• Follow

ചാവി ബോൾ – ബാഴ്സയുടെ റീബിൽഡിംഗും ചാവിയും.

  • Posted On November 29, 2021

ഒരു തലമുറയെ ത്രസിപ്പിച്ച എക്കാലത്തെയും മികച്ചവനിൽ ഒരാളെന്ന് വിശേഷിപ്പിക്കുന്ന ഇതിഹാസം തിരിച്ച് വരുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ വളരെയധികമാണ്. കാര്യങ്ങൾ പഴയപടി തന്നെ നിൽക്കുമ്പോഴും ചാവിയുടെ ആഗമനത്തിൽ ആരാധകർ നിലവിൽ കാണിക്കുന്ന ആഹ്ലാദ പ്രകടനങ്ങൾ കുറച്ചധികം നേരത്തെ ആകുന്നുണ്ട്. ചാവിയുടെ മുന്നോട്ടുള്ള യാത്ര എത്രത്തോളം സങ്കീർണമാണെന്ന് നമുക്ക് പരിശോധിക്കാം.
നമ്മുടെ അക്കാദമിയുടെ നിലവാരം കൊണ്ട് തന്നെ ബാഴ്സലോണയെ പോലെ ഒരു ക്ലബിനെ റീബിൽഡ് ചെയ്യുക എന്നത് ഒരിക്കലും ഒരു ബാലികേറാമല അല്ല. സാങ്കേതിക നിലവാരവും വ്യക്തിഗത മികവും ഒത്തുചേർന്ന് വരുന്ന പ്രതിഭകൾ ആണ് ലാ മാസിയ ഗ്രാജുവേറ്റ്സ്‌. എന്നാൽ ചാവി തുടങ്ങേണ്ടത് കളിക്കാരിൽ നിന്നോ മറ്റ് ടീം അംഗങ്ങളിൽ നിന്നോ അല്ല, മറിച്ച് അതിനേക്കാൾ ഊന്നൽ കൊടുക്കേണ്ട ഒരു പിടിയിലധികം കാര്യങ്ങളിൽ നിന്നാണ്.
കളിക്കളത്തിനകത്തും പുറത്തും ബാഴ്സ അടിമുടി മാറേണ്ടതുണ്ട്; ടീമിന്റെ ശരീരഭാഷയിൽ നിന്ന് തന്നെ അഴിച്ച് പണികൾ ആരംഭിക്കണം. കൃത്യമായ മെഡിക്കൽ സ്ട്രക്ച്ചറും കായിക പരിശീലനങ്ങളും എല്ലാത്തിനുമുപരി താരങ്ങളുടെ മാനസിക ആരോഗ്യവും അടങ്ങുന്ന കാര്യങ്ങൾക്ക് അടിയന്തരമായ മാറ്റം അനിവാര്യമാണ്.
അൽ സാദിൽ ചാവിയുടെ പ്രകടനം ഗംഭീരമായിരുന്നു. ഒരു ഫുട്ബോൾ ടീമിന് ഉണ്ടാകേണ്ട എല്ലാ അടിസ്ഥാന ഘടകങ്ങളും അൽ‌ സാദിൽ ചാവി ഉണ്ടാക്കിയിരുന്നു. ചാവി തനിക്ക് വേണ്ട ഘടകങ്ങൾ ടീമിലേക്ക് എത്തിച്ചതിൽ പിന്നെ ടീം, ലീഗിൽ മികച്ച ആധിപത്യം പുലർത്തിയിരുന്നു. ലീഗിന്റെ നിലവാരം എന്നത് ഒരു മറുചോദ്യം ആകാമെങ്കിലും ചാവിക്ക് മുന്നേയുള്ള അൽ സാദിനെ പരിശോധിച്ചാൽ പിന്നെയും തെളിഞ്ഞ് വരുക അദ്ദേഹത്തിന്റെ പ്രതിഭയുടെ മൂർച്ച കൂടുന്ന കാഴ്ച തന്നെയാണ്. അൽ സാദ് ഇന്ന് കാണുന്ന പോലെ ഒരു ടീം ആയിരുന്നില്ല, എതിരാളികളെ അത്രമേൽ ആധിപത്യത്തോടെ തകർക്കുന്ന കാഴ്ചകൾ ചാവിക്ക് മുന്നേ അവരുടെ ആരാധകർ കണ്ടിട്ടുണ്ടായിരുന്നില്ല. തനിക്ക് വേണ്ട രീതിയിൽ ടീമിനെ കൊണ്ട് വരാൻ ചാവി അവിടെ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുകയായിരുന്നു. കളിച്ചിരുന്ന കാലത്ത് തന്റെ ടീമിന്റെ സിസ്റ്റം മുഴുവൻ തന്നിലേക്ക് കേന്ദ്രീകരിക്കാൻ സാധിച്ചിരുന്ന ഒരാൾക്ക് മാനേജർ ആയിരിക്കുമ്പോഴും ആ കടിഞ്ഞാൺ വിട്ടുനൽകാൻ സാധിക്കുമായിരുന്നില്ല. വരക്ക് അപ്പുറത്ത് നിന്ന് അയാൾക്ക് വേണ്ട രീതിയിലൊരു സിസ്റ്റം അയാൾ പടുത്തുയർത്തി. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ നാളുകൾ അത്ര സുഖകരം ആയിരുന്നില്ല കാര്യങ്ങൾ. അൽ സാദിന്റെ അന്നത്തെ അവസ്ഥകളോട് സാദൃശ്യം ഉള്ളൊരു ടീം ആഴ്സനൽ ആയിരുന്നു. ഗണ്ണേഴ്സിനെ പോലെ തന്നെ സാങ്കേതിക മികവുകളിൽ അൽ സാദിനും കുറവുകൾ ഉണ്ടായിരുന്നു. ചാവിയുടെ ആദ്യ നാളുകളിൽ വെല്ലുവിളി സൃഷ്ടിക്കാൻ ഈ പ്രശ്നം ഒരു ഘടകം ആയിരുന്നു. എന്നിരുന്നാലും ട്രാൻസ്ഫർ മാർക്കറ്റിലെ കൃത്യമായ നീക്കങ്ങൾ ഈ തടസങ്ങളെ പതിയെ നീക്കി. ഒടുവിൽ അക്ഷരാർത്ഥത്തിൽ ഒരു അതികായരായി ആയി അൽ സാദിനെ ചാവി മാറ്റി.
ഇനി ബാഴ്സയിലേക്ക് തിരിച്ച് വരാം. ക്ലബ് ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ജോലികളിൽ ഒന്നാണ് ബാഴ്സലോണ പോലെ ഒരു ടീമിനെ പരിശീലിപ്പിക്കുക എന്നത്. നിലവിലെ സാഹചര്യത്തിൽ 2003 കാലഘട്ടത്തിന് ശേഷം ക്ലബ് ഏറ്റവും പരിതാപകരമായ അവസ്ഥയിൽ മുന്നോട്ട് പോകുന്ന സമയവും. തന്റെ ഭൂതകാലത്തെ അതുല്യമായ കരിയറിന്റെ തിളക്കവും അത് ഉണ്ടാക്കുന്ന അമിതമായ പ്രതീക്ഷകളും കൊണ്ട് തന്നെ മേൽപ്പറഞ്ഞ സാഹചര്യത്തിലേക്ക് കയറിവരാൻ പലരും മടിക്കുന്നിടത്തേക്കാണ് ചാവി സധൈര്യം കയറി വരുന്നത്. ചാവി ഈ കാണിച്ച ആത്മവിശ്വാസം സ്ക്വാഡിലേക്ക് കൂടി പകർന്ന് നൽകുക എന്നതാണ് എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ട മറ്റൊന്ന്. വരും തലമുറയിലെ താരങ്ങളിലേക്ക് ഇന്നത്തെ അവസ്ഥ എത്തപ്പെടാതെ നോക്കേണ്ടതുണ്ട്. ലൂച്ചോയുടെ കാലഘട്ടത്തിനപ്പുറം ബാഴ്സയുടെ മൊത്തത്തിൽ ഉള്ള ശരീരഭാഷയിൽ തന്നെ ആത്മവിശ്വാസം എന്നൊരു ഘടകം ഉണ്ടായിട്ടില്ല. ടീമിലെ ഏതൊരു താരത്തിനെയും പ്രചോദിപ്പിക്കുവാനും ഫോക്കസ്‌ഡ് ആയി നിലനിർത്തുവാനും ലൂച്ചോക്ക് സാധിച്ചിരുന്നു. തുടർച്ചയായി ചാമ്പ്യൻസ് ലീഗിലും മറ്റുമായി ഉണ്ടായ തോൽവികളും സമീപകാല പ്രകടനങ്ങളും ടീമിൽ നിലനിന്നിരുന്ന ആത്മവിശ്വാസം എന്ന എക്സ് ഫാക്ടറിനെ പൂർണമായും ഒഴിവാക്കി.
ഇവിടെ നിന്ന് വേണം ചാവി തുടങ്ങാൻ. ടീമിന് ടീമിന്റെ ശൈലിയിലും കഴിവിലും വിശ്വാസം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കണം. കോൺഫിഡൻസ് ബൂസ്റ്റ് ചെയ്യിക്കാൻ ഒരുപാട് വഴികളുണ്ട്. മികച്ച കൗൺസിലിംഗ്, ഒത്തിണക്കത്തോടെയുള്ള തയ്യാറെടുപ്പുകൾ, താരങ്ങളുടെ റോളുകൾ മനസ്സിലാക്കി അവരെ ടീമിനൊപ്പം തുന്നിച്ചേർക്കലുകൾ തുടങ്ങിയ കാര്യങ്ങളിലൂടെ താരങ്ങളുടെ മാനസിക ആരോഗ്യവും ടീമിന്റെ ശരീരഭാഷയും ക്രമീകരിക്കാൻ സാധിക്കും. ചാവി നിലവിൽ കൊണ്ട് വന്ന കർശന നിർദ്ദേശങ്ങളും നടപടികളും ഒരുപക്ഷേ താരങ്ങളെ സന്തോഷിപ്പിക്കാൻ കാരണമായേക്കാം. വളരെ ഡയറക്ട് ആയി കമാന്റ് ചെയ്യുന്നവരുടെ കീഴിൽ കളിക്കാർ കൂടുതൽ ഊർജ്ജസ്വലതയോടെ കളിക്കാറുള്ളത് അത്കൊണ്ടൊക്കെ തന്നെയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീമിന്റെ ഫിസിക്കൽ ട്രെയിനിങ്ങും ദയനീയാവസ്ഥയിലാണ്. പരിശീലനത്തിൽ സംഭവിക്കുന്ന ഈ കുറവുകൾ പ്രസ് ചെയ്യുമ്പോഴും പ്രസിങിനെ നേരിടുമ്പോഴും സാങ്കേതിക മികവോടെ പന്ത് കൈവശം വെക്കാൻ ശ്രമിക്കുമ്പോഴുമൊക്കെ കളിക്കളത്തിൽ എടുത്ത് കാണാനാവും. പ്രസ് ചെയ്യാൻ കഴിയാത്ത, പോസെഷൻ ബേസ്ഡ് ആയിട്ടുള്ള ടീമുകൾ എതിരാളികളുടെ സ്വപ്നമാണ്. അങ്ങനെയുള്ളവരെ തോൽപ്പിക്കാൻ വളരെ എളുപ്പമാണ്. ഇക്കാലയളവിൽ യൂറോപ്പിൽ നമ്മുക്കുണ്ടായ തിരിച്ചടികൾ ഇതിനൊപ്പം ചേർത്തുവായിക്കുമ്പോൾ ആണ് ചിതറി കിടക്കുന്ന പ്രശ്നങ്ങളിൽ ഫിസിക്കൽ ട്രെയിനിംഗ് എന്ന വലിയ ഘടകം അതിന്റെ വലിപ്പം വിളിച്ച് പറയുന്നത്. താരങ്ങളുടെ ഫിറ്റ്നസും തുടർച്ചയായി സംഭവിക്കുന്ന പരിക്കുകളും ഇതിന്റെ ഒപ്പം കാണണം. ടീമിലെ പ്രധാന താരങ്ങൾ പോലും അടിക്കടി പരിക്കിന്റെ പിടിയിലാവുന്നത് സ്ഥിരം കാഴ്ചയാണ്. തെറ്റായ ഭക്ഷണക്രമം, ശാരീരിക തയ്യാറെടുപ്പുകളിലെ ന്യൂനത, പോരായ്മകൾ നിറഞ്ഞ ട്രെയിനിംഗ്, ചിട്ടയില്ലാത്ത ജീവിതശൈലി തുടങ്ങിയവ ഇതിന്റെ പ്രധാന കാരണങ്ങൾ ആണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം നമ്മുടെ മെഡിക്കൽ ടീമിൽ കാര്യമായ അഴിച്ചുപണികൾ നടക്കുന്നുണ്ട്. തീർച്ചയായും സ്വാഗതാർഹമായ തീരുമാനമാണ് അത്.
ചാവി ഒരു മാസ്റ്റർ ട്രെയിനർ ആണ്. അൽ സാദിൽ, പീക്കിൽ ഉള്ള താരങ്ങളുടെ അല്ലെങ്കിൽ പീക്കിലേക്ക്‌ അടുക്കുന്ന താരങ്ങളുടെ സാങ്കേതിക വശങ്ങളിൽ കൃത്യമായ ഇടപെടലുകളിലൂടെ മികച്ച താരങ്ങളുടെ ഒരു കൂട്ടം തന്നെ സൃഷ്ടിക്കാൻ ചാവിക്ക് സാധിച്ചിരുന്നു. സഹതാരങ്ങൾ അടുത്ത നിമിഷം നീങ്ങിയെക്കാവുന്ന സ്പേസ് മനസ്സിൽ കണ്ടു നടത്തുന്ന പാസുകൾ (weighted passes) അൽ സദിന്റെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിനെ പോലെയൊരു പ്രതിഭ അല്ലെങ്കിൽ തന്നെ എങ്ങനെയാണ് ഒരു മോശം ട്രെയിനർ ആകുന്നത്.
എന്നാൽ ബാഴ്‌സയിൽ കര്യങ്ങൾ കുറച്ചുകൂടി പ്രയാസകരമാണ്. ബിൽഡ് അപ്പ്, ഡിഫൻസീവ് ഓർഗനൈസേഷൻ, കളിയുടെ ഘടന, ഫൈനൽ തേർഡിലെ പോരായ്മകൾ, സെറ്റ് പീസ് ഡിഫണ്ടിംഗ് തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ കൃത്യമായ അഴിച്ചുപണികളും മാറ്റങ്ങളും ഉണ്ടാകേണ്ടതുണ്ട്.
ടാക്ടിക്കൽ സൈഡ്
ഖത്തറിൽ ചാവി എതിരാളിയുടെ പ്രതിരോധ നിരയെ അനായാസം തുറന്ന് ആക്രമിക്കാനുള്ള പ്രവണത കാണിച്ചിരുന്നു. എന്നാൽ ലാലിഗയിലേക്ക് വരുമ്പോൾ, പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലാലിഗയിൽ ടീമുകൾ കാണിക്കുന്ന പ്രതിരോധ മികവ് കൂടി പരിഗണിക്കുമ്പോൾ ചാവിക്ക് കാര്യങ്ങൾ സുഖകരമാവില്ല. കളിക്കളത്തിലെ എതിരാളികളെ മനസിലാക്കിയുള്ള മുന്നേറ്റങ്ങളും ഫൈനൽ തേർഡിൽ കാണിക്കേണ്ട കോഡിനേഷനും ഒക്കെ ചാവി ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങളാണ്. അൽ സാദിൽ ചാവി പരീക്ഷണങ്ങൾക്ക് മുതിർന്നതാണ്, അദ്ദേഹത്തിന്റെ പക്കൽ സാഹചര്യം അനുസരിച്ച് ടീമിനെ നിയന്ത്രിക്കാൻ കെൽപ്പുള്ള ടൂളുകൾ ഉണ്ടെന്നൊക്കെ പറഞ്ഞാലും ബാഴ്സയുടെ ഫൈനൽ തേർഡിനെ പറ്റിയുള്ള അനിശ്ചിതത്വം അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്.
ചാവി ബോൾ കൈവശം വെച്ചുകൊണ്ട് പ്രതിരോധിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഫ്രങ്കി, ബുസി, ഡെസ്റ്റ് തുടങ്ങിയ താരങ്ങൾക്ക് ചാവിയുടെ സിസ്റ്റത്തിൽ മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചേക്കും. അദ്ദേഹം തുന്നിച്ചേർത്ത് എണ്ണയിട്ട്‌ സൃഷ്ടിക്കാൻ പോകുന്ന സിസ്റ്റത്തിൽ താരങ്ങൾ കൂടി ഫുൾ ഫിറ്റ്നസിൽ ആണെങ്കിൽ പിന്നെ സംഭവിക്കാൻ പോകുന്ന കാഴ്ച ആരാധകർക്ക് ഒരു വിരുന്ന് തന്നെയാവും.
താരങ്ങളെ മനസ്സിലാക്കുന്നതും അവരിലെ പ്രതിഭയെ തിരിച്ചറിയുന്നതിലും ചാവി കാണിക്കുന്ന ഉത്സാഹം എടുത്ത് പറയണം. ആദ്യ ഫേസിൽ നിന്ന് ഫൈനൽ തേർഡിൽ വരെ പന്ത് നിലനിർത്തുന്ന താരങ്ങളെ ചാവി വളരെയധികം ആശ്രയിക്കുന്നുണ്ട്. വൈഡ് വിങ്ങേഴ്‌സിനും അദ്ദേഹം ഇതെ പരിഗണന നൽകാറുണ്ട്. ലൈനുകൾക്ക്‌ ഇടയിൽ കളി മെനയുന്ന താരങ്ങൾ ചാവിയുടെ സിസ്റ്റത്തിന്റെ മുഖമുദ്രയാണ്. ബാഴ്സയിൽ അത്തരത്തിൽ ഉള്ള താരങ്ങൾ ക്ഷാമമില്ല എന്നതും സന്തോഷം തരുന്ന കാര്യമാണ്. സെക്കൻഡ് ഫേസിൽ മതിയായ പ്രാധാന്യം ഫ്രങ്കിക്ക്‌ ചാവി കൊടുത്താൽ ഇത്രയും കാലം പേരിനൊത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല എന്ന ആക്ഷേപം മാറ്റാൻ അയാൾക്ക് സാധിക്കും. ലൈനുകൾക്കിടയിലെ അസാമാന്യ മികവുകൾ മാത്രമല്ല ഫ്രങ്കിയെ വേറിട്ട് നിർത്തുന്നത്. ഒരു ഓൾറൗണ്ട് മിഡ്ഫീൽഡറിന് വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. ചാവി അദ്ദേഹത്തിനെ വേണ്ട രീതിയിൽ വിനിയോഗിച്ചാൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാകും എന്ന കാര്യത്തിൽ തർക്കമില്ല. വേണ്ട വിധത്തിൽ വിനിയോഗിക്കാത്ത, അവരവരുടെ ഫേവറിറ്റ് പൊസിഷനുകളിൽ ഇതുവരെ അവസരം കിട്ടാത്ത ഒരുപാട് താരങ്ങൾ ടീമിലുണ്ട്. ഇവരെയൊക്കെ അണിനിരത്തി ഒരു യൂണിറ്റ് ആയി മുന്നോട്ട് പോവുക എന്നത് ചാവിക്കു മുന്നിലുള്ള ഒരു വെല്ലുവിളിയാണ്.
ബിൽഡ് അപ്പ്
അൽ സാദിലെ ബിൽഡ് അപ്പുകൾ എതിരാളികൾക്ക് അനുസരിച്ച് നടപ്പിലാക്കും വിധമുള്ളതായിരുന്നു. 2-3 & 3-2 എന്നീ രീതികളിൽ എതിരാളികൾക്ക് അനുയോജ്യമായ നിലയിൽ ഫോർമേഷൻ ഒരുക്കാൻ ചാവിക്ക് സാധിച്ചിരുന്നു. ഫൈനൽ തേർഡിൽ ഉൾപ്പെടെയുള്ള ടീമിന്റെ നീക്കങ്ങളിൽ യാന്ത്രികമായ ഒഴുക്ക് കൈവരിക്കാൻ ടീമിന് സാധിച്ചിരുന്നു. ‘പൊസിഷണൽ പ്ലേ’യുടെ അടിസ്ഥാനമായ ‘JDP’ ശൈലി ഫോളോ ചെയ്തു തന്നെയാണ് ചാവി അൽ സാദിലും നേട്ടങ്ങൾ കൊയ്തത്. ത്രികോണങ്ങളിലൂടെ മുന്നേറാനും കളി പുരോഗമിക്കുമ്പോൾ സ്പേസുകൾ കണ്ടെത്താനുമൊക്കെ അദ്ദേഹം പിന്തുടർന്നതും ഇതെ പാഠങ്ങൾ തന്നെയാണ്. പന്ത് കൈവശം ഉള്ളപ്പോൾ ഒക്കെ ആക്രമിക്കാൻ താത്പര്യപ്പെടുന്ന ആളാണ് ചാവി. അദ്ദേഹത്തിന് പെപ്പിന്റെ സിറ്റി ടീമിൽ നിന്നുള്ള സ്വാധീനം പലപ്പോഴും കാണാൻ സാധിക്കും. സിറ്റി കളിക്കളത്തിൽ തുടർച്ചയായി എതിരാളികൾക്ക് മേൽ നടത്തുന്ന സമ്മർദ്ദ തന്ത്രവും ഫൈനൽ തേർഡിൽ മാത്രം സ്വാധീനം ചെലുത്തുന്ന നിയന്ത്രണ മേഖലകളും ചാവിക്ക് ചെറുതല്ലാത്ത വിധം സ്വാധീനം ഉണ്ടായിട്ടുണ്ട്.
പ്രസിങ്
വിവിധ ഷെയ്പ്പുകളിൽ ചാവി പ്രസ് ചെയ്യിക്കാറുണ്ടെങ്കിലും കൂടുതലും 4-4-2 തന്നെയാണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. 4-4-2വിനെ തന്നെ പിന്നീട് 4-5-1, 4-2-4 എന്നിങ്ങനെ സാഹചര്യം അനുസരിച്ച് മാറ്റാറുമുണ്ട്. എതിരാളികൾക്ക് അനുസരിച്ച് 3-5-2യും ചാവി പരീക്ഷിച്ച് കണ്ടിട്ടുണ്ട്. പെപ്പിന്റേ സിസ്റ്റം പോലെ തന്നെ എതിരാളിയുടെ മുന്നേറ്റത്തിന്റെ മുനയൊടിക്കാൻ പാസിംഗ് ലൈനുകൾ അടക്കുക എന്നത് തന്നെയാണ് അൽ സാദും പിന്തുടർന്നിരുന്ന ഫോർമുല. ഒരു മേഖല മുഴുവനും ഇത്തരത്തിൽ അടക്കുന്ന പക്ഷം എതിർ ടീമിന് ഒഴുക്ക് നഷ്ടമാവുകയും അക്രമങ്ങളുടെ മുനയൊടിയുകയും ചെയ്യുന്നു. എതിർ ടീമിനെ ഒരു വശത്തേക് സമ്മർദ്ദം ചെലുത്തി അവിടെ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുകയും ഗത്യന്തരമില്ലാതെ അതേ വശത്തു തന്നെ അവരെ കൊണ്ട് നീക്കങ്ങൾ നടത്തിക്കുകയും ചെയ്യുന്ന തന്ത്രം ചാവി അൽ സാദിൽ ഗംഭീരമായി നടത്തിയിരുന്നു.
അപ്പോഴും അൽ സാദിന്റെ പ്രതിരോധ മികവുകൾ ഏറ്റവും മികച്ചതാണ് എന്ന് പറയാൻ സാധിക്കുകയില്ല. ബാഴ്സയുടെ താരങ്ങളുടെ നിലവാരം കൊണ്ടും ഹൈ പ്രസിങ്‌ ശൈലിയൊടുള്ള പരിചയം കൊണ്ടും അൽ സാദിലെ പ്രശ്നങ്ങൾ ഉൾക്കൊണ്ട് മികച്ച ഒരു സിസ്റ്റം കെട്ടിപ്പൊക്കാൻ ചാവിക്ക് സാധിക്കും
കൗണ്ടർ പ്രസിങ്
അൽ സാദ് കൗണ്ടർ പ്രസിങ്ങിൽ വളരെയധികം ആക്രമണോത്സുകത കാണിച്ചിരുന്നു. ബോൾ തിരികെ കിട്ടാൻ ആദ്യ രണ്ട് ഫേസിൽ തന്നെ ശ്രമിക്കുകയും എതിരാളിയെ വളരെ പെട്ടെന്ന് അക്രമിച്ച് അത് നടപ്പാക്കുകയും ചെയ്യുന്ന രീതി ചാവി പിന്തുടർന്നിരുന്നു. പെപ്പിന്റെ ബാഴ്സ, നിലവിലെ എലൈറ്റ് ജർമൻ പരിശീലകർ തുടങ്ങിയവരുമായി ഈ കാര്യത്തിൽ ചാവിക്ക് സാമ്യത ഉണ്ട്.
റിക്രൂട്ട്മെന്റ്
സിറ്റി, ലിവർപൂൾ, ബയേൺ തുടങ്ങിയ ടീമുകളുടെ പ്ലാനിങും ലോങ് ടേം പ്രോജക്ടും അവരുടെ റിക്രൂട്ട്‌മെന്റുകളും മാതൃകയാക്കേണ്ട ഒന്നാണ്.
നിലവിലെ ക്ലബിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയാൽ ഏതെങ്കിലും ഒരു മേഖല മാത്രം, അതായത് മുന്നേറ്റത്തിലോ പ്രതിരോധത്തിലോ മാത്രം ശ്രദ്ധ ഊന്നി നിർമിക്കുന്നതാണ് ഗുണകരം. മുന്നേറ്റത്തിൽ മികച്ച കോംബിനേഷൻ ഉണ്ടാകേണ്ടത് ഒരു ആവശ്യമാണ് എന്നിരിക്കെ അതിന്റെ ചുമതല പൂർണമായും ചാവിയെ ഏൽപ്പിച്ച് അദ്ദേഹത്തിന് വേണ്ട താരങ്ങളെ സൈൻ ചെയ്യാൻ ക്ലബിന് കഴിയണം. പ്രതിരോധത്തിൽ ഒരു ‘ ലീഡർ’ എന്ന് വിളിക്കാൻ കഴിയുന്ന പ്രൊഫൈൽ ആണ് ടീമിന്റെ ആവശ്യം. 1on1, ഏരിയൽ ഡിഫണ്ടിങ് തുടങ്ങിയ മേഖലകളിൽ പുതിയ താരത്തിന് കൃത്യമായ ആധിപത്യം ഉണ്ടാകണം എന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്.
പ്രായം ആണ് ബാഴ്സയുടെ റീബിൽഡിംഗിൽ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം. ബാഴ്സയുടെ ഒരു താരവും അവരുടെ പീക്കിലോ പീക്കിലേക്ക് അടുക്കുന്നതോ ആയിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ റിക്രൂട്ട്കൾക്ക് ടീമിൽ ഒരു ബാലൻസ് കൊണ്ട് വരാൻ സാധിക്കണം. ഒരു വിംഗർ/വൈഡ് ഫോർവേർഡ് എന്ന പ്രൊഫൈൽ ആണ് ചാവിയുടെ ലക്ഷ്യം എങ്കിൽ റഹിം സ്റ്റെർലിങ്, കിംഗ്സ്ലി കൊമാൻ, മികച്ച യുവതാരങ്ങളായ അദേയാമി, ഒഡോയ്‌, റെയ്ന തുടങ്ങിയ സാധ്യതകൾ നിലവിലുണ്ട്. ഇവർക്കൊക്കെ തന്നെ നമ്മുടെ വിങ്ങിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകാൻ സാധിക്കും.
വളരെ സ്മാർട്ട് ആയി ക്ലബ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട സമയം ആണിത്. ലോങ് ടേം പ്രോജക്ട് നടപ്പാക്കുക മാത്രമല്ല ഇതിനൊപ്പം ലീഗിൽ കിരീട പോരാട്ടത്തിൽ ശക്തമായി നിലനിൽക്കാനും, ബാഴ്സലോണ എന്ന പേര് വിളിച്ച് പറയുന്ന രീതിയിൽ ഉള്ള യൂറോപ്പ്യൻ പ്രകടനങ്ങൾ കാഴ്ചവെക്കാനും നമ്മുക്ക് സാധിക്കണം. അതുകൊണ്ട് തന്നെ ടീമിൽ അത്രത്തോളം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന താരങ്ങളെ തന്നെ സൈൻ ചെയ്യാൻ ശ്രദ്ധിക്കണം.
മാഞ്ചസ്റ്റർ സിറ്റിയുടെ പ്രോജക്ട് ആണ് ഇക്കാര്യത്തിൽ ബാഴ്സയുടെ മുന്നിൽ ഉള്ള ഉത്തമോദാഹരണം. സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നത് ഒരു വസ്തുതയായി ഉള്ളപ്പോഴും ലാ മാസിയ എന്ന ഘടകം നമ്മുടെ റീബിൽഡിംഗ് സുഗമം ആക്കാൻ നമ്മളെ സഹായിക്കും. നമ്മുടെ അക്കാദമിയുടെ നിലവാരം അത്രത്തോളം ഉണ്ട് എന്നത് ഈ വിഷയത്തിൽ നമുക്ക് തരുന്ന ആശ്വാസം ചെറുതല്ല.
ബാഴ്സലോണ തിരിച്ചു വരവിന്റെ പാതയിൽ ആണ്. കാൽപ്പന്തിന് നമ്മൾ ഇല്ലാതെ ഒരു ചരിത്രം ഓർമ്മിക്കുവാൻ പോലും സാധിക്കുകയില്ല. അതുകൊണ്ട് തന്നെ നമ്മുടെ തിരിച്ചുവരവ് ഈ കളിയുടെ കൂടി ആവശ്യമാണ്.

  • SHARE :