മാച്ച് പ്രിവ്യു – ലാസ് പാമാസ് vs ബാഴ്‌സലോണ
ലാലിഗ അന്ത്യത്തോടടുക്കുമ്പോൾ അത്യന്തം ആവേശഭരിതവുമാകുന്നു. കഴിഞ്ഞ സീസണിന്റെ അവസാനം പോലെ ഇക്കുറിയും ഒരു ഫോട്ടോഫിനിഷിങിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒന്നാമതുള്ള റയലുമായി മൂന്നു പോയിന്റ് വ്യത്യാസത്തിലുള്ള ബാഴ്‌സ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഒരു ലീഗിനെ ആവേശത്തിലാക്കാൻ ഇതിൽപരം എന്ത് വേണം.? ഇപ്പോൾ ഈ രണ്ടു ടീമുകളുടെയും പോരാട്ടം ലോകവും സൂക്ഷ്മതയോടെയാണ് നോക്കിക്കാണുന്നത്. ഒന്ന് ഇടറിയാൽ അവിടെ തീരും കിരീടമോഹങ്ങൾ.
ബാഴ്‌സയെ സംബന്ധിച്ചിടത്തോളം വലിയ ഒരു കടമ്പയാണ് മുന്നിലുള്ളത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ലാസ് പാമാസുമായാണ് ബാഴ്‌സ ഇന്ന് കളിക്കുന്നത്. ഒരു തരത്തിൽ ബാഴ്‌സയുടെ ശൈലിയുടെ മറ്റൊരു രീതിയാണ് അവർ അവലംബിക്കുന്നത്. അതിവേഗത്തിലുള്ള കുറിയ പാസുകളിലൂടെ നീങ്ങുന്ന അവർ എത്ര ലോകോത്തര പ്രധിരോധത്തെയും കബളിപ്പിക്കാൻ കെൽപ്പുള്ളവരാണ്. അവർക്കെതിരെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് ഇന്നത്തെ ആദ്യത്തെ കടമ്പ.
ബാഴ്‌സയെ നോക്കുകയാണെങ്കിൽ കാര്യമായ പ്രശ്നങ്ങൾ അലട്ടുന്നില്ല. ആകെയുള്ള ഒരു പ്രധാന പ്രശ്നം അസുഖം മൂലം പിക്വെ ഇന്ന് കളിക്കാനുണ്ടാകില്ല. എങ്കിലും മഷെയും ഉംറ്റിറ്റിയും ഒരു പക്ഷെ ആൽബയും ചേർന്ന് അത് മാനേജ് ചെയ്യുമെന്ന് കരുതാം. നല്ലരീതിയിൽ പാസുകൾ നൽകി മുന്നേറുന്ന ടീമിനെ പൂട്ടാൻ ഏറ്റവും മികച്ച മാർഗവും മധ്യനിര ശക്തിപ്പെടുത്തുക എന്നതാണ്. അതുകൊണ്ട് തന്നെ ബുസ്കെട്സിന്റെ പ്രകടനം ഇന്ന് വളരെ നിർണ്ണായകമാണ്. ഒപ്പം മുന്നേറ്റത്തെ സഹായിക്കാനായി ഇനിയേസ്റ്റയും റാക്കിയും ഗോമെസുമെല്ലാം ഒത്തുചേരണം. മുൻനിരയിൽ MSN തന്നെയാണ് ആദ്യ ഇലവനിൽ ഉണ്ടാകുക. കഴിഞ്ഞ കളിയിൽ മൂന്നു പേരും സ്‌കോർ ബോർഡിൽ ഇടം നേടിയിരുന്നു. ഫിനിഷിങ് മികവിലേക്ക് തിരിച്ചെത്തുന്ന സുവാരസ് നൽകുന്ന ആശ്വാസം ചില്ലറയല്ല. അത് ഇവിടെ തുടരുമെന്ന് കരുതാം.
ഇതോടൊപ്പം ഇന്നത്തെ സ്‌ക്വാഡിൽ ബി ടീം അംഗങ്ങളെയും ഉൾപ്പെടുത്തിയതായി കണ്ടു. വളരെ സന്തോഷം. ഇന്ന് അവസരങ്ങൾ ലഭിക്കുമോ എന്നറിയില്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ. എങ്കിലും ഭാവിയിൽ അവർ സ്ഥിരമായി ടീമിൽ ഇടം പിടിക്കട്ടെ എന്ന് ആശംസിക്കുന്നു.
🏆 ലാലിഗ റൗണ്ട് 37
🏟️ ഗ്രാൻഡ് കനേറിയ – ലാസ് പാമാസ്
🕒 ഇന്ത്യൻ സമയം രാത്രി – 11:30 ന്
🎥 തത്സമയം : ടെൻ 2