Leo Messi: The Re-establishment
ആ വീഡിയോകൾ വീണ്ടും വീണ്ടും പ്ലേ ആയിക്കൊണ്ട് ഇരിക്കുമ്പോൾ തന്നെ ഇടയ്ക്കെപ്പോഴോ ശരീരത്തിൽ ഒരു കുളിരു വീഴ്ത്തിക്കൊണ്ട് ആ ചിന്ത ഇങ്ങനെ കടന്ന് പോകുന്നുണ്ടായിരുന്നു – ഒരു ലക്ഷത്തോളം വരുന്ന കാമ്പ് നൗ എങ്ങനെയായിരുന്നിരിക്കാം അയാളെ വരവേറ്റിട്ടുണ്ടാവുക? ഒരു ദശകം മുൻപ് സ്പാനിഷ് ടീമിന്റെ ബഹു ഭൂരിപക്ഷത്തെയും നൽകി ലോകകപ്പ് കിരീടം നേടികൊടുത്ത ഈ ക്ലബിനും ആരാധകർക്കും ലയണൽ മെസ്സിയുടെ വേൾഡ് കപ്പ് ശരിക്കും എന്താണ്?
മെസ്സി ബാർസക്ക് എന്തായിരുന്നു?
അത് ആഴത്തിൽ അറിയാൻ ബാർസയോട് ഒപ്പം പിന്നിലേക്ക് സഞ്ചരിക്കണം. സ്പാനിഷ് സിവിൽ വാറിന് ശേഷം കാറ്റലൻ ജനതയും ഫുട്‌ബോൾ ക്ലബ് ബാർസയും തമ്മിൽ അതിവൈകാരികമായ ബന്ധം ഉടലെടുക്കുന്നത് കാണാം. ആ അടുപ്പം കൊണ്ടും യുദ്ധ-അനന്തര സമൂഹത്തിനു വിനോദോപാധിയായും ബാർസയുടെ കളികൾക്ക് മുൻപത്തെതിലും മൂന്ന് മടങ്ങു അധികം ജനപങ്കാളിത്തം ലഭിക്കുന്നതോടെയാണ് ബാഴ്സലോണ എന്ന ഫുട്ബോൾ ക്ലബിന്റെ വളർച്ച ആരംഭിച്ചത്. ആ ക്ലബ്ബും സ്റ്റേഡിയവുമായിരുന്നു ബാർസലോണ നഗരത്തിന്റെ സന്തോഷം. അതോടൊപ്പം കുബാലയെ പോലുള്ള സൂപ്പർസ്റ്റാറുകൾക്ക് കളിക്കാൻ പെരുമക്കൊത്ത സ്റ്റേഡിയങ്ങൾ വേണമെന്നും ആവശ്യങ്ങൾ ഉയർന്നു. ഇതിന്റെ ആദ്യ പടിയായി 1957ൽ ക്ലബ്ബ് 90000 പേർക്ക് ഇരിക്കാവുന്ന എസ്റ്റേഡി ഡെൽ ബാർസ / ‘ക്യാമ്പ് നൗ’ എന്ന പുതിയ സ്റ്റേഡിയത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയാണ്. സാമ്പത്തികപരമായും സാമൂഹികപരമായും വളരാൻ ആഗ്രഹിക്കുന്ന ക്ലബ്ബിനെ സംബന്ധിച്ച് ഇത് വളരെ ശക്തമായ ഒരു നടപടി ആയിരുന്നെങ്കിലും കളിക്കളത്തിലെ പ്രകടനം കൊണ്ട് ഈ ഉദ്ദേശ്യത്തെ സാധൂകരിക്കാൻ ആവാതെ പോയി. അതിനു ശേഷം നീണ്ട 15 കൊല്ലങ്ങൾ ലാ ലിഗ പോലും നേടാൻ ആവാതെ ആത്മവീര്യം നഷ്ടപ്പെട്ട ക്ലബ്ബിനെ വീണ്ടെടുക്കാൻ വന്ന അവധൂതൻ ആയിരുന്നു യോഹാൻ ക്രൈഫ്. യോഹാൻ ആയിരുന്നു ബാർസയെ തങ്ങൾ ഒരു വലിയ ക്ലബ്ബ് ആണ് എന്ന വസ്തുത വീണ്ടും ഓർമ്മപ്പെടുത്തുന്നത്. ക്യാമ്പ് നൗവിനെ അടിസ്ഥാനപ്പെടുത്തി ക്ലബ് വിപുലപ്പെടുത്താൻ ആവശ്യപ്പെട്ടതും യോഹാൻ ആയിരുന്നു. പിന്നെയും ഒരു ദശാബ്ദത്തിനുശേഷം ജയം ഒരു ശീലമാക്കാൻ പരിശീലക വേഷത്തിൽ യോഹാൻ വരേണ്ടിവന്നു.
3) പ്രതിഛായ : 2000 ജൂലൈയിൽ ലൂയി ഫിഗോയുടെ കോളിളക്കം സൃഷ്ടിച്ച ട്രാൻസ്ഫർ ക്ലബിന്റെ പ്രതിഛായ തകർച്ചയ്ക്കും, ക്ലബിനുള്ളിൽ തന്നെ അസ്ഥിരതയ്ക്കും വഴിവച്ചു.
കാറ്റലൻ ദേശീയതയുടെ മറു പേരായി നിലകൊണ്ടിട്ട് തകർച്ചയിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്ന ബാർസയ്ക്ക് കാലം കാത്തു വച്ച കാവ്യനീതിയുടെ പേരായിരുന്നു മെസ്സി. യോഹാൻ എന്ന പ്രവാചകന്റെ സുവിശേഷത്തിന് പൂർത്തീകരണം വരുത്താൻ ഒരു മിശിഹാ അവതരിക്കണമായിരുന്നു. 2000 സെപ്റ്റംബറിൽ ജീവിതത്തിന്റെ കഠിന പരീക്ഷകളെ അതിജീവിക്കാൻ ഭാഗ്യം തേടിയെത്തിയ ഒരു പതിമൂന്ന് വയസ്സ്കാരനെ സെലക്ഷനു വിധേയമാക്കിയത് അവരുടെ ചരിത്രത്തെ തന്നെയാണ് മാറ്റി മറിച്ചത്. ലീഗൽ ഇഷ്യു കാരണം മെസ്സി തുടക്കത്തിൽ കാറ്റാലൻ ലീഗും ഫ്രണ്ട്‌ലിയും മാത്രമാണ് കളിച്ചിരുന്നത്. ക്ലബിന്റെ കീഴിൽ വളർച്ച ഹോർമോൺ ചികിത്സക്ക് ശേഷം ബാർസയുടെ ഐതിഹാസിക ബേബി ഡ്രീം ടീമിൻ്റെ ടോപ് സ്കോറർ ആയി തുടങ്ങിയ മെസ്സി, പക്ഷെ സുഹൃത്തുക്കൾ ആയ പീക്കെയും സെസ്കും ക്ലബ്ബിൽ നിന്ന് പിരിഞ്ഞപോഴും ആർസനലിന്റെ ഓഫറും നിരസിച്ച് ക്ലബിൽ തുടർന്നു. പിന്നീട് 3-4 കൊല്ലത്തിനുള്ളിൽ എല്ലാവരെയും അമ്പരപ്പിച്ച് സീനിയർ ടീമിലേക്ക് നടന്നു കയറി. വീണ്ടും ഒരു 5 കൊല്ലത്തിനുള്ളിൽ യൂറോപ്യൻ ചരിത്രത്തിൽ ആരും കൊതിക്കുന്ന sextuple എന്ന പരിപൂർണതയിലേക്ക് 110 കൊല്ലം പഴക്കമുള്ള ക്ലബ്ബിനെ കൈ പിടിച്ചു കയറ്റുമ്പോൾ തകർന്നു വീണത് അന്നത്തെ ചുറ്റുമുള്ള മറ്റു യൂറോപ്യൻ ക്ലബ്ബുകളുടെ അഹംഭാവമായിരുന്നു. വെറും 22 വയസുകാരന്റെ മായാജാലം കാണാൻ ആ നഗരം സ്റ്റേഡിയത്തിലേക്ക് ഒഴുകി തുടങ്ങി.
വിജയം ഒരിക്കലും സ്ഥിരം അല്ലാതിരുന്നൊരു ക്ലബിന്റെ പ്രതിച്ഛായയും പ്രകടനപരതയും പിന്നീടങ്ങോട്ട് ഒരു ദശാബ്ദത്തിലധികം അയാൾ ഒരാളുടെ ചുമലിൽ ആണ് മുന്നോട്ട് പോകുന്നത്. അയാളുടെ തണലിൽ ക്ലബ്ബിന്റെ സാമ്പത്തിക ചാലകങ്ങളും ദൃഢമായി. അയാളെ ആ സ്റ്റേഡിയത്തിന്റെ മാറിൽ ഒരു നോക്ക് കാണാൻ സമ്പാദ്യം സ്വരുക്കൂട്ടി സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളും പേറി എത്ര പേർ ആ നഗരത്തിൽ വന്ന് പോവാറുണ്ടെന്നതിനു കണക്കുകളില്ല. അയാളോളം ആ സ്റ്റേഡിയത്തെ മറ്റാരും ഉത്തേജിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.. അയാളോളം മറ്റാരുടെയെങ്കിലും നാമങ്ങൾ അവിടെ ഉരുവായിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നാലും അയാളും ആ സ്റ്റേഡിയവും തമ്മിൽ ഉള്ള ബന്ധം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഒന്നര ദശാബ്ദം എന്ന തീർത്തും അവിശ്വസനീയ സമയത്തിന്റെ ഫ്രെയിംമിൽ കണ്ട് മുട്ടുമ്പോഴൊക്കെ നിങ്ങളെ ഫുട്‌ബോളിന്റെ സൃങ്കത്തിൽ (pinnacle) എത്തിക്കുക; അത്ഭുത നിമിഷങ്ങൾ സമ്മാനിക്കുക; പരസ്പരം കരുതുക – പലപ്പോളും ഇത് മെസ്സിയുടെ കാഴ്ചപ്പാടിൽ എങ്ങനെ ആയിരിക്കും എന്ന് വിഭാവനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
തന്റെ ലൈഫിലെ ഒരു മോശം ദിവസം മറക്കാൻ അളവും അതിരും വയ്ക്കാതെ തന്നെ സ്നേഹിക്കുന്ന കാമ്പ് നൗവിൽ കളിക്കാൻ കാത്തിരിക്കുന്ന മെസ്സിയെ കാണാൻ പറ്റിയിട്ടുണ്ടോ? പറ്റേണ്ടതാണ്.ആദ്യമൊക്കെ 90 മിനിറ്റുകൾ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കൗമാരക്കാരന്റെ സ്വപ്നമായും, പിന്നീട് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരമായും ഏറ്റവും മികച്ച കളിക്കാരനായും പിന്നീട് ക്യാപ്റ്റൻ ആയിട്ടൊരു ട്രാൻസിഷൻ ആയിട്ടും ഒക്കെ അത് വളരുന്നതും എല്ലാത്തിനും സാക്ഷിയായി ആ ഐതിഹസിക മൈതാനവും തെളിഞ്ഞു വരും. ഒരു ഔട്‌സൈഡർ ആയ അയാൾക് ഏറ്റവും വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകിയിരുന്ന ആ സ്റ്റേഡിയവുമായി അയാൾ അങ്ങനെയാണൊരു മാജിക്കൽ കണക്ഷൻ സൃഷ്ടിച്ചെടുക്കുന്നത്. ഈ സ്റ്റേഡിയവും അതിലെ ആളുകളും എന്നേക്കും അയാളുടെ തന്നെ സ്വത്വത്തിന്റെ തന്നെ ഭാഗമാണ്. അത് കൊണ്ട് തന്നെ ലിയോ എന്ന വേൾഡ് ചാമ്പ്യനെ ആഘോഷിക്കാൻ ക്യാമ്പ് നൗവിനെക്കാൾ ഏറ്റവും അർഹതപ്പെട്ടതും ആഗ്രഹിക്കുന്നതും വേദി മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല..
പടിയിറക്കി പറഞ്ഞയച്ചിട്ടും അയാളെന്തൊരു പ്രണയമായിരുന്നു നമുക്കെന്ന് ആലോചിക്കാത്ത ദിവസങ്ങൾ ജീവിതത്തിലില്ല. പണ്ടൊരിക്കൽ എഴുതി വെച്ചത് പോലെ :
& The greatest ever, there will be..
ഇതില്ലെല്ലാം ഉപരി.. തന്റെ കാൽപാദങ്ങൾ വിടരുന്നത് കണ്ട, തനിക്ക് ചായാൻ ഒരു സാംബാ മജീഷ്യന്റെ ചുമലുകൾ ഒരുക്കിയ, തന്റെ ഇടം കാലിന്റെ മാസ്മരികതയേ ലോകത്തിനു കാണിച്ചു കൊടുത്ത, താൻ സൃഷ്ടിച്ച ഓരോ സർഗാത്മക നിമിഷങ്ങളെയും അംഗീകരിച്ചാസ്വദിച്ച ആ പുൽ മൈതാനത്ത്, തന്റെ നാമം ശ്വാസമായും ശബ്ദമായും വിഹരിക്കുന്ന രാത്രികളിൽ നഗ്ന നേത്രങ്ങൾ കൊണ്ട് മിശിഹായെ കണ്ട് തരിച്ചിരിക്കുന്ന ആ ബ്ലോഗ്രാന വിശ്വാസ സമൂഹത്തിന്റെ മുന്നിൽ ഒരിക്കൽ കൂടേ ആ നിറങ്ങളിൽ പ്രത്യക്ഷപെടാൻ ആ ദൈവം ആഗ്രഹിക്കാത്ത ദിവസങ്ങൾ ഉണ്ടാകുമോ? കാവ്യ നീതിയുടെ പുസ്തകത്തിലെ ഏറ്റവും മനോഹരമായ ആ അധ്യായം എന്നെന്നേക്കും ആയി അടയ്ക്കും മുൻപ് കഥാന്ത്യം ഒന്നു കൂടി മാറ്റിയെഴുതാനുണ്ട്! അയാൾ വരുമ്പോൾ അയാളുടേത് മാത്രമായി മാറുന്ന നൗ കാമ്പിൽ തന്റെ അവസാനത്തെ നടനം ആടിക്കൊണ്ട്, തിരിച്ചുവരാത്തൊരു മായാ വനത്തിലേക്ക് എന്നെന്നേക്കുമായി അയാൾ ഓടി മറയാത്തതിൽ കുറഞ്ഞതെന്തും അപൂർണം ആയിരിക്കും എന്നത് കൊണ്ട് തന്നെ.
www.culesofkerala.com