മാച്ച് റിവ്യൂ : വലൻസിയ 1 – 1 ബാഴ്‌സലോണ
ലാലിഗ 13 മത്സരങ്ങൾ പിന്നിടുമ്പോൾ അപരാജിതരായി ബാഴ്‌സ ഒന്നാം സ്ഥാനത്തു തുടരുന്നു.
ആവേശം വാനോളം ചൊരിഞ്ഞ ഒരു മത്സരം. ലീഗിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടിയപ്പോൾ ആരാധകർ പ്രതീക്ഷിച്ച ഒരു മത്സരം കാണാനായി. കൊണ്ടും കൊടുത്തും രണ്ട് ടീമും കളിച്ചപ്പോൾ ഒരു കിടിലൻ ക്ളൈമാക്‌സും. ബാഴ്‌സക്ക് ലഭിച്ച ഒരു ക്ലിയർ ഗോൾ റഫറിയുടെ പിഴവിൽ നിഷേധിക്കപ്പെട്ടത് നിരാശപ്പെടുത്തി. തുടർന്ന് ലീഡെടുത്തു ഒരു വിജയത്തിലേക്ക് കണ്ണുംനട്ടിരുന്ന വലൻസിയ പക്ഷെ ലിറ്റിൽ മജീഷ്യന്റെ ഒരു മാസ്മരിക അസ്സിസ്റ്റിൽ എൽ ഫെറാരി ആൽബ നേടിയ മനോഹര ഗോളിൽ സമനില വഴങ്ങേണ്ടി വന്നു. ഒരു വിജയത്തോളം പോന്ന സമനിലയുമായി ബാഴ്‌സ മുൻപോട്ട്.
ഏറെ പ്രതീക്ഷയോടെയായിരുന്നു ഈ മത്സരത്തെ കണ്ടിരുന്നത്. അത്രമേൽ മികച്ച പ്രകടനം കാണുമെന്നു ഉറപ്പുമുണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ പിൻനിരയിൽ വെർമയേലൻ തന്നെയെത്തി. പ്രാർത്ഥനകളായിരുന്നു പിന്നീടങ്ങോട്ട്, സ്ഥിരമായി കളിക്കാൻ സാധിക്കാത്ത വെർമയേലൻ ടീമുമായി ഒത്തിണങ്ങുമെന്ന് പ്രതീക്ഷയോടെ അദ്ദേഹത്തെ എല്ലാവരും സ്വാഗതം ചെയ്തു. വെർമയേലൻ ഒഴികെ കാര്യമായ മാറ്റങ്ങൾ ടീമിൽ ഉണ്ടായിരുന്നില്ല. അതിവേഗം കളിയ്ക്കാൻ കഴിയുന്ന വലൻസിയക്കെതിരെ അൽപ്പം പ്രതിരോധം കൈവരുന്ന 4 – 4 – 2 ഫോർമേഷൻ ആണ് വൽവെർദേ സ്വീകരിച്ചത്. ഇനിയേസ്റ്റയും , ബുസിയും , പൊളിഞ്ഞോയും , റാക്കിയും ചേർന്ന മധ്യനിര മത്സരത്തിൽ ബാഴ്‌സക്ക് കൂടുതൽ മേൽക്കൈ നേടാനുള്ള ശ്രമമായിരുന്നു. ഞങ്ങളുടെ അഭിപ്രായത്തിൽ വളരെ മികച്ച ഒരു തീരുമാനം. കാരണം അതിവേഗം കൗണ്ടർ കളിക്കാൻ കഴിയുന്ന വലൻസിയ, ആ തന്ത്രം പയറ്റാതിരിക്കാൻ ആ നീക്കങ്ങളുടെ മുന അവരുടെ ഹാഫിൽ തന്നെ ഒടിക്കണമായിരുന്നു . ആ നീക്കം ആദ്യ പകുതിയിൽ പൂർണമായും വിജയിച്ചു എന്ന് പറയാം. ഒപ്പം മെസ്സിയും സുവാരസും മുന്നേറ്റത്തിൽ തങ്ങളുടെ ജോലി ഭംഗിയോടെ നിർവഹിച്ചാൽ മത്സരം ബാഴ്‌സക്ക് അനുകൂലമായി ഭവിക്കാൻ സാധ്യതയേറെയായിരുന്നു.
മോശമല്ലാത്ത തുടക്കമായിരുന്നു. പന്ത് ഹോൾഡ് ചെയ്തു സംയമനത്തോടെ കളിച്ച ബാഴ്‌സ അൽപ്പനേരത്തേക്ക് വലൻസിയയെ മത്സരത്തിൽ നിന്നും മാറ്റിനിർത്തിയത് പോലെ തോന്നിച്ചു. വലൻസിയയാകട്ടെ , അധികം ആക്രമിക്കാൻ ശ്രമിക്കാതിരുന്നപ്പോൾ അതിശയിച്ചു പോയി. പക്ഷെ നമ്മുടെ ഒരു പിഴവിൽ നിന്നും ലഭിച്ച പന്തുമായി അതിവേഗം അവർ നമ്മുടെ ബോക്സിലെത്തിയപ്പോൾ അവരുടെ തന്ത്രങ്ങൾ ബോധ്യമായി. നമ്മളെ നല്ല രീതിയിൽ പ്രതിരോധിക്കുക, പിഴവുകളിൽ അതിവേഗം കൗണ്ടർ നടത്തി ഗോളിനായി ശ്രമിക്കുക. പക്ഷെ നാല് മിഡ്ഫീൽഡർമാരെ നിയോഗിച്ച ബാഴ്‌സ ആ നീക്കത്തെ അട്ടിമറിച്ചു, വലൻസിയയുടെ അത്തരം നീക്കങ്ങളെ വളരാൻ അനുവദിക്കാതെ ബാഴ്‌സ മധ്യനിര മികച്ച രീതിയിൽ കഴിച്ചപ്പോൾ മത്സരത്തിൽ അതുവരെ പൂർണ്ണ ആധിപത്യത്തോടെ ബാഴ്‌സ മുന്നിട്ട് നിന്നു ഒരു പക്ഷെ ഏറ്റവും നിരാശാജനകമായ നിമിഷം പിറന്നത് മുപ്പതാം മിനിറ്റിലായിരുന്നു. ബാഴ്‌സയുടെ മുന്നേറ്റത്തിനൊടുവിൽ വലതുവിങ്ങിൽ നിന്നും സുവാരസ് നൽകിയ പാസ് ഓടിയെത്തിയ മെസ്സി ഒരു കിടിലൻ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. ഗോൾകീപ്പർ തടുത്തെങ്കിലും പന്ത് കീപ്പറുടെ കാലുകൾക്കിടയിലൂടെ ഗോൾ ലൈൻ കടന്നിരുന്നു. ഗോൾ ലൈൻ കടന്ന പന്ത് കീപ്പർ തട്ടിയകറ്റി. പക്ഷെ മത്സരം നിയന്ത്രിച്ചിരുന്ന റഫറിയുടെ കണ്ണിൽ പക്ഷെ അത് ഗോളായിരുന്നില്ല എന്ന് ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്ത് കൊണ്ടാണ് ഗോൾ അനുവദിക്കാതിരുന്നെതെന്നു ശങ്കിച്ച് നിൽക്കുമ്പോൾ വലൻസിയ കൗണ്ടർ അറ്റാക്ക് നടത്തിയെങ്കിലും സാസയുടെ ഷോട്ട് വെളിയിലേക്കാണ് പോയത്. ഗോൾ നിഷേധിച്ചതിന്റെ നിരാശയിലും മനോഹരമായ കളിയാണ് പിന്നെയും ബാഴ്‌സ കാഴ്ചവെച്ചത്. വൺ ടച് പാസുകളും ടികി ടാക്കയും നിറഞ്ഞു നിന്ന നിമിഷങ്ങളിൽ നമ്മൾ അലിഞ്ഞു ചേർന്ന കുറെ നിമിഷങ്ങൾ. ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് മുൻപ് ഒരു ഗോൾ നേടാമെന്ന് നമ്മുടെ മോഹത്തിന് തടയിട്ട് കൊണ്ട് ഇഞ്ചുറി ടൈം ഏതുമില്ലാതെ റഫറി ഇടവേളക്ക് വിസിൽ മുഴക്കി.
രണ്ടാം പകുതി കൂടുതൽ ആക്രമണകാരികളായ വലൻസിയയെ ആണ് കണ്ടത്. അവരുടെ പെട്ടന്നുള്ള ഭാവമാറ്റം ബാഴ്‌സയുടെ കളിയിലും പ്രകടമായിരുന്നു. ആദ്യപകുതിയിൽ ബാഴ്‌സ മുന്നിട്ട് നിന്നിരുന്നെങ്കിൽ രണ്ടാം പകുതിയിൽ കൂടുതൽ മേധാവിത്വം അവർക്കായിരുന്നു. അതിന്റെ ഫലവും അധികം വൈകാതെ അവർക്ക് ലഭിച്ചു. റൈറ്റ് ബാക്കിൽ ഒരു സപ്പോർട്ട് നൽകേണ്ടിയിരുന്ന റാക്കി പൊസിഷൻ മാറിയപ്പോൾ ലഭിച്ച ഓപ്പൺ സ്‌പേസ് മുതലെടുത്തു ഇടതുവിങ്ങിൽ നടത്തിയ മനോഹരമായ നീക്കം ഗോളിൽ കലാശിക്കുകയായിരുന്നു. അത്രയും നേരം മികച്ചു കളിച്ചിരുന്ന സെമെഡോ വൺ ഓൺ ടു സിറ്റുവേഷനിൽ പരാജിതനായപ്പോൾ ഗയയുടെ ഒരു മികച്ച ക്രോസ് റോഡ്രിഗോ ഒരു ടാപ്പ് ഇൻ ഫിനിഷ്. അതുവരെ മികച്ചു നിന്നിരുന്ന പ്രതിരോധം ആദ്യമായി കടപുഴകി. നമ്മുടെ അർഹിച്ച ഗോൾ നഷ്ട്ടപ്പെട്ടതിനൊപ്പം ഒരു ഗോൾ കൂടി വഴങ്ങിയതോടെ നമ്മൾ ആരാധകരും വല്ലാതെ നിരാശയിലാണ്ട് പോയി. എങ്കിലും ഒരു സമനിലയെങ്കിലും ലക്ഷ്യമാക്കി ബാഴ്‌സ പിന്നീട് കൂടുതൽ ആക്രമിക്കാൻ തുടങ്ങി. പക്ഷെ വിജയിക്കാനും പോയിന്റ് നിലയിൽ മുന്നേറാനും ഒരു ഗോൾ മാത്രം മതിയായിരുന്ന വലൻസിയ പിന്നീട് കഠിനമായ പ്രതിരോധത്തിലേക്ക് ചുവട് മാറി. ബസ് പാർക്കിങ് ശൈലിയിൽ നല്ല ഒന്നാംതരം ഡിഫൻസ് വലൻസിയ കാഴ്ചവെച്ചപ്പോൾ ബാഴ്‌സയും വിയർത്തു. കൂടുതൽ പ്രെസിങ്ങിനായി അഡ്വാൻസ് പൊസിഷനിൽ ബാഴ്‌സ നിന്നപ്പോൾ വലൻസിയക്ക് കൗണ്ടർ അറ്റാക്കുകളും കൂടുതൽ എളുപ്പമായി. നമ്മുടെ ഒരു പിഴവിനായി കാത്തിരിക്കുകയും ഒരു അവസരം ലഭിച്ചാൽ ശരവേഗത്തിൽ നമ്മുടെ പോസ്റ്റിലെത്തുകയും ചെയ്ത അവർ പലകുറി ബാഴ്‌സയെ വിറപ്പിച്ചു. എങ്കിലും ഏതുവിധേനയും ഒരു ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ച ബാഴ്‌സക്ക് ഒരു ബ്രേക്ക് ത്രൂ ലഭിച്ചത് എൺപത്തിനാലാം മിനിറ്റിലായിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ തന്റെ ക്‌ളാസ് ഒന്ന് കൂടി ലോകത്തിനു കാണിച്ചു കൊടുത്ത അസിസ്റ്റിൽ പിറന്ന ഒരു ഗോൾ. ഇനിയേസ്റ്റക്ക് പകരം കളത്തിലെത്തിയ ഡെനിസ് സുവാരസ് ഇടതു ഭാഗത്തുനിന്നും മധ്യനിരയിലേക്ക് നീങ്ങി മെസ്സിക്ക് ഒരു സാധാരണ പാസ്. ഒരു അവസരത്തിനായി മെസ്സിയുടെ കണ്ണുകൾ പരതിയപ്പോൾ തെളിഞ്ഞത് ഇടതുവിങ്ങിൽ ഒരു റണ്ണിനായി തയ്യാറെടുക്കുന്ന ആൽബ. എതിർ ഡിഫൻഡറിൽ നിന്നും ഏതാനും മീറ്റർ പുറകിൽ നിന്നിരുന്ന ആൽബ ഒരു റൺ തുടങ്ങിവച്ചു .ആ ഓട്ടം എതിർ ഡിഫൻഡർ മറികടന്നു ഓഫ് സൈഡ് പൊസിഷനിൽ എത്തുന്നതിന് ഏതാനും ഇഞ്ചുകൾക്ക് മുൻപ് മെസ്സിയുടെ ഒരു ഹൈബാൾ ആൽബയുടെ നേരെ. കൃത്യമായ ടൈമിങ്ങോടെ ഓടിയെത്തിയ ആൽബ അത് കൃത്യമായി വലയിലെത്തിച്ചു. നമ്മളെല്ലാം ഞെട്ടിത്തെറിച്ച നിമിഷങ്ങളായിരുന്നു അത്. ഒരു പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്ന നിലയിൽ നിന്നും വീണ്ടും മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ്. അലറിവിളിച്ചു ആകെ തൊണ്ടയടഞ്ഞു പോയി.മത്സരത്തിലേക്കും ലാലീഗയിലേക്കും വീണ്ടും ബാഴ്‌സ അങ്ങനെ തിരിച്ചെത്തി. തുടർന്ന് വിജയഗോളിനായി രണ്ട് ടീമും കിണഞ്ഞു ശ്രമിച്ചു. പക്ഷെ പിന്നീട് ബാഴ്‌സ അൽപ്പം നിരാശപ്പെടുത്തി. അവസാന മിനിഷങ്ങളിൽ സമ്മർദങ്ങൾ മൂലമാണോ എന്നറിയില്ല, ഒട്ടേറെ പിഴവുകൾ വരുത്തിയപ്പോൾ പലകുറി നമ്മൾ രണ്ടാം ഗോൾ വഴങ്ങുമെന്ന് തോന്നിച്ചു. എങ്കിലും വലൻസിയയുടെ പിഴവ് കൊണ്ടും നമ്മുടെ പ്രതിരോധത്തിന്റെ കൃത്യമായ ഇടപെടൽ കൊണ്ടും മത്സരം സമനിലയിൽ കലാശിച്ചു.
ആദ്യമേ പറഞ്ഞത് പോലെ ലീഗിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ആദ്യപകുതി അത്രമേൽ മികച്ചതായിരുന്നു. പാസിംഗ് ഗെയിം , വൺ ടച്ചുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം.കളി അടക്കിഭരിക്കുകയായിരുന്നു. വലൻസിയക്കെതിരെ ആദ്യപകുതിയിൽ എഴുപതിൽ കൂടുതൽ പൊസെഷൻ കൈവരിക്കുക എന്നത് തീർച്ചയായും മികവിന്റെ പര്യായമാണ്. ഏറ്റവും അഭിനന്ദനമർഹിക്കുന്നത് മധ്യനിരയാണ്. ആക്രമണത്തിനും പ്രതിരോധത്തിനും ഒരു പോലെ സഹായിച്ച അവർ കളി ബാഴ്‌സയുടെ കൈകളിൽ തന്നെയിരിക്കാൻ സഹായിച്ചു. അവരോടൊപ്പം നിറഞ്ഞു കളിച്ച പ്രതിരോധവും പ്രത്യേക പരാമർശം അർഹിക്കുന്ന ജോലിയാണ് ചെയ്തത്. ആദ്യപകുതിയിൽ വലൻസിയക്ക് ഓൺ ടാർജറ്റ് ഷോട്ട് ഒന്നുപോലുമില്ലായിരുന്നു. ടെർ സ്റ്റീഗനെകൊണ്ട് ഒരു സേവ് പോലും വേണ്ടി വന്നില്ല. മുന്നേറ്റത്തിലും നമ്മൾ നന്നായിരുന്നു. ഇനിയേസ്റ്റ – മെസ്സി കൂട്ടുകെട്ട് ചില്ലറ തലവേദനയല്ല വലൻസിയക്ക് സൃഷ്ട്ടിച്ചത്. നിർഭാഗ്യവശാൽ ഗോൾ അനുവദിക്കാത്തതായിരുന്നു ഏക നിരാശ.
രണ്ടാം പകുതിയിൽ പക്ഷെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. വലൻസിയ ആക്രമണം കനപ്പിച്ചപ്പോൾ ടീം പതറി. അതിന്റെ കൂടെ ഫലമായിരുന്നു അവർ നേടിയ ഗോളും. പ്രത്യക്ഷത്തിൽ സെമെഡോയുടെ പിഴവിൽ നിന്നാണ് ആ ഗോൾ വന്നതെന്ന് തോന്നിക്കുമെങ്കിലും അതിനു മറ്റൊരു കാരണം കൂടിയുണ്ട്. വലതു ഭാഗത്തു ഡിഫൻസിൽ സെമെഡോയെ സഹായിക്കേണ്ട ചുമതല റാക്കിക്കുണ്ടായിരുന്നു. പക്ഷെ സ്ഥാനം തെറ്റി നിന്ന റാക്കിറ്റിച്ചിന്റെ പിഴവ് മുതലെടുത്താണ് വലൻസിയ ആ നീക്കം നടത്തിയത്. റാക്കി ശൂന്യമാക്കി വിട്ട ഓപ്പൺ സ്‌പേസ് മുതലെടുത്തു മുന്നേറിവന്ന വലൻസിയയുടെ രണ്ടു കളിക്കാരെയും ഒരുപോലെ നേരിടേണ്ടി വന്നത് സെമെഡോക്കാണ്. ഇത്തരം വൺ ഓൺ ടു സാഹചര്യങ്ങളിൽ ഏതൊരു കളിക്കാരനെയും പോലെ തന്നാലാവുന്നത് ചെയ്യാൻ സെമെഡോ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഒരു പക്ഷെ സമ്മർദം മൂലമാവാം പിന്നീട് സെമെഡോ പലതവണ പിഴവുകൾ സൃഷ്ടിക്കുകയുണ്ടായി. നമ്മൾ കൂടുതൽ അങ്കലാപ്പിലാകുംതോറും വലൻസിയക്ക് കാര്യങ്ങൾ എളുപ്പമായി വരികയായിരുന്നു. അത് മുതലെടുത്താണ് അവർ നമ്മെ ആക്രമിക്കാൻ തുനിഞ്ഞിരുന്നത്. എങ്കിലും ഒരു ഗോളിന് ശേഷം കൂടുതൽ പ്രതിരോധിക്കാൻ തുനിഞ്ഞത് അവസാനം അവർക്ക് തന്നെ പാരയായി.
നമ്മളിൽ ഏറ്റവും നിരാശപടർത്തിയത് സുവാരസ് തന്നെയായിരുന്നു. ഓഫ് സൈഡ്, ഓഫ് സൈഡ് , ഓഫ് സൈഡ്…..എത്ര ഓഫ് സൈഡുകൾ ആണ് ഇന്നലെ അദ്ദേഹം വരുത്തിവച്ചത് എന്ന് ഒരു നിശ്ചയവുമില്ല. മുൻമത്സരങ്ങളിൽ ടച്ചുകളും പാസുകളും മോശമായിരുന്നെകിൽ ഇന്നലെ അതിനു മുൻപേ ഓഫ് സൈഡിൽ അദ്ദേഹം നിരാശപ്പെടുത്തി. അതും ചെറിയ വ്യത്യാസത്തിലല്ല ആ ഓഫ് സൈഡുകൾ എന്നതാണ്. വലിയ മാർജിനിൽ തന്നെയാണ് അദ്ദേഹം ഓഫ് സൈഡ് ആയി നിൽക്കുന്നത്. തന്റെ പൊസിഷൻ അവയേർനസ് അദ്ദേഹം കൂടുതലായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പിന്നീട് നിരാശപ്പെടുത്തിയത് റാക്കിറ്റിച് ആയിരുന്നു. തന്റെ അനുഭവസമ്പത്തും ഉപയോഗപ്പെടുത്തി കളിയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. കൂടുതൽ മെച്ചപ്പെട്ട പ്രകടനം അദ്ദേഹം കാഴ്ചവെക്കേണ്ടിയിരുന്നു. അവസാന നിമിഷങ്ങളിൽ കളത്തിലെത്തിയ ഡെലുഫെയും അലക്സ് വിദാലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല. അവസാന നിമിഷങ്ങളിൽ വിദാലിന്റെ ചില മൈനസ് പാസുകൾ അത്രയേറെ അപകടം പിടിച്ചതായിരുന്നു.
മെസ്സി പതിവ് പോലെ മികവ് പുറത്തെടുത്ത മത്സരമായിരുന്നു ഇന്നലെ. ആദ്യപകുതിയിൽ ആ അനുവദിക്കാത്ത ഗോളും ഇനിയേസ്റ്റയുമായുള്ള വൺ ടച്ചുകളും അതിമനോഹരമായിരുന്നു എന്ന് പറയാം. പക്ഷെ രണ്ടാം പകുതിയിൽ അൽപ്പം നിറം മങ്ങി. കൂടുതൽ ഡിഫെൻസിവ് ആയി കളിച്ച വലൻസിയക്കെതിരെ ഒരുപാടു തവണ പന്ത് നഷ്ടപ്പെടുത്തി. എങ്കിലും അവസാന നിമിഷത്തിൽ നൽകിയ ആ അസിസ്റ്റ് , മറക്കില്ല ഒരിക്കലും. ഇനിയേസ്റ്റയും ബുസിയും തങ്ങൾ ഇന്നും ടീമിന്റെ അഭിവാജ്യ ഘടകമാണ് എന്ന് വീണ്ടും തെളിയിക്കുന്നു. എത്ര മനോഹരമായ കളിയാണ് ഇരുവരും കാഴ്ചവെക്കുന്നത്. ഗോൾ നേടുകയോ ജയിക്കുകയോ തോൽക്കുകയോ ആവട്ടെ, അവരുടെ കളി കാണുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് തന്നെയാണ്. കടുത്ത എവേ മത്സരങ്ങളിൽ പൊളിഞ്ഞോയുടെ സാന്നിധ്യം ഗുണം ചെയ്യും എന്ന് വീണ്ടും തെളിയിച്ചു. കൗണ്ടറുകൾക്ക് വലൻസിയയെ അനുവദിക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എങ്കിലും പാസിംഗ് ഗെയിമിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞില്ല. പെട്ടന്ന് പാസുകൾ ലഭിക്കുമ്പോൾ ഞൊടിയിടയിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ല. എങ്കിലും മെസ്സിയുമായുള്ള ലിങ്ക് എന്നത്തേയും പോലെ സ്ട്രോങ്ങ് ആയിരുന്നു.
പിൻനിര ഇന്ന് നന്നായിരുന്നു. ഏറെ സംശയത്തോടെയാണ് വെർമേയേലനെ നോക്കിക്കണ്ടതെങ്കിലും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. നമുക്ക് ലഭിച്ച സെറ്റ് പീസുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരുപാട് ഗുണം ചെയ്തു. ഉംറ്റിറ്റി പതിവ് പോലെ പാറ പോലെ ഉറച്ചു നിന്നപ്പോൾ സെമെഡോയും അത്യാവശ്യം നന്നായിരുന്നു. എങ്കിലും രണ്ടാം പകുതിയിൽ പലപ്പോഴും അദ്ദേഹത്തിനും കാലിടറി. പ്രധിരോധത്തെക്കാൾ കൂടുതൽ ആക്രമണത്തിൽ പങ്ക് വഹിച്ച ആൽബ ഇന്ന് തകർത്തു. മികച്ച ഓവർലാപ്പുമായി ഇടതു വിങ്ങിൽ അദ്ദേഹം ഒട്ടനേകം നീക്കങ്ങൾ നടത്തിയിരുന്നു. അദ്ദേഹം നൽകിയ ഒട്ടനവധി കട്ട് ഇന്നുകൾ മുതലാക്കാൻ ഇന്ന് ബാഴ്‌സക്ക് കഴിഞ്ഞില്ല. ഒട്ടനേകം സേവുകൾ ഒന്നും ഇന്ന് സ്റ്റീഗന് നേരിടേണ്ടി വന്നില്ല. ആകെ ഒരു ഷോട്ടാണ് വലൻസിയക്ക് ഇന്ന് ഓൺ ടാർജറ്റ്. പക്ഷെ അത് ഗോൾ ആവുകയും ചെയ്തു. സ്റ്റീഗനെ പഴിചാരാനാകില്ല, അദ്ദേഹത്തിന് കഴിയുന്നതും അപ്പുറമായിരുന്നു ആ ഗോൾ.
ഏറെ നിരാശ പടർത്തിയ ഒന്നായിരുന്നു നിഷേധിക്കപ്പെട്ട ഗോൾ. ഒരു പക്ഷെ ഈ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ ആ ഗോളിനാകുമായിരുന്നു.സ്വതവേ ഒട്ടേറെ വിമർശനങ്ങൾ നേരിടുന്ന ലാലിഗ റഫറിമാരുടെ പിഴവുകളിലേക്ക് മറ്റൊരു ഉദാഹരണം കൂടി. പക്ഷെ അതൊരു മാനുഷിക പിഴവായി കണ്ട് മുന്നോട്ട് നീങ്ങാനാണ് ഞങ്ങൾക്ക് താല്പര്യം. റഫറികളും മനുഷ്യരാണ് പിഴവുകൾ മനുഷ്യസഹജവുമാണ്. വീഡിയോ റഫറിയിങ് സംവിധാനം ഏർപ്പെടുത്താൻ ഉള്ള കാരണങ്ങളുടെ പട്ടികയിലേക്ക് ഈ സംഭവവും ഒരു സ്ഥാനം പിടിക്കട്ടെ.
ഒരു കടുത്ത മത്സരം പ്രതീക്ഷിച്ചതിനാൽ സമനിലയിൽ നിരാശയില്ല. മെസ്റ്റല്ലയിലെ ഒരു സമനില ഒരു വിജയത്തോളം പോന്നതാണ്. ഈ സമനിലയോടെ ലീഗിലെ സ്ഥാനപോരാട്ടം മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോഴും നാല് പോയിന്റ് ലീഡ് നിലനിർത്തിയ ബാഴ്‌സ, മുന്നേറുകയാണ്. ആദ്യ പകുതിയിൽ കാഴ്ച വെച്ച പ്രകടനം ആവർത്തിക്കുകയാണെങ്കിൽ വരും മത്സരങ്ങളിലും നമ്മൾ മുന്നേറും എന്ന് ഉറപ്പാണ്. ടീമിന് അതിന് സാധിക്കും എന്ന ആത്മവിശ്വാസത്തോടെ ഞങ്ങൾ കാത്തിരിക്കുന്നു.
#RETARD
© Penyadel Barca Kerala
