പൂർണ്ണതയിലേക്കുള്ള പ്രയാണത്തിലാണ് ലിയോ
അതിനു മുൻപിൽ അയാൾക്ക് തടസങ്ങളില്ല, ഒന്നും വെട്ടിപ്പിടിക്കാനുള്ള ത്വരയില്ല. ഏവർക്കും അസാധ്യമെന്ന് തോന്നുന്ന രീതിയിൽ തൻ്റെ കഴിവ് പുറത്തെടുക്കുമ്പോൾ നേട്ടങ്ങൾ അയാളെ തേടി എത്തുന്നു.
പെട്ടെന്ന് ഉദിച്ചുയർന്ന താരമല്ല ലിയോണൽ മെസ്സി.അർജ്ജൻ്റീനയിലെ റൊസാരിയോ തെരുവുകളിൽ പന്തുതട്ടി വളർന്ന ലിയോയുടെ കഴിവിനെ ആദ്യം മനസിലാക്കിയത് മുത്തശ്ശിയായിരുന്നു. കൊച്ചുമകൻ്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന അവർ ലിയോയെ ഗ്രാൻഡോളി ഫുട്ബോൾ ക്ലബിൻ്റെ ജൂനിയർ ടീം സെലക്ഷനു വേണ്ടിയുള്ള ട്രയൽസിൽ പങ്കെടുക്കുന്നതിനായി അയച്ചു. അവിടെ തുടങ്ങുന്നു ലിയോണൽ മെസ്സി എന്ന പ്രതിഭാസത്തിൻ്റെ കഥ. ഒരു പക്ഷെ ഈ ഫുട്ബോൾ ലോകത്തിന് ലിയോയെ തന്നതിൽ നമ്മൾ ഏറെ കടപ്പെട്ടിരിക്കുന്നത് ആ മുത്തശ്ശിയോടാകാം.ആകാരത്തിലും, ശരീര ശേഷിയിലും മറ്റു കളിക്കാരെ അപേക്ഷിച്ച് വളരെ പിന്നിലായിരുന്ന ലിയോ അതിനെയെല്ലാം മറികടന്നത് ബുദ്ധി കൊണ്ട് കളിച്ചായിരുന്നു.എതിരാളികളുടെ പഴുതുകൾ മനസിലാക്കി അയാൾ മൈതാനത്ത് തീർത്തത് കാൽപന്തുകളിയുടെ ഒരു പുതിയ ലോകമായിരുന്നു. അയാൾ മൈതാനത്തു കൂടി പന്തുമായി കുതിക്കുന്നത് കാണാൻ ഈ ലോകം കാത്തിരിക്കുന്നതാണ് പിന്നീട് നാം കണ്ടത്.അയാളുടെ ഇടം കാലിൽ എന്തോ മാന്ത്രികതയുണ്ടെന്ന് പലരും വിശ്വസിച്ചു. പല കളിയെഴുത്തുകാരും അയാളെ വിശേഷിക്കാൻ വാക്കുകൾ കിട്ടാതെ പതറിയിരുന്നു പല തവണ.
പ്രമുഖ കളിയെഴുത്തുക്കാരനായ ബെഞ്ചമിൻ മോറിസ് ലിയോയെ വിശേഷിപ്പിച്ചത് ” ഇംപോസിബിൾ മെസ്സി ” എന്നാണ്….., അതെ.., അയാൾ അസാധ്യനാണ്…
പലർക്കും അസാധ്യമായതെന്തും അയാൾ തൻ്റെ തനത് ശൈലിയിൽ നേടിയെടുക്കുമ്പോൾ അയാൾ അസാധാധ്യനാക്കുന്നു….വെറും നിമിഷങ്ങൾക്കൊണ്ട് മത്സരങ്ങൾ മാറ്റിമറിക്കുമ്പോൾ അയാൾ അസാധ്യനാകുന്നു…ഗോളുകളുടെ എണ്ണം കൊണ്ടും, കിരീട കണക്കുകൾ കൊണ്ടും അയാളെ വിലയിരുത്തരുത്, അയാൾക്ക് വിലയിടരുത്. അതിൽ നിന്നെല്ലാം വളരെ മുകളിലാണ് ലിയോണൽ മെസ്സി എന്ന പ്രതിഭാസം.
ഇന്ന് ആ പ്രതിഭാസത്തിൻ്റെ 29ആം പിറന്നാൾ ആണ്.പ്രായം കൂടുംതോറും ആ പ്രതിഭക്ക് കോട്ടം തട്ടുന്നില്ല എന്നതു മാത്രമല്ല ഉയരങ്ങൾ കീഴടക്കുകയാണ് അദ്ദേഹം. തളർന്നു പോയ ഘട്ടങ്ങളിൽ എല്ലാം അയാൾ തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് കുതിക്കുകയാണ് ആ പ്രതിഭ.
ആയാൾ വളരട്ടെ…
ഉന്നതങ്ങൾ കീഴടക്കട്ടെ…
അതിൽ സന്തോഷിച്ച് അയാളുടെ ഒപ്പം നിൽക്കാൻ നമ്മൾ ഉണ്ടാകും…
ഞങ്ങളുടെ മിശിഹക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ…!