ഓറിയോൾ ടോർട്ട്: “ദി അൺസങ് ഹീറോ”
ബാർസലോണയുടെ ലാ മാസിയയെ പ്രതിഭകളുടെ ഈറ്റില്ലം ആക്കി മാറ്റിയ വ്യക്തി:
ഓറിയോൾ ടോർട്ട് വീണ്ടും സൈഡ് ലൈനിൽ എത്തി. അയാൾ എപ്പോഴും അവിടെ ഉണ്ടാവാറുണ്ട്. ഓരോ വാരാന്ത്യത്തിലും, നിർത്താതെ, വിശ്രമമില്ലാതെ. കാഴ്ചയിൽ മറ്റൊരു വൃദ്ധൻ എന്നല്ലാതെ ആരും ശ്രദ്ധിക്കില്ല. പക്ഷേ, അയാൾ എല്ലാവരെയും, എല്ലാത്തിനെയും, കാണുകയും ശ്രദ്ധിക്കുകയും ചെയ്തു.
ടോർട്ടിൻറെ കണ്ണുകൾ പതിവ് പോലെ മെലിഞ്ഞ ഒരു യുവ മിഡ്ഫീൽഡറിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു ദിവസം ആയിരുന്നു അത്. ഒരു ഫാർമസ്യൂട്ടിക്കൽ പ്രതിനിധി എന്ന ജോലിക്ക് ശേഷം പതിവ് പോലെ ഫുട്ബോൾ മാച്ച് കാണാൻ എത്തിയതാണ് അയാൾ. അന്ന് കാണാൻ ഇരുന്ന കളി നിർണായകമായി തീർന്നു.
ജിംനാസ്റ്റിക്ക മൻറേസയിൽ ഒരു ബാലൻ മറ്റെല്ലാവരെക്കാളും ഉയർന്നു നിന്നു. അവൻ സാങ്കേതികമായി മികവുറ്റതും ബുദ്ധിമാനും ആയിരുന്നു. അവന് പാസിങ്ങിന് ആവശ്യമായ ദൃഷ്ടിയും പൊസിഷനിങ്ങും ഉണ്ടായിരുന്നു. ടോർട്ടിനു ഒരിക്കൽ മാത്രമേ അവനെ കാണേണ്ടി വന്നുള്ളൂ. ബോധ്യമായി. ടോട്ടൽ ഫുട്ബോൾ രീതി പിന്തുടരുന്ന ബാർസലോണ ടീമിന് വേണ്ട സർവ്വഗുണങ്ങളും ഒത്ത ഒരു കളിക്കാരനെ അയാൾ കണ്ടെത്തിയിരിക്കുന്നു. അയാൾ, പെപ് ഗ്വാർഡിയോളയെ കണ്ടെത്തിയിരിക്കുന്നു.
എന്നിരുന്നാലും, ചിലർക്ക് ബോധ്യപ്പെട്ടില്ലായിരുന്നു. ബാർസലോണയുടെ അക്കാഡമി സംവിധാനത്തിലേക്ക് കടന്നുവരാൻ ഉള്ള ശാരീരിക ക്ഷമത അയാൾക് ഇല്ലെന്നു അവർ സംശയിച്ചു. എന്നാൽ, ടോർട്ടിനു തീർച്ചയായിരുന്നു, “അവൻ ഇവിടെ ഉണ്ടാവണം,” അദ്ദേഹം പറഞ്ഞു. “കളിക്ക് ആവശ്യമായ ‘തല’ അവനുണ്ട്.”
ക്ലബ്ബിൽ മറ്റാർക്കും ഇല്ലാത്ത വിധത്തിലുള്ള ജ്ഞാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. 40 വർഷത്തെ ബാഴ്സ ജീവിതത്തിൽ, ആൻഡ്രേ ഇനിയെസ്റ്റ, ചാവി, വിക്ടർ വാൽഡെസ്, സെസ്ക് ഫാബ്രിഗാസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രത്‌നങ്ങളെ അദ്ദേഹം കണ്ടെത്തി സമ്മാനിച്ചു. പൂർണമായ ആത്മാർത്ഥതയോടെ ക്ലബ്ബിന്റെ ഉയർച്ചക്ക് വേണ്ടിയും കണ്ടെത്തിയ കളിക്കാരുടെ വളർച്ചക്ക് വേണ്ടിയും, യാതൊരു അംഗീകാരവും പ്രശംസയും പ്രതീക്ഷിക്കാതെ പ്രവർത്തിച്ച സ്കൗട്ട് ആയിരുന്നു അദ്ദേഹം.
ഇന്നത്തെ കാലത്തു പോലും, ടോർട്ട് കാറ്റലോണിയയുടെ പുറത്തു പരിചിതമായ ഒരു പേരല്ല. 2011ൽ ബാർസലോണയുടെ പുതിയ യുവ പരിശീലന കേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേര് നൽകി: ലാ മാസിയ: സെന്ററോ ഡി ഫോർമാസിയോൻ ഓറിയോൾ ടോർട്ട്. അതിലൂടെ അല്ലാതെ ആ പേര് ആരും കേൾക്കാൻ സാധ്യതയില്ല. പിന്നാമ്പുറത്ത് ഒതുങ്ങി നിന്ന് നിശബ്ദനായി, നിസ്വാർത്ഥനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കഥ തീരെ പ്രസിദ്ധമല്ലെങ്കിലും അടുത്തകാലത്തായി വന്ന ബാർസലോണയുടെ വിജയങ്ങളിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത സ്ഥാനം ആണ് അദ്ദേഹത്തിന് ഉള്ളത്.
ഒരു കളിക്കാരനെന്ന നിലയിൽ ടോർട്ടിന്റെ കരിയർ ഹ്രസ്വം ആയിരുന്നു. 1946ൽ ക്ലബ്ബിൽ എത്തിയ അദ്ദേഹം ബാർസലോണയുടെ കൗമാര ടീമിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 1956 ആയപ്പോഴേക്കും അരയിൽ ഏറ്റ പരിക്ക് മൂലം അദ്ദേഹത്തിനു വിരമിക്കേണ്ടി വന്നു.
രണ്ടു വർഷത്തിനു ശേഷം അദ്ദേഹം ബാർസലോണയുടെ യുവനിരയെ പരിശീലിപ്പിക്കാൻ തുടങ്ങി. ടോർട്ട് തന്റെ പാത യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ആണെന്ന് മനസിലാക്കിയത് അന്നായിരുന്നു. 1979 ലാണ് ബാർസലോണയിൽ തന്റെ സ്ഥാനം നിർവ്വചിക്കാൻ ടോർട്ടിനു അവസരം ലഭിച്ചത്.
പ്രസിഡന്റ് ജോസപ് ലൂയിസ് നൂനസ്, ജോഹാൻ ക്രൈഫിന്റെ ഉപദേശത്തെ തുടർന്ന് പുതിയ അക്കാഡമി തുടങ്ങാൻ തീരുമാനിച്ചു. ക്യാമ്പ് നൗവിന് സമീപമുള്ള പതിനെട്ടാം നൂറ്റാണ്ടിലെ കെട്ടിടത്തിനെ ‘ഫാം ഹൗസ്’ എന്ന അർത്ഥം വരുന്ന ലാ മാസിയ എന്ന അക്കാഡമി ആക്കി മാറ്റുകയായിരുന്നു.
ടോർടിനു പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ചുമതല ആയിരുന്നു. അദ്ദേഹം അസാധ്യമായ സ്ഥിരതയോടെ അത് ചെയ്തു. ജോലി കഴിഞ്ഞ് അദ്ദേഹം കളികൾ കാണാൻ എത്തും. അവധി ദിവസങ്ങളിലെ ഓരോ മണിക്കൂറും അതിനു വേണ്ടി അദ്ദേഹം ചിലവഴിക്കുമായിരുന്നു. സീസണിന്റെ മധ്യത്തിൽ, 15 മുതൽ 20 വരെ ഫുട്ബോൾ മത്സരങ്ങൾ ദിവസേന അദ്ദേഹം കണ്ടിരുന്നു എന്ന് മാധ്യമപ്രവർത്തകനായ ജെനിസ് സിൻക സാക്ഷ്യപ്പെടുത്തുന്നു.
അതിയായ നിരീക്ഷണ പാടകവും, ശക്തമായ തീരുമാനങ്ങൾ കൈകൊള്ളാനുള്ള കഴിവും ഈ ജോലിക്ക് ആവശ്യമാണ്. ടോർട്ട് ആയിരക്കണക്കിന് യുവതാരങ്ങളെ നിരീക്ഷിച്ചു. പക്ഷെ, ഒരു പിടി താരങ്ങളെ മാത്രമാണ് ലാ മാസിയയിൽ ചേരാൻ യോഗ്യരായി അദ്ദേഹത്തിന് തോന്നിയത്. ഈ സമയങ്ങളിൽ സ്കൗട്ടിംഗ് നടക്കുന്നുണ്ടെന്ന കാര്യം പോലും ആരും അറിയാറില്ലായിരുന്നു. അദൃശ്യനായി അയാൾ ജനക്കൂട്ടത്തോടൊപ്പം ചേരുമ്പോൾ തന്റെ നീക്കങ്ങൾ ഒന്നും ശ്രദ്ധയിൽപെടില്ലെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. “ഓറിയോൾ ടോർട്ട് എല്ലാ അർത്ഥത്തിലും പ്രാധാന്യം അർഹിക്കുന്ന വ്യക്തിയാണ്,” മുൻ സ്പെയിൻ കോച്ച് വിൻസെൻ ഡെൽ ബോസ്ക് അദ്ദേഹത്തെ വിലമതിച്ചിരുന്നു.
ബാർസലോണയിലെ കൗമാരതാരങ്ങളുടെ നിർണായക സമയങ്ങളിൽ അദ്ദേഹം വഹിക്കേണ്ട ചുമതലകളെ പറ്റി നല്ലവണ്ണം ബോധവാൻ ആയിരുന്നു. അദ്ദേഹം കളിക്കാരെ തിരഞ്ഞെടുക്കുക മാത്രമായിരുന്നില്ല അവരുടെ വളർച്ചയെയും നിരീക്ഷിച്ചിരുന്നു. അന്തർമുഖരും നാണംകുണുങ്ങികളും ആയവരെ സഹായിച്ചു, ഒരു വഴികാട്ടിയായി പ്രവർത്തിച്ചു. ലാ മാസിയയിലെ ഡൈനിംഗ് റൂമിൽ അവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. തമാശകൾ പറഞ്ഞു. അക്കാലത്തെ കളിക്കാരെ മാത്രമല്ല, ചുറ്റുമുള്ള മറ്റുള്ളവരെയും മനസിലാക്കാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. ബാർസയുടെ ‘more than a club’ എന്ന മുദ്രാവാക്യം പരമാവധി അർഥവത്താക്കാൻ അദ്ദേഹം പരിശ്രമിച്ചു.
“തന്റെ ജോലിയോട് അദ്ദേഹത്തിന് വളരെയധികം സ്നേഹം ഉണ്ടായിരുന്നു,” ടോർട്ടിന്റെ മകൾ മാർത്ത 2011ൽ ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “അദ്ദേഹം അത് വീട്ടിൽ ഏറെ പങ്കുവച്ചില്ല. അദ്ദേഹം അത് വളരെ ആസ്വദിച്ചു എങ്കിലും ഞങ്ങളെ അതിലേക്കു വലിച്ചു ഇട്ടില്ല. തന്റെ സ്വന്തം കുട്ടികളേക്കാൾ ലാ മാസിയയിലെ ആൺകുട്ടികളുമായി സമയം ചിലവഴിക്കുന്നതായി ഞാൻ എപ്പോഴും കളിയാക്കുമായിരുന്നു. ചിലപ്പോൾ അവർ വീട്ടിലേക്കു വരും. അവരെ എന്റെ കുഞ്ഞനിയന്മാർ എന്ന് ഞാൻ വിളിക്കും. ലാ മാസിയയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു സ്ത്രീ. ഭാര്യയും ഞങ്ങളും എന്ന പോലെ ലാ മാസിയ അദ്ദേഹത്തിന്റെ യജമാനത്തി ആയിരുന്നു. എന്നാൽ ഞങ്ങൾ എല്ലാവരും അതിനെ അംഗീകരിച്ചു. അദ്ദേഹം തന്റെ ജോലിയെ സ്നേഹിച്ചിരുന്നു. അതിൽ കൂടുതൽ എന്ത് ആഗ്രഹിക്കാൻ കഴിയും ? ”
ടോർട്ട് ഒറ്റയ്ക്ക് ആയിരുന്നില്ല പ്രവർത്തിച്ചത്. 1980 ആയപ്പോഴേക്കും ജോനാ മാര്ട്ടിനീസ് വിലസെസ്ക അയാളോടൊപ്പം ചേർന്നു. മാർട്ടിനെസ് ഫിഫക്ക് വേണ്ടി സ്കൗട്ട് ജോലി ചെയ്ത വ്യക്തി ആയിരുന്നു. അവർ പൊടുന്നനെ തന്നെ മികച്ച പങ്കാളികൾ ആയി മാറുകയും ഒരു ഡ്രീം ടീം ആയി മാറുകയും ചെയ്തു. ഇരുവരും ഒരു ചെറിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. കളിക്കാരുടെ പോർട്ട്ഫോളിയോ തയ്യാറാക്കാൻ മണിക്കൂറുകളോളം പ്രവർത്തിക്കുകയും ഫോൺ വിളികൾ നടത്തുകയും എല്ലാം എഴുതി വെക്കുകയും ചെയ്തു. ഇടവേളയില്ലാത്തതും, ശ്രമകരവും, അനാകർഷണീയം ആയതും ആയ ജോലി ആയിരുന്നു അത്.
ടോർട്ടും മാർട്ടിനസും കാര്യങ്ങൾ ലളിതമായി ചെയ്തു. അവരുടെ പ്രക്രിയ അത്യന്തം സാങ്കേതികമായിരുന്നില്ല. അവരുടെ ഓഫീസിൽ ഒരു ഫോൺ, ഒരു പഴയ ടൈപ്പ്റൈറ്റർ, കുറേ പേപ്പർ കെട്ടുകൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. കമ്പ്യൂട്ടറുകൾ ഇല്ല, വീഡിയോകളോ വിശദമായ പ്രമാണങ്ങളോ ഇല്ല. ഇരുവരും അവരുടെ അകക്കണ്ണിൽ വിശ്വസിച്ചു പ്രവർത്തിച്ചു. പലപ്പോഴും ഒറ്റ നോട്ടത്തിൽ തന്നെ ശരിയായ തീരുമാനം എടുക്കാൻ കഴിവുള്ളവരായിരുന്നു അവർ. പതിവായി ഫുട്ബോൾ കാണുന്നതും, അത് അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നതും ഇതിനു അത്യന്താപേക്ഷിതമായിരുന്നു.
1990കൾ ആയപ്പോഴേക്കും ടോർട്ടിന്റെയും, മാർട്ടിനസിൻറെയും പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ തുടങ്ങി. സെസാർ ലൂയിസ് മെനോട്ടി, ടെറി വെനബിൾസ്, ക്രൈഫ് തുടങ്ങിയ കോച്ചുകൾക്ക് സ്‌കൗട്ടുകൾ വിലമതിക്കാനാവാത്തവയായിരുന്നു. ടോർട്ട് അങ്ങനെ ഒരു വിളിപ്പേര് പോലും സമ്പാദിച്ചു: ‘പ്രൊഫസർ’. അദ്ദേഹം കാര്യങ്ങൾ വിശദമായി പഠിച്ചു, തലച്ചോറ് കൊണ്ട് പ്രവർത്തിച്ചു. ബാർസലോണയിലെ മറ്റ് സ്കൗട്ടുകളും കോച്ചുകളും ടോർട്ടിനെ ബഹുമാനിച്ചു. അദ്ദേഹത്തിന്റെ രീതികൾ നിരീക്ഷിക്കുകയും ചെയ്തു.
ടോർട്ടിന്റെ ശരീരഭാഷ മിക്കപ്പോഴും സൂചനാത്മകം ആയിരുന്നു. അയാൾ തന്റെ സിഗരറ്റ് വലിച്ചുപിടിച്ച്, ആഴത്തിൽ ഒരു പുക എടുക്കുന്നുവെങ്കിൽ, ഒരു പ്രതിഭയെ അദ്ദേഹം കണ്ടെത്തി എന്നതിന്റെ സൂചന ആയിരുന്നു. ചിലപ്പോഴൊക്കെ, തീരുമാനം എടുക്കുന്നതിനു മുമ്പ് കളിക്കാരനെ കാണേണ്ടിവരുക പോലും ഇല്ലായിരുന്നു. അൽബസെറ്റെയിൽ തന്റെ കണ്ണുകളെ ആകർഷിച്ച ഇനിയസ്റ്റ എന്ന പയ്യന്റെ കാര്യം ഇങ്ങനെ ആയിരുന്നു. ടോർട്ടിന്റെ സഹപ്രവർത്തകർ അയാളെ സംപ്രീതൻ ആക്കുന്ന റിപ്പോർട്ടുകൾ കൊണ്ടുവന്നു. ആ ബാലൻ ലാ മസിയയിലേക്ക് ക്ഷണിക്കപ്പെട്ടു.
“പ്രൊഫസർ എപ്പോഴും പറഞ്ഞിരുന്നു, ‘ആദ്യ കാഴ്ച ആണ് ഏറ്റവും അനുയോജ്യം. അതിനു ശേഷം നിങ്ങൾ കൂടുതൽ ന്യൂനതകൾ ആണ് കാണുക'”.
ടോർട്ടിനു ഒരു ദൌർബല്യമുണ്ടെങ്കിൽ, അത് ഫുട്ബോളിലെ വർധിക്കുന്ന ആധുനികതയോട് ചേർന്ന് പോകാനുള്ള ഒരു വിമുഖതയായിരുന്നു. കളിയെ വിശകലനം ചെയ്യുന്നതിന് സമഗ്രമായ റിപ്പോർട്ടുകൾ, സാങ്കേതിക പുരോഗതികൾ, ഫൂട്ടേജുകളുടെ വിശദമായ വിശകലനം എന്നിവ കടന്നു വന്നപ്പോൾ ടോർട്ട് എവിടെയോ വീണു പോയി.
അയാൾ ഒരിക്കലും ഒരു സ്‌കൗട്ടിങ് റിപ്പോർട്ട് എഴുതിയിട്ടില്ല. എങ്കിലും ഒരു ടൈപ്പ് റൈറ്ററും കുറേ പേപ്പർ കഷണങ്ങളും ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ, ടോർട്ട് തന്റെ കാലഘട്ടത്തിന്റെ അസ്തമയം മനസിലാക്കി. അപ്പോഴേക്കും ബാർസലോണയിൽ അവിശ്വസനീയമായ ഒരു മുദ്രണം അയാൾ പതിപ്പിച്ചിരുന്നു. ഇവിടെ ക്ലബിലെ യുവ താരങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന, ഏത് പ്രശ്നങ്ങൾക്കും സഹായം തേടി ചെല്ലാവുന്ന ഒരു സ്കൗട്ട് ഉണ്ടായി. ഫുട്ബോൾ ക്ലബ്ബുകളിൽ ചിലർ അധികാരം ദുർവിനിയോഗം ചെയ്യുന്ന കാലത്ത് ഓറിയോൾ ടോർട്ടിന്റെ ജീവിതം തൊട്ടു വണങ്ങേണ്ട ഒന്നാണ്.
1999ൽ തന്റെ 79ആം വയസ്സിൽ, ബാഴ്സയുടെ ശതാബ്ദി വർഷത്തിൽ, അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ, ജിംനാസ്റ്റിക് മൻറേസയിൽ വെച്ച് അദ്ദേഹം കണ്ടെത്തിയ ബാലൻ, കടുത്ത നഷ്ടബോധത്തോടെ സംസാരിച്ചു. “ഓറിയോൾ ടോർട്ട് ഒരു ജ്ഞാനിയായിരുന്നു,” പെപ് ഗ്വാർഡിയോള പറഞ്ഞു. “അദ്ദേഹത്തെ പോലെ ആരും ഇനി അവശേഷിക്കുന്നില്ല. അദ്ദേഹം ക്ലബ്ബിലേക്ക് വരികയും, തന്റെ ലക്ഷ്യം നേടുന്നത് വരെ മണിക്കൂറുകളോളം അധ്വാനിക്കുകയും ചെയ്തു. അതു പോലുള്ള മനുഷ്യർ കാരണം ആണ് നമ്മൾ ഇന്ന് നമ്മൾ ആയതു.”
[Football times]
©Penyadel Barca Kerala
