The true story of FC Barcelona
എഫ് സി ബാഴ്‌സലോണയുടെ ചരിത്രത്തെ പറ്റി ചില പ്രസ്താവനകൾ നടത്തി കൊണ്ടു മാഡ്രിഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പുറത്തു വിട്ട വീഡിയോ ആണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം. ലപോർട്ട ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലെ ചില പരാമർശങ്ങളാണ് മാഡ്രിഡിനെ ഇങ്ങനൊരു വീഡിയോ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ലപോർട്ടയുടെ പ്രസ്താവന റയൽ മാഡ്രിഡ് ഭരണകൂടത്തോട് ചേർന്നു നിന്ന ക്ലബ് ആയിരുന്നു എന്നതാണ്. മാഡ്രിഡിന്റെ ഈ വിഷയത്തിലെ നിലപാട് ബാഴ്‌സയും ഭരണകൂടത്തിന്റെ ക്ലബ് ആണ് എന്നതാണ് ആ പോസ്റ്റിൽ നിന്ന് കാണാൻ കഴിഞ്ഞത്. ഇതിൽ എത്രമാത്രം വസ്തുതയുണ്ടെന്ന് കൂടെ ഒന്ന് പരിശോധിക്കാം.
സ്പാനിഷ് ഏകാധിപതി ജനറൽ ഫ്രാൻകോയുടെ എറ്റവും വലിയ രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായിരുന്നു സ്പാനിഷ് ഭാഷയുടെ അടിച്ചേല്പിക്കൽ. ഇന്ത്യയിൽ ഏതെങ്കിലും ഒരു ഭാഷ മറ്റുള്ള ഭാഷ സംസാരിക്കുന്നവർക്ക് മേൽ അവരുടെ തനത് ഭാഷ തടഞ്ഞു കൊണ്ടു വെച്ചുകെട്ടാൻ ശ്രമിക്കുന്നു എന്ന് സങ്കല്പിക്കുക. ഇതിലൂടെ യഥാർത്ഥത്തിൽ കടന്നു പോയ സമൂഹങ്ങളെ സ്പെയിനിൽ നമുക്ക് കാണാനാവും. ബാർസ മാത്രമല്ല, ബാസ്ക്ക് ദേശീയത ഉയർത്തി പിടിച്ചു ഇന്നും നിരന്തരസമരങ്ങളിൽ ഏർപ്പെടുന്ന ബിൽബാവോ ആരാധകരും അത്ലറ്റിക് ബിൽബാവോയും സ്പാനിഷ് അടിച്ചേല്പിക്കലിന്റെ ഇരകളായിരുന്നു. സ്പാനിഷ് ദേശീയ ഗാനത്തേയും സർക്കാർ പ്രതിനിധികളെയും പല ആവർത്തി കൂവി പ്രതിഷേധിച്ച സ്റ്റേഡിയങ്ങളാണ് ഈ ക്ലബ്ബുകളുടേത്.
മാഡ്രിഡ് പോസ്റ്റ് ചെയ്ത വീഡിയോയിലെ ആദ്യ ആരോപണമായിരുന്നു “ക്യാമ്പ് നൗ ഉത്ഘാടനം”.
ക്യാമ്പ് നൗ എന്ന പേര് ബാഴ്സയുടെ ഗ്രൗണ്ടിന് കിട്ടിയതിനു പിന്നിലുള്ള കഥ കൂടി നമുക്ക് പരിശോധിക്കാം. ഫ്രാൻകോ ഭരണകൂടത്തിന്റെ കീഴിൽ ബോർഡ് തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ട കാലത്ത് ക്ലബ്ബുകളുടെ പ്രസിഡന്റുകളെ നിയമിക്കുക ഭരണകൂടം ആയിരുന്നു. അങ്ങനെ ആ സ്ഥാനത്തു നിയമിക്കപ്പെട്ട ബോർഡ് അംഗങ്ങൾ തിരഞ്ഞെടുത്ത മിരോ സാൻസ്ന്റെ നേതൃത്വത്തിൽ, ബാഴ്സലോണ തങ്ങളുടെ സ്റ്റേഡിയത്തിന് മുന്നോട്ട് വെച്ച പേരുകളിൽ ഒന്ന് ക്ലബ്ബിന്റെ സ്ഥാപകനായ ജോൺ ഗാമ്പർന്റെ പേരായിരുന്നു. എന്നാൽ കാറ്റാലൻ ദേശീയത സംഘങ്ങളുമായി ഗാമ്പർ സൂക്ഷിച്ചിരുന്ന അടുത്ത ബന്ധങ്ങൾ കാരണം ആ പേര് അധികൃതർ അംഗീകരിച്ചില്ല. (ഫ്രാങ്കോയുടെ കാലത്ത് കാറ്റാലൻ ഭാഷക്ക് ഉണ്ടായിരുന്നത് പോലെ കാറ്റാലൻ പേരുകൾക്ക് നിരോധനം നിലനിന്നിരുന്നു. ക്രയ്ഫ് തന്റെ ഡച്ചുകാരനായ മകന് കറ്റാലൻ വിശുദ്ധനായ “ജോർഡി”യുടെ നാമമാണ് നൽകിയത്. ഹോളണ്ടിൽ രജിസ്റ്റർ ചെയ്ത ആ പേര് ബാർസയിലെ അധികൃതർ പക്ഷെ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു! (ക്രൈഫിന്റെ ആത്മകഥയിൽ ഈ സംഭവം അദ്ദേഹം വിവരിച്ചിട്ടുണ്ട്.)
ക്യാമ്പ് നൗ ഉത്‌ഘാടനം സ്പെയിനിലെ മറ്റേത് പരിപാടികളും പോലെ ഭരണകൂടപ്രതിനിധികളുടെ സാന്നിധ്യത്തിൽ തന്നെ സ്പാനിഷ് പാതകയുടെ അകമ്പടിയോടെ നടന്നു.
ഫ്രാൻകോയ്ക്ക് റയൽ മാഡ്രിഡ് പോലെ തന്നെ എല്ലാ ക്ലബ്ബുകളും സ്പാനിഷ് ദേശീയതക്ക് കീഴിൽ കൊണ്ടു വരണമായിരുന്നു. അതിനെ എതിർത്ത ക്ലബ്ബുകളെ തകർത്ത് കളയുക എന്നതല്ല, അവരെ തന്റെ കീഴിൽ കൊണ്ടു വരിക എന്നത് മാത്രമായിരുന്നു അയാളുടെ ഉദ്ദേശം. അതിന് വേണ്ടി എല്ലാ സംവിധാനങ്ങളും പ്രവർത്തിച്ചു. തന്നെയും തന്റെ ആശയങ്ങളെയും അംഗീകരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത്തരത്തിലാണ് 1946-53 കാലഘട്ടത്തിൽ ക്ലബ്ബുകളുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ എല്ലാം റദ്ദാക്കപ്പെട്ടത്. ഫ്രാൻകോ ഭരണകൂടം നേരിട്ട് തിരഞ്ഞെടുക്കുന്ന ദേശീയവാദികൾ ആയിരുന്നു അക്കാലത്തു എല്ലാ ക്ലബ്ബുകളുടെയും ബോർഡ് മെമ്പർമാരും പ്രസിഡന്റും. ഇത്തരത്തിൽ ക്ലബ്ബിൽ എത്തിയ ബോർഡ് അംഗങ്ങളും പ്രസിഡന്റ്റുകളുമൊക്കെ ഫാഷിസ്റ്റ് പാർട്ടി അംഗങ്ങളും ഫാഷിസ്റ് സൈന്യത്തിലെ അംഗങ്ങളും ഫാഷിസ്റ്റ് പാർട്ടിയുടെ ഫണ്ടർമാരായ സ്പാനിഷ് ബിസിനസുകാരുമൊക്കെ ആയിരുന്നു. അവരിൽ നിന്ന് ഫ്രാൻകോക്ക് “നൽകിയെന്ന്” ആരോപിക്കപ്പെടുന്ന മെഡലുകൾ 2019ൽ ബാഴ്സയുടെ ബോർഡ് മെമ്പർമാർ ഔദ്യോഗികമായി പിൻവലിച്ചു.
പിൻവലിക്കാൻ ഇത്രയും കാലം എടുത്തത് മറ്റൊന്നും കൊണ്ടല്ല; ഫ്രാൻകോയ്ക്ക് നൽകിയെന്ന് ആരോപിക്കപ്പെടുന്ന ഈ മെഡലുകൾ ഒന്നും തന്നെ ക്ലബ്ബിന്റെ യാതൊരു രേഖയിലും കണ്ടെത്താൻ ബാഴ്സക്ക് കഴിഞ്ഞില്ല. കൊടുക്കാത്ത മെഡലുകൾ തിരിച്ചെടുക്കാനും ആവില്ലല്ലോ. ഒരു ഫോട്ടോ ആയിരുന്നു ഈ വാർത്തകൾക്ക് അടിസ്ഥാനം. എന്നാലും ഫാഷിസ്റ്റ് ഏകാധിപതിയുമായി ഒരുതരത്തിലും ബന്ധപ്പെടാൻ ആഗ്രഹിക്കാത്ത ക്ലബ്ബിന്റെ ബോർഡ് അംഗങ്ങൾ ഒരു മീറ്റിംഗിൽ ക്ലബ്ബിനെ ഇങ്ങനൊരു ആരോപണത്തിൽ നിന്ന് മാറ്റി നിർത്താൻ ആ മെഡലുകൾ ക്ലബ് “പിൻവലിക്കുന്നതായി” പ്രഖ്യാപിച്ചു.
പലതവണ ബാഴ്‌സയെ ഫ്രാൻകോ നേരിട്ട് കടക്കെണിയിൽ നിന്ന് രക്ഷിച്ചു എന്നതാണ് മാഡ്രിഡിന്റെ മറ്റൊരു ആരോപണം. മുന്നേ പറഞ്ഞത് പോലെ തന്നെ ഒരു ക്ലബ്ബിനെയും തകർക്കുക എന്നതായിരുന്നില്ല അയാളുടെ ലക്ഷ്യം. തന്റെ വരുതിയിൽ ആക്കുക എന്നതായിരുന്നു. ഒരു സംഘടനയെ തന്റെ ചട്ടത്തിൽ നിർത്താൻ കടക്കെണിയുണ്ടാക്കാനും അതിൽ നിന്ന് “രക്ഷിക്കാനു”മൊക്കെ ഒരു ഏകാധിപഥിക്ക് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മാഡ്രിഡ് തന്നെ വ്യക്തമാക്കേണ്ടതാണ്.
ഒരു ഫാഷിസ്റ്റ് ഏകാധിപതിയുടെ കീഴിൽ എങ്ങനെയാണു ഫാഷിസ്റ്റ് ആചാരങ്ങൾ അടിച്ചേല്പിക്കപ്പെടുന്നതെന്നും നാസി സല്യൂട്ടും ഫാഷിസ്റ്റ് സല്യൂട്ടുമൊക്കെ എങ്ങനെയാണ് നടത്തിയിരുന്നതെന്നും ചരിത്രം അറിയാവുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന കാര്യമാണ്. ബാഴ്സയുടെയും ബാഴ്‌സയെ പോലെ ഫാഷിസ്റ്റുകളെ എതിർത്ത ബിൽബാവോയുടെയും ടീമുകൾ ഒരു മത്സരത്തിന് മുൻപ് നിരന്നു നിന്ന് ഫാഷിസ്റ്റ് സല്യൂട് അടിക്കുന്ന ചിത്രം പകുതി മുറിച്ചാണ് മാഡ്രിഡ് പോസ്റ്റ് ചെയ്തത്. ഇതിൽ നിന്ന് തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിനു ഇത്രയും വിശ്വാസ്യതയെ അവർ തന്നെ നൽകുന്നുള്ളു എന്നത് നമുക്ക് കാണാം.
വീഡിയോ അവസാനിക്കുന്ന രംഗം പോലെ അങ്ങേയറ്റം വൈരുധ്യമാണ് അവരുടെ ഇക്കാര്യത്തിലെ നിലപാട്. സാന്റിയാഗോ ബെർണബ്യു എന്ന ഫ്രാൻകോയുടെ ഫാഷിസ്റ്റ് പടയിലെ മുൻ ക്യാപ്റ്റൻ പറയുകയാണ് “റയൽ മാഡ്രിഡ് ഭരണവർഗ്ഗത്തിൻറെ ടീം ആണെന്ന് പറയുന്നവരുടെ പിതാവിനെ പഴിക്കണം” എന്ന്. സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന അന്റോണിയോ ഓർട്ടെഗ എന്ന മാഡ്രിഡ് ക്ലബ് പ്രസിഡന്റ്നെ പിടി കൂടി വധിച്ച ശേഷം ഫ്രാങ്കോ തന്നെ മാഡ്രിഡിന്റെ ക്ലബ് പ്രസിഡന്റ് ആയി അവരോധിച്ച സാന്റിയാഗോ ബെർണബ്യു ആണ് ഈ മുതലക്കണ്ണീർ ഒഴുക്കുന്നത്. ആ ഫാഷിസ്റ്റിന്റെ പേരിലാണ് ഇന്നും മാഡ്രിഡിന്റെ സ്റ്റേഡിയം അറിയപ്പെടുന്നത്. ജർമനിയിലെ ഏതെങ്കിലും ഒരു ക്ലബ്ബിന്റെ സ്റ്റേഡിയം ഒരു നാസി പട്ടാളക്കാരന്റെയോ അനുകൂലിയുടെയോ പേരിൽ അറിയപ്പെടുന്നത് സങ്കൽപിക്കാൻ പോലും കഴിയുമോ. അയാൾ ഫുട്ബോളർ ആയിരുന്നാലും മാനേജർ ആയിരുന്നാലും പ്രസിഡന്റ് ആയിരുന്നാലും തങ്ങൾക്ക് നാസിസത്തോട് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞു ആ പേര് തങ്ങളുടെ ചരിത്രത്തിൽ നിന്ന് പോലും അവർ മാറ്റി നിർത്തും.
ലപോർട്ട പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുമ്പോഴും മാഡ്രിഡിന് ഫ്രാങ്കോയുടെ ഭരണകൂടത്തോട് അനുകമ്പയൊന്നുമില്ല എന്ന് മാഡ്രിഡിന് പറയാൻ കഴിയുന്നില്ല എന്നത് സ്വാഭാവികമാണ്. തങ്ങളുടെ സ്റ്റേഡിയത്തിന് നൽകിയ ഫാഷിസ്റ്റിന്റെ പേരടക്കം ഗർഭസ്ഥശിശുവിന്റെ പൊക്കിൾകൊടി ബന്ധം പോലെ ഇപ്പോഴും അവർ ആ ബന്ധം മുറിച്ചു മാറ്റാതെ സൂക്ഷിക്കുന്നുണ്ട്. ഫ്രാൻകോയുടെ പ്രേതത്തെ വരെ പേടിക്കുന്ന, ബഹുമാനിക്കുന്ന മാഡ്രിഡും ജീവിച്ചിരുന്ന കാലത്തും ചത്തു പോയ ശേഷവും അയാളെ തുറന്നു എതിർത്ത, അയാളുടെ പേര് പോലും ഒരു കളങ്കമായി കരുതുന്ന ബാഴ്സയും ഒരു പോലെയാണെന്ന് സ്ഥാപിക്കാൻ മാഡ്രിഡ് കിണഞ്ഞു ശ്രമിക്കുന്നതിൽ സഹതാപമുണ്ട്. തങ്ങളെ പോലെ ബാഴ്സയും ഫ്രാൻകോയുടെ വാലാട്ടികൾ ആണെന്ന് സ്ഥാപിച്ചാൽ തങ്ങൾ ജയിച്ചു എന്നാണ് അവർ കരുതുന്നത്. ഫ്രാൻകോയുടെ പ്രേതത്തെ പേടിച്ചു ജീവിക്കുമ്പോഴും, മാഡ്രിഡിനെ പോലെ ലോകമെമ്പാടും ആരാധകപിന്തുണയുള്ള ഒരു ക്ലബ് അവരവരോടെങ്കിലും അല്പം സത്യസന്ധത കാണിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു.