• Follow

നന്ദി യോഹന്‍ ക്രൈഫ്

  • Posted On January 2, 2017

1973… അജാക്സിൽ നിന്നും ഹോളണ്ട് കണ്ട ഏറ്റവും മികച്ച കളിക്കാരൻ , ഹോളണ്ടിന്റെ ടോട്ടൽ ഫുട്‌ബോളിന്റെ ഖ്യാതി ലോകം മുഴുവൻ എത്തിച്ച ഡച്ചുകാരുടെ ഹീറോ മറ്റൊരു ലീഗിലേക്ക് പോകാനൊരുങ്ങുകയാണ്. അജാക്സിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാൻ വേണ്ടി നടന്ന വോട്ടിങ്ങിൽ പലരും തനിക്കെതിരെ തിരിഞ്ഞത് അയാളെ നിരാശനാക്കിയിരുന്നു. തന്റെ എജെന്റിനോട് ബാഴ്‌സലോണയുമായി ബന്ധപ്പെടാൻ അയാൾ നിർദേശം നൽകി. അജാക്സ് അയാളോട് റയലിലേക്ക് പോകുവാൻ ആവശ്യപ്പെട്ടു. അയാൾ പക്ഷെ ക്ഷുഭിതനായി.”അതെന്റെ നീതിബോധത്തിന് ചേർന്നതല്ല..ഞാൻ മറ്റൊരു ക്ലബ്ബിനും അവിടുത്തെ എന്റെ സുഹൃത്തുക്കൾ ക്കും വാക്കുകൊടുത്തു…അതെനിക്ക് പാലിക്കണം. ” ഒരു ഫാഷിസ്റ്റ് ഏകാധിപതിയുടെ പിന്തുണ ലഭിച്ചിരുന്ന ക്ലബ്ബിലേക്ക് പോകാൻ അയാൾ ഒരുക്കമായിരുന്നില്ല. ജനറൽ ഫ്രാങ്കോ റയലിന് നൽകിയിരുന്ന പിന്തുണ അന്ന് ഏറെ വിമർശിക്കപ്പെട്ട വിഷയമായിരുന്നു.
എഫ് സി ബാഴ്‌സലോണയിലേക്ക് തന്നെ അയച്ചില്ലെങ്കിൽ കരിയർ അവസാനിപ്പിക്കുമെന്ന് വരെ അയാൾ പ്രസ്താവന നടത്തി..ഒടുവിൽ ഏറെ വിവാദങ്ങൾക്ക് ശേഷം 1973ൽ ആ നീളൻ മുടിക്കാരൻ ബാഴ്‌സലോണയിലെത്തി..അജാക്സിന് തുടർച്ചയായി 3 യൂറോപ്യൻ കിരീടങ്ങൾ നേടിക്കൊടുത്ത, ആധുനിക യൂറോപ്യൻ ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ വിപ്ലവങ്ങൾ സൃഷ്ഠിച്ച യോഹാൻ ക്രയ്ഫ് ബാഴ്‌സയിലേക്ക്..യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകൾക്കാണ് 1973 ലെ ആ നീക്കം കാരണമായത്..ഒന്നാമതായി അജാക്സ് ആംസ്റ്റർഡാമിന്റെ ഗോൾഡൻ ഏജ് അവിടെ അവസാനിച്ചു. പിന്നീട് ഒരു യൂറോപ്യൻ കിരീടത്തിന് അവർക്ക് അനേകം വർഷങ്ങൾ കാത്തിരിക്കേണ്ടതായി വന്നു. രണ്ടാമതായി ആധുനിക യൂറോപ്യൻ ഫുട്ബോളിന്റെ അങ്കത്തട്ടിലേക്ക് എഫ് സി ബാഴ്‌സലോണ പ്രവേശിച്ചു.
രണ്ട് പതിറ്റാണ്ടുകളായി സ്പാനിഷ് ഫുട്‌ബോളിനെ അടക്കിവാണിരുന്ന റയൽ മാഡ്രിഡിനെ നിരസിച്ചാണ് ക്രൈഫ് ബാഴ്‌സയെ തിരഞ്ഞെടുത്തത്. അതായിരുന്നു അയാളുടെ ശൈലി. എല്ലാവരും ഭയപ്പെടുന്നതിനെ സധൈര്യം കടന്നാക്രമിക്കുന്ന ഒരു പോരാളി. നെതർലാണ്ട്സിന്റെ ടോട്ടൽ ഫുട്‌ബോൾ നടപ്പിലാക്കുന്നതിലും അയാളെ സഹായിച്ചത് ആ സവിശേഷതയാണ്.
അവസാനമായി 1960 ലായിരുന്നു ബാഴ്‌സ ലീഗ് ടൈറ്റിൽ നേടിയത്. 13 വർഷങ്ങൾ കൊണ്ട് ഡി സ്റ്റെഫാനോയുടെ ചിറകിലേറി റയൽ മാഡ്രിഡ് സ്പെയിനിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ഈ ഗോദയിലേക്കാണ് വിവാദങ്ങളുടെ അകമ്പടിയോടെ യോഹാൻ ക്രൈഫ് കടന്നുവരുന്നത്. സ്പാനിഷ് ലീഗിൽ ഫോറിൻ താരങ്ങൾക്കെതിരെ നിലനിന്നിരുന്ന ബാൻ വീണ്ടും വിലങ്ങുതടിയായി. സ്പാനിഷ് ബ്യുറോക്രസി ബാഴ്‌സയെ വേട്ടയാടുകയായിരുന്നു . ഒടുവിൽ വിലക്കുകളെല്ലാം നീങ്ങി ക്രൈഫ് കളത്തിലിറങ്ങുമ്പോൾ ബാഴ്‌സ ലീഗിൽ വളരെ താഴത്തായിരുന്നു. 7 ലീഗ് മത്സരങ്ങളിൽ നിന്നായി ബാഴ്‌സ നേടിയിരുന്നത് വെറും രണ്ട് ജയങ്ങൾ.
“And then Johan Cruyff happened”..പിന്നീട് നടന്നത് ചരിത്രമാണ്. ക്രൈഫിന്റെ ആദ്യ മത്സരത്തിൽ ഗ്രനാഡയെ ബാഴ്‌സ 4 ഗോളുകൾക്ക് തോൽപ്പിച്ചു. ബാഴ്‌സയുടെ ജൈത്ര യാത്രയ്ക്കാണ് അവിടുന്ന് സ്പെയിൻ സാക്ഷിയായത്. ഒരിക്കൽ പോലും ആ വർഷം ലീഗിൽ ബാഴ്‌സ പിന്നീട് തോറ്റില്ല. ആ തേരോട്ടത്തിനിടയിൽ സാന്റിയാഗോ ബെർണബ്യുവിൽ വെച് ചിരവൈരികളായ റയലിനെ 5 ഗോളുകൾക്ക് ബാഴ്‌സ പരാജയപ്പെടുത്തി. മത്സരത്തിൽ ക്രൈഫ് ഒരുഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. ബാഴ്‌സ ഇത്രമേൽ ആഘോഷിച്ച മറ്റൊരു വിജയം ഉണ്ടായിട്ടുണ്ടാവില്ല. ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണം എല്ലാ തലത്തിലും കാറ്റലോണിയായ്ക്ക് തിരിച്ചടികൾ മാത്രമായിരുന്നു നൽകിയിരുന്നത്..അവരുടെ ഭാഷയും സംസ്കാരവും അടിച്ചമർത്തപ്പെട്ടു. ലീഗിൽ പോലും സ്പാനിഷ് അതോ റിറ്റികൾ റയലിനെ അമിതമായി അനുകൂലിക്കുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു. ബെർണബ്യുവിൽ ക്രൈഫിന്റെ ചിറകിലേറി നേടിയ ആ വിജയം എല്ലാത്തിനോടും ഒരു മറുപടിയായിരുന്നു. “Cruyff stuns Franco ” എന്ന് അർഥം വരുന്ന തലക്കെട്ടുകളോടെ കാറ്റലാൻ മാധ്യമങ്ങൾ ആ വിജയം ആഘോഷിച്ചു. അത്ലറ്റിക്കോയ്‌ക്കെതിരെ ക്രൈഫ് നേടിയ ഫാന്റം ഗോൾ ബാഴ്‌സയെ ലീഗ് തലവന്മാരാക്കി. അങ്ങനെ 14 സീസണുകൾക്ക് ശേഷം ബാഴ്‌സ വീണ്ടും സ്പാനിഷ് ചാംമ്പ്യന്മാരായി.
ഇതിനോടകം ക്രൈഫ് കാറ്റലോണിയയുടെ ഹീറോയും പാഷനുമെല്ലാമായി മാറിയിരുന്നു. . ഫ്രാങ്കോയ്ക്കെതിരെ ശബ്ദമുയർത്തിയ കാറ്റലോണിയയുടെ ഐക്കൺ ആയിട്ടാണ് അവർ ക്രൈഫിനെ കണ്ടത് . ബാഴ്‌സലോണയിലെ കുട്ടികളും യുവാക്കളുമെല്ലാം ക്രൈഫിന്റെ തലമുടിയും സ്റ്റൈലും അനുകരിക്കാൻ തുടങ്ങി ആയിടയ്ക്ക് ക്രൈഫ് തന്റെ മകന് കാറ്റലോണിയൻ സെയ്ന്റിന്റെ പേരിട്ടതെല്ലാം ഏറെ വിവാദമായിരുന്നു. സ്പാനിഷ് നിയമങ്ങൾക്ക് എതിരായിരുന്നു അത്. ജോർദി എന്ന പേര് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച റജിസ്ട്രാളോട് ക്രൈഫ് ക്ഷുഭിതനായി “ഞാൻ ഡച്ചുകാരനാണ്. എന്റെ മകന്റെ പേര് ഞാൻ തീരുമാനിക്കും” ..പതിയെ ക്രൈഫ് സ്പെയിനിന്റെ തന്നെ സെൻസേഷൻ ആയി മാറി..ബാഴ്‌സയുടെ എവേ മാച്ചിനിടെ ക്രൈഫിനെ ഫൗൾ ചെയ്ത ഹോം ടീമിന്റെ സെന്റർ ബാക്കിനെ അവരുടെ തന്നെ കാണികൾ ചീത്ത വിളിച്ച സംഭവമൊക്കെ ക്രൈഫിന്റെ സഹതാരങ്ങൾ പിന്നീട് ഇന്റർവ്യൂകളിൽ പങ്കുവെക്കുകയുണ്ടായി.
ക്രൈഫിന്റെ കീഴിൽ ബാഴ്‌സ രാജ്യാന്തര തലത്തിൽ പ്രശസ്തിയും അംഗീകാരവും നേടി. അതുവരെയുള്ള ബാഴ്‌സലോണ കുറച്ചു കളിക്കാരുടെ ഒരു കൂട്ടം മാത്രമായിരുന്നു. വ്യക്തമായ ഫുട്‌ബോൾ ഐഡിയോളജി ഇല്ലാതെ ബോളിന് വേണ്ടി അലക്ഷ്യമായി പോരാടുന്ന ഒരു കൂട്ടം. ക്രൈഫ് ഒരു നവോത്ഥാനമാണ് ബാഴ്‌സയിൽ നടപ്പിലാക്കിയത് .
ക്രൈഫിലെ രക്ഷകൻ വീണ്ടും അവതരിച്ചത് 88 ലായിരുന്നു. കടക്കെണിയിൽ മുങ്ങിയിരുന്ന ബാഴ്‌സലോണയുടെ മാനേജർ ആയി ക്രൈഫ് ചുമതല ഏറ്റെടുത്തു. ടീമിന്റെ നില പരിതാപകരമായിരുന്നു. ക്രൈഫ് – നവോത്ഥാനത്തിന്റെ രണ്ടാം ഭാഗം അവിടെ ആരംഭിച്ചു. ഒരു പുതിയ ബാഴ്‌സ DNA യ്ക്ക് അദ്ദേഹം രൂപം നൽകി. പന്ത് കയ്യിൽ വെക്കുന്നവൻ ഗെയിമിനെ ഭരിക്കുമെന്ന പൊസഷൻ ഫുട്‌ബോളിന്റെ ആദ്യപാഠങ്ങൾ ബാഴ്‌സ നടപ്പിലാക്കാൻ തുടങ്ങി. ബാഴ്‌സലോണ വീണ്ടും കുതിച്ചുയർന്നു. ക്രൈഫിന്റെ കീഴിൽ തുടർച്ചയായി 4 ലീഗ് കിരീടങ്ങൾ നേടി. 92ൽ സാമ്പ്ഡോറിയയെ തോൽപിച്ച് ക്ലബ്ബിന്റെ ആദ്യ യൂറോപ്യൻ കിരീടവും ക്രൈഫ് ബാഴ്‌സക്ക് സമ്മാനിച്ചു. ഗാർഡിയോളയും സ്റ്റോയിശ്കോവും അടങ്ങുന്ന 93 ലെ ബാഴ്‌സലോണയുടെ ഡ്രീം ടീം ഇന്നും ലാ മാസിയ താരങ്ങൾക്ക് ആവേശമാണ്.
2016 ൽ ബാഴ്‌സയുടെ ഏറ്റവും വലിയ നഷ്ടം ചാമ്പ്യൻസ് ലീഗോ മറ്റു തോൽവികളോ ആയിരുന്നില്ല..അത് ബാഴ്‌സയെ ബാഴ്‌സയാക്കിയ ഈ മനുഷ്യന്റെ വിടവാങ്ങലായിരുന്നു. എത്ര തവണ നന്ദി പറഞ്ഞാലും ..എത്ര കിരീടങ്ങൾ ആ കാൽ കീഴിൽ കൊണ്ടുവെച്ചാലും യോഹാൻ ക്രൈഫ് എന്ന ഓറഞ്ച് ഹീറോയോടുള്ള ബാഴ്‌സയുടെ കടപ്പാട് വീടില്ല. ക്രൈഫ് ഒരിക്കൽ പറയുകയുണ്ടായി
“In a way I’m probably immortal.”
ശരിയാണ്.. ബ്ലോഗ്രാനയുടെ നിറങ്ങളിൽ ബാഴ്‌സയുടെ ഓരോ യൂത്ത് ടീമും കളിക്കളത്തിലിറങ്ങുമ്പോഴും യോഹാൻ ക്രൈഫും അദ്ദേഹത്തിൻറെ സിദ്ധാന്തങ്ങളും പുനർജനിക്കുകയാണ്.. ഈ ക്ലബ് നിലനിൽക്കുന്നിടത്തോളം കാലം ഓരോ കുളെയുടെയും മനസ്സിൽ നിങ്ങൾ അനശ്വരനാണ്..ഒരായിരം നന്ദി..ഈ ക്ലബ്ബിൽ വിപ്ലവങ്ങൾ സൃഷ്ഠിച്ചതിന്..ഒരു കളിക്കാരനായി വന്ന് 14 വർഷത്തോളം ബാഴ്‌സയ്ക്ക് അന്യമായി നിന്ന ലീഗ് കിരീടം നേടിത്തന്നതിന്..പിന്നീട് കോച്ചായി വന്ന് ആദ്യ യൂറോപ്യൻ കിരീടം കാറ്റലോണിയയ്ക്ക് സമ്മാനിച്ചതിന്..ഒരു പുതിയ ബാഴ്‌സയെ സൃഷ്ഠിചതിന്..ലോകം കൊതിക്കുന്ന ഒരു അക്കാദമി ഞങ്ങൾക്ക് തന്നതിന്..അതുവഴി ഞങ്ങളുടെ ഈ തലമുറയ്ക്ക് ആഘോഷിക്കാൻ ഒരുപാട് ഇതിഹാസങ്ങളെ തന്നതിന്.. ലോകം കീഴടക്കാൻ കെൽപ്പുള്ള ഒരു ഫുട്‌ബോൾ ഫിലോസഫി ഈ ക്ലബ്ബിൽ നടപ്പിലാക്കിയത്തിന്..എല്ലാത്തിലും ഉപരിയായി ചരിത്രത്തിലെപ്പോഴോ പണത്തിനും അധികാരത്തിനും മുൻപിൽ ഒരിക്കൽ തല കുനിച്ചുപോയ ഈ ക്ലബ്ബിനെ ചങ്കുറപ്പോടെ നിന്ന് പോരാടാൻ പഠിപ്പിച്ചതിന്..ആ പോരാട്ടവീര്യം ഈ ക്ലബ്ബിന്റെ സിരകളിൽ നിലനിർത്തിയത്തിന്..
ഈ വർഷം ബാഴ്‌സയെ വിട്ടു പിരിഞ്ഞ കാമ്പ്നൂവിന്റെ ശബ്ദമായിരുന്ന സ്റ്റേഡിയം അനൗൺസർ മാനെൽ വിചിനെയും 2016 നോട് വിട പറയുന്ന ഈ അവസരത്തിൽ സ്മരിക്കുന്നു..

  • SHARE :