ചാവി ഹെർണാണ്ടസ് “ദി ആർട്ടിസ്റ്റ് ഓഫ് ഫുട്ബോൾ”
ലാ മാസിയയിൽ നിന്നുള്ള പത്തൊമ്പത് വയസ് മാത്രമുള്ള ആ ഭാവി താരം അന്ന് എസി മിലാനുമായി കരാർ ഒപ്പിടേണ്ടതായിരുന്നു. ആ താരത്തിന്റെ പിതാവും മുൻ ഫുട്ബോൾ കളിക്കാരനുമായ ജോക്വിം ഹെർണാണ്ടസ് ഇറ്റാലിയൻ വമ്പന്മാരോട് സമ്മതം മൂളിയിരുന്നു. എന്നാൽ ജോക്വിം ഹെർണാണ്ടസിന്റെ ഭാര്യയായ മരിയ ക്രൂസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഈ ട്രാൻസ്ഫർ നടന്നില്ല. മകൻ ബാഴ്‌സലോണയിൽ നിന്ന് പോയാൽ താൻ വിവാഹമോചിതയാകുമെന്ന മരിയ ക്രൂസിന്റെ വാശിക്ക് മുമ്പിൽ ജോക്വിമിന് മുട്ട് മടക്കേണ്ടി വന്നു. ആ അമ്മയുടെ ധീരതയാർന്ന തീരുമാനം നമുക്ക് ഫുട്ബോൾ ലോകം കണ്ട എക്കാലത്തേയും മികച്ച ഒരു താരത്തെ സമ്മാനിച്ചു. ചാവി ഹെർണാണ്ടസ് ക്രൂസ് എന്ന ചാവിയായിരുന്നു ആ താരം.
1998ലാണ് ചാവി ബാഴ്‌സക്കായി അരങ്ങേറ്റം കുറിക്കുന്നത്. താരതമ്യേന ഡിഫൻസീവ് റോളിലായിരുന്നു താരത്തിന്റെ തുടക്കം. മികച്ച തുടക്കമായിരുന്നു ചാവിക്ക് ലഭിച്ചത്. പക്ഷെ റൈക്കാർഡിന്റെ വരവോട് കൂടെ കാര്യങ്ങൾ മാറി മറിഞ്ഞു. യൂറോപ്യൻ വേദികളിൽ മാറ്റുരക്കാൻ കായിക ബലത്തിലൂന്നിയ ടീമിനെയാണ് വാർത്തെടുക്കേണ്ടതെന്ന ചിന്താഗതിയായിരുന്നു റൈക്കാർഡിന്. അങ്ങനെ ചാവിക്ക് പലപ്പോഴും കളത്തിന് പുറത്തിരിക്കേണ്ടി വന്നു.
പക്ഷെ ഇതിനർത്ഥം ചാവി വൈകി ഉദിച്ച താരമെന്നല്ല. പല അവസരങ്ങളിലും ചാവി തന്റെ മികവ് പുറത്തെടുത്തിരുന്നു. എന്നാൽ ആ സമയത്ത് ചാവി ഒരു മികച്ച താരമായി മാറിയിട്ടുണ്ടായിരുന്നില്ല. ചാവിയുടെ കഴിവിനെ മികച്ച രീതിയിൽ ചൂഷണം ചെയ്യാൻ റൈക്കാർഡിനായില്ല എന്നതാണ് സത്യം. എല്ലാ പ്രതിസന്ധികൾക്കിടയിലും 2005ലെ ലാലിഗയിലെ മികച്ച സ്പാനിഷ് താരമായി ചാവി തിരഞ്ഞെടുക്കപ്പെട്ടു. 2005ന്റെ അവസാന സമയത്ത് സംഭവിച്ച എ.എസി.എൽ ഇഞ്ചുറി കാര്യങ്ങൾ കൂടുതൽ വഷളാക്കി. കളത്തിലേക്ക് തിരിച്ചെത്തിയ ചാവി മികവ് വീണ്ടെടുക്കാൻ നന്നേ ബുദ്ധിമുട്ടി. വിമർശനങ്ങൾ പല കോണിൽ നിന്നും ഉയർന്നു. ബാഴ്‌സയിലെ കാൻസർ എന്ന് വരെ വിമർശകർ ചാവിയെ വിശേഷിപ്പിച്ചു.
2007-08 സീസണ് ശേഷം ബാഴ്‌സ വിടാനുള്ള ഒരുക്കത്തിലായിരുന്നു ചാവി. പക്ഷെ 2008ൽ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗ്വാർഡിയോള ചാവിയുടെ മനസ് മാറ്റി. ചാവിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. ഗ്വാർഡിയോളയുടെ കീഴിൽ ചാവിയെന്ന മിഡ്ഫീൽഡ് മാന്ത്രികന്റെ യഥാർത്ഥ മികവ് ഫുട്ബോൾ ലോകം ദർശിച്ചു.
2006 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം പുതിയ ഒരു ടീമിനെ വാർത്തെടുക്കുകയായിരുന്നു സ്പാനിഷ് ദേശീയ ടീം പരിശീലകനായിരുന്ന ലൂയി അരഗോണസ്. ചാവിയുടെ പ്രതിഭ ഏറ്റവും കൂടുതൽ മനസിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. സാബി അലോൻസോ, ഇനിയേസ്റ്റ, ബുസ്ക്വെറ്റ്‌സ് എന്നിവരുടെ കൂടെ സ്പെയിൻ ടീമിന്റെ അച്ചുതണ്ടായി അദ്ദേഹം ചാവിയെ പ്രതിഷ്ഠിച്ചു. ബാഴ്‌സയുടേയും സ്പെയിനിന്റേയും പ്രധാന താരമായി ചാവി മാറി.
മറ്റുള്ള മധ്യനിര താരങ്ങളെ പോലെ വേഗതയോ ഡ്രിബ്ലിംഗ് പാടവമോ കൊണ്ട് ശ്രദ്ധേയനായ താരമല്ല ചാവി. മറിച്ച് തന്റെ തലച്ചോർ കൊണ്ടായിരുന്നു അദ്ദേഹം കളി നിയന്ത്രിച്ചിരുന്നത്. തന്റെ കായിക ബലം തെല്ലുമില്ലാത്ത ശരീരം കൊണ്ട് അദ്ദേഹം മറ്റേതൊരു മിഡ്ഫീൽഡറെക്കാളും മധ്യ നിര അടക്കി ഭരിച്ചു. കളത്തിലെ സ്പേസുകൾ ഉപയോഗപ്പെടുത്തുന്നതിൽ ഏറെ മുമ്പിലായിരുന്നു ചാവി. പന്ത് കാലിലില്ലാത്തപ്പോഴെല്ലാം താരം പുതിയ സ്പേസുകൾ കണ്ടെത്തി ചലിച്ച് കൊണ്ടേയിരുന്നു. സഹതാരങ്ങളുടേയും എതിർ താരങ്ങളുടേയും സ്ഥാനം കൃത്യമായി മനസിലാക്കിയായിരുന്നു ചാവിയുടെ ഈ ചലനങ്ങൾ. വേഗതയും ഡ്രിബ്ലിംഗ് മികവും കൈമുതലായി ഇല്ലാഞ്ഞിട്ട് കൂടി ചാവിയുടെ കാലിൽ നിന്ന് പന്തെടുക്കുക എന്നത് എതിർ താരങ്ങൾക്ക് അതീവ ദുഷ്ക്കരമായിരുന്നു. പന്തുമായുള്ള അദ്ദേഹത്തിന്റെ 360° കറക്കവും മെയ്‌വഴക്കവുമായിരുന്നു ഇതിന് കാരണം. തന്റെ ശരീരത്തിനും പന്തിനും മുകളിൽ ചാവിക്ക് അതീവ നിയന്ത്രണമുണ്ടായിരുന്നു.
തന്റെ ടച്ചിന്റെ ദിശയിലൂടെയും ചാവി എതിരാളികളെ കബളിപ്പിക്കാറുണ്ടായിരുന്നു. മികച്ച ഫസ്റ്റ് ടച്ചിന് പിന്നാലെ തന്റെ ശരീര ഗതി മാറ്റുന്ന ചാവിയുടെ കഴിവ് വളരെ പ്രത്യേകതയുള്ള ഒന്നാണ്. ഒപ്പം ചാവിയുടെ ഡിഫൻസീവ് മികവ് അത്ര ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ്. എതിരാളിയെ പ്രസ്സ് ചെയ്യുന്നതിലും ഓടിയെത്തുന്നതിലും ചാവി മിടുക്കനാണ്. തന്റെ ടീമംഗങ്ങൾ ബുദ്ധിമുട്ടിലാവുമ്പോഴെല്ലാം പൊസഷൻ വീണ്ടെടുക്കാനായി ചാവി ഓടിയെത്താറുണ്ട്.
ഗോളുകൾക്ക് വഴിയൊരുക്കുന്നതിലും ചാവി അഗ്രഗണ്യനാണ്. പാസിന്റെ കൃത്യതയുടെ കാര്യത്തിൽ അദ്ദേഹം ലോകത്തിലെ തന്നെ മികച്ചവരിൽ ഒരാളാണ്. ഏത് മൂലയിൽ നിന്നും ഗോളുകൾക്ക് വഴിയൊരുക്കാൻ ചാവിക്ക് പ്രത്യേക കഴിവുണ്ട്. ‘ലാ പോസ’ ടെക്‌നികിന്റെ വക്താവ് കൂടിയാണ് ചാവി. മൽസരഗതിയുടെ വേഗത കുറക്കുന്ന ശൈലിയാണ് ‘ലാ പോസ’. പന്ത് പാസ് നൽകുന്നതിന് പകരം കാലിൽ തന്നെ പന്ത് വെച്ച് എതിരാളികളെ തന്നിലേക്ക് അടുപ്പിക്കുകയും തന്മൂലം ലഭിച്ചേക്കാവുന്ന സ്പേസിലൂടെ മുന്നേറ്റ നിരക്കാർക്ക് പന്തെത്തിക്കുകയും ചെയ്യുന്ന ഈ വിദ്യ ചാവിയോളം മറ്റാരും ഫലപ്രദമായി ഉപയോഗിച്ചിട്ടില്ല. 2011 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പെഡ്രോ നേടിയ ഗോൾ ഇതിനുദാഹരണമാണ്.
ചാവി ബാഴ്‌സയിൽ നിന്ന് മടങ്ങിയ ശേഷം ടീമിന്റെ മധ്യനിര വളരെ ദുർബലമായി മാറി. ചാവി ടീമിന് എത്രത്തോളം നിർണായക സാന്നിധ്യമായിരുന്നെന്ന് ഇത് കാണിച്ച് തരുന്നുണ്ട്. ആർതുറിനെ പകരക്കാരനായി ടീമിലെത്തിച്ചെങ്കിലും ചാവിയോളം പോന്ന ഒരാളെ കണ്ടെത്തുക എന്നത് ഒരു സ്വപ്നം മാത്രമാണ്. പന്തടക്കത്തിലും പൊസഷൻ സ്വന്തമാക്കുന്നതിലും ആർതുർ മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും ക്രിയാത്മകതയിൽ അദ്ദേഹം ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്.
ഒരു ജെനറേഷനിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു താരമാണ് ചാവി. കളിക്കളത്തിൽ മികച്ച താരമെന്നതിനപ്പുറം മികച്ച മനുഷ്യൻ കൂടിയായിരുന്നു ചാവിയെന്ന എൽ മാസ്റ്റെറൊ. ആരാധകരെ പുളകം കൊള്ളിക്കാൻ തന്ത്രജ്ഞനായി ചാവിയെന്ന ഇതിഹാസം ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രത്യാശിക്കാം.
© www.culesofkerala.com