മെസ്സിയുടെ സ്യൂട്ട് കേസ്
2003 ലെ ശനിയാഴ്ചകളിലെ പ്രഭാതങ്ങളിൽ കാറ്റലോണിയയിലെ TV3 എന്ന ചാനൽ ബാഴ്‌സ യൂത്ത് ടീമുകളുടെ കളി തത്സമയം സംപ്രേക്ഷണം ചെയ്യുമായിരുന്നു. ആ സമയങ്ങളിൽ സ്‌പെയിനിലെ അർജന്റീനിയൻ കുടിയേറ്റക്കാരുടെ ചർച്ചകൾക്കിടയിൽ സ്ഥിരമായി ഉയർന്നു വന്നിരുന്ന രണ്ട് ചോദ്യങ്ങൾ ഉണ്ട്. ഒന്ന് കണ്ടെൻസ് മിൽക്ക് ഏറെ നേരം ചൂടാക്കി നിർമിക്കുന്ന ഒരു ലാറ്റിൻ അമേരിക്കൻ വിഭവം ആയ “ഡൂൾസ് ഡി ലെച്ചെ ” എങ്ങനെ ഉണ്ടാക്കാം എന്നും, രണ്ട് റൊസാരിയോയിൽ നിന്നും വന്ന, സ്ഥിരമായി ഗോളുകൾ അടിച്ചുകൂട്ടുന്ന പതിനഞ്ചു വയസ്സുകാരൻ പയ്യൻ എപ്പോൾ ഗോൾ നേടുമെന്നും. 2003 – 2004 സീസണിൽ മെസ്സി മുപ്പത്തിയേഴു മത്സരങ്ങൾ കളിക്കുകയും മുപ്പത്തിയഞ്ചു ഗോളുകൾ നേടുകയും ചെയ്തിരുന്നു. അക്കാലങ്ങളിൽ TV3 ചാനലിന്റെ ശനിയാഴ്ച രാവിലത്തെ പ്രേക്ഷകർ രാത്രിയെക്കാൾ ഏറെ കൂടുതൽ ആയിരുന്നു. അതിനോടകം തന്നെ സലൂണുകളിലെയും, ബാറുകളിലെയും എന്തിന് കാമ്പ് ന്യുവിലെ സ്റ്റാൻഡുകളിൽ വരെയും ആളുകൾ ആ കുട്ടിയെ പറ്റി സംസാരിച്ചിരുന്നു.
എന്നാൽ ഒന്നും സംസാരിക്കാതിരുന്നത് അവൻ മാത്രമായിരുന്നു.കളിക്ക് ശേഷമുള്ള ഇന്റർവ്യൂകളിൽ പലപ്പോഴും “അതെ, അല്ല, നന്ദി ” എന്ന് മാത്രം പറയുകയും ശേഷം തല താഴ്ത്തി നിൽക്കുകയും ചെയ്തിരുന്നു. ഞങ്ങളെ പോലെയുള്ള അർജന്റീന കുടിയേറ്റക്കാർക്ക് കുറച്ചുകൂടി സംസാരിക്കുന്ന, രസിപ്പിക്കുന്ന ആളുകളെയാണ് ഇഷ്ടം. പക്ഷെ ഇവിടെ മറ്റൊരു നല്ല കാര്യമുണ്ട്, അവൻ സംസാരിച്ചു വരുമ്പോൾ ഭാഷയിലെ തനത് അർജന്റീന രീതികൾ മറന്നില്ല. ഞങ്ങൾക്ക് അത് വലിയ ഒരു ആശ്വാസമായിരുന്നു. അവനും ഞങ്ങളെ പോലെ സ്യൂട്ട് കേസ് തുറന്ന് വെക്കുന്നവനാണ്. ഞങ്ങൾക്കിടയിൽ രണ്ട് തരത്തിലുള്ള കുടിയേറ്റക്കാർ ഉണ്ടായിരുന്നു. സ്പെയിനിൽ എത്തിയാൽ ഉടനെ തന്നെ തങ്ങളുടെ സ്യൂട്ട് കേസ് അലമാരിയിൽ എടുത്തുവച്ച് ഇത്രയും കാലം ഉണ്ടായിരുന്ന അർജന്റീന വേരുകൾ മറച്ചുവച്ചു സ്പെയിനിന്റെ സംസ്‌കാരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു കൂട്ടരും, തങ്ങളുടെ സ്യൂട്ട് കേസുകൾ അലക്ഷ്യമായി തുറന്നു വച്ച്, വാക്കിലും പ്രവൃത്തിയിലും അർജന്റീന സംസ്കാരം നിലനിർത്തുന്ന ഞങ്ങളെ പോലുള്ള മറ്റൊരു കൂട്ടരും.
സമയം കൊഴിഞ്ഞു പോയി. മെസ്സി ബാഴ്‌സയിലെ അനിഷേധ്യനായ നേതാവായി. അവരുടെ പത്താം നമ്പർ ആയി. ലീഗ് കിരീടങ്ങൾ, സൂപ്പർ കപ്പുകൾ, ചാമ്പ്യൻസ് ലീഗുകൾ എല്ലാം അവൻ നേടി. അപ്പോഴും അവനും ഞങ്ങൾക്കും അറിയാമായിരുന്നു, ഞങ്ങളുടെ ശൈലി നിലനിർത്തുന്നത് ഏറെ ശ്രമകരമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ശൈലിയിൽ നിന്നും വ്യത്യസ്തമായ സ്പാനിഷ് ശൈലി പിന്തുടരുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ മെസ്സിയിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അവനായിരുന്നു ആ യുദ്ധത്തിൽ ഞങ്ങളുടെ നായകൻ. അധികം സംസാരിക്കാത്ത അവനായിരുന്നു ഞങ്ങളുടെ ഭാഷയുടെ ചൈതന്യം സൂക്ഷിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഞങ്ങൾ ലോകത്തെ ഏറ്റവും മികച്ചവനായ അവന്റെ കളി ആസ്വദിക്കുക മാത്രമായിരുന്നില്ല, ഒപ്പം അവൻ സംസാരത്തിൽ സ്പാനിഷ് രീതികൾ കൊണ്ട് വരുന്നുണ്ടോ എന്ന് നോക്കുന്നതും ഞങ്ങളുടെ ചുമതലയായിരുന്നു. ഗോളുകൾ മാത്രമല്ല, ലോക്കർ റൂമിൽ അവൻ ലാറ്റിൻ അമേരിക്കൻ പാനീയങ്ങളായ ടെർമോയും മാറ്റെയും കൊണ്ട് വരുന്നതും ഞങ്ങൾ ആഘോഷമാക്കി. അവന്റെ വളർച്ചയെല്ലാം പെട്ടന്നായിരുന്നു, പൊടുന്നനെ തന്നെ അവൻ ബാഴ്‌സലോണയിലെ ഏറ്റവും പ്രശസ്തനായി. പക്ഷെ അപ്പോഴും അവൻ ഞങ്ങളെ പോലെ തന്നെ മറ്റൊരു രാജ്യത്തെ അർജന്റീന പൗരൻ തന്നെയായിരുന്നു.
ഓരോ യൂറോപ്യൻ കിരീടങ്ങളുടെ ആഘോഷത്തിലും കൊണ്ട് വന്നിരുന്ന അർജന്റീനയുടെ കൊടി, ക്ലബ് നിരസിച്ചിട്ടും 2008 ഒളിമ്പിക്‌സിനായി പോയതും സ്വർണം നേടിയതും, ജനുവരി ആദ്യവാരത്തിൽ കാമ്പ് ന്യുവിൽ കളി ഉണ്ടെങ്കിലും എല്ലാ ക്രിസ്തുമസും അങ് അകലെ റോമാസാരിയോയിൽ ആഘോഷിക്കാൻ പോയതും അങ്ങനെ അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ഹൃദയം ഉണ്ടായിരുന്നു. അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും രണ്ടായിരങ്ങളിൽ സ്പെയിനിൽ എത്തിയവർക്ക് നേരെയുള്ള ഒരു കണ്ണിറുക്കൽ ഉണ്ടായിരുന്നു. ഞങ്ങളെ പോലെ ജന്മനാട്ടിൽ നിന്നും ഏറെ അകലെ താമസിക്കുന്നവർക്ക് അവൻ നൽകിയ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരു പക്ഷെ വിരസമായി പോയേക്കാവുന്ന ഒരു സമൂഹത്തെ, ജീവിതത്തിൽ ഒരു ലക്ഷ്യബോധം കൈവരിക്കാൻ പ്രാപ്തരാക്കിയത് അവനാണ്. ഞങ്ങളെ ഏകാഗ്രത നഷ്ടമാകാതിരിക്കാൻ അവനാണ് സഹായിച്ചത്. വളരെ ശാന്തവും സ്വാഭാവികവുമായ രീതിയിൽ മെസ്സി ഞങ്ങളെ സന്തോഷിപ്പിച്ചു. പക്ഷെ അപ്പോൾ അർജന്റീനയിൽ നിന്നും ഉയർന്നു വന്ന വിമർശനങ്ങൾ ഞങ്ങൾക്ക് മനസ്സിലായില്ല.
” വെറും കൂലിപ്പണിക്കാരൻ ”
നീണ്ട പതിനഞ്ചു വർഷകാലം നാട്ടിൽ നിന്നും മാറി നിന്ന എനിക്ക്, നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നവരിൽ നിന്നും ഈ വാചകങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന മനോവിഷമം എത്രമേൽ ഉണ്ടാകുമെന്നു നന്നായി അറിയാം. സ്വന്തം മകനായ തിയാഗോ മെസ്സി ഒരിക്കൽ ചോദിച്ച ” എന്തിനാണ് അച്ഛാ നിങ്ങളെ അർജന്റീനയിൽ കൊല്ലുന്നതെന്ന” ചോദ്യം ഹൃദയഭേദകമാണ്. ഒരു മകൻ തന്റെ അച്ഛനോട് ഈ ചോദ്യം ചോദിക്കുമ്പോൾ എന്റെ ഹൃദയം നിലച്ചു പോകും. ഏതൊരു സാധാരണ അച്ഛനും ആ നിമിഷം വികാരങ്ങൾക്ക് അടിമയായിപ്പോകും. അത് കൊണ്ട് തന്നെ 2016 ൽ മെസ്സി ദേശീയ ടീമിൽ നിന്നും വിരമിച്ചപ്പോൾ ഞങ്ങൾ കുടിയേറ്റക്കാർക്ക് ഏറെ ആശ്വാസമായിരുന്നു. ഇനി ഞങ്ങൾക്ക് മെസ്സി കഷ്ടത അനുഭവിക്കുന്നത് കാണാൻ സാധിക്കില്ലായിരുന്നു. കാരണം അവൻ എത്ര മാത്രം ആ രാജ്യത്തെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. സ്വന്തം രാജ്യവുമായുള്ള പൊക്കിൾക്കൊടി മുറിക്കാതിരിക്കാൻ പരമാവധി ശ്രമിച്ച അവൻ എത്ര മാത്രം തകർന്നിട്ടുണ്ടാകും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അന്ന് വിരമിച്ചപ്പോൾ, പെട്ടന്ന് മെസ്സി തന്റെ കൈകൾ ഒരു കനലിൽ നിന്നും പെട്ടന്ന് പിൻവലിച്ചത് പോലെ ആയിരുന്നു. മെസ്സി മാത്രമായിരുന്നില്ല, ഞങ്ങളും ആ അഗ്നിയിൽ എരിയുകയായിരുന്നു.
എനിക്ക് തോന്നുന്നത് ആ സമയത്താണ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ ഒരു കാര്യം സംഭവിക്കുന്നത്. 2016 ഒരു വൈകുന്നേരം മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചപ്പോൾ ഒരു പതിനഞ്ചുവയസ്സുകാരൻ പയ്യൻ ഫേസ്ബുക്കിൽ മെസ്സിക്ക് ഒരു കത്തെഴുതി. അതിന്റെ അന്ത്യം ഇങ്ങനെ ആയിരുന്നു ” താങ്കൾ ഇനിയും തുടരാൻ തീരുമാനിക്കുക, പക്ഷെ ആ തുടർച്ച ഇനിയങ്ങോട്ട് ആസ്വദിക്കാൻ ആണ്. വിമർശകർ നിങ്ങൾക്ക് നിഷേധിച്ച ആ ആസ്വാദനം ഇനി നിങ്ങൾ നേടണം. ” ഏഴ് വർഷങ്ങൾക്കിപ്പുറം അന്ന് കത്തെഴുതിയ എൻസോ ഫെർണാണ്ടസ് എന്ന പയ്യൻ, ഈ ലോകകപ്പിലെ മെസ്സിയുടെ കപ്പ് നേടിയ പോരാളികളിൽ ഒരാളായിരുന്നു. മെസ്സിയുടെ തിരിച്ചു വരവ്, മെസ്സിയ്ക്കായി കത്തെയഴുതിയ ഒട്ടനേകം കുട്ടികൾക്ക് ജീവിതത്തിൽ ലക്ഷ്യം ഒരിക്കലും ഉപേക്ഷിക്കാനുള്ളതല്ല എന്ന പാഠമായിരുന്നു.
മെസ്സി തിരിച്ചു വന്നു എല്ലാം നേടി. വിമർശകരുടെ വായടച്ചു. പക്ഷെ ചിലരെങ്കിലും അദ്ദേഹം മൈക്കിന് മുൻപിൽ ക്ഷുബ്ധനായതിനെ പറ്റി പരാതി പറഞ്ഞു. പ്രത്യേകിച്ച് നെതർലാൻഡുമായുള്ള മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞ ” Qué mirá’, bobo, andá payá’ എന്ന വാക്കുകൾ. എന്നാൽ പതിനഞ്ചു വർഷക്കാലം അവനെ ശ്രദ്ധിച്ചിരുന്ന ഞങ്ങൾക്ക് അത് പൂർണ്ണ സംതൃപ്തിയാണ് നൽകിയത്. കാരണം വികാരത്തള്ളിച്ചയിലും അവൻ പറഞ്ഞ വാക്കുകളിൽ അവന്റെ ജന്മനാടിന്റെ സംശുദ്ധി ഉണ്ടായിരുന്നു. അതിൽ കലർപ്പ് ഉണ്ടായിരുന്നില്ല. വീടുകളിൽ നിന്നും പിരിഞ്ഞു നിൽക്കുന്ന ഞങ്ങളെ ഇക്കാലമത്രയും സന്തോഷവാനാക്കിയ അവൻ തന്നെയാണ് ഇത് എന്ന് ഞങ്ങൾക്ക് ഉറപ്പായി.
ഇപ്പോൾ ഞങ്ങളിൽ പലരും ജന്മനാട്ടിൽ തിരിച്ചെത്തി. പലരും ഇപ്പോഴും വിദേശത്തു തുടരുന്നു. മെസ്സി തന്റെ തുറന്നു വെച്ച സ്യൂട്ട് കേസിൽ ലോകകപ്പുമായി ജന്മനാട്ടിൽ തിരിച്ചെത്തിയത് കണ്ട് ഞങ്ങളെല്ലാം ഏറെ സന്തോഷവാന്മാരാണ്. ഒരുപക്ഷെ പതിനഞ്ചു വയസുകാരൻ ലയണൽ മെസ്സി തന്റെ സ്യൂട്ട് കേസ് അലമാരക്കുള്ളിൽ വച്ച് പൂട്ടിയിരുന്നെങ്കിൽ ഈ മനോഹരമായ കഥ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. തന്റെ ജന്മനാടിന്റെ വേരുകൾ അവൻ ഉപേക്ഷിച്ചിരുന്നെങ്കിൽ ഈ കഥ ഉണ്ടാകുമായിരുന്നില്ല. പക്ഷെ അവൻ ഒരിക്കലും ജന്മനാടിനെ മറന്നില്ല.
ആകെ മാറിയത് അവൻ ഇത്തവണ തന്റെ സ്യൂട്ട് കേസിൽ കൊണ്ട് വന്ന സാധനമാണ്.