വാമോസ് സെർജി റോബർട്ടോ !!
കൽക്കണ്ട മല സ്വന്തമായുണ്ടായിട്ടും മധുരം തേടിയിറങ്ങിയ കഥ കേട്ടിട്ടുണ്ട്. സെർജി റോബർട്ടോയെ പോലൊരു താരം ഉണ്ടായിട്ടും മിഡ് ഫീൽഡ് പരാധീനതകൾ ശരിയാക്കുവാൻ മറ്റു താരങ്ങളിലേക്കു എല്ലാ സീസണും എത്തി നോക്കുന്ന ബാഴ്‌സയുടെ പ്രവണതയെ ഇതിനോടേ ഉപമിക്കുവാൻ കഴിയൂ. ലാ മാസിയയിൽ നിന്ന് വന്ന മരതകമാണ് സെർജി റോബർട്ടോ. അയാളുടെ സമകാലീനരായ ഒരുപാട് ലാ മാസിയ താരങ്ങൾ പണവും, ഫസ്റ്റ് ടീം ചാൻസും തേടി മറ്റു ക്ലബ്ബുകളിലേക്കു ചേക്കേറിയപ്പോൾ സെർജി റോബർട്ടോ ഇവിടെ തനിക്ക് ലഭിക്കുന്ന പരിമിതമായ അവസരങ്ങൾ ഉപയോഗിച്ചു ഉറച്ചു നിന്നു വർഷങ്ങളോളം. കഴിഞ്ഞ സീസൺ ആരംഭത്തിൽ സ്റ്റോക്ക് സിറ്റിയിലേക്ക് വിൽക്കുവാൻ പോലും ബാഴ്‌സ ചിന്തിച്ചിരുന്നു. അവിടെ നിന്നാണ് സെർജി റോബർട്ടോ എന്ന ചാമ്പ്യൻ ഉദിച്ചു വരുന്നത്. ഡാനി ആൽവസും, റഫീന്യയും പരിക്ക് പറ്റി പോയപ്പോൾ സെർജിക്ക് അവസരങ്ങൾ ലഭിച്ചു. ഒരു ഡിഫൻസീവ് മിഡ് ഫീൽഡറായ സെർജി പിന്നീട് പല ഒഫൻസീവ് റോളുകളിലും, വിങ് ബാക്കായും കളിച്ചു. മെസ്സി, നെയ്മർ, ഇനിയേസ്റ്റ, റാക്കിറ്റിക്, ബുസ്കേറ്റ്സ്, ആൽബ, ഡാനി എന്നിങ്ങനെ പല കളിക്കാർക്കും അയാൾ ഒത്ത പകരക്കാരനായി. തനിക്ക് ലഭിക്കുന്ന അവസരം ഉപയോഗിക്കുക എന്നല്ലാതെ ഒരു ഈഗോയോ അനിഷ്ടമോ അയാൾ കാണിച്ചില്ല. ക്ളാസിക്കോകളിൽ അയാൾ ക്രിസ്റ്റിയാനോ റൊണാൾഡോയെയും, മാഴ്‌സലോയെയും സധൈര്യം നേരിട്ടു. അറ്റ്‌ലറ്റിക്കോ മാഡ്രിഡിന്റെ മുഷ്ട്ടിക്കു മുന്നിൽ അയാൾ പതറിയില്ല. ഒടുവിൽ ഈ സീസണിൽ പാരീസിനെതിരെ അവിശ്വസനീയമായി ഗോൾ നേടി അയാൾ നമ്മളെ ജയിപ്പിച്ചു. വികാരാധീതനായി അയാൾ പറഞ്ഞു “വർഷങ്ങളായി ഞാനീ ക്ലബ്ബിൽ കളിക്കുന്നു. ഇത് പോലൊന്ന് ക്ലബിന് വേണ്ടി നേടികൊടുക്കുവാനാണ് ഞാൻ ഇക്കാലമത്രയൂം ശ്രമിച്ചത്”. ഇക്കഴിഞ്ഞ ക്ലാസിക്കോയിലും 90 മിനിറ്റും ഓടി കളിച്ചു ഏറ്റവുമൊടുവിൽ അത് പോലൊരു റണ്ണിൽ മാഴ്‌സലോയെയും, മോഡ്രിച്ചിനെയും കാഴ്ചക്കാരനാക്കി ഗോമസിനു കൊടുത്ത ബോളും സെർജിയുടെ മികവ് വിളിച്ചോതുന്നു. ഇതിഹാസമാകുവാൻ പോകുന്നയാളാണ് സെർജി.
ഇതാണ് സെർജി റോബർട്ടോ. റയൽ മാഡ്രിഡ് അക്കാദമിയുടെ ഓഫർ തള്ളിക്കളഞ്ഞാണ് സെർജി ലാ മാസിയയിൽ ചേരുന്നത്. അന്നുള്ള കൂറ് ഇന്നും അയാളിലുണ്ട്. വരുന്ന സീസണിൽ സെർജി മിഡ് ഫീൽഡിൽ വരണം. ലാ മാസിയയുടെ മുഖമാകണം അയാൾ. ഇനി വരാൻ പോകുന്ന താരങ്ങൾക്കു ഒരു മാതൃകയും. ഒരിക്കൽ ബാഴ്‌സയുടെ ക്യാപ്റ്റൻ ആം ബാൻഡ് സെർജി അണിയും എന്ന ഉത്തമബോധ്യമുണ്ട്. അയാൾ അതർഹിക്കുന്നുണ്ട് താനും .
വാമോസ് സെർജി റോബർട്ടോ !!