‘ലൂയിസ് എൻറിക്കേ മടങ്ങുമ്പോൾ’
നാളെയുടെ ബാഴ്‌സ ചരിത്രത്തിൽ എവിടെയാകും ലൂയിസ് എൻറിക്ക്വേയുടെ സ്ഥാനം. ഒരു കളിക്കാരൻ എന്ന നിലയിൽ റയൽ മാഡ്രിഡിൽ നിന്ന് ബാഴ്‌സയിലേക്ക് വന്നു, നൂറിൽപരം ഗോളുകൾ നേടി എന്ന നിലയിൽ അദ്ദേഹം ക്യാമ്പ് ന്യൂവിൽ ഓർമ്മിക്കപ്പെടും. ഒരു ലെഫ്റ്റ് ബാക്കായി തുടങ്ങി അറ്റാക്കിംഗ് മിഡ് ഫീൽഡർ ആയി പരിണാമം ചെയ്തു ഗോളുകൾ വാരിക്കൂട്ടിയ ലൂക്കോ, ബാഴ്‌സ ക്യാപ്റ്റൻ ആയാണ് വിരമിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഒരു ബാഴ്‌സ ലെജൻഡ്.
പിന്നീട് 2008ൽ അന്നത്തെ ബാഴ്‌സ ബി കോച്ച് ആയിരുന്ന ഗാർഡിയോള സീനിയർ ടീം കോച്ച് ആയപ്പോഴാണ്, ലൂക്കോയുടെ രണ്ടാം ഇന്നിങ്‌സ് ആരംഭിക്കുന്നത്. ബാഴ്‌സ ബി മാനേജർ സ്ഥാനം ഏറ്റെടുത്ത ലൂക്കോ, ടീമിനെ മൂന്നാം ഡിവിഷനിൽ നിന്ന് രണ്ടാം ഡിവിഷനിൽ എത്തിച്ചു. 2011ൽ റോമയുടെ മാനേജർ സ്ഥാനം ഏറ്റെടുക്കാനാണ് ലൂക്കോ ബി ടീം വിട്ടത്.
വീണ്ടും 2014ൽ ലൂക്കോ അവതരിച്ചു. ടീമിന് ഏറ്റവും വേണ്ടിയിരുന്ന സമയത്താണ് ലൂക്കോ വീണ്ടും വരുന്നത്. ടീം അക്ഷരാർത്ഥത്തിൽ തകർന്നു കിടന്നിരുന്ന സമയത്താണ് ലൂക്കോ രക്ഷകനായി വീണ്ടും വരുന്നത്. ഒറ്റ സീസൺ കൊണ്ട് ടീം പുനരുദ്ധരിക്കുക എന്ന ദൗത്യം അന്നും അപ്രാപ്യം ആയപ്പോൾ ലൂക്കോ ട്രിപ്പിൾ അടിച്ചാണ് തന്റെ പുതിയ ദൗത്യം ഏറ്റെടുത്തത്. അതിനു ശേഷമുള്ള സീസണിൽ ഡബിൾ നേടി ലൂക്കോ. ഹിഡിങ്കിനു ശേഷം ട്രിപ്പിൾ & ഡബിൾ അടുത്ത് അടുത്ത് ജയിച്ച ഒരേ ഒരു മാനേജർ. രണ്ടു സീസണിൽ എട്ടു കിരീടങ്ങൾ. പല ക്ലബ്ബുകളും ഒരു ദശാബ്ദത്തിൽ നേടുന്ന കിരീടങ്ങളുടെ എണ്ണം ആണിത് . മൂന്നാം സീസണിലും ലൂക്കോ കോപ്പ ഫൈനലിൽ എത്തിയിട്ടുണ്ട്,ലാ ലീഗായിൽ ശക്തമായി തന്നെ മുന്നിലുണ്ട്. ഈ സീസണിലും ബാഴ്‌സ കിരീടങ്ങൾ നേടും എന്നുറപ്പുണ്ട്. കാരണം ലൂയിസ് എൻറിക്ക്വേ തന്നെ. എം.എസ്.എൻ. മികവിൽ ബാഴ്‌സ ജയിക്കുന്നു എന്ന് പറയുന്നവർ എം.എസ്.എൻ. എങ്ങനെ ഉണ്ടായി എന്ന് കൂടി ചിന്തിക്കണം.എം.എസ്. എൻ. എന്ന ത്രയം സൃഷ്ട്ടിച്ചത് തന്നെ ലൂക്കോയാണ്. നല്ല മാനേജർ ഇല്ലായെങ്കിൽ ഒരുപറ്റം സൂപ്പർ താരങ്ങളെ കൊണ്ട് ഒന്നും സാധ്യമാകില്ല. ചരിത്രം പരിശോദിച്ചാൽ അത് മനസ്സിലാകും .
ഏറ്റവും ഒടുവിൽ ഈ സീസണിൽ ടീമിനോട് വിടപറയുന്ന ലൂക്കോയ്ക്ക് അവശേഷിക്കുന്നത് ആരാധകർ നമ്മൾ നൽകിയ നന്ദികേട് മാത്രം. കിരീടങ്ങൾ ഒന്ന് ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്നും ഈ ടീമിനെ സ്നേഹിച്ചവർക്കു അറിയാം ലൂക്കോ തന്ന ജയങ്ങളുടെ വില. ഈ സീസണിൽ കിരീടങ്ങൾ നേടി തന്നെ യാത്ര പറയുവാൻ ലൂക്കോയ്ക്ക് കഴിയട്ടെ. എന്നും ബാഴ്‌സയുടെ ഇതിഹാസപട്ടികയിൽ മുൻസ്ഥാനത്തു കാണും ലൂക്കോ.
വാമോസ് ലൂയിസ് എൻറിക്ക്വേ!!!