The Magic Dwarf – ഇന്ദ്രജാലക്കാരനായ കുള്ളൻ
ഈ പേര് ഒരു പക്ഷെ നമ്മളിൽ പലർക്കും അപരിചിതമായിരിക്കാം. ഗോളുകളും കണക്കുകളും മാത്രം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്ന് വരുന്ന ഈ കാലഘട്ടത്തിൽ പ്രതിരോധ നിരക്കാരന്റെ പ്രകടനം കണ്ണിൽപ്പെടുന്നത് എങ്ങനെ ? പക്ഷെ ഫുടബോളിനെ സ്നേഹിക്കുന്ന ഫുട്ബോൾ താരങ്ങളെ സ്നേഹിക്കുന്നവർക്ക് അങ്ങനെയൊന്നും മറക്കാനാവാത്ത ഒരാളുടെ വിളിപ്പേരാണ് The magic dwarf. ആറടി പൊക്കവും അതിനൊത്ത ശരീരവുമുള്ളവരാണ് യഥാർത്ഥ ഡിഫൻഡർമാർ എന്ന വീക്ഷണത്തെ കീഴ്മേൽ മറിച്ച, ഒരു പ്രതിരോധ ഭടൻ ആയിരുന്നിട്ട് കൂടി ഒരിക്കൽ പോലും റെഡ് കാർഡ് വാങ്ങാത്ത, ഫുട്ബോളിലെ ഏറ്റവും മാന്യത പുലർത്തിയ, ലോകകപ്പും ചാമ്പ്യൻസ് ലീഗും അടക്കം ഒരു ഫുട്ബോളർ സ്വപ്നം കാണുന്ന കിരീടങ്ങൾ എല്ലാം സ്വന്തമാക്കിയ, എല്ലാത്തിനുമുപരി ഒരു പുഞ്ചിരിയോടെ എതിരാളികളെയെല്ലാം സുഹൃത്തുക്കൾ ആക്കിയ ഒരു പ്രതിഭയുടെ പേരാണ് കുള്ളനായ ഇന്ദ്രജാലക്കാരൻ അഥവാ ഫിലിപ് ലാം.
മുപ്പത്തിയാറ് വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു നവംബർ പതിനൊന്നിന് മ്യൂണിക്കിൽ ജനിച്ച ലാം, ബയേൺ മ്യുണിക്കിന്റെ പാഠശാലകളിൽ ആയിരുന്നു ഒരു തികഞ്ഞ പ്രതിരോധനിരക്കാരൻ ആയി മാറിയത്. സ്റ്റട്ട്ഗർട്ടിലെ രണ്ട് വർഷങ്ങൾ ഒഴിച്ചു നിർത്തിയാൽ കരിയർ അത്രയും ബയേണിന് വേണ്ടിയും ജർമൻ നാഷണൽ ടീമിന് വേണ്ടിയും മാത്രമായിരുന്നു. ഇരു ടീമുകളുടെയും ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ ആ കൈകൾ, ഒരിക്കലും അവരെ നിരാശപ്പെടുത്തിയില്ല. സ്വതവേ വലിയ വെല്ലുവിളികൾ നേരിടാത്ത ബുണ്ടസ്‌ലീഗയിൽ ലാമിന്റെ കാലത്തും കിരീടത്തിന് ക്ഷാമമുണ്ടായില്ല. പക്ഷെ ക്ലബ് ചരിത്രങ്ങളിൽ എന്നും അദ്ദേഹത്തെ ഓർക്കുക 2012-13 ലെ ചാമ്പ്യൻസ് ലീഗ് വിജയത്തിലൂടെ ആയിരിക്കും. 2013 മെയ് മാസം 25 ന് വെംബ്ലിയിലെ തണുത്ത രാവിൽ സ്വന്തം നാട്ടുകാരും ചിരവൈരികളുമായ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ പരാജിതരാക്കി ചാമ്പ്യൻസ് ലീഗ് കിരീടം മാറോടണക്കുമ്പോൾ കേവലം ഒരു വർഷം മുൻപ് പെനാൽറ്റിയിൽ ചെൽസിയോടേറ്റ പരാജയത്തിന് അയാൾ മറുപടി നൽകുകയായിരുന്നു. 2001 ന് ശേഷം ആദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗ് കിരീടം മ്യുണിക്കിലേക്ക് എത്തുന്നത് എന്ന് അറിയുമ്പോഴാണ് അയാളിലെ യഥാർത്ഥ ക്യാപ്റ്റനെ നമുക്ക് മനസ്സിലാകുന്നത്. അതിന് ശേഷം ഇന്നേ വരെ ബയേണിന് ആ സ്വപ്ന കിരീടത്തിൽ മുത്തമിടാനായിട്ടില്ല എന്നതും ഇതിനോട് ചേർത്ത് വായിക്കണം.
രാജ്യാന്തര മത്സരവേദികളിൽ എന്നും ഫേവറൈറ്റ് ആയിരുന്നു ജർമനി. ആധുനിക കാലത്തെ ഏറ്റവും പ്രബലരായ ടീമുകളിൽ ഒന്ന്. ഒരോ ടൂർണ്ണമെന്റിന്റെയും അവസാന ഘട്ടങ്ങളിലെ സ്ഥിരം സാന്നിധ്യം. പക്ഷെ അവസാന നിമിഷം കാലിടറുന്ന അവർ സ്ഥിരം പരിഹാസ പാത്രങ്ങളായിരുന്നു. ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയും ഫുട്ബോളിലെ ജർമനിയും ഒരുപോലെയാണ് എന്ന പല്ലവി നമ്മൾ എത്ര തവണ കേട്ടിരിക്കുന്നു. ? ഒടുവിൽ ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ ഫിലിപ് ലാം 2014 ൽ ലോകകിരീടം ഉയർത്തിയപ്പോൾ മുനയൊടിഞ്ഞത് ഒട്ടേറെ പരിഹാസങ്ങൾക്കുമായിരുന്നു. ഒലിവർ ഖാനും മിഷായേൽ ബാലാക്കിനും കഴിയാതെ പോയത് ഫിലിപ് ലാം എന്ന കുറിയ മനുഷ്യൻ നേടിയെടുത്തു. ആധുനിക ജർമനിയുടെ ആദ്യ ലോക കിരീടധാരണം കൂടിയാണ് ഇത് എന്നോർക്കുക.
പലപ്പോഴും നമ്മുടെ എതിർഭാഗത്താണ് അദ്ദേഹം എങ്കിലും എന്തോ ഒരു സ്നേഹം എന്നും അദ്ദേഹത്തോട് നമുക്ക് തോന്നിയിട്ടുണ്ട്. അത് ഒരു പക്ഷെ കളിക്കളത്തിൽ അദ്ദേഹം വച്ച് പുലർത്തുന്ന മാന്യത കൊണ്ടാവാം. അല്ലെങ്കിൽ സ്വതവേ അദ്ദേഹം കാണിക്കുന്ന ആ പുഞ്ചിരി കൊണ്ടാവാം. ഒരു പ്രതിരോധ താരം ആയിരുന്നിട്ട് കൂടി ഒരിക്കൽ പോലും ഒരു അതിരു കടന്ന ടാക്ലിങ് അദ്ദേഹം നടത്തിയിട്ടില്ല, ഒരിക്കൽ പോലും ചുവന്ന കാർഡ് അദ്ദേഹത്തിന് നേരെ ഉയർത്തി കാണിക്കേണ്ടി വന്നിട്ടില്ല. ഇന്നത്തെ കാലത്ത് ഇവയെല്ലാം അത്ഭുദമെന്നേ പറയാനാകൂ. ലോകകപ്പ് വിജയത്തോടെ അന്താരാഷ്ട്ര കളിക്കളത്തിൽ നിന്നും പിൻവാങ്ങിയ ലാം, പിന്നീട് ബയേൺ മ്യുണിക്കിനായി മാത്രം ശ്രദ്ധ നൽകി. മൂന്ന് വർഷങ്ങൾക്ക് ശേഷം ബയേണിന്റെ ചുവന്ന കുപ്പായവും അഴിച്ചു വെച്ച് അദ്ദേഹം സജീവ ഫുട്ബാളിൽ നിന്നും വിടവാങ്ങി. വിഖ്യാതനായ ആ കളിക്കാരൻ ബാക്കി വെച്ച് പോയത് ഒട്ടേറെ ഓർമ്മകളാണ്. നന്ദി ഫിലിപ്പ് ലാം.
മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന ഫിലിപ് ലാമിന് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
#RETARD
- tags :cokculesFCBLegendPenyadel Barca KeralaPhilip Lahm
- SHARE :