മാച്ച് റിവ്യൂ: ലെഗാനെസ് 0 – 3 ബാഴ്‌സലോണ
ഇത് വരെ തോൽവി രുചിക്കാതെ സ്വപ്നതുല്യമായ തുടക്കവുമായി ബാഴ്‌സ മുന്നോട്ട് കുതിക്കുന്നു. ലാലിഗ 12 മത്സരങ്ങൾ പിന്നിടുമ്പോൾ മറ്റൊരു വിജയം കൂടി ചരിത്രത്തിലെഴുതി ബാഴ്‌സ വ്യക്തമായ ലീഡോടെ മുന്നേറുന്നു. അൽപ്പം ബുദ്ധിമുട്ടേറിയ എവേ മത്സരം ആയിരിക്കും എന്ന് അറിയാവുന്നതിനാൽ 3 ഗോൾ മാർജിനിൽ ഒരു വിജയം എന്നത് തീർച്ചയായും സന്തോഷം നൽകുന്നതാണ്. ഒപ്പം ലൂയിസ് സുവാരസ് മുൻമത്സരങ്ങളിൽ നിന്നും മെച്ചപ്പെട്ടു എന്നതും ആനന്ദത്തിനു വക നൽകുന്നതാണ്. എങ്കിലും ടീമിന്റെ പ്രകടനത്തിൽ അധികം സന്തുഷ്ടരല്ല. ടെർ സ്റ്റീഗന്റെ മികവ് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ സ്‌കോർനില നേരെ തിരിഞ്ഞേനെ.
ഏതൊരു ഇന്റർനാഷണൽ ബ്രെക്കിനും ശേഷം എന്ന പോലെ തന്നെ നിരാശപ്പെടുത്തിയാണ് മത്സരം തുടങ്ങിയത്. കളിക്കാർക്കിടയിലുള്ള ഒത്തിണക്കം അമ്പേ പരാജയം. പാസുകൾ കൃത്യമായി നൽകുന്നതിലും കളി മെനയുന്നതിലും ടീം പരാജയപ്പെട്ടപ്പോൾ ഒരു പക്ഷെ മത്സരം അൽപ്പം വിരസമായി തോന്നി. എങ്കിലും 28 ആം മിനിറ്റിൽ തന്നെ ബാഴ്‌സ അക്കൗണ്ട് തുറന്നു. മധ്യനിരയിൽ നിന്നും ബുസ്കെറ്റ്സ് ഉയർത്തി നൽകിയ പന്ത് വലത് വിങ്ങിൽ പാക്കോയുടെ കാലിലേക്ക്. അവിടെനിന്നും പാക്കോ ഗോൾ ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തെങ്കിലും കീപ്പർ തടഞ്ഞു. പക്ഷെ പന്ത് ചെന്നെത്തിയത് സുവാരസിന്റെ മുൻപിൽ. പൂർണ്ണമായും തുറന്നു കിടക്കുന്ന പോസ്റ്റിലേക്ക് പന്ത് ഒന്ന് തട്ടിയിടേണ്ട ജോലി മാത്രമേ സുവാരസിന് ഉണ്ടായിരുന്നുള്ളു. അതെ സമയം തന്നെ മികച്ച നീക്കങ്ങളുമായി ലെഗാനെസ് പല കുറി ബാഴ്‌സയുടെ ഗോൾ മുഖം ആക്രമിച്ചിരുന്നു. വൻമതിൽ പോലെ നിലയുറപ്പിച്ച സ്റ്റീഗന്റെ മുൻപിൽ പക്ഷെ അവയെല്ലാം വിഫലമായി.
രണ്ടാം പകുതിയിൽ പക്ഷെ കൂടുതൽ മെച്ചമായ ടീമിനെയാണ് കണ്ടത്. ആദ്യ പകുതിയിൽ ശോകമായിരുന്ന മെസ്സിയും ഫോമിലെത്തിയതോടെ ബാഴ്‌സ ഉണർന്നു കളിച്ചു. ഒപ്പം ഇനിയേസ്റ്റക്ക് പകരക്കാരനായി പൊളിഞ്ഞോ ഇറങ്ങിയതോടെ മെസ്സിയും ബാഴ്‌സയും ഫോമിലായി. അവരിൽ നിന്ന് തന്നെയാണ് രണ്ടാം ഗോളിന്റെ ജനനവും. ബോക്സിലേക്ക് മെസ്സി ചിപ്പ് ചെയ്ത് നൽകിയ പന്ത് ഓടിയെത്തിയ അൽക്കാസർ ബോക്സിലേക്ക് ക്രോസ് നൽകി. പന്ത് ചെന്നെത്തിയത് സുവാരസിന്റെ മുൻപിലും. പ്രതാപ കാലത്തെ അനുസ്മരിപ്പിച്ചു കൊണ്ട് എൽ പിസ്റ്റലേറോയുടെ കിടിലൻ ഒരു സൈക്കിൾ കിക്ക് ഡിഫൻഡറുടെ ദേഹത്ത് കൊണ്ട് പോസ്റ്റിലേക്ക്. പിന്നീടും പല അവസരങ്ങളിൽ സ്‌കോർ നില ഉയർത്താൻ അവസരം കൈവന്നെങ്കിലും മുതലാക്കാനായത് കളിയുടെ അന്ത്യ നിമിഷങ്ങളിൽ. ബോക്സിൽ കൂട്ടപ്പൊരിച്ചിൽ നടത്തിയ ശേഷം മെസ്സി തട്ടിനൽകിയ പന്ത് പൊളിഞ്ഞോ അനായാസം പോസ്റ്റിലേക്ക് കടത്തി. ഒട്ടുമിക്ക മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങുന്ന പൊളിഞ്ഞോയുടെ ലീഗിലെ നാലാം ഗോൾ.
മത്സരത്തെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യ പകുതി നിരാശപ്പെടുത്തി. എങ്കിലും രണ്ടാം പകുതിയിൽ മനോഹരമായ കളിയായിരുന്നു. മെസ്സി – പൊളിഞ്ഞോ കോമ്പിനേഷൻ രണ്ടാം പകുതിയിൽ വരുത്തിയ മാറ്റം ടീമിനെ വളരെയധികം സ്വാധീനിച്ചു. അവസാന രണ്ട് ഗോളുകളും ഇവരുടെ മികവിൽ നേടിയതാണ്. സുവാരസ് ഗോൾ നേടിയതിൽ സന്തോഷം. ഫോമിലേക്ക് തിരിച്ചുവന്നു എന്നൊന്നും പറയാനായിട്ടില്ലെങ്കിലും ഈ ഗോളുകൾ അദ്ദേഹത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല. ഈ മികവ് ഇനിയും തുടരുക. പിക്വെ മഞ്ഞ കാർഡ് വാങ്ങിയതാണ് തിരിച്ചടിയായത്.നിലവിൽ അഞ്ച് മഞ്ഞക്കാർഡായ പിക്വെക്ക് ഇതോടെ അടുത്ത ലീഗ് മൽസരം കളിക്കാനാകില്ല. അടുത്ത മത്സരത്തിൽ വലൻസിയയെ നേരിടുന്ന ടീം സെന്റർ ബാക്ക് പൊസിഷനിൽ വലിയ ഒരു തിരിച്ചടിയാണ് അത്. മാഷേ പരിക്കിയായതിനാൽ ഇനി ആശ്രയം വെർമയേലൻ മാത്രമാണ്. അടുത്ത ലീഗ് മത്സരത്തിന് മുൻപായി ടീം കൂടുതൽ സെറ്റ് ആകും എന്ന് പ്രതീക്ഷിക്കാം.
©Penyadel Barca Kerala