• Follow

എൽ ഡയെസ് പാർട്ട്-3

  • Posted On April 23, 2020

ബാഴ്‌സയെ ഫുട്ബാൾ ചരിത്രത്തിന്റെ നെറുകയിൽ എത്തിച്ച ഐതിഹാസിക സീസൺ ആയിരുന്നു 2010/11. പെപ്പിന്റെ കീഴിൽ ടികി ടാകാ എന്നാ വിപ്ലവ ഫുട്ബോളിന്റെ ചിറകിൽ മെസ്സിയും കൂട്ടരും തുടങ്ങി വെച്ച അശ്വമേധം അവസാനിച്ചത് ചരിത്രമുറങ്ങുന്ന വെമ്പ്ലിയിലെ ഫൈനലിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു കൊണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലുകളിലൊന്നിൽ പെഡ്രോയും മെസ്സിയും വിയ്യയും ഐതിഹാസിക ഗോൾകീപ്പറായ വാൻ ദേർ സാറിനെ കീഴടക്കി വലയിലെത്തിച്ചപ്പോൾ ഫുട്ബാൾ ചരിത്രത്തിലെ രണ്ടാമത്തെ ട്രെബിൾ ആണ് ലോകം അന്ന് ദർശിച്ചത്.
എന്നാൽ 2011/12 സീസൺ ബാഴ്സക്ക് ഏറെ നിരാശയാണ് സമ്മാനിച്ചത്. കിരീടങ്ങളെല്ലാം വാരിക്കൂട്ടിയ ഇതിഹാസ താരങ്ങളിൽ മനസ്സിലുള്ള ഊർജ്ജം ചെറുതായി കൈമോശം വരികയും ബാഴ്സയുടെ ആധിപത്യം തകർക്കാനുറച്ചു കൊണ്ട് കൗശലക്കാരനായ ജോസ് മൗറീഞ്ഞോയുടെ കീഴിൽ മാഡ്രിഡ് താരങ്ങൾ തകർപ്പൻ പ്രകടനവും പുറത്തെടുത്തോടെ മാഡ്രിഡിന്റെ കീഴിൽ രണ്ടാമതായി സീസൺ അവസാനിപ്പിക്കാൻ മാത്രമേ ബാഴ്സക്ക് സാധിച്ചിട്ടുള്ളൂ. ചാമ്പ്യൻസ് ലീഗിലാവട്ടെ ചെൽസി കെട്ടിപ്പൊക്കിയ പ്രതിരോധ കോട്ട ഭേദിക്കാനാവാതെ സെമിയിൽ തല കുനിച്ചു മടങ്ങേണ്ടി വന്നു.
എന്നാൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച സീസണുകളിലൊന്നായിരുന്നു 2011/12 സീസൺ. പിടിച്ചു കെട്ടാനാവാത്ത യാഗാശ്യത്തെ പോലെ കുതിച്ച മെസ്സിയുടെ ചുമലിൽ ബാഴ്സ കിരീടമില്ലാതെ മടങ്ങേണ്ടി വന്നത് ഈ ദശാബ്ദത്തിന്റെ ദുരന്തങ്ങളിലൊന്നായി തന്നെ കണക്കാക്കാം. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ ലെവർക്യുസനെതിരെ ഉള്ള കളിയിൽ നേടിയ അഞ്ചു ഗോളടക്കം 73 ഗോൾ ആണ് മെസ്സി നേടിയത്. എല്ലാ കത്രിക പൂട്ടുകളും ഭേദിച്ചു ഗോൾ വല ലക്ഷ്യമാക്കി മെസ്സി എന്ന മാന്ത്രികൻ കുതിച്ചപ്പോൾ ഒപ്പം പോവാൻ മറ്റു ഇതിഹാസ താരങ്ങൾക്കു കഴിഞ്ഞില്ല.
മെസ്സിയുടെ ആ സീസണിലെ അധികം ചർച്ച ചെയ്യപ്പെടാതെ ഗോളുകളിലൊന്നു എടുക്കുക എന്നത് അധീവ ദുഷ്കരമായിരുന്നു. മെസ്സിയുടെ ആ ഒരൊറ്റ സീസണിലെ അധികം ചർച്ച ചെയ്യപ്പെടാത്ത ഗോളുകൾ പരിശോധിച്ചാൽ ഒരു സാധാ കളിക്കാരൻ തന്റെ കരിയറിൽ നേടുന്ന മികച്ച ഗോളുകളുടെ ലിസ്റ്റിൽ ഉള്ളതിനേക്കാളേറെ മികച്ച ഗോളുകൾ ഈ സീസണിൽ തന്നെ മെസ്സി അടിച്ചിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ എന്ന വിശേഷണമുള്ളപ്പോഴും മെസ്സി ലോകചരിത്രത്തിലെ ഏറ്റവും അണ്ടർറേറ്റഡ് കളിക്കാരിലൊന്നാവാൻ കാരണം അത് തന്നെ. തന്റെ അഭൂത പൂർവമായ പ്രതിഭാ ധാരാളത്തത്തിനാൽ തന്റെ വിസ്മയകരമായ പ്രകടനങ്ങളുടെ തുടർച്ചയാൽ ഒരു ജനതയെ അത് സ്വാഭാവികം ആണെന്ന് വിശ്വസിപ്പിച്ചു.

മനോഹരമായ ചിപ്പ് ഗോളുകളും ഹെഡറുകളും സോളോ ഗോളുകളും നിറഞ്ഞ സീസണിൽ അദ്ദേഹം സെവിയ്യക്കെതിരെ എവേ ഗ്രൗണ്ടിൽ നേടിയ ഗോൾ ഏറെ ശ്രദ്ധിക്കപെടുന്നതാണ്. കളി തുടങ്ങി ഏറെ താമസിയാതെ തന്നെ ബാഴ്സ ഗോളടിച്ചു, കളിയുടെ പതിനാറാം മിനുട്ടിൽ ഡി ബോക്സിന്റെ വലതു മൂലയിൽ നിന്നും ലഭിച്ച ഫ്രീകിക്ക് മാസ്‌റ്ററോ ചാവി ഗോൾ കീപ്പറെ കബളിപ്പിച്ചു ഗോൾ പോസ്റ്റിന്റെ വലതു മൂലയിൽ നിക്ഷേപിച്ചതോടെ ബാഴ്സ തങ്ങളുടെ ആദ്യ ഗോൾ നേടി. തുടർന്നും ബാഴ്സക്ക് തന്നെ ആയിരുന്നു മുൻതൂക്കം. സെവിയ്യയുടെ ഗോൾമുഖം ലക്ഷ്യമാക്കി ഒന്നിന് പിറകെ ഒന്നൊന്നായി ബാഴ്സ ആക്രമണം അഴിച്ചു വിട്ടപ്പോൾ സെവിയ്യ ഗോൾമുഖം ആടിയുലഞ്ഞു. ഏറെ താമസിയാതെ ബാഴ്സ ലീഡുയുർത്തി, സെവിയ്യക്കു ലഭിച്ച ത്രോ ഇനിൽ നിന്നും ലഭിച്ച പന്തുമായി മുന്നോട്ടു നീങ്ങിയ സെവിയ്യ കളിക്കാരനെ മൈതാന മദ്ധ്യത്തു നിന്നും ബുസ്കെട്സ് ഇന്റർസെപ്റ്റു ചെയ്ത കിട്ടിയ പന്ത് ചാവി മെസ്സിക്ക് കൈമാറിയപ്പോൾ മെസ്സി അത് മുന്നോട്ട് നീങ്ങിയ ചാവിക്കു കൈമാറി. ആ പന്ത് ബാക്ഹീലിലൂടെ ചാവി സെസ്‌കിനു കൈമാറി, ഒരു നിമിഷം സെസ്‌കിനു ആ പന്തിന്മേൽ ഉള്ള നിയന്ത്രണം നഷ്ടമായെങ്കിലും സെസ്‌ക് ആ പന്ത് ഇനിയേസ്റ്റയ്ക്ക് കൈമാറി, ഒരു നിമിഷം ഇനിയേസ്റ്റ പന്ത് തന്റെ വരുതിയിൽ മൂന്ന് എതിർ കളിക്കാരുടെ ഇടയിലൂടെ മുന്നോട്ടു ഓടി വരുന്ന മെസ്സിക്ക് മനോഹരമായ ത്രൂ ബോൾ നൽകി. ആ ത്രൂ ബോൾ സ്വീകരിച്ച മെസ്സിയുടെ നീക്കം തടയാൻ ഓടിയെത്തിയെ ഡിഫെൻഡറെ ഒരു നട്ട്മെഗ്ഗിലൂടെ വിഡ്ഢിയാക്കിയപ്പോൾ ഗോൾ വല ഓപ്പൺ ആയി മെസ്സിക്ക്, മെസ്സിയുടെ ആംഗിൾ കവർ ചെയ്യാൻ ഗോൾ കീപ്പർ റഷ് ചെയ്തു തന്റെ പൊസിഷൻ വിട്ടിറങ്ങിയപ്പോൾ തന്റെ മായാജാലം തീർത്ത ഇടങ്കാൽ കൊണ്ട് സമ്മർദമേതുമില്ലാതെ ചിപ്പ് ചെയ്ത പന്ത് ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിൽ ചെന്നിറങ്ങിയപ്പോൾ റാമോൺ സാഞ്ചെസിൽ തടിച്ചു കൂടിയ കാണികൾ ഒരു നിമിഷത്തേക്ക് നിശബ്ദരായി.
മെസ്സിയുടെ മികച്ച ഗോളുകളുടെ ബാഹുല്യത്താൽ ചില അനുസ്മരണീയമായ ഗോളുകൾ വിസ്‌മൃതിയിലേക്ക് ആഴ്ന്നിറങ്ങുന്നത് അൽപ്പം വ്യസനത്തോടെ തന്നെയാണ് ഓർക്കുന്നത്. പക്ഷെ അതിനെല്ലാം കാരണക്കാരൻ മെസ്സി തന്നെ അല്ലെ ? സമാനതകളില്ലാത്ത പ്രകടനങ്ങളുമായി ഒരോ സീസണിലും പുതിയ റെക്കോർഡുകളും അസുലഭമുഹൂർത്തങ്ങളും മെസ്സി നമുക്ക് സമ്മാനിക്കുമ്പോൾ ചില നിമിഷങ്ങൾ വിസ്‌മൃതിയിലേക്ക് തള്ളി വിടാതിരിക്കാനാകില്ല. ലോകത്തിലെ മികച്ചവൻ ആയതിന് മെസ്സി അദ്ദേഹത്തിന് സ്വയം കൊടുക്കുന്ന ശിക്ഷ ആവാം അത്. എങ്കിലും വർഷങ്ങൾക്കപ്പുറം ഓർമകളിലേക്ക് വീഡിയോകളിലൂടെ നമ്മൾ തിരികെ കടന്ന് വരുമ്പോൾ, ആ ഗോളുകൾ ആദ്യമായി കണ്ട നിമിഷത്തെ അതേ അനുഭൂതി നമ്മിൽ ഉടലെടുക്കും. കാരണം ഈ മാന്ത്രികന്റെ മായാജാലങ്ങൾ അങ്ങനെ പെട്ടന്ന് നിറം മങ്ങുന്നതല്ല.
ഗോൾ ലിങ്ക്: https://youtu.be/-pp3WDxCe_M
© www.culesofkerala.com
Image courtesy: www.dailymail.com