ആധുനികഫുട്ബോളിന്റെ ‘പപ്പറ്റ് മാസ്റ്റർക്ക്’ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. !
2008-15 കാലഘട്ടത്തിൽ ചാവിയിലൂടെ സ്പെയിനും ബാഴ്സയും കൈവരിച്ച നേട്ടങ്ങൾ അന്നേ വരെയുള്ള കിരീടസങ്കല്പങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർ എന്ന് വിശേഷിപ്പിച്ചാൽ ചാവിയെ പൂർണമായി മനസിലാക്കാനാകില്ല. ഒരു കാലഘട്ടത്തിന്റെ ഏറ്റവും മികച്ച സിസ്റ്റം ആയിരുന്നു ചാവിയർ ഹെർണാണ്ടസ്. ഫുട്ബോളിലെ പരമമായ ആധിപത്യം പന്തിന്മേലുള്ള ആധിപത്യം ആണെന്ന് ഒരു തലമുറയെ അയാൾ പഠിപ്പിച്ചു.
താൻ വളർന്നു വന്ന സിസ്റ്റത്തിലും പഠിച്ച തത്വങ്ങളിലും ചാവി അടിയുറച്ചു വിശ്വസിച്ചു. മറ്റേതിനേക്കാളും മുകളിൽ അയാൾ അതിനെ പ്രതിഷ്ഠിച്ചു. തന്നേക്കാൾ കായിക ശേഷി ഉള്ള താരങ്ങളെ അയാൾ നിസ്സാരമായി വരുതിയിലാക്കിയിട്ടുണ്ട്. കുമ്മായവരക്കരികിലെ തന്ത്രജ്ഞരെ പുൽത്തകിടിക്കുള്ളിൽ നിന്ന് കൊണ്ട് നാമാവശേഷം ആക്കിയിട്ടുണ്ട്. എല്ലാത്തിനും മൂലകാരണം ആയി അയാൾ ചൂണ്ടികാണിക്കുന്നത് താൻ അടക്കമുള്ള ഓരോ ലാ മാസിയ ഉത്പന്നത്തിന്റെയും സിരയിൽ ഓടുന്ന ഫുട്ബോൾ ഫിലോസഫി ആണ്. അതിനോട് തനിക്കുള്ള കടപ്പാട് ഒരു കരിയർ തന്നെ ആണെന്ന് ചാവി വിശ്വസിക്കുന്നു. അത് മടക്കികൊടുക്കാൻ ഒരു പരീശീലകവേഷത്തിൽ ഫുട്ബോൾ ലോകം അയാളെ കാത്തിരിക്കുന്നു.
ആധുനികഫുട്ബോളിന്റെ ‘പപ്പറ്റ് മാസ്റ്റർക്ക്’ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. !
