ഓർമ്മയിലെ സിദാൻ
അതു വരെയുള്ള ലോകകപ്പ് ചരിത്രത്തെ പറ്റിയൊന്നും അറിയാത്ത കാലം. ആകെ അറിയുന്നത് വിരലിൽ എണ്ണാവുന്ന താരങ്ങളെ മാത്രം- റൊണാൾഡോ ലിമ, ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട, ഡേവിഡ് ബെക്കാം, എന്നിങ്ങനെ വളരെ കുറച്ചു പേരെ മാത്രം. ഉത്കാടനമത്സരത്തിന്റെ അന്നത്തെ മാതൃഭൂമി പത്രത്തിലാണ് ആദ്യമായി ആ മനുഷ്യനെ കണ്ടത്- കടും നീല കുപ്പായത്തിൽ തലയിൽ മുടിയില്ലാത്ത അയാളുടെ പേര് സിനദീൻ സിദാൻ. സിദാനെ പറ്റി പറയുമ്പോൾ എല്ലാവർക്കും 100 നാവു. ഡീഗോ മറഡോണയ്ക്കു ശേഷം ഒരു ലോകകപ്പ് സ്വന്തം പേരിലാക്കി മാറ്റിയ ഇതിഹാസം എന്നു ആളുകൾ പറഞ്ഞു കേട്ടു. 98 ലെ ലോകകപ്പ് ജയവും, 2000 ലെ യൂറോ ജയവുമായി സിദാൻ ഏഷ്യൻ മണ്ണിലേക്ക് വരുന്നത് കിരീടം എന്ന ഒരു ലക്ഷ്യത്തോടെ മാത്രമാണ് എന്നു വിശ്വസിക്കുന്നവരായിരുന്നു ഏറെയും. 86 ലെ വീരഗാഥയ്ക്കു ശേഷം 90 ലും മിന്നിയ മറ്റൊരു മറഡോണയായി സിദാൻ അവതരിക്കും എന്നു ഫ്രഞ്ച് ആരാധകർ കരുതി. ലോകകപ്പിന് തൊട്ടു മുന്നേ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിന് വേണ്ടി ബയേർ ലെവർകൂസന് എതിരെ സിദാൻ നേടിയ ‘മാജിക്കൽ വോളിയുടെ’ ഞെട്ടലിൽ നിന്നു ലോകം വിട്ടുമാറിയിരുന്നില്ല. യോക്കോഹോമ സ്റ്റേഡിയത്തിൽ സിദാന്റെ മറ്റൊരു ഇന്ദ്രജാലത്തിനായി കാത്തിരുന്നവരെ നിരാശരാക്കികൊണ്ടായിരുന്നു ആ വാർത്ത വന്നത്. സിദാന് പരിക്ക് – ആദ്യ 2 കളികളിൽ കളിച്ചേക്കില്ല. ആദ്യ 2 കളികൾ, ആദ്യമായി ലോകകപ്പ് കളിക്കുന്ന സെനഗൽ & പഴയ പ്രതാപത്തിന്റെ ഓർമ്മകൾ ആയി വരുന്ന ഉറുഗ്വാ എന്നിവരായിട്ടായിരുന്നു. സിദാൻ ഇല്ലെങ്കിലും വിയേര, ഹെൻറി, ട്രെസ്ഗേ എന്നിവർക്കുള്ള ഫ്രഞ്ച് പട ജയിക്കുമെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ ആദ്യ മത്സരത്തിൽ പാപ്പാ ബൗബ ഡിയൂപ് നേടിയ ഒറ്റ ഗോളിൽ സെനഗൽ ഫ്രാൻസിനെയും, ലോകത്തിന്റെയും ഞെട്ടിച്ചു. ഞാൻ ആദ്യമായി കണ്ട ലോകകപ്പ് ഗോൾ. നിലവിലെ ചാമ്പ്യൻമാർക്ക് ആദ്യ കളിയിൽ തന്നെ അടി തെറ്റി. സിദാൻ എവിടെയെന്നു ചോദ്യങ്ങൾ ഉയർന്നു തുടങ്ങി. പൂർണ്ണ ഫിറ്റ് അല്ലാത്തതിനാൽ ഉറുഗ്വാ ആയുള്ള രണ്ടാം കളിയിലും സിസു കളിച്ചില്ല ആ കളി 0-0 സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പ് റൗണ്ടിൽ അവശേഷിക്കുന്നത് ഇനി ഒരൊറ്റ മത്സരം- ഡെന്മാർക്ക് ആയിട്ടു. ഫ്രാൻസിന്റെ സാധ്യതകൾ എല്ലാം ആ മത്സരത്തിന്റെ വിധിയെ അനുസരിച്ചായിരുന്നു. നിർണ്ണായക മത്സരത്തിൽ സിദാൻ ഇറങ്ങി. ആദ്യമായി സിദാന്റെ കളി കാണുവാൻ പോകുന്നു . 2 ഗോളുകൾക്ക് ഫ്രാൻസ് പരാജയപ്പെട്ടു എങ്കിലും, കളി മുഴുവൻ സിദാന്റെ കാലുകളിലായിരുന്നു. തല കുനിച്ചു നടന്ന സിദാന്റെ മുഖം ഇന്നും ഓർമ്മയിൽ ഉണ്ട്. 2 ഗോളുകൾക്ക് തോറ്റ മത്സരത്തിൽ പോലും സിദാൻ മാജിക്ക്- അയാളായിരുന്നു ആ മത്സരത്തിലും മാൻ ഓഫ് ദി മാച്ച്. സിദാൻ എന്ന പ്രതിഭയെ ആദ്യമായി കണ്ട ദിവസം തന്നെ തല കുനിച്ചുള്ള ആ മടക്കം വേദനപ്പിക്കുന്നതായിരുന്നു.
4 വർഷങ്ങൾ പിന്നെയും കടന്നു. തന്റെ 34 ആം വയസ്സിൽ സിദാൻ റയൽ മാഡ്രിഡിൽ നിന്നു വിരമിച്ചു തന്റെ അവസാന ലോകകപ്പ്പിനായി ഒരു പറ്റം “വയസ്സന്മാരെ” ആയി ജർമ്മനിയിൽ വന്നു. “വയസ്സൻ പട” – അങ്ങനെ ആയിരുന്നു ആ ടീമിനെ ലോകം വിശേഷിപ്പിച്ചത്. ആരും സാധ്യത കൊടുക്കാത്ത ഒരു അടഞ്ഞ അധ്യായമായിരുന്നു അന്നത്തെ ഫ്രാൻസ്. എന്നാൽ അണയാൻ സിദാൻ ഒരുക്കമായിരുന്നില്ല. ജർമ്മനിയിൽ എത്തിയപ്പോൾ സിദാൻ ആയിരുന്നു ആ സുവർണ്ണ ഫ്രഞ്ച് തലമുറയുടെ അവസാന യാത്രയുടെ കപ്പിത്താൻ. ആദ്യ 2 മത്സരങ്ങളിലും സമനിലയിലുടെ തപ്പി തടഞ്ഞ ഫ്രാൻസ് 2002 വീണ്ടും ആവർത്തിക്കും എന്നു തോന്നിപ്പിച്ചു. ടോഗോ എന്ന കൊച്ചു ടീമിനെ അവസാന ക്ളിക്കിൽ തോൽപ്പിച്ച സ്വിസ്സ് ടീമിന് പിന്നാലെ രണ്ടാം സ്ഥാനത്തിൽ അടുത്ത റൗണ്ടിലേക്ക് ഫ്രാൻസ് കടന്നു. ഇവിടെ മുതലാണ് സിദാൻ എന്ന ഇതിഹാസത്തിന്റെ ഫുടബോൾ ജീവിതത്തിലെ അവസാന ലാപ്പ് ആരംഭിക്കുന്നത്. പ്രീ ക്വാർട്ടറിൽ ആദ്യ റൗണ്ടിലെ 3 കളികളും ആധികാരികമായി ജയിച്ച സ്പെയിൻ. റൗൾ എന്ന ഇതിഹാസവും ചാവി, സാബി, വിയ്യ, ടോറസ്, ഫാബ്രിഗസ് എന്നീ യുവതാരങ്ങളായി വന്ന സ്പെയിൻ, തപ്പി തടഞ്ഞു പ്രീ ക്വാർട്ടർ എത്തിയ ഫ്രാൻസിനെ തോൽപ്പിച്ചേക്കും എന്നു കരുതി ലോകം. എന്നാൽ വിധി കാത്തു വെച്ചത് മറ്റൊന്നായിരുന്നു. 3-1 നു ഫ്രഞ്ച് പട ജയിച്ചു. അമരത്തു അമരക്കാരനായി മൂന്നാം ഗോൾ നേടിയ സിദാനും. ആ മാന്ത്രികന്റെ കാലുകൾ വീണ്ടും ശബ്ദിക്കാൻ തുടങ്ങുകയായിരുന്നു . വർഷങ്ങൾക്കു ശേഷം കൂടു തുറന്നു വിട്ട ഒരു പക്ഷിയെ പോലെ സിദാൻ പറക്കുവാൻ തുടങ്ങിയപ്പോൾ ക്വാർട്ടർ ഫൈനലിൽ മുന്നിൽ പെട്ടത് നിലവിലെ ജേതാക്കളായ ബ്രസീൽ. ബ്രസീലിനു ഫുടബോൾ പാഠങ്ങൾ ഒരിക്കൽ കൂടി നൽകി കൊണ്ടി സിദാൻ തന്റെ വയസ്സൻ പടയെ സെമിയിൽ എത്തിച്ചു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു അന്നത്തെ സിദാന്റെ ഒറ്റയാൾ പോരാട്ടം. സെമിയിൽ കൂട്ടുകാരൻ ഫിഗോയുടെ പോർച്ചുഗൽ. പോർച്ചുഗലിനെയും കാഴ്ചക്കാരാക്കി സിദാന്റെ ഗോളിൽ ഫ്രഞ്ച് പട ഫൈനലിൽ. ഒരു സ്വപ്നം പോലെയായിരുന്നു ഫ്രാൻസിന്റെ ഈ ജൈത്രയാത്ര . 8 വർഷങ്ങൾക്കു ശേഷം വീണ്ടും സിദാൻ ലോകഫുട്ബോളിന്റെ അമരത്തു. ലോകം വീണ്ടും ആ 34 കാരനിലേക്കു ചുരുങ്ങി.
ഫൈനലിൽ കാറ്റനൂച്ചിയൻ പ്രതിരോധത്തിന്റെ വക്താക്കളായ ഇറ്റലിയായിരുന്നു സിദാന്റെ എതിരാളികൾ. ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു ഫൈനൽ. ഫ്രാൻസിന്റെ ഇതു വരെയുള്ള യാത്ര ഫ്രഞ്ച് ആരാധകർക്ക് ഒരു സ്വപ്നം ആയിരുന്നു എങ്കിൽ, ഫൈനലിന്റെ 19 ആം മിനിറ്റു മുതൽ അതൊരു ദു:സ്വപ്നം ആവുകയായിരുന്നു. കളിയുടെ 7 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഒരു മികച്ച പനേങ്ക കിക്കിലൂടെ ഗോളാക്കി സിദാൻ തന്റെ മനക്കരുത്തു കൂടി വ്യക്തമാക്കിയ കളിയായിരുന്നു അതു. ജിയാൻലൂഗി ബഫൺ എന്ന ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കെതിരെ, ലോകകപ്പ് ഫൈനൽ പോലെ ഒരു വേദിയിൽ അത്തരമൊരു സാഹസം- അതു ചെയ്യണം എങ്കിൽ അയാളുടെ പേര് സിനദീൻ സിദാൻ എന്നാകണം. ഇറ്റാലിയൻ ആരാധകർ പോലും പ്രണയിച്ചിട്ടുണ്ടാകണം ആ ഏഴാം മിനിറ്റിനെ. സിദാൻ മാജിക്ക്. 19 ആം മിനിറ്റിൽ മാർക്കോ മറ്റരാസി നേടിയ ഗോളിലൂടെ ഇറ്റലി തിരിച്ചു വന്നു. അന്ന് ആ നിമിഷം ആ കളി കണ്ട നമ്മൾ ആരും വിചാരിച്ചില്ല സിദാൻ & മറ്റരസി, ഈ മത്സരത്തിൽ ഓർമ്മിക്കപ്പെടുക ഈ ഗോളുകളുടെ പുറത്തായിരിക്കില്ല എന്നു. മാറ്റരാസിയെ തല കൊണ്ടിടിച്ചു ചുവപ്പ് കാർഡ് വാങ്ങി സിദാൻ നടക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. എല്ലാ നേടിയ ആ കരിയറിന് ഇങ്ങനെ ഒരു അന്ത്യമോ ? സിദാൻ നടന്നകലും തോറും ഫ്രാൻസ് കിരീടത്തിൽ നിന്നു അകന്നു. ഷൂട്ട് ഔട്ടിൽ ഫ്രാൻസിനെ മറികടന്നു ഇറ്റലി ജേതാക്കളായി. സിദാൻ എന്ന ഇതിഹാസത്തിന്റെ അവസാന മത്സരം. കരിയർ മുഴുവൻ പന്തിന്റെ തന്റെ വരുതിയിലാക്കിയ സിദാന് എന്തോ ആ നിമിഷം തന്റെ മനസ്സിനെ വരുത്തിയാലാക്കാൻ കഴിഞ്ഞില്ല. ലോകകപ്പിലെ മികച്ച താരത്തിന്റെ ഗോൾഡൻ ബോളുമായി നിൽക്കുന്ന സിദാൻ പക്ഷെ അന്ന് തലകുനിച്ചില്ല. എല്ലാവരും എഴുതി തള്ളിയ ഒരു ടീമിനെ ഫൈനലിൽ എത്തിച്ചാണ് ഇതിഹാസം മടങ്ങിയത്.
പിറന്നാൾ ആശംസകൾ സിനദീൻ സിദാൻ. എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പമാണ് നിങ്ങളുടെ സ്ഥാനം!!