• Follow

പരിസ്ഥിതിദിന ആശംസകൾ

  • Posted On June 5, 2020

എല്ലാ സുഹൃത്തുക്കൾക്കും പരിസ്ഥിതിദിന ആശംസകൾ. ഭൂമിക്ക് താങ്ങാവുന്നതിലും അധികം അതിനെ ചൂഷണം ചെയ്യാനും അതിൽ നിന്ന് കവർന്നെടുക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ ഓർക്കാൻ മാത്രമുള്ളതല്ല ഈ ദിവസം എന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. ആഗോളതാപനവും പ്രളയവും വനനശീകരണവും അടക്കം മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ചരമഗീതം കൂടിയാണ് ഇപ്പോൾ കുറിക്കപ്പെടുന്നത്. ആഗോളതാപനം മിഥ്യയാണെന്നും കാലാവസ്ഥ വ്യതിയാനം എന്നൊന്ന് ഇല്ലെന്നും ഇപ്പോഴും വാദിക്കുന്ന, ശാസ്ത്രബോധവും ദിശാബോധവും ഇല്ലാത്ത നേതാക്കളാണ് ഇന്ന് നമ്മളെ നയിക്കുന്നത് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാകുന്നു.

ഇത്രയും ഭീകരമായ അവസ്ഥയിലും ലോകത്തിന്റെ ശ്വാസകോശമായ ആമസോൺ കാടുകളെ പോലും ലാഭതാല്പര്യങ്ങൾക്ക് വേണ്ടി കുരുതി കൊടുക്കുന്ന ഇവരും ഇവർക്ക് പിറകിലും മുന്പിലുമായി അണിനിരക്കുന്ന ലോകത്തെ ഒന്നാം നിര വ്യവസായ സംരംഭങ്ങളും നാളേക്ക് വേണ്ടി ഒന്നും തന്നെ നീക്കി വെക്കേണ്ടതില്ലെന്ന് നിലപാടെടുത്തവരാണ്. ഐക്യരാഷ്ട്ര സംഘടനയുടെ നാമമാത്രമായ കരാറുകളോട് പോലും മുഖം തിരിച്ചു നിൽക്കുകയും പരിസ്ഥിതി വാദികളെ ശത്രുക്കളായി മുദ്രകുത്തുകയും ചെയ്യുന്ന ഇത്തരക്കാർ നമ്മെ നയിക്കുന്നത് സർവനാശത്തിലേക്കല്ലാതെ മറ്റൊന്നിലേക്കും അല്ല.

പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കുന്നതും മോട്ടോർ സൈക്കിൾ ഉപേക്ഷിച്ചു സൈക്കിൾ എടുക്കുന്നതും നല്ലത് തന്നെയാണ്. എന്നാൽ വലിയ അളവിലുള്ള വാതകങ്ങളും, രാസമാലിന്യങ്ങളും ലാഭക്കൊതി മൂലം നടക്കുന്ന അമിത-ഉല്പാദനത്തിൽ നിന്ന് വരുന്ന അജൈവമാലിന്യങ്ങളും പരിസ്ഥിതിയിലേക്ക് തള്ളാനുള്ള അവസരം ഒരുക്കിയ ശേഷം ഇവയൊക്കെ ചെയ്യുന്നത് വെള്ളത്തിൽ വരയ്ക്കുന്ന വര പോലെയാവുന്നു. സമീപകാലത്തായി ഉരിത്തിരിഞ്ഞു വന്ന, മനുഷ്യസമൂഹത്തെ ആകെ കുറ്റക്കാരായും വൈറസായുമൊക്ക കണ്ടു യഥാർത്ഥ പ്രശ്നത്തിൽ നിന്നും മാറി പോകുകയും, തെറ്റുകാരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മനോഭാവമല്ല നമുക്ക് വേണ്ടത്. മനുഷ്യനെയും ഭൂമിയെയും ഒരു പോലെ പരിഗണിക്കുന്ന, നാളത്തെ തലമുറക്കും മറ്റു ജന്തുജാലങ്ങൾക്കും വേണ്ടി പരിസ്ഥിതി വിഭവങ്ങളെ കരുതി വെക്കുന്ന വികസനപദ്ധതികൾ ആവിഷ്കരിക്കാൻ ഇനിയും വൈകുന്നുണ്ടെങ്കിൽ മടങ്ങി വരവില്ലാത്ത ഒരു പ്രതിസന്ധിയിലേക്കാണ് നമ്മൾ കടക്കുന്നത് എന്ന് ഓർമിപ്പിക്കുന്നു.

ഒരിക്കൽ കൂടി എല്ലാവർക്കും പരിസ്ഥിതി ദിന ആശംസകൾ!!

©www.culesofkerala.com

  • SHARE :