• Follow

ഷാപെകൊയെൻസ്

  • Posted On August 7, 2017

“ഷാപെകൊയെൻസ് ഇന്നൊരു ക്ലബിനും അപ്പുറം ഒരു വികാരമാണ്. ഓരോ നിമിഷവും ഓർമകളുടെ തിരകളടിക്കുന്ന വികാരസമുദ്രം”. ബാർസയുടെ വിശ്വവിഖ്യാതമായ ആപ്തവാക്യം കടമെടുത്ത് ഇങ്ങനെ പറഞ്ഞത് ഇന്ന് ഗാമ്പർ ട്രോഫി മൽസരത്തിൽ ബാർസയെ നേരിടുന്ന ഷാപെകൊയെൻസ് ഗോൾകീപ്പർ ആർതർ മൊറെയസ് ആണ്. 52ആം ജൊആൻ ഗാമ്പർ ട്രോഫി മൽസരം ഷാപെകൊയെൻസുമായി നടത്തുവാൻ ഒരു വർഷം മുൻപെ നിശ്ചയിച്ചിരുന്നു. വിമാനാപകടത്തിൽ തകർന്ന് പോയ ബ്രസീലിയൻ ക്ലബിന്റെ പുനരുദ്ധാരണത്തിൽ പങ്കാളിയാകാന്‍ ബാർസ ഇതിലൂടെ തയ്യാറായി. എക്കാലവും ഒരുമയിൽ അധിഷ്ഠിതമായ കായിക മുന്നേറ്റത്തിൽ വിശ്വസിക്കുന്ന ബ്ലോഗ്രാനയുടെ മികച്ച തീരുമാനങ്ങളിലൊന്നായി ഇത്. മുൻപ് ബെൻഫിക്കയുടെ താരമായി ക്യാമ്പ് നൂവിൽ എത്തിയിട്ടുള്ള മോറെയസ് ഈ വരവ് വ്യത്യസ്തമാണെന്ന് പറയുന്നു.” ഓരൊ തവണയും കളിക്കളത്തിലേക്കിറങ്ങുമ്പോൾ ഓർമകളായി എത്തുന്ന എന്റെ കൂട്ടുകാർക്കുള്ള സമർപ്പണമാണ് ഈ വരവ്”- അദ്ദേഹം പറയുന്നു.
ഫുട്ബോൾ ലോകം ഇന്ന് കാത്തിരിക്കുന്നത് 71 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട ഡിഫൻഡർ അലൻ റുഷെലിന്റെ സാന്നിധ്യത്തിനു വേണ്ടിയായിരിക്കും. അന്നത്തെ അപകടത്തിനു ശേഷം റുഷെൽ ആദ്യമായി ഇന്ന് കളിക്കാനിറങ്ങും. ഇന്നത്തെ ശ്രദ്ധാകേന്ദ്രം അദ്ദേഹം തന്നെയാവും എന്നതിൽ തർക്കം ഒന്നുമില്ല.” വീണ്ടും പന്ത് തട്ടാൻ ഒരു പോരാളിയെ പോലെ റുഷെൽ അധ്വാനിച്ചു. അവന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാവും ഇന്നത്തേത്. അവന്റെ മടങ്ങിവരവിനു കാത്തിരുന്ന ഞങ്ങൾക്കും. ” – മൊറെയസ് പറഞ്ഞു. പത്ത് വർഷം മുൻപ് അലാവസ് താരമായി ബാർസയ്ക്കെതിരെ ഗോൾ നേടിയ സ്ട്രൈക്കർ വെല്ലിംഗ്ടൺ സില്വയും ഷാപെ ടീമിലുണ്ട്. ബാർസയിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ബാർസയുടെ ഫുട്സാൽ സൂപ്പർസ്റ്റാറും സ്പാനിഷ് ലീഗിലെ ടോപ്സ്കോററുമായ ഫെറാവൊയുടെ നാടാണ് ഷാപെകൊ. “എന്റെ അച്ഛൻ ഷാപെകൊയെൻസിനു വേണ്ടി കളിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ സാധ്യമായിരുന്നപ്പോഴൊക്കെ ഞാൻ കളി കാണുവാനും പോയിട്ടുണ്ട്. തകർന്ന ഞങ്ങളുടെ ക്ലബിനെ വീണ്ടെടുക്കാൻ കാര്യമായി സഹായിച്ച ഏക ക്ലബ് ബാർസലോണയാണെന്ന് നാട്ടിലുള്ള സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു; എനിക്ക് അഭിമാനം തോന്നി ” – അദ്ദേഹം പറഞ്ഞു‌. റുഷെലുമായി തന്റെ ജേഴ്സി കൈമാറിയ നിമിഷത്തെ വിലമതിക്കാനാവാത്തത് ആണെന്നും ഫെറാവൊ പറഞ്ഞു. കാറ്റലോണിയയുടെയും ഫുട്ബോൾ ലോകത്തിന്റെയും സ്നേഹമേറ്റു വാങ്ങി ഇന്ന് ഷാപെകൊയെൻസിന്റെ പോരാളികൾ നൂകാമ്പിൽ കളിക്കാനിറങ്ങുമ്പോൾ വെറുമൊരു കായികയിനത്തിനും അപ്പുറം മാനവികതയുടെ വലിയ പ്രഖ്യാപനം ആയി ഫുട്ബോൾ മാറും. അതേ, ബാർസ ഒരു ക്ലബിനും അപ്പുറമാണ്.

  • SHARE :