• Follow

‘ദി മിറക്കിൾ മാൻ’

  • Posted On January 9, 2019

പ്രതിഭകളുടെ നീണ്ട നിരതന്നെ സ്പെയിനിൽ ഉദയം കൊണ്ടിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ ചാവിമുതൽ അസെൻസിയോ വരെ ഉദ്ദാഹരണങ്ങളായ് എടുക്കാം. ഉദിച്ചുയർന്ന് വരുന്ന എല്ലാവർക്കും ഉള്ള ഒരു ‘ടെക്നിക്കൽ അടിത്തറ’ തന്നെയാണു അവരുടെ എറ്റവും വലിയ പ്രത്യേകതയായ് മാറുന്നത്. പാസിങ്ങ് ഗെയിമിലും സഹതാരങ്ങളുടെ നീക്കം അകക്കണ്ണിൽ കാണാൻ കഴിയുന്ന അപാര ഇച്ഛാ ശക്തിയും, എതിരാളികളെ നിഷ്പ്രഭരാക്കി നടത്തുന്ന ബോൾ ഹോൾഡിങ്ങും സ്പാനിഷ് പ്ലെയേർസിന്റെ പ്രധാന ആയുധങ്ങളിൽ പെട്ടവയാണു. ഇത്തരം ശക്തികൾ മുൻ നിർത്തി തന്നെയാണ് ചാവി, ഇനിയെസ്റ്റ, ബുസ്ക്കറ്റ്സ്, മുതൽ സെബയ്യോസ്, റോഡ്രി, വരെ ഉള്ളവരുടെ കഥ പോകുന്നത്.ഇവരിൽ പ്രധാനപ്പെട്ട ഒരാൾ തന്നെയാണു “സാന്റി കസോള”.
സ്പെയിനിലെ “ലനേര” എന്ന ഗ്രാമത്തിലാണു സാന്റിയുടെ ജനനം. ചെറുപ്പം മുതൽ തന്നെ ഫുട്ബോളിൽ അതീവതാൽപ്പര്യം പുലർത്തിയ സാന്റി ഒമ്പതാം വയസ്സിൽ “കൊവഡോങ്കോ” എന്ന യൂത്ത് ക്ലബ്ബിലൂടെയാണു കളി തുടങ്ങുന്നത്. പിന്നീട് നേരെ ഹോംടൗൺ ക്ലബ്ബായ ‘ഒവിയെഡോ’ യിലേക്ക്. അവിടെവെച്ചാണു അയാളുടെ വളർച്ച ശ്രദ്ധിക്കപ്പെടുന്നത്.പാസിങ്ങിലും വിഷനിലും അപാര ക്യത്യത പുലർത്തിയ താരത്തെ തേടി വിയ്യറയാൽ രംഗത്തെത്തി.ഫസ്റ്റ് ടീം ഓഫർ കൂടി ലഭിച്ചതോടെ 19അം വയസ്സിൽ നേരെ വിയ്യാറയലിലേക്ക്അയാൾ ചേക്കേറി. അവിടെ ഒരു വർഷം ബി ടീമിൽ കളിച്ച ശേഷം ഫസ്റ്റ് ടീമിലേക്ക്. പിന്നീട് 2003 മുതൽ 2011 വരെ വിയ്യാറയലിന്റെ അഭിഭാജ്യഘടകമായ് സാന്റി മാറുകയായിരുന്നു. യെല്ലോ സബ്മറൈൻ ആരാധകരെ സാന്റിയുടെ സാന്നിധ്യം മറ്റെന്തിനെക്കാളും ഉന്മാദിപ്പിച്ചു. നിർണായക ഘട്ടങ്ങളിൽ എത്തുന്ന അയാളുടെ ഗോളുകൾ, അസിസ്റ്റുകൾ എല്ലാം കാണികളുടെ ആവേശമായി മാറി. ഇതിനിടയിൽ സാന്റിയുടെ ബലത്തിൽ രണ്ട് തവണ ചാമ്പ്യൻസ് ലീഗ് യോഗ്യതയും, ഒരുതവണ യുറോപ്പാ ലീഗ് യോഗ്യതയും ക്ലബ്ബ് നേടിയെടുത്തു. 2008 ലെ ട്രാൻസ്ഫർ മാർക്കറ്റിൽ റയൽ മാഡ്രിഡ് സാന്റി കസോളയെ റാഞ്ചാൻ ആഗ്രഹിച്ചെങ്കിലും മഞ്ഞ ജേഴ്സിയിൽ തന്നെ തുടരാനായിരുന്നു അയാളുടെ തീരുമാനം.
വർഷങ്ങൾക്കിപ്പുറം 2012ൽ തന്റെ ട്രാൻസ്ഫർ അയാൾ പൂർത്തിക്കരിച്ചു. അത് പക്ഷേ സ്പാനിഷ് ക്ലബ്ബ് മലാഗയിലേക്കാണെന്ന് മാത്രം. അവിടെയും അയാളുടെ ക്ലാസ് അയാൾ പ്രകടമാക്കി. വർഷങ്ങൾക്ക് ശേഷം മലാഗയും ചാമ്പ്യൻസ് ലീഗിലേക്ക് എന്ന വാർത്ത ലോകമറിഞ്ഞു.! സാന്റിയുടെ സാന്നിധ്യം നിർണ്ണായകമായ് തന്നെ മലാഗ ആരാധകർ കണ്ടു. പക്ഷേ തൊട്ടടുത്ത സീസണിൽ ആഴ്സണലിൽ നിന്ന് താൽപ്പര്യവും 10 മില്ല്യൺ ഓഫറും ലഭിച്ചപ്പോൾ മലാഗ ഫുട്ബോൾ ക്ലബ്ബിനു ഫിനാൻസ് സ്റ്റെബിലിറ്റി‌ മോശമല്ലാത്ത രീതിയിൽ കൊണ്ട് പോകാനുള്ള ആഗ്രഹം മാത്രമേ ഉണ്ടായിരുന്നൂള്ളൂ. സാന്റിയെ അവർ ആർസെണലിനു കൈമാറി. വെങ്ങറിന്റെ കീഴിൽ, എമിറേറ്റ്സിലെ ആദ്യ സീസണിൽ തന്നെ കസോള ആഴ്സണലിന്റെയും ആർസൺ വെങ്ങറിന്റെയും തുറുപ്പുചീട്ടായി മാറി. പരിശീലകനു‌ സാന്റിയെ‌ കൂടാതെ ടീം ലിസ്റ്റ് തയ്യാറാക്കാൻ പറ്റാത്ത സാഹചര്യം എത്തി. സീസണൊടുവിൽ ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രത്തിനോളം പഴക്കമുള്ള എഫ്.എ കപ്പു എമിറേറ്റ്സിൽ എത്തിച്ചാണ് സാന്റിയും സംഘവും യാത്രയവസാനിപ്പിച്ചത്. 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഴ്സണൽ ഷെൽഫിലെത്തുന്ന ആദ്യ ട്രോഫി. ആഴ്‌സണൽ ആരാധകർ തങ്ങളുടെ ഭാഗ്യതാരമായ് സാന്റിയെ പ്രതിഷ്ഠിച്ചു. ആഴ്സണിൽ സാന്റിയുടെ സുവർണ്ണ കാലഘട്ടമായിരുന്നു. മെസ്യൂട്ട് ഓസിലിനൊപ്പം ഗണ്ണേഴ്സിന്റെ മധ്യനിരയിലെ ഫുട്ബോൾ സിംഫണയിൽ അയാൾ ഘടകമായ്. പാസിങ്ങ് ഗെയിം പുനരുജ്ജീവിപ്പിച്ചു കൊണ്ടയാൾ കളിയിൽ സ്വന്തം സ്ഥാനം അർത്ഥവത്താക്കി.

“സാന്റി മികച്ചൊരു കളിക്കാരനാണു.പാസിങ്ങിലും ഒരു ഗെയിം കണ്ട്രോൾ ചെയ്യുന്നതിനും മിടുക്കൻ. എതിരാളികളുടെ ഇടയിലും അയാൾ നടത്തുന്ന ബോൾ കണ്ട്രോളിങ്ങ് അപാരം തന്നെയാണു” ആഴ്സണലിൽ സാന്റിയുടെ സഹതാരമായിരുന്ന ജോൺ വീൽഷെയറിന്റെ വാക്കുകളാണിവ. ആ കാലയളവിൽ ആഴ്സണലിന്റെ കളി കണ്ടിട്ടുള്ള ഒരാളും മറക്കാൻ സാധ്യതയില്ലാത്ത കാര്യം തന്നെയാണു ജോൺ പറഞ്ഞു വെച്ചത്.
സഹതാരങ്ങൾക്ക് മാത്രമല്ല പരിശീലകനും പ്രിയപ്പെട്ടവനായിരുന്നു സാന്റി. വെങ്ങറിന്റെ എല്ലാത്തരം ചുവടുകളും അയാൾ സ്വായത്തമാക്കിയിരുന്നു. കോച്ചിന്റെ ആവശ്യത്തിൽ കളിയുടെ ഒഴുക്ക് മാറ്റാനുള്ള പക്വത സാന്റിയിലുണ്ടായിരുന്നു. ഇക്കാലയളവിൽ ഇത്രയും നല്ല സ്‌ക്വാഡും പരിശീലകനുമുള്ളപ്പോൾ പ്രീമിയർ ലീഗിൽ മുത്തമിടാൻ സാധിക്കാതെപ്പോയത്, ഗണ്ണേഴ്സിന്റെ കറുത്ത അധ്യായങ്ങളിലൊന്നായി ഭാവിയിൽ കാലം ഇതിനെ വിശേഷിപ്പിക്കും.കളി മാത്രമല്ല ഭാഗ്യവും തുണയ്ക്കണം എന്ന് ഫുടബോൾ ഓർമിപ്പിക്കുന്ന സന്ദർഭങ്ങൾ.
2016-2017 സീസണിൽ വലിയ പ്രതീക്ഷയുമായാണു ആഴ്സണൽ ഫുട്ബോൾ ക്ലബ്ബ് തുടക്കമിട്ടത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയും പ്രീമിയർ ലീഗിലെ കിരീട സാധ്യതയും മെച്ചപ്പെടുത്താനുള്ള പദ്ധതികൾ വെങ്ങർ തയ്യാറാക്കിയിരുന്നു. ഭേദപ്പെട്ട നിലയിൽ തന്നെ അവർ സീസൺ ആരംഭിച്ചു. 2016 ഒക്ടോബർ 19 നു നടന്ന “ലുഡോഗരേറ്റ്സ് രസ്ഗ്രാഡ്” നെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മൽസരത്തിനിടെ കഥ മാറിമറിഞ്ഞു. ഒരു ഗോൾ പ്രൊവൈഡിങ്ങ് അസിസ്റ്റ് ഓസിസിലേക്ക് നീട്ടിയ കസോളയ്ക്ക് പെട്ടെന്നുള്ള ഡിഫണ്ടറിന്റെ ചലഞ്ചിൽ പരിക്ക് പറ്റി. ഗ്രൗണ്ടിൽ കസോളയുടെ കണ്ണീർ വീണു. തീർത്തും അപകടകരമായിരുന്നു ആ ചലഞ്ച് എന്ന് ആരാധകർ അറിഞ്ഞു.ദിവസങ്ങൾ കഴിഞ്ഞു , കർസോളയുടെ പരിക്കിന്റെ വിശദാംശങ്ങൾ വന്നു. “പരിക്ക് ഗുരുതരമാണു. കാലുവരെ മുറിച്ച് കളയാൻ സാധ്യതയുണ്ട്. നടക്കാനാകില്ല.” തുടങ്ങിയ വാർത്തകൾ പരന്നു. അത് സത്യമായിരുന്നു. അയാളുടെ “achillies tendon”ന് ഗുരുതരമായി ക്ഷതമേറ്റിരിക്കുന്നു. ഫുട്ബോളിലേക്കുള്ള അയാളുടെ മടക്കയാത്ര ഒരിക്കലും സാധ്യമല്ല എന്ന് ഡോക്ടറന്മാർ വിധിയെഴുതി. ഫുട്ബോൾ ലോകം പതിയെ അയാളെ മറന്നു തുടങ്ങി.
മാസങ്ങൾ കഴിഞ്ഞു, സ്പാനിഷ് മാധ്യമം മാഴ്ക്ക റിപ്പോർട്ട് ചെയ്യ്ത സാന്റിയുടെ കാലിന്റെ ഫോട്ടോയാണു വീണ്ടും അയാളിലേക്ക് ഫുട്ബോൾ ലോകത്തെ അടുപ്പിച്ചത്. കാലിൽ പച്ചക്കുത്തപ്പെട്ട മകളുടെ‌ നാമം എകദേശം ഛിന്നഭിന്നമായിരിക്കുന്നു. ഹാംസ്ട്രിങ്ങിൽ നിന്നും അടർത്തിയെടുത്ത മാംസം അയാളിലെ പൊളിഞ്ഞ കാലിനെ ഉണർവേറ്റിയിരിക്കുന്നു. ബൂട്ട് പോലും കയറാൻ പറ്റാത്തതരത്തിൽ കാൽ വിരൂപമായിരിക്കുന്നു. ഒരു കാൽപ്പന്ത് കളിക്കാരനു സഹിക്കാനും ക്ഷമിക്കാനുമാവാത്ത ചിത്രം. വീണ്ടും മാസങ്ങളും ആണ്ടുകളും കടന്ന് പോയ്. ആഴ്സണലുമായുള്ള സാന്റിയുടെ കരാർ അവസാനിച്ചു. അയാളിപ്പോൾ വിശ്രമജീവിതത്തിലാണു. ഫുട്ബോൾ ലോകം അയാളുടെ വിരമിക്കൽ വാർത്തക്കായ് തയ്യാറെടുത്തു. നിരൂപകർ തങ്ങളുടെ തൂലിക അയാളിലെ പഴയകളിവീര്യത്തെ ഒപ്പിയെടുക്കാൻ വെമ്പൽ കൊണ്ടു. സഹകളിക്കാർ ആയിരുന്നവർ തങ്ങളുടെ പ്രിയസുഹ്യത്തിനു ഭാവിജീവിതത്തിനു സ്തുതി പാടാൻ കാത്തിരുന്നു. ആ കാത്തിരുപ്പ് ഒരുപാട് നാൾ പോകും എന്നവർ കരുതികാണില്ല..
പുതുവർഷം പുലരുകയാണ്. പോയ വർഷത്തെ തെറ്റും നാണക്കേടുകളും വഴക്കുകളും മറക്കാൻ ആശിക്കപ്പെട്ടൊരു സമൂഹം പുതിയ ആണ്ടിനെ വരവേൽക്കാൻ വെമ്പൽ കൊണ്ടു. സ്പാനിഷ് ലീഗിൽ നടക്കുന്ന റയൽ മാഡ്രിഡ് – വിയ്യാറയൽ മൽസരത്തോടെ ഫുട്ബോൾ സ്പെയിനിൽ ഉണരും. സീസണിൽ തരം താഴ്ത്തൽ മേഖലയിൽ ആയിരുന്നു വിയ്യാറയൽ. യൂറോപ്യൻ ചാമ്പ്യന്മാർക്കെതിരെ ഒരു സമനില പോലും സ്വപ്നം കണ്ട അവർക്ക് അനുകൂലമായ് തന്നെ 4ആം മിനിട്ടിൽ ലീഡ് കിട്ടി. സ്കോർ ചെയ്യ്ത ആളാരെന്നോ എന്തെന്നോ ആരും നോക്കിയില്ല. ആഘോഷം ഉച്ഛസ്ഥതയിൽ എത്തിയ മഞ്ഞക്കുപ്പായക്കാർക്ക് പൊടുന്നനെ രൂപമാറ്റമുണ്ടായ്. 15 മിനിട്ടുകൾക്കുള്ളിൽ 2 ഗോളുകൾ അവരുടെ വലയിലെത്തിയിരിക്കുന്നു. വീണ്ടും ഗോളുകൾ വഴങ്ങുമോ എന്നവർ ആശങ്കപ്പെട്ടു. പകരം നൽകാൻ ഗോളുകൾക്കായ് ശ്രമിച്ചു. പക്ഷെ മാഡ്രിഡ്‌ പ്രതിരോധനിര അവരെ തടഞ്ഞു നിർത്തി.. മിനിട്ട് 82, മാഡ്രിഡ് പോസ്റ്റിലേക്കടുത്ത ഒരു ബോൾ ചിപ്പ് ചെയ്യപ്പെട്ട് കിട്ടിയത് ബോക്സിലേക്ക് ഓടിയടുത്ത 19 നമ്പർ കളിക്കാരനിലേക്കാണു. അയാൾ തന്റെ സർവ്വശക്തിയുമെടുത്ത് ആ ബോളിലേക്ക് തലവെച്ചു. ബോൾ വലക്കുള്ളിൽ എത്തിയതിനൊപ്പം ഗാലറിയിൽ ആവേശം മടങ്ങിയെത്തി. ലോകകപ്പ് ഗോൾഡൻ ഗ്ലോവ് ജേതാവ് ക്വോർതോയുടെ കാലുകൾക്കിടയിലൂടെ ആ ബോൾ ഗോൾവലയിൽ സ്പർശിച്ചു. ചീറ്റപ്പുലിപോലെ മാഡ്രിഡ് ഡിഫന്റ്സിനെ ഒന്നുമല്ലാതാക്കിയ അയാളുടെ‌ പേരു അവർ വായിച്ചു. “സാന്റി കസോളാ ഗോൺസാല്വസ്”. ഒരു ദശാബ്ദത്തിനു മുമ്പ് റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസിന്റെ നോട്ടപ്പുള്ളിയായിരുന്ന ആ പഴയ കസോള തന്നെ..എമിറേറ്റ്സ് സ്റ്റേഡിയത്തിനുള്ളിൽ അനേകായിരം ചുവപ്പ്- വെള്ള കലർന്ന വസ്ത്രധാരികളെ സന്തോഷപ്പെടുത്തിയ അതേ കസോള.അയാൾ തിരിച്ചെത്തിയിരിക്കുന്നു. 635 ദിവസങ്ങൾക്ക് ശേഷം. എഴുന്നേറ്റ് നടക്കാൻ പോലും പറ്റില്ല എന്ന് സർജ്ജന്മാർ വ്യക്തമാക്കിയ ” Achilles tendon” ൽ 9 ശസ്ത്രക്രിയക്ക് വിധേയനായ മഞ്ഞക്കുപ്പായക്കാരുടെ സ്വന്തം സാന്റി.! അയാൾ തിരികെയെത്തിയിരിക്കുന്നു. ഫുട്ബോൾ ലോകത്തെ പലരും ഇത് നേരത്തെ അറിഞ്ഞതാണു. പക്ഷേ ഫുട്ബോൾ ലോകം ആ പേര് വീണ്ടും ആഘോഷിച്ചത് മാഡ്രിഡിനെതിരെ നടത്തിയ പ്രകടനത്തിലൂടെ ആയിരുന്നു.

“എന്നെങ്കിലും തിരിച്ചെത്തണം എന്ന ദ്യഡനിശ്ചയം എന്നിലുണ്ടായിരുന്നു. എന്റെ മകൻ എൻസോ എന്നോട് ഇടയ്ക്ക് ചോദിക്കും ‘അച്ചാ , അച്ചനിനി കളിക്കുമോ എന്ന്?’ അപ്പോൾ ഞാൻ പറയും ‘കളിക്കും'” ,വിയ്യാറയലിലേക്കുള്ള മടങ്ങിവരവിനു ശേഷം ഒരു മാധ്യമത്തിനു നൽകിയ ഇന്റർവ്യൂവിൽ സാന്റിയുടെ വാക്കുകളാണിവ. 2 വർഷം മുമ്പ് കാൽ വരെ മുറിക്കപ്പെടും എന്ന അവസ്ഥ ഉണ്ടായ അയാളുടെ വീര്യം എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്ന് വായിച്ചേടുക്കാൻ സാധിച്ചേക്കും.
അയാൾ പ്രതീകമാകുകയായിരുന്നു. ഒരു ചെറു ഇഞ്ചുറിപോലും കരിയർ നഷ്ടപ്പെടുത്തും എന്ന് വിഷമിക്കുന്ന യുവതാരങ്ങൾക്ക്, എത്രകാലമെടുത്താലും ഫുട്ബോൾ തന്നിൽനിന്ന് അകലില്ല എന്ന് തെളിയിച്ച് കൊണ്ട്.

പ്രിയ കസോള, താങ്കൾ ഞങ്ങളുടെ കളിയോടുള്ള സ്നേഹത്തെ‌ ഊട്ടിയുറപ്പിക്കുകയാണു.വെളുപ്പാൻ കാലത്ത് ഉദയം കൊള്ളുന്ന സൂര്യനെ പോലെ ഒരുനാൾ താങ്കൾ ഉയർന്നെഴുന്നേറ്റപ്പോൾ അത്രത്തോളം അതിശയവും വെളിച്ചവും ഞങ്ങളിൽ താങ്കൾക്ക് കാണാനായേക്കും. “എഴുന്നേറ്റ് നടക്കാൻ പോലുമാവില്ല” എന്ന് വിധിയെഴുതിയ ഡോക്ടറിനെ താങ്കൾ അതിശയപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞങ്ങളെ കോൾമയിർ കൊള്ളിക്കുകയാണ് താങ്കൾ ചെയ്യ്തത്. ഇനിയും താങ്കളുടെ വിസ്മയഫുട്ബോളിനു സാക്ഷിയാകാൻ ഈയുള്ളവർക്ക് സാധിക്കും എന്ന വിശ്വസിക്കുന്നു…

Credits: insaNeGuy

  • SHARE :