• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ 3 – 1 ലെഗാനെസ്

  • Posted On April 8, 2018

2017 ഏപ്രിൽ 8, അന്നത്തെ ലാലിഗ മത്സരങ്ങളൊന്നിൽ ബാഴ്‌സലോണ മലാഗയെ നേരിടുകയാണ്. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായി പോയിന്റ് നിലയിലെ വ്യത്യാസം കുറക്കാൻ ബാഴ്‌സയ്ക്ക് ആ വിജയം ഏറെ സഹായകരമാവുമായിരുന്നു. മെസ്സിയും നെയ്മറും സുവാരസുമടങ്ങുന്ന ശക്തമായ മുന്നേറ്റ നിര ആ വിജയം കൊണ്ട് വരുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ അന്ന് ബാഴ്‌സ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങിയ ബാഴ്‌സ അന്ന് നഷ്ടപ്പെടുത്തിയത് ലാലിഗ കിരീടം കൂടിയായിരുന്നു. ഇന്നലെ 2018 ഏപ്രിൽ മാസം ഏഴാം തിയ്യതി, ബാഴ്‌സ ലെഗാനെസിനെ നേരിട്ടു. മെസ്സിയുടെ ഹാട്രിക്ക് മികവിൽ വിജയം സ്വന്തമാക്കിയപ്പോൾ ഒരുവേള കഴിഞ്ഞ വർഷത്തെ ആ മലാഗയുമായുള്ള മത്സരം ഓർത്തുപോയി. കാരണം അന്നായിരുന്നു ബാഴ്‌സ അവസാനമായി ഒരു ലീഗ് മത്സരം പരാജയപ്പെട്ടത്. അതെ, ലീഗിൽ തോൽവിയറിയാതെ ബാഴ്‌സ ഒരു വർഷം പിന്നിട്ടിരിക്കുന്നു.!!! ഒപ്പം പരാജയമറിയാതെ ലീഗിൽ 38 മത്സരങ്ങൾ പിന്നിട്ട് റയൽ സോസിദാദിന്റെ മുപ്പതു വർഷം പഴക്കമുള്ള റെക്കോഡിനുമൊപ്പവും എത്തിയിരിക്കുന്നു. അവിശ്വസനീയമെന്ന് തോന്നിയേക്കാം, പക്ഷെ അതാണ് സത്യം, വീഴ്ചയിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു വന്ന ബാഴ്‌സ സ്വപ്നസമാനമായ കുതിപ്പ് തുടരുന്നു, റെക്കോർഡുകൾ കടപുഴകുന്നു. അഭിനന്ദനങ്ങൾ ബാഴ്‌സ.
സ്വന്തം ഗ്രൗണ്ടിൽ ലെഗാനെസിനെതിരെ മികച്ച ഒരു വിജയം സ്വപ്നം കണ്ട് ഇറങ്ങുമ്പോൾ ബാഴ്‌സക്ക് ലക്ഷ്യങ്ങൾ ഒന്നിലേറെയായിരുന്നു. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം കൂടുതൽ ഭദ്രമാക്കണം, നിലവിൽ കയ്യാളുന്ന ലീഗിലെ അപരാജിത മുന്നേറ്റം തുടരണം, സോസിഡാഡിന്റെ റെക്കോർഡിനുമൊപ്പം എത്തണം അങ്ങനെ പലതും. എങ്കിലും തുടർച്ചയായുള്ള കളികളുടെ ആധിക്യം കണക്കിലെടുത്തു ചില പ്രധാന കളിക്കാർക്ക് വിശ്രമം അനുവദിക്കുമെന്നും ഉറപ്പായിരുന്നു എങ്കിലും ലൈൻ അപ്പ് കണ്ടപ്പോൾ ഏറെ അതിശയിച്ചു പോയി. പ്രതീക്ഷിച്ച പോലെ മെസ്സി, പീക്കെ, റാക്കി എന്നിവർക്കൊന്നും വിശ്രമം അനുവദിച്ചില്ല. പകരം ബുസി, ഉംറ്റിറ്റി, ആൽബ തുടങ്ങിയവരെ പുറത്തിരുത്തിയാണ് വൽവേർദേ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. അതിലും അത്ഭുദമായി തോന്നിയത് ലെഫ്റ്റ് ബാക്ക് സ്ഥാനത്തെത്തിയ കളിക്കാരനെ കണ്ടിട്ടാണ്. ആൽബയുടെയും ഡിന്യേയുടെയും അഭാവത്തിൽ സെർജി റോബർട്ടോ ലെഫ്റ്റ് ബാക്ക് സ്ഥാനത്തെത്തി. പിൻനിരയിൽ ഒപ്പം വെർമയേലനും പീക്കെയും സെമെഡോയും എത്തി. മധ്യനിരയിൽ കുട്ടീഞ്ഞോ , ബുസി, ഗോമസ് എന്നിവരും മുന്നേറ്റത്തിൽ മെസ്സി, സുവാരസ്, ടെമ്പേലെ എന്നിവരും ഒത്തുചേർന്നു.
പ്രതീക്ഷിച്ച പോലെ തന്നെ ബാഴ്‌സയുടെ ആധിപത്യമായിരുന്നു ആദ്യം മുതൽ. കൂടുതൽ ആക്രമണരീതികൾ അവലംബിക്കുന്ന കളിക്കാർ ഏറെയുള്ളതിനാൽ മുന്നേറ്റങ്ങൾക്കൊന്നും കുറവുണ്ടായിരുന്നില്ല. പീക്കെയുടെ ഒരു ഹെഡ്ഡർ ലെഗാൻസിസിന്റെ പോസ്റ്റിന് തൊട്ടുമുകളിലൂടെ പറന്ന് കൊണ്ടാണ് കളി കാര്യമായി തുടങ്ങിയത്. തൊട്ടു പിറകെ കൊട്ടീഞ്ഞോയുടെ ഒരു ഷോട്ട് കീപ്പർ തടഞ്ഞു. ഒപ്പം സുവരെസും ചില മുന്നേറ്റങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അതിനിടയിൽ ടെമ്പേലെയുടെ ഒരു അതിമനോഹരമായ പാസിൽ സ്‌കോർ ചെയ്യാൻ മെസ്സിക്ക് അവസരം ലഭിച്ചെങ്കിലും സുവാരസിന് പാസ് നൽകി. ക്ളോസ് റേഞ്ചിൽ സുവാരസിന്റെ ഷോട്ട് പക്ഷെ തടയാൻ കീപ്പർക്ക് കഴിഞ്ഞു. ഇരുപത്തിയേഴാം മിനിറ്റിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുക്കാൻ എത്തിയത് മെസ്സി. ബോക്‌സിന് വെളിയിൽ ഇടത് ഭാഗത്തായിട്ടാണ് ആ ഫ്രീകിക്ക്. മെസ്സിയുടെ ഇഷ്ടപ്പെട്ട സ്പോട്ട്. നേരിട്ടുള്ള ഗോൾ ശ്രമം ചെറുക്കാനായി ലെഗാനെസിസ്, മെസ്സിക്ക് മുൻപിൽ ഒരു മനുഷ്യമതിൽ തീർത്തിരുന്നു. പക്ഷെ മുൻപ് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള, നമുക്കെല്ലാം ഊഹിക്കാവുന്ന ഒരു ഫലമായിരുന്നു ആ ഫ്രീകിക്കിന്. മെസ്സിയുടെ ഇടംകാലിന്റെ സ്പർശനമേറ്റ് കുതിച്ച പന്ത്, ലെഗാൻസിസ്‌ മനുഷ്യ മതിലിന് മുകളിലൂടെ പറന്ന് , പോസ്റ്റിന്റെ ഇടത് ഭാഗത്തുകൂടി വലയിലേക്ക് ഊർന്നിറങ്ങുമ്പോൾ മുഴുനീളൻ ഡൈവ് നടത്തിയ കീപ്പർക്ക് അവസരമൊന്നും ഉണ്ടായിരുന്നില്ല. സീസണിലെ ലീഗിലെ ആറാമത്തെ ഫ്രീകിക്ക് ഗോൾ നേട്ടത്തിലൂടെ തന്റെ മുൻഗാമി സാക്ഷാൽ റൊണാൾഡീഞ്ഞോ കൈയ്യടക്കി വച്ചിരുന്ന റെക്കോർഡിന് മെസ്സി കൂടി അർഹനായി. അധികം വൈകിയില്ല, കേവലം അഞ്ച് മിനിറ്റുകൾക്കുള്ളിൽ രണ്ടാമത്തെ ഗോളും മെസ്സി നേടി. ഇത്തവണ ഒരു ഡ്രിബ്ലിങ് നടത്തിവന്ന കൊട്ടീഞ്ഞോ, നൽകിയ പാസ് പിടിച്ചെടുത്തു, രണ്ടു ലെഗാൻസിസ്‌ കളിക്കാരെ മറികടന്നു മെസ്സി, പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പതിയെ ഒരുട്ടിവിട്ടു. അധികം വേഗമൊന്നും ആർജിക്കാതെ, പതിയെ ഉരുണ്ടാണ് പന്ത് വലയിൽ കയറിയതെങ്കിലും കീപ്പർക്ക് കണ്ടു നിൽക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
ഇടവേളക്ക് ശേഷം പക്ഷെ കളിയിൽ കാര്യമായ മാറ്റമുണ്ടായി. ഒരു ലീഡ് എടുത്ത ശേഷം കളിയുടെ ടെമ്പോ കുറക്കുന്ന ശീലം ഇന്നലെയും ടീം ആവർത്തിച്ചു. അധികം ആക്രമിച്ചു എനർജി നഷ്ടപ്പെടുത്താതെ ഉള്ള ലീഡിൽ കളി തീർക്കുക എന്ന ലക്ഷ്യം. സാധാരണ ഇത്തരം അവസരങ്ങളിൽ എതിർ ടീമിൽ നിന്നും ശക്തമായ ആക്രമണം നേരിടാറുണ്ടെങ്കിലും എന്നും നല്ല രീതിയിൽ പ്രതിരോധിക്കാൻ ടീമിന് കഴിയുന്നുണ്ടായിരുന്നു. പക്ഷെ ഇന്നലെ ബാഴ്‌സക്ക് ചെറുതായി അടിപതറി. ആവേശത്തിൽ ടീം അംഗങ്ങൾ പൊസിഷനിംഗ് തെറ്റിച്ചപ്പോൾ ലെഗാനെസിസ് ഒരു ഗോൾ തിരിച്ചടിച്ചു. ഒരു ഗോൾ മടക്കിയതോടെ ലെഗാനെസും ആവേശത്തിലായി. എങ്ങനെയെങ്കിലും ഒരു ഗോൾ കൂടി നേടി മത്സരം സമനില എങ്കിലും ആക്കണം എന്ന വാശിയോടെ ലെഗാനെസ് ആക്രമണം കനപ്പിച്ചപ്പോൾ നമ്മൾ പ്രതിരോധത്തിൽ ആയിപ്പോയി. എങ്കിലും മറുവശത്തു മെസ്സിയും സുവാരസും ചേർന്ന് പലനീക്കങ്ങളും സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ വിനയായി. അവസാന നിമിഷങ്ങളോടടുത്തപ്പോൾ ഇനിയേസ്റ്റയും ആൽബയും ഡെന്നിസും കളത്തിലെത്തി . ഒടുവിൽ നമ്മുടെ ആശങ്കകൾക്ക് വിരാമമിട്ട് മെസ്സി തന്നെ ബാഴ്‌സയുടെ വിജയമുറപ്പിച്ചു. ടെമ്പേലെ ബോക്സിലേക്ക് നൽകിയ പാസ് ശരീരം കൊണ്ട് തടഞ്ഞിട്ട് , തടയാൻ വന്ന കീപ്പറുടെ മുകളിലൂടെ ഒരു അതിമനോഹരമായ ചിപ്പ്. !!! മെസ്സിയുടെ മനോഹരങ്ങളായ ചിപ്പ് ഗോളുകളുടെ പട്ടികയിലേക്ക് മറ്റൊന്ന് കൂടി. ലോകമെങ്ങും ആ ഗോൾ ആഘോഷിക്കുമ്പോൾ ബാഴ്‌സ വിജയം ഉറപ്പിച്ചിരുന്നു. ഒപ്പം ഒരു റെക്കോർഡിനും ഒപ്പം ബാഴ്‌സ എത്തിച്ചേർന്നിരിക്കുന്നു.
ഇന്നലത്തെ കളിയെ പറ്റി പൊതുവെ നല്ല അഭിപ്രായമാണ്. ഏറ്റവും അധികം നമ്മൾ ആശങ്കപ്പെടുന്ന ബുസിയുടെ അഭാവം പക്ഷെ ഇന്നലെ കണ്ടില്ല. റാക്കിയും ഗോമസും ചേർന്ന് ആ ഭാഗം മികവുറ്റതാക്കി. ഒരു പരീക്ഷണ ഇലവൻ പോലെ ഇറക്കിയ ടീം നല്ല സന്തുലിതമായി കളിച്ചു. എല്ലാവരും തങ്ങളുടെ ഭാഗം നന്നാക്കിയപ്പോൾ കളിയും മനോഹരമായിരുന്നു. നിരാശ തോന്നിയ പ്രകടനം സുവാരസിന്റേത് മാത്രമാണ്. എങ്കിലും രണ്ടാം പകുതിയിൽ ടീം ചിലപ്പോൾ കാണിക്കുന്ന അലംഭാവം പലപ്പോഴും നമ്മെ അരിശം കൊള്ളിക്കുന്നു. രണ്ട് ഗോൾ എന്നത് ഒരു മികച്ച ലീഡ് ആയി തോന്നാറില്ല. ഏതെങ്കിലും കാരണത്താൽ ഒരു ഗോൾ വഴങ്ങിയാൽ പിന്നെ കൂടുതൽ സമ്മർദ്ദത്തിലാണ്. ഇന്നലെ കണ്ടതും അത് തന്നെയാണ്. അതുകൊണ്ട് രണ്ട് ഗോൾ ലീഡിൽ നിൽക്കുമ്പോഴും തനതു ശൈലി കൈവിടാതെ കളിക്കുന്നതാണ് ഉത്തമം എന്ന് തോന്നുന്നു.
വ്യക്തിഗത പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ മെസ്സിയുടെ മറ്റൊരു “സാധാരണ” പ്രകടനം നടന്ന ദിവസം. ചിപ്പ് ഗോളും, ഫ്രീകിക്ക് ഗോളും, ഹാട്രിക്കുമെല്ലാം ഇപ്പോൾ പുത്തരിയല്ല എന്ന രീതിയാണ് നമുക്ക്. ഒരു പക്ഷെ മറ്റുള്ളവരുടെ ജീവിതത്തിലെ തന്നെ വലിയ ഒരേട് ആയി മാറിയേക്കാവുന്ന പ്രകടനങ്ങൾ ഈ കുറിയ മനുഷ്യന്റെ ദൈനംദിന ചര്യകളിൽ ഒന്നായി ഇപ്പോൾ ലോകം കണക്കാക്കുന്നു. എന്നത്തേയും പോലെ അവിസ്മരണീയ പ്രകടനം. കഴിഞ്ഞ മത്സരങ്ങളിൽ അലട്ടിയിരുന്ന ബുദ്ധിമുട്ട് ഇന്നലെ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. സുവാരസ് ഏറെ നിരാശപ്പെടുത്തി. ആകെ ഫോം ഔട്ട് ആയി കാണപ്പെട്ടു. മികച്ച പാസുകൾ ഇല്ല, മികച്ച സ്പ്രിന്റ് ചെയ്യാൻ കഴിയുന്നില്ല, അനായാസ അവസരങ്ങൾ പോലും ഫിനിഷ് ചെയ്യാൻ കഴിയുന്നില്ല. പക്ഷെ ഏതു നിമിഷവും എൽ പിസ്റ്റലേറോക്ക് തിരികെ വാരാനാകുമെന്നു നമുക്കറിയാം. അതുകൊണ്ട് തന്നെ മുഴുവൻ പിന്തുണയുമായി നമ്മളെല്ലാം എന്നുമുണ്ടാകും. തരക്കേടില്ലാത്ത പ്രകടനമാണ് ടെമ്പേലെ കാഴ്ച്ചവെച്ചത്. എന്നത്തേയും പോലെ ഇന്നലെയും ഒരു അസിസ്റ്റ് സ്വന്തം പേരിലേക്ക്. പാസിംഗ് നന്നാവുന്നുണ്ട്. റണ്ണുകളും കൊള്ളാം. വലതു വിങ്ങിൽ സെമെഡോയുമായുള്ള കോംബോ കിടിലൻ. ഭാവിയിൽ നമുക്ക് ഒരു വലിയ മുതൽക്കൂട്ടാണ് ആ കോംബോ എന്നതിൽ സംശയമേതുമില്ല. എങ്കിലും മുൻമത്സരങ്ങളിൽ എന്ന പോലെ എളുപ്പത്തിൽ പന്ത് നഷ്ടപ്പെടുത്തുന്നു. ബാഴ്‌സയെ പോലെയുള്ള സിസ്റ്റത്തിൽ അത് ഏറെ ഗൗരവം ഉള്ള ഒരു പ്രശ്നമാണ്. ഉടനെ പരിഹരിക്കുമെന്ന് ആശിക്കുന്നു.
മധ്യനിര ബുസിയുടെ അഭാവത്തിലും മികച്ചു നിന്നു . ബുസിയുടെ റോൾ ഏറ്റെടുത്ത റാക്കി , അത് കിടിലൻ ആയി ചെയ്തു. വൽവെർദേയുടെ കീഴിൽ രാകി മിനുക്കിയെടുത്ത വജ്രമാണ് റാക്കി. ഒറ്റനോട്ടത്തിൽ വലിയ ശാരീരിക ശേഷിയോ, സ്പ്രിന്റ് ചെയ്യാനുള്ള കഴിവോ, ഒന്നുമില്ലാത്ത സാധാരണക്കാരനാണ് റാക്കി. പക്ഷെ തന്റെ അനുഭവസമ്പത് ഉപയോഗപ്പെടുത്തി എപ്പോൾ എവിടെ ഉണ്ടാകണമെന്നും, പന്ത് എങ്ങനെ തിരിച്ചെടുക്കണമെന്നും റാക്കിക്ക് അറിയാം. അത് കൃത്യമായി നടപ്പാക്കുന്നു. ഇന്നലെ നടത്തിയ ഒരു ടാക്കിൾ, എത്ര കണ്ടാലും ആവേശം തോന്നിക്കുന്ന ഒന്നായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് താൻ വെളിപ്പെടുത്തിയ തന്റെ മാനസിക സംഘർഷങ്ങൾ കണ്ടറിഞ്ഞു തന്നെ നിർബാധം പിന്തുണക്കുന്ന ബാഴ്‌സ ആരാധകർക്ക് ഗോമസ് തിരികെ നൽകിയ സമ്മാനമായിരുന്നു ഇന്നലത്തെ പ്രകടനം. നന്നായിരുന്നു. മുഴുവൻ സമയം കളിച്ച അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടുതൽ മെച്ചപ്പെടാൻ കഴിയട്ടെ. മികച്ച ഒരു മുന്നേറ്റത്തോടൊപ്പം കളിക്കാൻ കഴിഞ്ഞ കുട്ടീഞ്ഞോ ഇന്നലെ തരക്കേടില്ലാത്ത പ്രകടനമാണ് നടത്തിയത്. നല്ല ഏറെ ശ്രമങ്ങൾ കണ്ടു. കുറെയേറെ ഡ്രിബ്ലിങ് പരീക്ഷിച്ചെങ്കിലും ഫലവത്തായില്ല.
ലോകത്തിലെ നിലവിലെ ഏറ്റവും വേഴ്സ്റ്റൈൽ കളിക്കാരൻ താനാണെന്ന് സെർജി റോബർട്ടോ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഇന്നലെ കളിച്ചത് ലെഫ്റ്റ് ബാക്ക്. അത് തന്റെ പൊസിഷൻ അല്ല എന്ന് ആർക്കും തോന്നാത്ത വിധത്തിലുള്ള മാരക പെർഫോമൻസ്. ഇടതു വിങ്ങിൽ കുട്ടീഞ്ഞോയുമായി നല്ല ഒരു ലിങ്ക് സൃഷ്ടിച്ച അദ്ദേഹം ആൽബയുടെ അഭാവം നമ്മെ അറിയിച്ചില്ല. താൻ കളിച്ചിട്ട് ഏറെ നാളായി എന്ന് തോന്നാത്ത പ്രകടനമാണ് വർമയെലൻ കാഴ്ചവെച്ചത്. നല്ല ഒത്തിണക്കത്തോടെ കളിച്ചു. അണുവിട തെറ്റാത്ത പ്രതിരോധം. ഒരുവേള നടത്തിയ ടാക്ലിങ് ഗംഭീരം. ഒരു നിമിഷത്തേക്ക് നമ്മളെല്ലാം മാഷെയെ ഓർത്ത് പോയി. പീക്കെയും മനോഹരമായാണ് കളിച്ചത്. എങ്കിലും രണ്ടാം പകുതിയിൽ കൂടുതൽ മുന്നോട്ടാഞ്ഞു കളിക്കുന്നത് പോലെ അനുഭവപ്പെട്ടു.അങ്ങനെവരുമ്പോൾ പൊസിഷനിൽ നിന്നും വ്യതിചലിക്കുകയും ഒരു പക്ഷെ എതിർ ടീമിന് അത് അവസരമാവുകയും ചെയ്തേക്കാം. അതാണ് ഇന്നലെ കണ്ടതും. വലതു വിങ്ങിൽ അസാമാന്യ പ്രകടനം നടത്തിയ സെമെഡോ ആയിരുന്നു ഇന്നലത്തെ മത്സരത്തിൽ ഏറ്റവുമധികം തിളങ്ങിയ ഒരാൾ. അതിമനോഹര പ്രകടനം. ടെമ്പേലെയുമായുള്ള ലിങ്ക് ദൃഢമായിരുന്നു. നാളെ ഇരുവരും ചേർന്ന് വലിയ ഒരു മുന്നേറ്റമാണ് ബാഴ്‌സക്ക് വലത് വിങ്ങിൽ നൽകാൻ പോകുന്നത്. സ്റ്റീഗൻ ഇന്നലെ അധികം പരീക്ഷിക്കപ്പെട്ടില്ല. എങ്കിലും വഴങ്ങിയ ഗോൾ അദ്ദേഹത്തിനെന്തെങ്കിലും ചെയ്യാനാവുന്നതിലും അപ്പുറമായിരുന്നു.
മൊത്തത്തിൽ നമ്മളെല്ലാം ഏറെ സന്തോഷവാന്മാരാണ്. സീസൺ ആരംഭത്തിൽ ഏറെ ആശങ്കകളോടെ ടീമിനെ നോക്കിക്കണ്ടിരുന്ന നമ്മളെല്ലാം ഇന്ന് കിരീട പ്രതീക്ഷയിലാണ്. തന്ത്രങ്ങൾ അറിയുന്ന ഒരു തന്ത്രജ്ഞനും, അത് നടപ്പിലാക്കാൻ എന്തിനും പോന്ന ഒരു കൂട്ടവുമുള്ളപ്പോൾ ബാഴ്‌സ മുന്നോട്ട് കുതിക്കുകയാണ്.. ആ കുതിപ്പിൽ ചരിത്രങ്ങൾ തിരുത്തപ്പെടുകയാണ്, പുതിയ റെക്കോർഡുകൾ സ്ഥാപിക്കപ്പെടുകയാണ്. ഇനിയും കാതങ്ങൾ മുന്നേറാൻ ഈ ടീമിനാകട്ടെ എന്ന് ഞങ്ങൾ ആശംസിക്കുകയാണ്. വിസ്കാ ബാഴ്സാ…
#RETARD
©www.culesofkerala.com

  • SHARE :