• Follow

”ഞാൻ ഗ്ലാസ് കൊണ്ട് നിർമിതമായതല്ല എന്ന് ഞാൻ തെളിയിച്ചു” – വേർമയ്‌ലൻ

  • Posted On January 15, 2018

ലാലിഗയിൽ സെൽറ്റ വിഗോയ്‌ക്ക് എതിരെയുള്ള ബാഴ്സയുടെ ഹോം മാച്ച്. ഒരു സെൽറ്റ കൗണ്ടർ തടയുന്നതിനിടെ സാമുവേൽ ഉംറ്റിറ്റി ടച്ച് ലൈനിന് സമീപം വേച്ചു വീഴുന്നത് കണ്ട് കാമ്പ് നൗ ഒന്നടങ്കം നെടുവീർപ്പിട്ടു. പ്രതിരോധ നിരയുടെ ആണിക്കല്ലാണ് അവിടെ വീണത്. കുറച്ചു നാളുകൾക്ക് മുൻപ് വരെ ബാഴ്സ ആരാധകർ കണ്ടിരുന്ന ദുസ്വപ്നങ്ങൾ പതിയെ ഓരോരുത്തരിലും വീണ്ടും തലപൊക്കാൻ തുടങ്ങി. സീസൺ തന്നെ അവതാളത്തിൽ ആകാൻ കെൽപ്പുള്ള ഒരു തിരിച്ചടി. ആ കൗണ്ടർ ഗോൾ ആയി കളി സമനില ആയെങ്കിലും ബാഴ്സയെ ആശങ്കയിലാക്കിയത് ഉംറ്റിറ്റിയുടെ പരിക്ക് തന്നെയായിരുന്നു. മാഷരാനോയും പരിക്കിന്റെ പിടിയിൽ.
പകരക്കാരനായി വന്നത് തോമസ് വേർമയ്‌ലൻ എന്ന ബെൽജിയൻ സെന്റർ ബാക്. 2014ൽ സൈൻ ചെയ്ത കളിക്കാരൻ ആയിട്ട് കൂടി, അയാൾ ഒരു അപരിചിതനെപ്പോലെ തോന്നിച്ചു. പരിക്കിന്റെ പര്യായം ആയിരുന്നു ഇക്കാലമത്രയും വേർമയ്‌ലൻ. ബാഴ്സയ്ക്ക് വേണ്ടി മൂന്ന് വർഷത്തിൽ വെറും 20 കളികൾ മാത്രം. എന്നാൽ ഇന്ന് തോമസ് ക്ലബ്ബിൽ കളിക്കുന്നത് പലരും അത്ഭുതത്തോടെയാണ് കാണുന്നത്. സമ്മർ വിൻഡോയിൽ പുറത്തേക്ക് എന്ന് കരുതിയിടത് നിന്ന് ഒരു ഉയിർപ്. അതിന് ചുക്കാൻ പിടിച്ചത് തോമസിൽ പൂർണ വിശ്വാസം അർപ്പിച്ച ഏണസ്റ്റോ വൽവെർദേ. പോകാൻ അനുവദിക്കണമെന്ന തോമസിന്റെ ആവശ്യത്തെ വൽവെർദേ ചെവിക്കൊണ്ടില്ല. വിവേകശാലിയായ ഏണസ്റ്റോയുടെ മനസ്സിൽ പഴയൊരു പടക്കുതിരയെ തിരിച്ചുകൊണ്ട് വരാനുള്ള പദ്ധതികൾ ഉണ്ടായിരുന്നു.

വേർമയ്‌ലന്റെ അത്ഭുതപ്രകടനങ്ങൾ കണ്ട് അമ്പരന്ന പലരും വിസ്മരിച്ച ഒരു കാര്യം ഉണ്ട്.2014ൽ ബാഴ്സ വേർമയ്‌ലനെ വാങ്ങുമ്പോഴും അദ്ദേഹം ഒരു ലോകോത്തര നിലവാരമുള്ള ഡിഫെൻഡർ ആയിരുന്നു. അന്നും പരിക്കുകൾ അലട്ടിയിരുന്നു എന്നത് മറ്റൊരു കാര്യം. ഇന്ന് ബാഴ്സ ആരാധകർക്ക് സാമുവേൽ ഉംറ്റിറ്റി ആരാണോ, അത് തന്നെയായിരുന്നു ഗണ്ണേഴ്സിന് വേർമയ്‌ലൻ. പരിക്ക് വില്ലൻ വേഷത്തിൽ വന്നിലായിരുന്നു എങ്കിൽ ഒരു പക്ഷെ വെർമയ്ലൻ ബാഴ്സയിൽ എത്തില്ലായിരുന്നു.
ബെൽജിയം എന്ന ലോകഫുട്ബോളിലെ കറുത്ത കുതിരകൾ പ്രതാപം ഒട്ടുമില്ലാതെ നിന്നിരുന്ന കാലത്താണ് വേർമയ്‌ലൻ എന്ന ബാലൻ ഫുട്ബാളിലേക് കാലെടുത്തു വച്ചത്. തന്റെ രാജ്യം എല്ലാ ടൂർണമെന്റുകളിലും പുറത്താകുന്നതിന് അവൻ സാക്ഷിയായിരുന്നു. ക്ലബ്ബ് ലെവൽ ഫുട്ബോളിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. മറ്റ് രാജ്യങ്ങളിലെ ക്ലബ്ബുകളുമായി കളിക്കുമ്പോൾ തോൽവി മാത്രമായിരുന്നു ബെൽജിയൻ ക്ലബ്ബുകൾ രുചിച്ചിരുന്നത്. എന്നാൽ അപ്പുറത്ത് അയാക്സ് ആംസ്റ്റർഡാം പുതുവിപ്ലവം തീർത്തുകൊണ്ട് ക്ലബ്ബ് ഫുട്ബോളിൽ തിളങ്ങി നിന്നിരുന്ന സമയം കൂടി ആയിരുന്നു അത്. അത് കൊണ്ടാവാം 2000ൽ അവൻ അയാക്സിലെത്താനുള്ള അവസരം ശരിക്ക് മുതലെടുത്തു, അവർക്ക് വേണ്ടി സൈൻ ചെയ്തു. മൂന്ന് വർഷം യൂത്ത് ടീമിൽ സെൻസേഷൻ. യൂത്ത് ടീമിലെ പ്രകടനം കണ്ട സാക്ഷാൽ റൊണാൾഡ് കൂമാൻ തോമസിനെ ഫസ്റ്റ് ടീമിലേക്ക് പ്രൊമോട്ട് ചെയ്തു. കിട്ടിയ ചെറിയ അവസരങ്ങൾ ഒക്കെ തോമസ് ഉപയോഗപ്പെടുത്തി.

ബോൾ പ്ലേയിങ് ഡിഫെൻഡേഴ്‌സ് എന്ന പുതുതലമുറയിൽപെട്ട കളിക്കാരെ വികസിപ്പിക്കുന്നതിൽ അയാക്സ് വലിയ ശ്രദ്ധ ചെലുത്തിയിരുന്നു. ആ ജനുസ്സിൽ പെട്ട വേർമയ്‌ലന് ഫസ്റ്റ് ടീമിൽ അവസരങ്ങൾക് അർഹത ഉണ്ടായിരുന്നു. പക്ഷെ മാക്സ്‌വെൽ, ജൂലിയൻ എസ്ക്യൂടെ, ജോൺ ഹെയ്‌റ്റിംഗ എന്നിവരെ പോലെ നിലവിൽ ഉണ്ടായിരുന്ന മികച്ച കളിക്കാരെ പിന്തളളി സ്റ്റാർട്ട് ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. അതിനാൽ തോമസിനെ ഡച്ച് ലീഗിലെ ഒരു ഇടത്തരം ടീമായ വാൾവൈകിലേക്ക് ലോണിൽ നൽകി. ലീഗുമായി പെട്ടെന്ന് ഇഴുകിച്ചേർന്ന വേർമയുടെ മികവിൽ അവർ ഒൻപതാം സ്ഥാനം നേടി.

2005ൽ തിരികെ വന്ന വേർമയ്‌ലൻ പതിയെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. വെർമയുടെ ഡിസ്ട്രിബ്യുഷനിലുള്ള മികവ് പകൽ പോലെ വ്യക്തമായിരുന്നു. 24 കളികളിൽ 3 ഗോളുകളും നേടിക്കൊണ്ട് നാഷണൽ ടീമിലേക്ക് കയറിച്ചെന്നു. ചാമ്പ്യൻസ് ലീഗിൽ കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട് കൂമാൻ തന്റെ ശിഷ്യനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.2006, 2007 സമയങ്ങളിൽ ഹെയ്‌റ്റിംഗയുമായി ചേർന്ന് സെൻട്രൽ ഡിഫെൻസിൽ ഒരു കോട്ട തന്നെ തീർത്തു വേർമയ്‌ലൻ. പിന്നാലെ ഹെയ്‌റ്റിംഗ അത്ലറ്റികോ മാഡ്രിഡിലേക്ക് പോയി. തന്റെ മുതിർന്ന പങ്കാളി പോയത് തോമസ് വേർമയ്‌ലൻ എന്ന 22 വയസുകാരന്റെ ഡിഫെൻസിവ് ലീഡർഷിപ് വെളിവാക്കി. ബെൽജിയത്തിൽ നിന്ന് തന്നെയുള്ള യാൻ വേർട്ടോങ്ങനെ അനുജനെപ്പോലെ ഒപ്പം കൂട്ടി അദ്ദേഹം ഡിഫെൻസ് നയിച്ചു. ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞുകൊണ്ട് തനിക്കാവും പോലെ അവൻ ആ ടീമിനെ നയിച്ചു. വേർട്ടോങ്ങനെ ഇന്ന് കാണുന്ന ഒരു വൻമതിൽ ആക്കി മാറ്റിയതിൽ വേർമയ്‌ലന്റെ കയ്യൊപ്പുണ്ട്, കരുതലുണ്ട്.

സ്ഥിരതയാർന്ന പ്രകടനം,150ഓളം കളികളുടെ മത്സര പരിചയം, ചാമ്പ്യൻസ് ലീഗ് എക്സ്പീരിയൻസ്. 12 മില്യൺ വിലയിട്ട് വേർമയ്‌ലനെ ആർസെനൽ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ രണ്ടാമതൊന്ന് ആലോചിചില്ല. പ്രതാപകാലത്ത് നിന്നുള്ള ടീമിനെ അഴിച്ചുപണിയുന്ന ജോലി തുടങ്ങിയിരുന്നു ആർസെൻ വെങ്ങർ. സെൻട്രൽ ഡിഫെൻസിൽ വില്യം ഗാല്ലസിന് കൂട്ടാളി എന്ന നിലയിലാണ് വേർമയ്‌ലനെ വെങ്ങർ കണ്ടത്. സൗന്ദര്യ ഫുട്ബോൾ വക്താവായ വെങ്ങറുടെ ടീമിൽ വെർമ്മക്ക് ഒത്തിണങ്ങാൻ എളുപ്പത്തിൽ സാധിച്ചു. അയാക്സ് ഡിഎൻഎ തന്നെ കാരണം. ഫ്ലെക്സിബിൾ ആയ പോസിഷനിങ്ങും അറ്റാക്കിങ് ചെയ്യാനുള്ള മനസും അയാളെ വേറിട്ടു നിർത്തി. ഫുൾ ബാക്ക് ആക്രമണം നടത്തുമ്പോൾ കൗണ്ടർ വരികയാണ് എങ്കിൽ കൃത്യമായ കവർ നല്കാൻ പ്രത്യേക പാടവം അയാൾ കാണിച്ചു. പിന്നിൽ നിന്ന് ആക്രമണം തുടങ്ങി കൃത്യമായ ഫോർവേഡ് പാസുകൾ. അവസരം കിട്ടുമ്പോൾ ഒരു ബോക്സ് ടു ബോക്സ് കളിക്കാരനെ പോലെയുള്ള റണ്ണുകൾ. ഇതേ സമയം ലോക ഫുട്ബാളിന്റെ ഉന്നതികളിൽ ബെൽജിയത്തിന്റെ ഭാവി ഭദ്രമാണെന്ന് തോന്നിപ്പിച്ചുകൊണ്ട് നിരവധി കളിക്കാർ വന്ന് തുടങ്ങിയിരുന്നു. ആദ്യം കേട്ട മറ്റൊരു പേര് വിൻസെന്റ് കൊമ്പനിയുടേതായിരുന്നു. മേൽപറഞ്ഞ പ്രത്യേകതകൾ പക്ഷെ കൊമ്പനിക്ക് അന്യമായിരുന്നു. ആക്രമണത്തിൽ വേർമയ്‌ലൻ നൽകുന്ന ആക്കം നല്കാൻ കൊമ്പനിക്ക് കഴിയുമായിരുന്നില്ല. എമിറേറ്റ്സിലെ ആദ്യ വർഷം തന്നെ മികച്ചതാക്കി മാറ്റി, ഏഴ് ഗോളും നേടി. ഗാല്ലസ് ടീം വിട്ടതോടെ ഡിഫെൻസ് ലീഡ് ചെയ്യേണ്ടിയിരുന്ന വേർമയ്ക് തുടരെ പരിക്കുകൾ വില്ലനായി. കോസിയേൽനിക്കൊപ്പം ചേർന്ന് മെർട്ടസാക്കർ പതിയെ അദ്ദേഹത്തെ പകരക്കാരനാക്കി. ക്യാപ്റ്റൻ ആയിരുന്നെങ്കിലും വേർമയ്‌ലൻ ഒരു സ്‌ക്വാഡ് പ്ലേയർ ആയി പരിണമിച്ചു.

മാറ്റങ്ങൾ ഇങ്ങ് ബാഴ്സയിലും തുടങ്ങിയ സമയം. പ്രതാപകാലം കഴിഞ്ഞ ബാഴ്സ, ടാറ്റയെ മാറ്റി ലൂയിസ് എൻറികെയെ മാനേജർ ആയി നിയമിച്ചു. വർഷങ്ങളായി ബാഴ്‌സയെ അലട്ടിയിരുന്ന ഡിഫെൻസ്, ശക്തമാക്കേണ്ടത് അത്യാവശ്യം ആയിരുന്നു. ബാർട്ര മാത്രം ഉള്ള ബെഞ്ചിലേക് ജെറെമി മത്തിയൂ, വെർമയ്‌ലൻ എന്നിവരെ കൂടി എത്തിച്ചു. ഇഞ്ചുറി മാറാത്ത തോമസിൽ ബാഴ്സ കണ്ടത് ഒരു സ്‌ക്വാഡ് പ്ലയേറിനെ തന്നെയായിരുന്നു. ഒപ്പം ബാഴ്സ മെഡിക്കൽ ടീമിന് ഫുൾ ഫിട്നെസ് വീണ്ടെടുത്തു നല്കാൻ അത്ര പ്രയാസം ആകില്ല എന്നും കരുതി. നല്ല ഫിട്നെസ് കാത്തു സൂക്ഷിച്ചിരുന്ന പീക്കെ, മാഷെരാനോ എന്നിവരെ പിന്തള്ളി ഫസ്റ്റ് ചോയ്സ് ആകാൻ കഴിയുമെന്ന് ആരും തന്നെ കരുതിയതുമില്ല. ഇവർക്ക് വിശ്രമിക്കാൻ വേണ്ടി ഒരു നല്ല ബാക്കപ്പ് അത്ര മാത്രം. രണ്ടാം സീസണിൽ ഇരുപതോളം കളികൾ അദ്ദേഹത്തിന് ഇറങ്ങാൻ സാധിച്ചു. എന്നാൽ സാമുവേൽ ഉംറ്റിറ്റി ലിയോണിൽ നിന്ന് ബാഴ്സയിൽ എത്തിയത്, വെർമായിലനുള്ള മടക്ക ടിക്കറ്റ് പോലെ തോന്നിച്ചു. ആദ്യപടിയായി റോമായിലേക് ലോണിൽ പറഞ്ഞയച്ചു. കാര്യമായ അവസരങ്ങൾ അവിടെയും ലഭിച്ചില്ല.
എവിടെയാണ് വേർമയ്‌ലൻ വീണു പോയത് ? വിട്ടുമാറാത്ത പരിക്കുകൾ തന്നെ പ്രധാന കാരണം. എന്നാൽ അബൂ ഡിയാബി, ജാക്ക് വിൽഷെർ, കസോള പോലെ സ്ഥിരം ഇഞ്ചുറിക്ക് പേര് കേട്ട ആർസെനൽ ടീമിനും അതിൽ ചെറിയ പങ്കില്ലേ എന്ന് സംശയം ഉന്നയിക്കുന്നവരുണ്ട്. തിരക്കേറിയ പ്രീമിയർ ലീഗ് മത്സരങ്ങളും കാരണമായിരിക്കാം. ബെൽജിയം നല്ലൊരു ടീമിനെ വാർത്തെടുത്ത സമയം തന്നെ പരിക്കിലേക്ക് വീണ വെർമയുടെ നിർഭാഗ്യങ്ങളുടെ പട്ടിക തുടർന്നു കൊണ്ടിരുന്നു. ഇന്ന് വേർട്ടോങ്ങനെയും അൽഡർവെയ്‌റൽഡിനെയും മറികടന്ന് ബെൽജിയം ഡിഫെൻസ് ലീഡ് ചെയ്യാനുള്ള ബാല്യം അയാൾക്കുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ്, ഫിറ്റ് ആണെങ്കിൽ നൂറിൽ നൂറു മാർക്ക് പ്രകടനം അയാൾ നൽകിയിരിക്കും. ബാഴ്സയിൽ കളിച്ച ഒരു കളി പോലും അയാൾ നിരാശപെടുത്തിയില്ല, അത്ഭുതപ്പെടുത്തിയതെയുള്ളൂ.
ഗോൾ എന്നുറപ്പിച്ച പല അവസരങ്ങളും എവിടെ നിന്നോ പാഞ്ഞെത്തി ആക്രമണത്തിന്റെ മുനയൊടിക്കുന്ന വെർമ്മയെ ഈ സീസണിൽ പലപ്പോഴും കണ്ടു. അതൊക്കെ കൊണ്ട് തന്നെ സാമുവേൽ ഉംറ്റിറ്റിയുടെ അഭാവം അറിയുന്നതേയില്ല. അഞ്ച് കളികളിൽ ഒറ്റ പാസ് പോലും മിസ്‌പ്ലേസ് ചെയ്യാത്ത ഡിഫെൻഡർ എന്ന കണക്ക് ഉദ്ധരിക്കുമ്പോൾ മനസിലാക്കണം, ഈ മനുഷ്യന്റെ ടെക്‌നിക്, ആത്മാർത്ഥത, ഏകാഗ്രത ഒക്കെ ഇപ്പോഴും ആ പഴയ യുവ ബോൾ പ്ലേയിങ് സെൻസേഷന്റേത് തന്നെയാണ്. ഒരു പക്ഷേ ഉംറ്റിറ്റി കഴിഞ്ഞാൽ ഡിഫെൻസിൽ ഈ സീസൺ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത് വേർമയ്‌ലൻ തന്നെയാണ്. പികെ, മഷെരാനോ എന്നിവർ ചിലപ്പോഴെങ്കിലും അടിപതറുന്നതായി തോന്നിയിട്ടുണ്ട്. ”ഞാൻ ഗ്ലാസ് കൊണ്ട് നിർമിതമായതല്ല എന്ന് ഞാൻ തെളിയിച്ചു” വെർമയുടെ വാക്കുകൾ. അദ്ദേഹത്തെ സഹായിച്ച ബാഴ്സ മെഡിക്കൽ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കാതെ വയ്യ. സ്വപ്നങ്ങൾ ഒരുപാട് ഉണ്ടായിരുന്ന ഒരു കരിയർ ചിലപ്പോൾ വീണ്ടും പൂവണിഞ്ഞേക്കാം. ഒപ്പം പുതുമുഖം മിനക്ക് നല്ല ഒരു അധ്യാപകൻ ആകാൻ വെർമ്മക്ക് പറ്റും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ആരും വലിയ താല്പര്യം കാണിക്കാതിരുന്ന വേർമയ്‌ലൻ ഇന്ന് ഒരു ഫാൻ ഫേവറിറ്റ് ആണ്. അയാൾ ഉള്ള ഡിഫെൻസ് സേഫ് ആയിരിക്കും എന്ന് ഏവരും വിശ്വസിക്കുന്നു. മനഃസാന്നിധ്യം പലപ്പോഴും കൈവിടുന്ന പിക്കെയ്ക്കു പകരം വേർമയ്‌ലൻ വേണമെന്ന ആവശ്യം പോലും ഉയർന്നു കഴിഞ്ഞു. ഏതായാലും ഉംറ്റിറ്റി കൂടി തിരിച്ചു വന്നാൽ പീകേക് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല എന്നുറപ്പ്. ഒപ്പം ഇനി പരിക്കുകൾ കൊണ്ട് പരീക്ഷിക്കല്ലേ എന്നും പ്രാർത്ഥിക്കുന്നു.
©Penyadel Barca Kerala

  • SHARE :