സ്‌പെയിൻ – കാറ്റലോണിയ വിഷയം
ആഗോളതലത്തിൽ ചർച്ചയാകുമ്പോൾ, ഈ വിഷയം ഫുട്‍ബോൾ ലോകത്തിന്റെ സമവാക്യങ്ങളിൽ പോലും മാറ്റങ്ങൾ കൊണ്ടു വന്നേക്കാവുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ബാഴ്‌സലോണ, എസ്പാന്യോൾ, ജിറോണ എഫ്.സീ. പോലുള്ള ക്ലബ്ബുകളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നതു. സൂപ്പർ ക്ലബായ ബാഴ്‌സയുടെ സാന്നിധ്യമാണ് ഈ വിഷയം ഇത്രേ ഗൗരവമേറിയതാക്കുന്നത്. ബാഴ്‌സലോണ സ്പാനിഷ് ലീഗിൽ തന്നെ തുടരുന്നതാണ് ഇരുകൂട്ടർക്കും നല്ലതു. പന്തുകളിയോളം പഴക്കമുള്ള റയൽ മാഡ്രിഡ്-ബാഴ്‌സലോണ റൈവൽറി, എൽ ക്ളാസിക്കോയിലുടെ തുടർന്ന് പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് കളിപ്രേമികളെല്ലാം. പാരമ്പര്യം കൊണ്ടും പ്രൗഢി കൊണ്ടും സ്പാനിഷ് ഫുട്‍ബോളിന്റെ മകുടമാണ് ഈ മത്സരം. എന്നാൽ മാറുന്ന രാഷ്ട്രീയ കളികളും, വൈകാരികമായ തീരുമാനങ്ങളിലൂടെ ഉത്ഭവിക്കാവുന്ന മാറ്റവും, ബാഴ്‌സയുടെ സ്പാനിഷ് ലീഗിലെ ഭാവി അനിശ്ചിതത്വിലാക്കുന്നു. കാറ്റലോണിയ സ്‌പെയിനിൽ നിന്നും വേർപ്പെട്ടാൽ ലീഗിൽ നിന്ന് പുറത്താക്കുമെന്ന് ലിഗാ പ്രസിഡന്റ് ടെബാസ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യം വന്നാൽ ബാഴ്‌സലോണ മറ്റു വഴികൾ നോക്കുമെന്നു പറഞ്ഞു ബാഴ്‌സലോണ പ്രസിഡന്റ് ബർത്തൊമോയും കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. സ്വന്തമായ ഒരു ലീഗ് എന്നത് നടപ്പില്ലാത്ത കാര്യമായതിനാൽ മറ്റൊരു ലീഗിലേക്ക് ചേക്കേറുക എന്നതാകും അത്തരമൊരു സാഹചര്യത്തിൽ ബാഴ്‌സയ്ക്ക് ചെയ്യുവാൻ കഴിയുക. ഫ്രാൻസ് കഴിഞ്ഞ വർഷം തന്നെ ബാഴ്‌സയ്ക്ക് അത്തരമൊരു സാഹചര്യം വന്നാൽ ഫ്രഞ്ച് ഫസ്റ്റ് ഡിവിഷൻ ലീഗിലേക്ക് ക്ഷണിക്കുവാൻ തയ്യാറാണ് എന്നറിയിച്ചിരുന്നു. ബുണ്ടസ്‌ലീഗയും അത്തരമൊരു ഓഫർ നൽകിയതായി, ഇന്ന് വായിക്കുകയായുണ്ടായി (സ്രോതസ്സ് അത്ര വിശ്വാസകാര്യമല്ലായിരുന്നുവെങ്കിൽ പോലും). എല്ലാ മുൻനിര ലീഗുകളിൽ നിന്നും ബാഴ്‌സലോണയ്ക്ക് അത്തരമൊരു സാഹചര്യത്തിൽ ഓഫർ ലഭിക്കും എന്നുറപ്പാണ്. ഡച്ച്, പോർച്ചുഗീസ് ലീഗുകളെ ഒഴിവാക്കി മറ്റു നാല് മുൻനിര ലീഗുകളിലേക്കു ബാഴ്‌സലോണ പോകുവാനുള്ള സാധ്യതകൾ ചർച്ച ചെയ്യാം.
1. ഫ്രഞ്ച് ലീഗ്
ഫ്രഞ്ച് ലീഗാണ് ബാഴ്‌സലോണയ്ക്ക് മുന്നിലുള്ള ഏറ്റവും എളുപ്പമുള്ള ഓപ്‌ഷൻ. ഇതിനു പ്രധാനകാരണം ഭൂമിശാസ്ത്രപരമായ സൗകര്യങ്ങളാണ് . ഫ്രഞ്ച് ടൗണുകൾ ബാഴ്‌സലോണയിൽ നിന്നും വളരെ അടുത്താണ്. പല സ്പാനിഷ് നഗരങ്ങളെക്കാൾ അടുത്താണ് ബാഴ്‌സയിൽ നിന്നും ഒട്ടുമിക്ക ഫ്രഞ്ച് നഗരങ്ങളിലേക്കും . ഉദാഹരണത്തിന് ലാസ് പാല്മസിലേക്കു ബാഴ്‌സയ്ക്ക് രണ്ടായിരം കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരുമ്പോൾ, പാരിസിലേക്കു വെറും എണ്ണൂറു കിലോമീറ്ററെ ഉള്ളൂ ബാഴ്‌സയിൽ നിന്ന് . മാഡ്രിഡിലേക്കു അറന്നൂറു കിലോമീറ്റർ ഉള്ളപ്പോൾ ടോളോസ്സിലേക്ക് വെറും ഇരുന്നൂറ്റിയന്പത് കിലോമീറ്റർ. ഫ്രഞ്ച് സംസ്ക്കാരവും കാറ്റലാൻ രീതിയോട് ചേർന്ന് നിൽക്കുന്നതാണ്. ബാഴ്‌സലോണയും, പാരീസും പോലുള്ള രണ്ടു ഗ്ലോബൽ ടൂറിസ്റ്റു സ്പോട്ടുകളിൽ നിന്നുള്ള രണ്ടു ടീമുകൾ ഒരേ ലീഗിൽ കളിക്കുന്നത് കൂടുതൽ ഇൻവെസ്റ്റ്മെന്റ് ആകർഷിക്കുവാൻ ഫ്രഞ്ച് ലീഗിനെ സഹായിക്കും. പീ.എസ്.ജീയും ഈ വരവിനെ അനുകൂലിക്കുകയേയുള്ളൂ. ബാഴ്‌സയുടെ വരവ് ലീഗിനെ ശക്തമാക്കും എന്ന് മാത്രമല്ല, കൂടുതൽ മികച്ച ടെലിവിഷൻ റൈറ്റുകൾ ലഭിക്കും എന്നത് കൊണ്ടും, മറ്റു ലീഗുകളോട് കിടപിടിക്കാനുള്ള ഒരു ഗ്ലോബൽ ഇമേജ് വരുമെന്നതും കൊണ്ടും മറ്റു ടീമുകളും ഈ വരവിനെ തടുക്കുവാൻ സാധ്യതയില്ല.
2. സിരീ എ
വ്യക്തിപരമായി ബാഴ്‌സലോണ ലാ ലിഗായിൽ നിന്ന് വേർപെടേണ്ട അവസ്ഥ വരികയാണ് എങ്കിൽ ഇറ്റാലിയൻ ലീഗാകണം ഒന്നാമത്തെ ചോയിസ് എന്നഭിപ്രായക്കാരനാണ് ഞാൻ. ഒന്നാമത്തെ കാരണം ഇറ്റാലിയൻ ലീഗിന്റെ പ്രൗഢിയാണ്. രണ്ടു മിലാൻ ടീമുകളും, യൂവന്റസും, റോമയും, ലാസിയോയും, നാപ്പോളിയുമെല്ലാം ഉള്ള ഇറ്റാലിയൻ ലീഗ്, സ്പാനിഷ് ലീഗിനൊപ്പം ഇതിഹാസങ്ങൾ ഏറ്റവും കൂടുതൽ കളിക്കുവാൻ താല്പര്യം കാണിച്ചിട്ടുള്ള ലീഗാണ്. ലാറ്റിൻ അമേരിക്കൻ മാർക്കറ്റാണ് ഇറ്റാലിയൻ ലീഗ് ആകണം ഒന്നാമത്തെ ചോയിസ് എന്ന് പറയുവാനുള്ള മറ്റൊരു കാരണം. ദക്ഷിണ അമേരിക്കയിൽ ബാഴ്‌സയുടെ ആരാധകവൃന്ദം വളരെ വലുതാണ്. എല്ലാക്കാലവും ദക്ഷിണമേരിക്കൻ താരങ്ങൾ ബാഴ്‌സയിൽ കളിക്കുവാൻ താല്പര്യം കാണിച്ചിട്ടുണ്ട്. സ്പെയിനും ഇറ്റലിയുമാണ്, ലാറ്റിൻ അമേരിക്കൻ താരങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത്. ആയതിനാൽ ഇറ്റാലിയൻ ലീഗിൽ കളിക്കുന്നത് കൊണ്ട് ബാഴ്‌സയ്ക്ക് ലാറ്റിൻ അമേരിക്കൻ മേഖലയിലെ മേധാവിത്വം നഷ്ടപ്പെടില്ല. ഭൂമിശാസ്ത്രപരമായും ഇറ്റലി ബാഴ്‌സയ്ക്ക് അനുകൂലമാണ്. മിലാനിലേക്കു എഴുന്നൂറ് കിലോമീറ്ററും, ടൂറിനിലേക്കു തൊള്ളായിരം കിലോമീറ്ററുമാണ് ഉള്ളത്. ഇറ്റലിയിൽ ബാഴ്‌സയ്ക്ക് ഏറെ ആഘോഷിക്കപ്പെട്ട അവരുടെ ശൈലിയിൽ തന്നെ കളിക്കുവാനും കഴിയും. ലോകത്തെ ഏറ്റവും ടാക്ടിക്കലായ ലീഗുകളിലൊന്നായ സാരീ എയിൽ ബാഴ്‌സയെ പോലുള്ള ഒരു ‘ടെക്നിക്കലി സ്‌ട്രോങ്’ ആയിട്ടുള്ള ടീമിന് അഡാപ്റ്റ് ചെയ്യുക എളുപ്പമാകും. സാമ്പത്തികമായി തകർന്നിരിക്കുന്നു ഇറ്റാലിയൻ ടീമുകൾക്ക് ബാഴ്‌സയുടെ വരവ് ഗുണമേ ചെയ്യൂ.
3. പ്രീമിയർ ലീഗ്
ബാഴ്‌സലോണ ബോർഡ് ഏറ്റവും ഇഷ്ടപ്പെടുക ഇംഗ്ലീഷ് പ്രീമിയർ ലീഗാകും. അതിനു കാരണം സാമ്പത്തികമായ കാരണങ്ങളാണ്. പ്രീമിയർ ലീഗിന്റെ ടെലിവിഷൻ റൈറ്റ്‌സും, മറ്റും കുറച്ചുകാലമായി ബാഴ്‌സലോണ ശ്രദ്ധിച്ചു വരുന്നുണ്ടായിരുന്നു. പ്രീമിയർ ലീഗിന്റെ ‘സ്‌പെൻഡിങ് പവർ’ വർധിക്കുന്നതിനെ പറ്റി ബാഴ്‌സലോണ പല തവണ പരസ്യമായി ആകുലതകൾ അറിയിച്ചിട്ടുള്ളതാണ്. പ്രീമിയർ ലീഗിന്റെ പണക്കൊഴുപ്പും, ബാഴ്‌സയുടെ ഗ്ലാമറും ഒന്നിച്ചാൽ ലഭിക്കുന്ന ബൂസ്റ്റിനെ പറ്റി നല്ല ധാരണയുണ്ട് ബാഴ്‌സയ്ക്ക്. ഏഷ്യൻ മാർക്കറ്റിൽ വലിയ ചലനം ഉണ്ടാക്കുവാൻ ബാഴ്‌സയ്ക്ക് മുന്നിലുണ്ടായിരുന്ന വിലങ്ങുതടിയായ മത്സരങ്ങളുടെ ടൈമിംഗ് പ്രശ്നം ഉണ്ടാവുകയുമില്ല, ഇംഗ്ളണ്ടിൽ കളിക്കുകയാണെങ്കിൽ . ഏഷ്യൻ മാർക്കറ്റ് ഈ ബോർഡിൻറെ പ്രധാന അജണ്ടകളിൽ ഒന്നാണ്. RAKUTEN ഡീൽ ഒക്കെ അതിന്റെ ഭാഗമാണ്.
സൂപ്പർ ലീഗെന്ന ആശയം നടന്നില്ല എങ്കിൽ പോലും ബാഴ്‌സലോണ മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ആഴ്‌സണൽ, ലിവർപ്പൂൾ, ചെൽസി എന്നിവർക്കൊപ്പം കളിക്കുമ്പോൾ ഒരു മിനി സൂപ്പർ ലീഗായിരിക്കും ലഭിക്കുക. പ്രീമിയർ ലീഗിനും ബാഴ്‌സയുടെ വരവ് ഗുണമേ ചെയ്യൂ. ലോകത്തെ മികച്ച താരങ്ങളും, വലിയ ആരാധകവൃന്ദവുമുള്ള ബാഴ്‌സലോണയുടെ വരവ് ലീഗിനെ കൂടുതൽ കൊഴുപ്പിക്കും. പ്രീമിയർ ലീഗിന് വെല്ലുവിളിയായ സ്പാനിഷ് ലീഗിന്റെ പാതി കരുത്തു അവർക്കു ലഭിക്കുകയും ചെയ്യും. എന്നാൽ ഇവിടെ വില്ലനാകുന്നത് സംസ്കാരവും, ഭൂമിശാസ്ത്രവുമാണ്. ഇംഗ്ലീഷ് സംസ്കാരവും, ഭാഷയും , അവരുടെ ഫുട്‍ബോൾ ശൈലിയും ബാഴ്‍സയുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മാഞ്ചസ്റ്ററിൽ നിന്ന് ഏകദേശം രണ്ടായിരം കിലോമീറ്ററുണ്ട് ബാഴ്‌സയിലേക്ക്, ലണ്ടനിൽ നിന്ന് ആയിരത്തിഇരുന്നൂറും. സ്‌കോട്ടിഷ് ക്ലബ്ബുകളായ കെൽറ്റിക്ക്, റെയ്ഞ്ചേഴ്‌സ് പോലുള്ള ടീമുകളെ പരിഗണിച്ചിട്ടു മാത്രമേ ബാഴ്‌സയെ പരിഗണിക്കാവൂ എന്ന് ആഴ്‌സണൽ കോച്ച് ആഴ്‌സൺ വെങ്ങർ അഭിപ്രായപ്പെട്ടതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിലവിൽ വെൽഷ് ടീമുകൾ ഇംഗ്ലണ്ടിൽ കളിക്കുന്നുണ്ട്.
4. ജർമ്മനി-ബുണ്ടസ്‌ലീഗ്
ഏറ്റവും വിദൂരമായ സാധ്യതയാണ് ബുണ്ടസ്‌ലീഗയ്ക്കുള്ളത്. കാരണം ജിയോഗ്രഫിക്കലായുള്ള വസ്തുതകളാണ്. എന്നാൽ ജർമ്മൻ ലീഗിൽ 18 ടീമുകൾ മാത്രമുള്ളതിനാൽ പത്തൊൻപതാം ടീമായും, ഇരുപതാം ടീമായും ബാഴ്‌സയ്ക്കും, എസ്പാന്യോളിനും കയറാമെന്നത് ശുഭ സൂചനയാണ്. അത്തരമൊരു സാധ്യത ജർമ്മൻ ലീഗ് ബാഴ്‌സയ്ക്ക് മുന്നിൽ അവതരിപ്പിക്കും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. ജർമ്മനിയിലെ മികച്ച യൂത്ത് സിസ്റ്റവും ബാഴ്‌സയ്ക്ക് ഗുണകരമാകും. ലാ മാസിയ ബാഴ്‌സയ്ക്ക് പ്രധാനമാണ്. ബയേൺ മ്യൂണിക്കുള്ള ലീഗിൽ ബാഴ്‌സ കൂടി വരുന്നത് ലീഗിനെ ശക്തമാക്കുകയും ചെയ്യും. ബാഴ്‌സയ്ക്ക് വലിയ ആരാധകവൃന്ദം ഉള്ള രാജ്യം കൂടിയാണ് ജർമ്മനി. കൂടുതലും നോൺ- ബയേൺ ആരാധകരുടെ ഇടയിലാണ് ബാഴ്‌സയ്ക്ക് ജനപ്രീതി.
ഒരുപാടു സാധ്യതകളാണ് കാറ്റലോണിയ പ്രശ്നം മുന്നോട്ടു വച്ചിരിക്കുന്നത്. ബാഴ്‌സലോണ ആരാധകരാൽ നടത്തിപോകുന്ന ഒരു ക്ലബ്ബാണ്. ക്ലബിന് ക്ലബ്ബിന്റേതായ രാഷ്ട്രീയവുമുണ്ട്. ആയതിനാൽ ഫുട്‍ബോൾ ക്ലബ്ബുകളുടെ ഇടയിൽ ഏറ്റവും കൂടുതൽ പൊളിറ്റിക്സ് കയറി വരുന്നത് ബാഴ്‌സയുടെ കാര്യത്തിലാണ്. കാറ്റാലൻ റഫറണ്ടം ചിലപ്പോൾ വലിയ മാറ്റങ്ങൾ ഫുട്‍ബോളിൽ കൊണ്ട് വന്നേക്കാം. ബാഴ്‌സ കൂറുമാറുന്നത് സ്പാനിഷ് ലീഗിന്റെ വീഴ്ചയ്ക്ക് തുടക്കം കുറിച്ചേക്കാം, ഇംഗ്ലീഷ് ലീഗിന് അപ്രമാദിത്വം ഉറപ്പിക്കാനുള്ള അവസരം കൊടുത്തേക്കാം, ഇറ്റാലിയൻ ലീഗിന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നുള്ള കരകയറലിനു വഴിയൊരുക്കിയേക്കാം, സ്വന്തമായൊരു അഡ്രെസ്സ് ലഭിക്കുവാൻ ഫ്രഞ്ച് ലീഗിനെ സഹായിച്ചേക്കാം, അടുത്ത ലെവെലിലേക്കു നീങ്ങുവാൻ ബയേണിനെയും കെൽപ്പുള്ളവരാക്കിയേക്കാം. സ്പാനിഷ് ലീഗ് വിടേണ്ടി വന്നാൽ ബാഴ്‍സയേക്കാൾ നഷ്ട്ടം ലാ ലിഗയ്ക്കായിരിക്കും. മറ്റൊരു മുൻനിര ലീഗിൽ എത്തിയാൽ തുടക്കത്തിലേ ബുദ്ധിമുട്ടുകൾ മറികടന്നത് ബാഴ്‌സയ്ക്ക് വീണ്ടും സെറ്റിലാകാനുള്ള അവസരം ലഭിച്ചേക്കും. മറ്റൊരു ബാഴ്‌സയെ കണ്ടെത്താൻ ലീഗയ്ക്കു ഒരുപക്ഷെ കഴിഞ്ഞു എന്ന് വരില്ല. മാഡ്രിഡിന് പോലും ബാഴ്‌സയുടെ പുറത്താകൽ ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല. ആയതിനാൽ ബാഴ്‌സയെ ലീഗിൽ തന്നെ നിർത്തേണ്ടതാണ് സ്പെയിന് മുന്നിലുള്ള സേഫ് ഓപ്‌ഷൻ.
ബാഴ്‌സലോണ ബി ടീമും, ഫെമിനി ടീമും, ലാ മാസിയയും ബാഴ്‌സയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത് കൂടി മുന്നിൽ കണ്ടാകും ബാഴ്‌സ പ്രവർത്തിക്കുക.
ഉയർന്നു വരുന്ന മറ്റൊരു ചോദ്യം, ചാമ്പ്യൻസ് ലീഗ് യോഗ്യതയും, പുതിയ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ഫുട്‍ബോളുമാണ് . ഫ്രാൻസും, ജർമ്മനിയും ഫസ്റ്റ് ഡിവിഷൻ ഫുട്‍ബോൾ ഓഫർ ചെയ്യും എന്ന് കരുതാം.മറ്റു ലീഗുകളുടെ കാര്യത്തിൽ ഉറപ്പില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യയതയും അനിശ്ചിതത്വിലാണ്. എന്നാൽ യുവേഫ അത്തരമൊരു സാഹചര്യത്തിൽ ലോജിക്കലായെ തീരുമാനമെടുക്കുകയുള്ളൂ എന്ന് അനുമാനിക്കാം.
©Penyadel Barca Kerala
