാ മറ്റൊരു ഗോൾ. മെസ്സിയുടെ മറ്റൊരു പാസിൽ വില്ല അടിച്ചിരിക്കുന്നു. ഇനിയൊരു തിരിച്ചു വരവില്ലെന്നു ഉറപ്പാക്കുന്നതായിരുന്നു റയൽ താരങ്ങളുടെ മുഖത്ത് കണ്ട ഭാവങ്ങൾ. എങ്കിലും കളി അവിടെ തീരില്ലല്ലോ. പിന്നീടങ്ങോട്ടും ബാഴ്സ മാത്രമായിരുന്നു കളത്തിൽ. മെസ്സിയുടെ ഒരു തകർപ്പൻ ലോങ്ങ് പാസിൽ വില്ല പിന്നെയും സ്കോർ ബോർഡിൽ സ്ഥാനം പിടിച്ചു. അവസാന നിമിഷങ്ങളിൽ മെസ്സിയുടെ മറ്റൊരു ക്രോസിൽ ജെഫറെൻ എന്നൊരു കളിക്കാരനും കൂടി വല കുലുക്കിയപ്പോൾ മത്സരം പര്യവസാനിച്ചു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഞാൻ ആകെ വിയർത്തു കുളിച്ചിരിക്കുന്നു. ഹൃദയം പടപടാ മുഴങ്ങുന്നു, ശബ്ദം പുറത്തു കേൾക്കാം. കഴിഞ്ഞ ഒന്നര മണിക്കൂർ മറ്റൊരു മായിക ലോകത്തായിരുന്ന ഞാൻ പെട്ടന്ന് ഭൂമിയിൽ തിരികെയെത്തിയത് പോലെ തോന്നി. അത്രമേൽ ആ മത്സരം എന്നെ സ്വാധീനിച്ചിരുന്നു എന്ന് തന്നെ പറയാം.

പിന്നീട് ഞാൻ ഇറങ്ങിത്തിരിച്ചത് ഇവരെ പറ്റി പഠിക്കാൻ തന്നെയായിരുന്നു. ഇന്റെർനെറ്റിലേക്ക് കണ്ണോടിച്ചപ്പോൾ ആദ്യം തിരഞ്ഞതും ആ എട്ടാം നമ്പർകാരനെ . പേര് ഇനിയേസ്റ്റ. മജീഷ്യൻ, ഡോൺ എന്നൊക്കെ വിളിപ്പേര് സ്പെയിനിനു വേണ്ടി ലോകകപ്പ് ഗോൾ നേടിയത് ഇങ്ങേരായിരുന്നു എന്ന് അന്നാണ് അറിഞ്ഞത്. അത്രയും വിജ്ജാനമുള്ളവനായിരുന്നു ഈയുള്ളവൻ . പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനായി ഞാൻ. ആ കാളക്കൂറ്റൻ കാർലോസ് പുയോൾ ആണെന്നും അറിഞ്ഞു. വില്ല അല്ല, അത് വിയ്യ ആണെന്നും പഠിച്ചു . ഒപ്പം ബാഴ്സയെ പറ്റിയും ലോക ഫുട്ബോളിനെ പറ്റിയും പഠിക്കാനാരംഭിച്ചു. എന്ത് കൊണ്ടായിരിക്കാം അന്ന് രാത്രി ബാഴ്സയ്ക്ക് മുന്നിൽ റയൽ മാഡ്രിഡ് തകർന്നത്. പതിയെ കാരണങ്ങൾ മനസ്സിൽ തെളിയാൻ തുടങ്ങി. ബാഴ്സലോണയുടെ സ്വസിദ്ധമായ പാസിംഗ് ശൈലി, അത് രൂപപ്പെടുത്തിയവരിൽ പ്രധാനി യോഹാൻ ക്രയ്ഫ്, എല്ലാം ഓരോന്നായി മനസ്സിൽ ഓടിയെത്തി. ഇന്നും ക്രയ്ഫിന്റെ ആ വാക്കുകൾ മനസ്സിൽ തങ്ങി നിൽക്കുന്നു. ” കളത്തിൽ ഒരു പന്തെയുള്ളൂ, അത് സ്വന്തം കാൽക്കീഴിൽ നിർത്തുക. എതിരാളികൾക്ക് പന്ത് ലഭിക്കാത്തിടത്തോളം അവർക്ക് നിങ്ങളെ പരാജയപ്പെടുത്താനാകില്ല. ” സത്യം ! അതല്ലേ അന്ന് രാത്രിയിൽ ഞാൻ ദർശിച്ചത്. എപ്പോഴും ബാഴ്സ പന്ത് സ്വന്തം ചൊൽപ്പിടിയിൽ നിർത്തിയിരുന്നു. അവസരങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ , ക്ഷമയോടെ അതിനു എത്ര സമയം വേണമെങ്കിലും അവർ കാത്തിരുന്നിരുന്നു. ഒപ്പം പെപ് ഗ്വാർഡിയോള എന്ന മികച്ച പരിശീലകന്റെ തന്ത്രം, സൂചി കുത്താൻ സ്ഥലമില്ലാത്തിടത്തു ആനയെ കയറ്റുന്ന വിദ്യ ബാഴ്സയെ പഠിപ്പിച്ചു. കേവലം നാല് വാരകൾക്കുള്ളിൽ നാല് പേർ നിന്ന്, നാൽപ്പതു വട്ടം, കണ്ണടച്ച് അവർ പാസ് നൽകും. അതാണ് അവരുടെ ശൈലി. ഒപ്പം മെസ്സിയും റൊണാൾഡീഞ്ഞോയുമടക്കമുള്ള ലോകോത്തര താരങ്ങൾ അണി നിരക്കുമ്പോൾ ഗോളുകളും യഥേഷ്ട്ടം. ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നിനെയാണ് ഞാൻ അന്ന് രാത്രി കണ്ടതെന്ന് പിന്നീട് എനിക്ക് ബോധ്യമായി. ആ ടീമിനെതിരെ ആവനാഴിയിൽ തന്ത്രങ്ങളില്ലാതെ നിൽക്കുകയായിരുന്നു ഹോസെ മൊറീഞ്ഞോ എന്ന പരിശീലകൻ.

കാലചക്രം പിന്നെയും ഉരുണ്ടു. പരമാവധി മത്സരങ്ങൾ കാണുന്നത് പതിവാക്കി. പതിയെ ലോകഫുട്ബാളിനെ പറ്റി കൂടുതൽ വായിക്കാൻ ആരംഭിച്ചു. ഒരിക്കൽ എനിക്ക് നഷ്ട്ടപ്പെട്ട ചരിത്രപ്രധാനമായ പല നിമിഷങ്ങളും പിന്നീട് വായനയിലൂടെയും സംസർഗ്ഗങ്ങളിലൂടെയും വിഡിയോകളിലൂടെയും എന്റെ മനസ്സിലേക്ക് തിരികെയെത്തി. എന്നും ഞാൻ പറയും, അന്ന് രാത്രി ആ മത്സരം എന്നിൽ നിറച്ച ആ ആവേശമാണ്, പിന്നീട് ലോക ഫുട്ബോളിനെ പറ്റി പഠിക്കാൻ എന്നും എനിക്ക് പ്രചോദനമായിട്ടുള്ളത്. പിന്നീട് ബാഴ്സ എന്നത് ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമായി മാറി. കളിക്കാർ സ്വന്തം കൂടപ്പിറപ്പുകൾ പോലെയും. വാൾപേപ്പറും പ്രൊഫൈൽ ചിത്രവുമൊക്കെയായി അവർ ജീവിതത്തിന്റെ ഭാഗവുമായി. സാവിയും , പുയോളുമൊക്കെ ബാഴ്സ വിടുന്നത് നിറകൺകളോടെ നോക്കി നിന്നു . വിജയങ്ങളിൽ മതിമറക്കുകയും പരാജയങ്ങളിൽ തേങ്ങുകയും ചെയ്തു. അനേകം എൽ ക്ലാസിക്കോ മത്സരങ്ങൾ പിന്നെയും കണ്ടു. നിശാ ക്ലബുകളിലും ചൂതാട്ടകേന്ദ്രങ്ങളിലും ഇരുന്ന് കളി കണ്ടു, പക്ഷെ അവയൊന്നും അന്നത്തെ രാത്രി എന്നിൽ നിറച്ച ആ ഉത്തേജനം പിന്നീട് ഉണ്ടാക്കിയിട്ടില്ല. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്ത് കൊണ്ടായിരിക്കാം ആ രാത്രി എന്നിൽ ഇത്രയും വലിയ സ്വാധീനം ഉണ്ടാക്കിയത്.? പലതും മനസ്സിൽ വന്നു, ബാഴ്സയുടെ കേളീ മികവ്, കളിക്കുന്ന ശൈലി, താരങ്ങൾ, ബാഴ്സയുടെ വിഖ്യാതമായ ഒരു ക്ലബ്ബിനെക്കാൾ അപ്പുറം എന്ന് രീതി.. എന്തോ കൃത്യമായ ഉത്തരം ഇത് വരെ ലഭിച്ചിട്ടില്ല. അത് അറിയാതിരിക്കുന്നതാണ് എനിക്കും ഇഷ്ട്ടം.

  • SHARE :