തത്ത്വമസി ! ജന്മദിനാശംസകൾ ലിയോണൽ മെസ്സി
യുഗാന്ത്
ഒരു യുഗത്തിനാണ് അന്ത്യം കുറിക്കുന്നത്. അതിനെ മെസ്സിയുടെ കരിയർ എന്നോ, ഒരു പോരാളിയുടെ കഥയെന്നോ, ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടമെന്നോ വിളിക്കാം. നിങ്ങളുടെ ഇഷ്ടം. എന്നായിരുന്നു ഈ ജിന്ന് മനസിലേക്ക് കയറിയത്? ഓർമയില്ല. പത്രത്താളുകളുടെ കായിക വാർത്തകൾക്കിടയിലെ തലക്കെട്ടുകളിലായിരിക്കാം ഒരുപക്ഷെ ആദ്യം കണ്ടിട്ടുണ്ടാവുക. അന്ന് തന്നെയായിരിക്കും നമ്മളിൽ പലരിലെയും ഫുട്ബാൾ ആരാധകനും ജനിച്ചിട്ടുണ്ടാവുക. ഉയരം കുറഞ്ഞു, നീളൻ മുടിയുമായി ഒരു പയ്യൻ എതിരാളികളെ നിഷ്പ്രഭരാക്കി ഗോൾ വലകളെ തുളക്കുമ്പോൾ ജനിച്ചത് നമ്മളിലെ ഫുട്ബാൾ ഭ്രമം മാത്രമായിരുന്നില്ല. ഒരാളോടുള്ള അത്യധികം ഗാഡമായ ആരാധനയും കൂടിയായിരുന്നു. പിന്നീട് അയാൾ നേടിയ ഗോളുകളും, വിജയങ്ങളും, കിരീടംങ്ങളും നേട്ടങ്ങളും എല്ലാം തന്നെ നമ്മുടേത് കൂടിയായി മാറുകയായിരുന്നു. അയാൾ നമ്മുടെ ജീവന്റെ ഭാഗമാവുകയായിരുന്നു.
ഒരു ദശാബ്ദത്തിൽ അധികം ഒരാളെ കൃത്യമായി ഫോളോ ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. പക്ഷെ മെസ്സിയുടെ കൂടെ നടക്കുന്നതിൽപ്പരം സന്തോഷം ഈ കാലയളവിൽ ഉണ്ടായിട്ടുണ്ടോ എന്ന് എന്ന് അറിയില്ല. ഇക്കാലമത്രയും വിജയങ്ങളിൽ ആഹ്ലാദിക്കാനും ആർമാദിക്കാനും തോൽവികളിൽ നോവാനും ഉള്ളത് എല്ലാം അയാൾ തന്നിട്ടുണ്ട്. ഓരോ മത്സരങ്ങളിലും എന്തെങ്കിലും ഒരു മാന്ത്രിക സ്പർശം അയാൾ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. തന്റെ സമ്മാനപ്പൊതി തിരയുന്ന പോലെ നമ്മളെല്ലാം ആ സമ്മാനങ്ങൾക്കായി കളി മുഴുവൻ കൺപാർത്തു ഇരുന്നിട്ടുണ്ട്. അവ കിട്ടിക്കഴിയുമ്പോൾ നമ്മൾ ഉണ്ടാകുന്ന ഒരു കോരിതരിപ്പ് ഉണ്ട്. അവയെ ഏത് വാക്കിൽ വിവരിക്കണം എന്ന് എനിക്ക് അറിയില്ല. പക്ഷെ സമ്മാനപ്പൊതി കിട്ടിയ കൊച്ചു കുഞ്ഞിന്റെ മനസ്സിൽ എന്ത് വികാരമാണോ തോന്നുന്നത്, അത് നമുക്കും തോന്നിയിരുന്നു. അയാൾ നമുക്ക് നൽകിയ സമ്മാനപ്പൊതികൾ ആയിരുന്നില്ലേ അയാൾ അനശ്വരമാക്കിയ നിമിഷങ്ങൾ.?
എന്നാൽ അയാൾ കുടിച്ച അത്രയും കൈപ്പുനീർ ഫുട്ബാളിൽ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ എന്നും തോന്നുന്നില്ല. ലോകത്തെ മികച്ചവൻ ആയിരിക്കുമ്പോൾ തന്നെ ഏറ്റവും ക്രൂശിക്കപ്പെട്ടവനും അവൻ തന്നെ. രാജ്യത്തിനായി ഒന്നും നേടിയില്ലെന്ന ചോദ്യശരങ്ങൾക്ക് മുൻപിൽ അവൻ നിസ്സഹായനായി നിന്നപ്പോൾ നമ്മളും തലകുനിച്ചില്ലേ? തന്റെ രാജ്യത്തിനായി ഒരു കപ്പ് എന്ന വലിയ ആഗ്രഹം, ഒരു പെനൽറ്റിയിൽ നഷ്ടമായി അയാൾ പൊട്ടികരഞ്ഞപ്പോൾ നമ്മളും കൂടെ കരഞ്ഞില്ലേ? ഞാൻ കരഞ്ഞിട്ടുണ്ട്. പലതവണ കരഞ്ഞിട്ടുണ്ട്. എന്തിനായിരുന്നു അയാളെ ഇത്രയും വലിയവനാക്കിയത് എന്ന് ചിന്തിച്ചിട്ടുണ്ട്. ലോകം മുഴുവൻ അയാളിലേക്ക് നൽകുന്ന സമ്മർദ്ദം താങ്ങാൻ അയാൾക്ക് കഴിയുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അയാൾ ഒരു വികാരമില്ലാത്ത വസ്തുവാണോ എന്ന് സംശയം തോന്നിയിട്ടുമുണ്ട്.
എന്നാൽ അയാൾ നമ്മളെ പഠിപ്പിച്ചത് ഏത് പ്രതിസന്ധിയിലും സ്വപ്‌നങ്ങൾ കാണാനാണ്, അതിനായി പോരാടാനാണ്. ഓരോ തോൽവികൾക്ക് ശേഷവും ചോരയൊലിക്കുന്ന മനസുമായി അയാൾ പിന്നെയും പോരാട്ടവീഥികളിലേക്ക് തല ഉയർത്തി തിരികെ വന്നു. തന്റെ രാജ്യത്തിനായി അഹോരാത്രം പോരാടി. അയാൾക്കൊപ്പം നമ്മളും. ഒരു പക്ഷെ അയാളുടെ രാജ്യം നമ്മുടെ ഫേവറൈറ്റ് അല്ലായിരിക്കാം. പക്ഷെ അയാൾ അയാളുടെ രാജ്യത്തിനായി ഒരു കനകകപ്പുയർത്തുന്നത് നമ്മളെല്ലാം സ്വപ്നം കണ്ടിരുന്നു. അതിനായി പ്രാർത്ഥിച്ചിരുന്നു. അത് തന്നെയാണ് അറബി നാട്ടിലെ അവസാന അങ്കത്തിനായി അയാൾ പുറപ്പെടുമ്പോൾ വികാരദീനനായി ആ അറബ് കമന്റെറ്റർ പറയുന്നത്.
നീ ഒരു ചാമ്പ്യൻ ആവുക.”
ഒടുവിൽ അയാൾ ആ കിരീടത്തിൽ മുത്തമിട്ടപ്പോൾ, ജീവിതം ധന്യമായി എന്ന് നമുക്ക് തോന്നിയില്ലേ? അതേ ചിന്തയിലാണ് മെസ്സിയും. ലോകകപ്പോടെ തന്റെ ജീവിതം സഫലമായി എന്നയാൾ ചിന്തിക്കുന്നു. ഇനി ഫുട്ബാളിൽ തനിക്ക് നേടാൻ ഒന്നും ബാക്കിയില്ല എന്നയാൾ കരുതുന്നു. സത്യമല്ലേ? അയാൾക്ക് ഈ കരിയറിനിടയിൽ നേടാനാകാതെ പോയതെന്തുണ്ട്? ഒടുവിൽ അയാൾ മുഖ്യധാരാ ഫുട്ബാളിൽ നിന്നും പിന്തിരിഞ്ഞു നടക്കാൻ ആരംഭിക്കുന്നു. എന്നാൽ മെസ്സി മാത്രമാണോ പിന്തിരിഞ്ഞു നടക്കാൻ പോകുന്നത്? അല്ല, നമ്മൾ കൂടിയാണ്. ആരാധകർ എന്ന നിലയിൽ നമ്മുടെ ജീവിതവും ധന്യമല്ലേ.? ഇഷ്ട ടീമും, ഇഷ്ട കളിക്കാരനും അവർക്ക് നേടാവുന്ന എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്നത് നേരിൽ കാണാൻ നമുക്ക് കഴിഞ്ഞില്ലേ? ഒരു ആരാധകൻ എന്ന നിലയിൽ എന്റെ ജീവിത ചക്രം പൂർത്തിയായി എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.. ഒരു 15 വർഷങ്ങൾക്ക് മുൻപ് പൊട്ടിമുളച്ച വിത്തുകൾ, പടർന്നു പന്തലിച്ചു പൂവിട്ട് ഇപ്പോൾ ഒടുവിൽ ഫലം വന്നിരിക്കുന്നു. ഇനി ആ ചെടി പതിയെ നശിച്ചു പോകും. ആ സ്ഥാനത്ത് മറ്റൊരു ചെടി മുളച്ചു വരും. മാറ്റം പ്രകൃതി നിയമമാണ്.