• Follow

മാച് റിവ്യൂ..

  • Posted On August 11, 2016

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാമ്പ് ന്യൂവിൽ വീണ്ടും മെസ്സി-മെസ്സി ചാന്റ് അലയടിച്ചുയർന്നു. കാമ്പ് ന്യൂവിന്റെ രാജാവ് തിരിച്ചുവരവ് അറിയിച്ച മത്സരം. 2 ഗോളുകളും കണ്ണഞ്ചിപ്പിക്കുന്ന ഒരു അസിസ്റ്റുമായി ലിയോ കളം നിറഞ്ഞപ്പോൾ സാമ്പ്ഡോറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്‌സ ഗാമ്പെർ ട്രോഫി ഉയർത്തി.
മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ തന്നെ മെസ്സി-ഇനിയെസ്റ്റ-സുവാരസ് മാജികിന് കാമ്പ് ന്യൂ സാക്ഷിയായി. ഇനിയെസ്റ്റയുടെ ത്രൂ ബോൾ മനോഹരമായി ഏറ്റുവാങ്ങി ബൈസിക്കിൾ കിക്കിലൂടെയുള്ള മെസ്സിയുടെ അസിസ്റ്റ് സുവാരസ് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. 21 ആം മിനുട്ടിൽ ഗോളിയെ കബളിപ്പിച്ച് മെസ്സി വല കുലുക്കി. 23 ആം മിനിറ്റിൽ മുറിയേലിലൂടെ സാമ്പ്ഡോറിയ ഒരു ഗോൾ മടക്കി.
34 ആം മിനുട്ടിൽ ലോകഫുട്ബോളിലെ പതിവ് കാഴ്ചയായി മാറിയ മറ്റൊരു മാജിക്കൽ മെസ്സി ഫ്രീകിക്ക് ബാഴ്‌സയുടെ മൂന്നാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ ആന്ദ്രേ ഗോമസും ഉംറ്റിറ്റിയും ആദ്യമായി ബാഴ്‌സക്ക് വേണ്ടി കളത്തിലിറങ്ങി. ക്രോസ് ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവ് മുതലെടുത്ത് ബുദിമീറിലൂടെ സാമ്പ്ഡോറിയ രണ്ടാം ഗോൾ മടക്കി. സെവിയ്യയുമായി നടക്കാനിരിക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് മുന്നിൽ കണ്ട് മെസ്സിയടക്കമുള്ള പല താരങ്ങളെയും സബ് ചെയ്തു. മുന്നേറ്റങ്ങൾ ഒരുപാടുണ്ടായെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ബാഴ്‌സ താരങ്ങൾക്ക് പിന്നീട് സാധിച്ചില്ല. ഒടുവിൽ 3-2 എന്ന സ്കോറിന് ബാഴ്‌സ ഗാമ്പെർ ട്രോഫി സ്വന്തമാക്കി
മെസ്സിയായിരുന്നു കളിയിലെ താരം.
ശ്രദ്ധിക്കപ്പെടേണ്ട പ്രകടനങ്ങൾ;
●ഡിഗ്നെ:ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആൽബയ്ക്ക് ഈ സീസണിൽ കടുത്ത മത്സരം തന്നെ നേരിടേണ്ടി വരുമെന്ന് ഡിഗ്നെ ഇന്നത്തെ പ്രകടനത്തോടെ തെളിയിച്ചു.
●ആർദ്ദ : ആദ്യ പകുതിയിൽ മങ്ങിയെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം തന്നെ ആർദ്ദ കാഴ്ചവെച്ചു. ഒരു കേളിങ് ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
●ഉംറ്റിറ്റി:ബാഴ്‌സക്ക് ഇന്ന് അനിവാര്യമായ ഫിസിക്കൽ ഡിഫന്റിങ് ഉംറ്റിറ്റിയുടെ കൈകളിൽ സുലഭമാണ്. വളരെയേറെ പ്രതീക്ഷ നൽകുന്ന പ്രകടനം.
●വിദാൽ:ലിവർപൂളുമായിനടന്ന ICC മത്സരത്തില്നിന്നും ഏറെ മെച്ചപ്പെട്ട പ്രകടനമാണ് വിദാൽ ഇന്ന് കാഴ്ച വെച്ചത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
●ഡിഫെൻസിൽ ഇപ്പോഴും പഴുതുകൾ ഉണ്ടെന്നുള്ളതിന്റെ സൂചനകളായിരുന്നു വഴങ്ങിയ രണ്ട് ഗോളുകളും. അനായാസം ക്ലിയർ ചെയ്യേണ്ട ബോളുകളിൽ വരെ പിഴവുകൾ സംഭവിക്കുന്നു. എങ്കിലും ഉംറ്റിറ്റി പ്രതീക്ഷ നൽകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
മുന്നേറ്റ മികവ് കൊണ്ട് മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ച ബാഴ്‌സ കാമ്പ് നൂവിനെ സാക്ഷിയാക്കി മുപ്പത്തി ഒമ്പതാമത് ഗാമ്പെർ ട്രോഫി സ്വന്തമാക്കി.

  • SHARE :