എന്തുകൊണ്ട് ‘ടോഡിബോ’ ? : ഒരു ഫാൻ തിയറി
TRANSFER SAGA :
ആദ്യമായി ഈ പേര് കേൾക്കുന്നത് നവംബർ അവസാനമാണ്. ഡി ലൈറ്റിനു പകരമായിട്ട് നോക്കുന്ന പ്ലേയർ എന്ന നിലയിൽ. ഫ്രീ ഏജന്റും ഫ്രാൻസ് പ്ലെയറും ആയതുകൊണ്ട് മാത്രം ആവും എന്നാണ് ആദ്യം വിചാരിച്ചത്.
പിന്നീടാണ് യൂറോപ്പിലെ എല്ലാ വൻകിട ക്ലബ്ബുകളോടും ബന്ധപ്പെടുത്തി ഈ പേര് കാണുന്നത്. അപ്പോഴാണ് ഇയാളെ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചത്.
ഡി ലൈറ്റ് പോലെ ഒരു വേൾഡ് ക്ലാസ്സ് ബോൾ പ്ലേയിങ്ങ് ഡിഫൻഡർക്ക് പകരമായി നോക്കണമെങ്കിൽ ഇയാൾക്ക് അതിനു തക്കതായ എന്തെങ്കിലും ഉണ്ടാവണമല്ലോ എന്നാണ് ചിന്തിച്ചത്. പക്ഷേ മുൻപെങ്ങും ഈ പേര് കേട്ടിട്ടുമില്ല !
ടൂളൂസ്’ന്റെ കളികളൊന്നും ടെലികാസ്റ്റ് ചെയ്യാത്തതിനാൽ കണ്ടറിയാനുള്ള വഴി ഇല്ലായിരുന്നു. പിന്നെയുള്ളത് “യൂട്യൂബ് കൊമ്പിലേഷൻസ്” ആണ്. നിർഭാഗ്യവശാൽ അന്ന് ആറോ ഏഴോ കളി മാത്രം കളിച്ചിട്ടുള്ള ഇയാളുടെ വീഡിയോസ് പോലും ലഭ്യമല്ലായിരുന്നും. ഇന്റർനെറ്റ് ലോകത്ത് പോലും നാലാൾ അറിയാത്ത ഒരു പ്ലെയറെ ഡി ലൈറ്റിനു പകരം നോക്കുന്നു എന്നുള്ളത് ഒരേസമയം ഞെട്ടിക്കുന്നതും ഉത്സാഹം ഉളവാക്കുന്നതുമായിരുന്നു..
പിന്നീട് ഇവയാളെയും ഡി ലൈറ്റിന്റെയും പേരുകൾ ഒരുപാടുതവണ ബാഴ്സ ട്രാൻസ്ഫർ ഗോസിപ്പിനോട് ചേർത്ത് വന്നും പോയും കൊണ്ടിരുന്നു.ഡിസംബർ അവസാനത്തോടെ ഡി ലൈറ്റ് ട്രാൻസ്ഫർ വളരെ ചിലവേറിയതും സങ്കീർണ്ണമായതുമാണെന്ന് ഉറപ്പായപ്പോൾ അബിദാൽ ടോഡിബോയെ തന്നെ കൊണ്ടുവരുമെന്ന് ഉറപ്പായിരുന്നു.
പക്ഷേ ആദ്യമായി ടോഡിബോയിൽ താൽപര്യം കാണിച്ച ക്ലബ്ബ് ബാഴ്സ ആയിരുന്നില്ല !
ബാഴ്സ വരുന്നതിനു മുന്നേ യുവന്റസ് ആണ് ആദ്യമായി സ്കൗട്ട് ചെയ്തത്. അക്കാദമി താരമായ കാലം മുതൽ അവനു പിന്നാലെ യുവന്റസ് കൂടാതെ ലിവർപൂൾ, നാപോളി എന്നിവരുണ്ട് !
പിന്നീട് ജനുവരി ആയപ്പോൾ അവനിൽ താല്പര്യം കാണിച്ച് ഫ്രാൻസിലേക്ക് വണ്ടി കയറിയവർ ഒരുപാടായിരുന്നു. യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി, ആർ.ബി. ലീപ്സിഗ്, ബയേൺ മ്യൂണിച്ച്, ഒടുവിൽ അവസാനം വൈകിയാണെങ്കിലും റിയൽ മാഡ്രിഡ് എന്നിവരാണ് ബാഴ്സയെ കൂടാതെ താല്പര്യപ്പെട്ടുവന്നത് !
ഫ്രീ ഏജൻറും 19 വയസ്സുകാരനുമായ ഒരു പയ്യന് വേണ്ടിയിട്ട് പിന്നീട് നടന്നത് ഒരു ഗംഭീര ട്രാൻസ്ഫർ യുദ്ധം തന്നെയായിരുന്നു.
ഫ്രഞ്ചുകാരനായ അബിദാൽ ഉള്ളതുകൊണ്ട് മേൽകൈ ബാഴ്സക്ക് ആവും എന്ന് ഉറപ്പായിരുന്നു. പക്ഷേ ഫ്രീ ആയി ഒരു പ്ലെയറെ നഷ്ടപ്പെടുത്താൻ ടുളൂസ് തയ്യാറല്ലായിരുന്നു. അവർ അവനെ മാഞ്ചസ്റ്റർ സിറ്റിക്ക് 4 മില്ല്യൺ യൂറോക്ക് വിൽക്കാൻ കരാറാക്കി. പക്ഷേ ടോഡിബോ ആ ഓഫർ നിരസിച്ചു. യുവന്റെസിന്റെയും ലീപ്സിഗിന്റെയും ശക്തമായ ഓഫറുകളും അവൻ നിരസിച്ചു.
അവസാന ശ്രമമെന്നോണം കോമ്പൻസേഷൻ ഫീ കൊടുക്കാൻ തയ്യാറായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ടുളൂസ് ടോഡിബോയെ കൈമാറാൻ ശ്രമിച്ചു. പക്ഷേ അതിനും ടോഡിബോ തയ്യാറായില്ല !
ബാഴ്സക്ക് അവനിൽ ശക്തമായ താല്പര്യം ഉണ്ട് എന്നതിനേക്കാൾ അവന് ബാഴ്സയിലും അതുപോലെതന്നെ താൽപര്യമുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ!
ഫിനാൻഷ്യലി മറ്റ് ഓഫറുകൾ ബാഴ്സക്ക് മറികടക്കാൻ പറ്റുമായിരുന്നെങ്കിലും അവർ ഓഫർ ചെയ്യുന്ന പ്ലെയിങ്ങ് ടൈമും റോളും ബാഴ്സക്കു ഓഫർ ചെയ്യാൻ പറ്റുമായിരുന്നില്ല.
അവിടെയാണ് ടോഡിബോക്ക് നമ്മുടെ ടീമിൻറെ ഭാഗം ആവാൻ ഉള്ള അതിയായ ആഗ്രഹം മുതൽക്കൂട്ടായത്.
തന്റെ എട്ടാമത്തെ വയസ്സിൽ ഒരു കാർ ആക്സിഡന്റിൽ പെട്ട് രണ്ടു കാലിനും ആങ്കിൾസിനും മാരക പരിക്കു പറ്റി ഒരു കൊല്ലം ഫുട്ബോൾ നഷ്ടപ്പെടുകയും ഇനി ഒരു തിരിച്ച് വരവ് ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്ത ഒരു പയ്യനെ സംബന്ധിച്ച് 11 കൊല്ലങ്ങിൾക്കിപ്പുറം ബാഴ്സയിൽ കളിക്കാൻ പറ്റുക എന്നത് സ്വപ്നം കാണാവുന്നതിലും ഏറെ മുകളിലാണ്. രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യം കൂടിയുണ്ടായിരുന്നിരിക്കില്ല ആ പഴയ എട്ടുവയസ്സുകാരന്. ഇവിടെ വന്ന് തന്റെ പൊസിഷൻ മറ്റുള്ള പ്ലെയേഴ്സിനെ പോലെ അധ്വാനിച്ച് നേടാൻ അവൻ തയ്യാറായി !
ഒടുവിൽ ജനുവരി 8ാം തീയതി, 2019-20 സീസണിലെ ആദ്യ സൈനിങ്ങായി ബാഴ്സ അവനുമായി പ്രീ കോൺട്രാക്ട് ഒപ്പുവച്ചു. സമ്മറിൽ അയാൾ നമ്മുടെ ടീമിൻറെ ഭാഗമാകും.
ഒരുപക്ഷേ കോമ്പൻസേഷൻ ഫീസ് കൊടുത്തോ അല്ലെങ്കിൽ ടുളൂസിന് തുച്ഛമായ ട്രാൻസ്ഫർ ഫീസ് കൊടുത്തോ ജനുവരി വിൻഡോയിൽ തന്നെ കൊണ്ടുവന്നാൽ അത്ഭുതപ്പെടാനില്ല. ടുളൂസിനുവേണ്ടി ഇനിയുള്ള ആറുമാസം കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായതിനാൽ ആണിത്. അങ്ങനെ വന്നാൽ അവനെ ബാഴ്സ ബി ടീമിലേക്ക് ചേർക്കുകയോ അല്ലെങ്കിൽ മറ്റൊരു ടീമിലേക്ക് ആറുമാസം ലോൺ ചെയ്യുകയോ ചെയ്യാം. വളർച്ചയുടെ ഭാഗമായി അവനെ അടുത്ത സീസണിലും ലോൺ ചെയ്യുകയോ ബി ടീമിനൊപ്പം കളിപ്പിക്കുകയോ ചെയ്താൽ തെറ്റുപറയാനാവില്ല. ബാഴ്സ ബി സെഗുണ്ട ഡിവിഷനിലേക്ക് പ്രമോഷൻ നേടിയാൽ മാത്രമേ ടോഡിബോ അവരോടൊപ്പം ചേരാൻ സാധ്യത ഉള്ളൂ അല്ലെങ്കിൽ വേറൊരു ടീമിലേക്ക് ലോണിൽ പോയേക്കാം എന്നാണ് റിപ്പോർട്ടുകൾ.
സൈൻ ചെയ്തശേഷം അദ്ദേഹത്തിൻറെ പ്രതികരണമിതായിരിന്നു.
“I appreciate the confidence of Barça.”
“I’m going to give everything to achieve great things with Barça.”
“I’m very happy, Barça is more than a club.”
PLAYER PROFILE :
ഫ്രഞ്ച് ഗയാനയുടെ തലസ്ഥാനമായ കയനെ’യിൽ 1999 ഡിസംബർ 30’ന് ജനിച്ച ടോഡിബോ എഫ്.സി ലെ ലിയാസ് 93’യുടെ യൂത്ത് സിസ്റ്റത്തിലൂടെയാണ് വളർന്നുവന്നത് .
ഇസ ഡിയോപ് വെസ്റ്റ് ഹാമിലേക്ക് ചേക്കേറിയപ്പോൾ വേറെ ആരെയും വാങ്ങാതെ ടൂളൂസ് 18 വയസ്സുകാരനായ ടോഡിബോയെ തങ്ങളുടെ ഡിഫൻസ് നയിക്കാൻ ഏല്പിച്ചതിൽ ഉണ്ട് അയാളുടെ പ്രതിഭയുടെ തെളിവ്.
ബോർഡോക്കെതിരെ കഴിഞ്ഞ കൊല്ലം ആഗസ്ത് 19’നാണ് ടോഡിബോ പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയത്. മികച്ച അരങ്ങേറ്റം നടത്തി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ടോഡിബോയെ ടുളൂസ് ആരാധകർ സ്റ്റാൻഡിങ് ഓവേഷൻ നൽകിയാണ് അഭിനന്ദച്ചത് !
തന്റെ പ്രൊഫഷണൽ കരിയറിലെ ആദ്യ ഗോളും ഇതുവരെയുള്ള ഏക ഗോളും ടോഡിബോ കരിയറിലെ തന്റെ അഞ്ചാം കളിയിൽ തന്നെ സ്കോർ ചെയ്തു.
സെപ്തംബർ 30ന് റെനെസ്സിനെതിരെ എവേ ഗ്രൗണ്ടിൽ നടന്ന കളിയിൽ തോറ്റ് നിൽക്കുകയായിരുന്ന തന്റെ ടീമിന് വേണ്ടി
സോളോ ലേറ്റ് ഈക്വലൈസർ സ്കോർ ചെയ്താണ് ടോഡിബോ ഹീറോയായത്.
അന്താരാഷ്ട്ര തലത്തിൽ അണ്ടർ 20 കാറ്റഗറിയിൽ ടോഡിബോ രണ്ടു തവണ ഫ്രാൻസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇതുവരെയുള്ള കരിയറിൽ ടോഡിബോ ടുളൂസീനായി 10 കളികളാണ് കളിച്ചിട്ടുള്ളത്.
“ദി നെക്സ്റ്റ് വരെയ്ൻ” എന്നറിയപ്പെടുന്ന ടോഡിബോയുടെ സ്കൗട്ട് റിപ്പോർട്ടുകളെല്ലാം ഒരു പതിനെട്ടുകാരനുമുപരി വളരെ മികച്ചതാണ്! തിയാഗോ സിൽവയേയും ആന്ദ്രെ പിർലോയേയും മാതൃകയായി കാണുന്ന ഈ പതിനെട്ടുകാരന് സെൻറർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ പറ്റും എന്നതാണ് ഏറ്റവും വലിയ അഡ്വാൻറ്റേജ്. ഡിഫൻസീവ് മിഡ്ഫീൽഡറായി അക്കാദമികളിലും താഴ്ന്ന കാറ്റഗറികളിലും കളിച്ചു തെളിഞ്ഞ ടോഡിബോ ടുളൂസിനായി സീനിയർ അരങ്ങേറ്റം നടത്തിയതിൽ പിന്നെ സെൻറർ ബാക്ക് ആയിട്ടാണ് കളിക്കുന്നത്.
ക്യാപ്റ്റനായും അക്കാദമയിൽ പരിചയസമ്പത്ത് ഉണ്ട് എന്നത് മാറ്റ് കൂട്ടുന്നു.
സെൻറർ ബാക്കിനേക്കാൾ ഉപരി സെൻട്രൽ മിഡിൽ ഡിഫൻസീവ് മിഡ്ഫീൽഡറായി കളിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ടോഡിബോ. ഒരുപക്ഷേ ബാഴ്സ അവനെ സി.ഡി.എം ആയി യൂസ് ചെയ്യാൻ തീരുമാനിച്ചാലും തെറ്റുപറയാൻ പറ്റില്ല.
കണ്ടിട്ടുള്ള വീഡിയോകളിൽ വെച്ച് അദ്ദേഹത്തിൽ എന്തുകൊണ്ട് യൂറോപ്പിലെ വമ്പൻ ടീമുകൾ ഇത്ര താല്പര്യം കാണിച്ചു എന്നുള്ളത് വളരെ വ്യക്തമാണ്. ടോഡിബോ റൈറ്റ് ഫൂട്ടഡായ ഒരു മികച്ച ബോൾ പ്ലേയിങ്ങ് ഡിഫൻഡർ ആണ്. അവന്റെ ഭീമാകാരമായ ശരീരഘടന, മികവുറ്റ വേഗത, ആന്റിസിപ്പേഷൻസ് എന്നിവയാൽ ശക്തമായ പൊസിഷനിങ്ങോട് കൂടി കൈകോർത്ത് ബാക്ക്ലൈൻ കോട്ട കാത്ത് മികവ് കാട്ടിയവൻ. നല്ല ഉയരമുള്ള മികച്ച ഒരു ഹെഡിങ്ങ് എബിലിറ്റി ഉള്ളയാൾ. ഒരു കൃത്യതയുള്ള ടാക്ലറും വെടിപ്പായ ഡ്രിബ്ലറും അതിലുപരി പിഴവുകൾ വരുത്താത്ത ഡിഫൻഡറും കൂടിയാണ് അയാൾ. പ്രസ്സ് റെസിസറ്റെന്റ് ആണെന്നത് മറ്റൊരു ഗുണമാണ്.
ബാക്ക് ലൈനിൽ നിന്ന് പന്ത് പുറത്തുകൊണ്ടുവന്ന് അത് മുന്നോട്ട്, മിഡിലേക്കും അറ്റാക്കിങ് തേഡിലേക്കും കൊണ്ടുപോകാൻ വളരെയധികം നൈപുണ്യമുള്ളയാൾ. മുൻപ് സി.ഡി.എം പൊസിഷൻ കളിച്ചതുകൊണ്ടാവണം വളരെ മികച്ച പാസിങ്ങ് മികവിനും ഉടമയാണ് അദ്ദേഹം.
ഫുൾ മാച്ച് കണ്ട് അനലൈസ് ചെയ്യാൻ പറ്റാത്തത് ഒരു കുറവ് തന്നെയാണ്. അപ്പോഴേ ഒരു പ്ലെയറിന്റെ പ്രൊഫൈൽ മുഴുവൻ വ്യക്തമാവുകയുള്ളൂ. അതിപ്പോൾ കഴിവുകൾ ആണെങ്കിലും കുറവുകൾ ആണെങ്കിലും. എന്നിരുന്നാലും കണ്ടിടത്തോളം യാതൊരു മാറ്റവും ഉണ്ടാവാൻ സാധ്യതയില്ല എന്നുതന്നെ വിശ്വസിക്കുന്നു.
നെഗറ്റീവ്സ്:
ഒരു 19 വയസുകാരനെ സംബന്ധിച്ച് അങ്ങനെ എടുത്തുപറയത്തക്ക നെഗറ്റീവുകൾ ഉള്ളതായി കാണുന്നില്ല. എക്സ്പീരിയൻസ് വളരെ കുറവാണ്. കോംപീറ്റന്റ് ലീഗിൽ ഇതുവരെ മത്സരിച്ചിട്ടില്ല, ഹൈലൈനിലുള്ള പ്രതിരോധത്തിൽ കളിച്ചു തെളിയിക്കേണ്ടിയിരിക്കുന്നു, ഏകാഗ്രതയെയും ക്ഷമയെയും പറ്റി അറിയില്ല. സ്വഭാവത്തെപ്പറ്റിയും ഇൻജുറി റെക്കോർഡിനെ പറ്റിയും വിവരങ്ങൾ ലഭ്യമല്ല. ചുറ്റുപാടുകളോടും സിസ്റ്റത്തിനോടൂം അഡാപ്റ്റ് ചെയ്യാൻ എടുക്കുന്ന സമയം, ചെറുപ്രായത്തിലെ വലിയ ക്ലബ്ബിന്റെ സമ്മർദ്ദം കൈകാര്യം ചെയ്യാൻ പറ്റുമോ എന്നുള്ളത് എല്ലാം കണ്ടറിയേണ്ടതാണ്.
അച്ചടക്കത്തിന്റെ കുറവ് അഥവാ കാർഡുകൾ വാങ്ങിക്കൂട്ടുന്നതായി കാണുന്നുണ്ട്. ഇതിനൊരു കാരണം ഒരു ഇൻഫീരിയർ ടീമിൽ കളിക്കുന്നത് ആവാം.
അതുപോലെതന്നെ ബോൾ ക്ലിയറൻസ് റേറ്റ് വളരെ കൂടുതലാണ്. അതും സിസ്റ്റത്തിലേക്ക് ഇണങ്ങിചേരുമ്പോൾ മാറുമെന്നുറപ്പുള്ള ഒരു സ്വഭാവം ആണ്. അയാളുടെ ക്വാളിറ്റീസ് വെച്ചു നോക്കുമ്പോൾ ഇതൊക്കെ എത്രയോ തുച്ഛമാണ്..
ഡി ലൈറ്റ് ഒരു അവിശ്വസനീയമായ വേൾഡ് ക്ലാസ് പ്ലേയർ ആണ്. 19ാം വയസ്സിൽ ഒരു വേൾഡ് ബീറ്റർ ആയ ആൾ. പക്ഷേ ഏജൻറ് മിനോ റയോള ,€85 M ഫീസ്, ഏജൻറ് കമ്മീഷൻ, പിന്നെ ഫസ്റ്റ് ടീം ഡിമാൻഡും. ഇതൊക്കെ മാരകമായ തലവേദനകളാണ്. ഇപ്പോൾ നടന്നു കിട്ടിയാലും ഫ്യൂച്ചറിൽ റയോളയെ കൊണ്ടുള്ള തലവേദന ഉറപ്പായും ഉണ്ടാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് പൊഗ്ബയെ വച്ച് കഷ്ടപെടുന്നത് ഒക്കെ വളരെ വലിയ ഉദാഹരണമാണ്.
ചുരുക്കി പറഞ്ഞാൽ ” €0 “ന് നമ്മളൊരു വേൾഡ് ക്ലാസ്സ് ‘കൊള്ള’ ആണ് നടത്തിയിട്ടുള്ളത്. ടോഡിബോ വളരെ വിലപിടിപ്പുള്ള ഒരു മരതകമാണ്. നമ്മളതങ്ങ് നയാപൈസ കൊടുക്കാതെ സ്വന്തമാക്കി. പാഠം ഇതാണ് കടുക്കനിട്ടവൾ പോയാൽ കമ്മൽ ഇട്ടവൾ വരും. അതിപ്പോ ആരുടെ കേസായാലും.
ഫുട്ബോൾ ഒരു സമുദ്രമാണ് പ്രതിഭകൾ മീനുകൾ പോലെയും പ്രിയപ്പെട്ട ഒന്ന് ലഭിക്കാതെപോയി എന്നോർത്ത് സങ്കടപ്പെടേണ്ടില്ല പുതിയ പ്രതിഭകൾ ഒരുപക്ഷേ അവരെക്കാൾ മികച്ചത് ഉണ്ടായിക്കൊണ്ടേയിരിക്കും !!
വളരെ ആവേശകരമായ ട്രാൻസ്ഫർ പിരീഡും സീസൺ സെക്കന്റ് ഹാഫുമാണ് ഇനി മുന്നിലുള്ളത് അതങ്ങോട്ട് പൂർണതയോടെ ആസ്വദിക്കുക.
Credits: (ടോഡിബോ ട്രാൻസ്ഫെറിനെ പറ്റി കൂളെസ് ഓഫ് കേരളയുടെ ഫേസ്ബുക് ഗ്രുപ്പിൽ ബാർസ ആരാധകൻ ആയ ‘നീരജ്’ എഴുതിയ ലേഖനം)