ഗ്രാഷ്യസ് യൊഹാൻ
ഇന്ന് യൊഹാൻ ക്രയ്‌ഫിന്റെ ജന്മദിനം. ക്രൈഫിനെ അറിയാത്ത ബാഴ്‌സ ആരാധർ ഉണ്ടാകുവാൻ സാധ്യതയില്ല. . തങ്ങൾ ഇന്ന് വിശ്വസിക്കുന്ന ക്ലബ്ബിനെ ലോകത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളെ അറിയാത്തവർ ഉണ്ടാകാനിടയില്ല. അത്രമേൽ ലോകഫുട്ബോളിലും ബാഴ്‌സയിലും അദ്ദേഹം സ്വാധീനിച്ചിരുന്നു.
ഇന്ന് പ്രതാപകാലത്തിന്റെ സ്മരണകൾ മാത്രമാണുള്ളതെങ്കിലും ഒരിക്കൽ ഫുട്ബാൾ ലോകം അടക്കി ഭരിച്ചിരുന്ന അയാക്സ് ആംസ്റ്റർഡാമിൽ നിന്നുമാണ് ക്രൈഫിന്റെ വരവ്. അയാക്സിൽ തന്നെ താരത്തിളക്കം പ്രകടമാക്കിയ ക്രൈഫിനെ ബാഴ്‌സയിലെത്തിച്ചത് ഒരു പക്ഷെ ബാഴ്‌സയുടെ തലവര മാറ്റിക്കുറിച്ച ഒരു തീരുമാനം ആയിരുന്നു . നീണ്ട പതിനാലു വർഷങ്ങൾക്ക് ശേഷം ലാലിഗ കിരീടം ബാഴ്‌സയിലേക്ക് തിരികെയെത്തിച്ച ക്രൈഫ്, ഒരു ചരിത്രം അവിടെ രചിക്കാൻ തുടങ്ങുകയായിരുന്നു. സ്പാനിഷ് വംശീയ പ്രശ്നങ്ങളിൽപ്പെട്ട് ആകെ ഉലഞ്ഞിരുന്ന ബാഴ്‌സക്ക് ഒരു പുതുജീവൻ ലഭിച്ചത് പോലെയായിരുന്നു അത് . അഞ്ചു വർഷങ്ങൾക്ക് ശേഷം ഒരു ബാഴ്‌സയുടെ പടിയിറങ്ങുമ്പോഴേക്കും ബാഴ്‌സയുടെ ചരിത്രത്തിൽ തന്റേതായ ഒരേട് അദ്ദേഹം നിർമ്മിച്ചിരുന്നു.
പിന്നീട് കോച്ചിനെ രൂപത്തിൽ അദ്ദേഹം പിന്നെയും ബാഴ്‌സയിൽ വന്നു. അദ്ദേഹം വിദഗ്ദമായി നടപ്പാക്കിയിരുന്ന ടോട്ടൽ ഫുട്ബാളിന്റെ വകഭേദം ബാഴ്‌സയിൽ അവതരിപ്പിച്ചു. ഇന്നും ബാഴ്‌സ കൈവിടാതെ സൂക്ഷിക്കുന്ന ആ തന്ത്രങ്ങൾ തന്നെയാണ് ഇന്ന് ബാഴ്‌സയുടെ കരുത്ത്.ഒപ്പം ലാ മാസിയ എന്ന പ്രതിഭകളെ സൃഷ്ട്ടിക്കുന്ന ഒരിടം നിർമ്മിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. മെസ്സിയും സാവിയും ഇനിയേസ്റ്റയും ബുസിയുമെല്ലാം അതേ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങിയ , അദ്ദേഹത്തിന്റെ രീതി തന്നെ ഉപയോഗിച്ച് ലോകം കീഴടക്കിയവരാണ്. ഇന്നും തീരാത്ത ജൈത്രയാത്ര. ..
നന്ദി ക്രൈഫ്..എല്ലാ നേട്ടങ്ങൾക്കും, കിരീടങ്ങൾക്കും നല്ല നിമിഷങ്ങൾക്കും.. താങ്കൾ എന്നും ആഗ്രഹിച്ചത് പോലെ ബാഴ്‌സ ഇന്നും ഉയരങ്ങളിൽ തന്നെയാണ്. കളിയിലെ മേധാവിത്വവും വിജയങ്ങളും ബാഴ്‌സയുടെ കൈകളിൽ തന്നെയുണ്ട്. ഇനിയുമേറെക്കാലം അതങ്ങിനെ തന്നെ ആയിരിക്കും. ഇനിയുമൊരു ജന്മദിനാശംസകൾ നേരാൻ താങ്കൾ ഈ ഭൂമുഖത്തില്ല. എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് ” ഗ്രാഷ്യസ് യൊഹാൻ .!!!!”