• Follow

മാച്ച് റിവ്യൂ: ബാഴ്‌സലോണ 0 – 0 യുവന്റസ് [അഗ്രിഗേറ്റ് 0 – 3 ]

  • Posted On April 20, 2017

വളരെ മികച്ച ഒരു മത്സരം. മുന്നിലുള്ള ലക്‌ഷ്യം എത്രമാത്രം കഠിനമാണെന്നു അറിയാവുന്ന ബാഴ്‌സ, അതിനു വേണ്ടി തന്നെ കളിച്ചു. സമീപകാലത്തു കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്. പക്ഷെ ലോകോത്തര പ്രതിരോധവുമായി കോട്ട കെട്ടിയ യുവന്റസിനെ തകർക്കാൻ ആ പ്രകടനം മതിയായിരുന്നില്ല.
ആദ്യനിമിഷം മുതൽ ഗോളിനായി കിണഞ്ഞു ശ്രമിച്ച ബാഴ്‌സയായിരുന്നു കളത്തിൽ. ഒരൊനീക്കവും എതിർ പോസ്റ്റിലേക്ക്. കഴിഞ്ഞ മത്സരത്തിൽ നിന്നും പാഠമുൾക്കൊണ്ടാകണം , ബോക്സിൽ പാസുകൾ നൽകുന്നതിന് പകരം, ലോങ്ങ് റേഞ്ചർ ഷോട്ടിലൂടെ ശ്രമങ്ങളായിരുന്നു. ഒരു പക്ഷെ ബാഴ്‌സയ്ക്ക് പരിചിതമല്ലാത്ത രീതിയായതിനാലായിരിക്കാം , എല്ലാ ശ്രമങ്ങളും പോസ്റ്റിനു മുകളിലൂടെ പറന്നകന്നു. രണ്ടാം പക്തിയിലും വ്യത്യാസമേതും കണ്ടില്ല. അവസരങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടപ്പോൾ സമയവും പറന്നകന്നു. ഒടുവിൽ യുവന്റസിന്റെ പ്രധിരോധമികവിൽ , ബാഴ്‌സയുടെ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നങ്ങൾ അവസാനിച്ചു.
ഒരു പക്ഷെ മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി അത്രയേറെ സങ്കടങ്ങൾ ഇപ്പോൾ തോന്നുന്നില്ല. ഒരു ചാമ്പ്യന്മാർക്കൊത്ത പ്രകടമായിരുന്നു ഇന്ന് നമ്മൾ കണ്ടത്. എല്ലാവരും നൂറ് ശതമാനം അർപ്പണബോധത്തോടെ തന്നെ കളിച്ചു. അവരെക്കൊണ്ടാവുന്നതെല്ലാം അവർ ചെയ്തു. ഒരു വേള പോലും യുവന്റസിനെ ആധിപത്യം സൃഷ്ട്ടിക്കാൻ അനുവദിക്കാതെ കളം അവർ അടക്കി ഭരിച്ചു. അത്രയേറെ മികവാർന്ന മത്സരമായിരുന്നു അവരിൽ നിന്നും കണ്ടത്. ഒപ്പം തൊണ്ണൂറു മിനുട്ടും ആരവങ്ങുളയർത്തി കാമ്പ് നോവും പ്രോത്സാഹനങ്ങൾ നൽകി. എങ്കിലും കളിയുടെ കാവ്യനീതിയെന്ന പോലെ അർഹിക്കുന്നവർക്ക് വിജയം.
ഇന്ന് നമ്മൾ ഏറെ കേട്ട ഒരു ചോദ്യമായിരുന്നു, ഇങ്ങനെ കളിക്കാനറിയുമായിരുന്നെങ്കിൽ എന്തുകൊണ്ട് ടൂറിനിൽ ഒരു വൻ പരാജയം ഏറ്റുവാങ്ങി.? ഉത്തരം ബാഴ്‌സയുടെ മനോനില എന്നതാണ്. പലപ്പോഴും മത്സരങ്ങളെ അർഹിക്കുന്ന പ്രാധാന്യം നമ്മൾ കൊടുക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. വിജയിക്കാൻ വേണ്ട ആവേശം പലപ്പോഴും ഇല്ല എന്ന് തോന്നിയിട്ടുമുണ്ട്.പക്ഷെ കാര്യങ്ങൾ കീഴ്മേൽ മറിയുമ്പോൾ ഉണരുന്ന ബാഴ്‌സ, പിന്നീട് ലോകോത്തര നിലവാരമുള്ള പ്രകടനം പുറത്തെടുക്കുന്നു. എന്തുകൊണ്ട് ഈ മനോനില ആദ്യ മത്സരങ്ങളിൽ ആയിക്കൂടാ.?എത്ര ചെറിയ ടീമിനോടും , എത്ര ചെറിയ മത്സരത്തിലും , വിജയം അതുമാത്രം എന്ന ചിന്താഗതി ആണ് ഏറ്റവും അധികം വേണ്ടത്. ആദ്യ ഘട്ടത്തിൽ ഒന്നോ രണ്ടോ ഗോളുകൾ വഴങ്ങിയാലും ശക്തമായി തിരിച്ചടിക്കാൻ തങ്ങൾ കെൽപ്പുള്ളവരാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ കഴിവുള്ളവരാണ് യഥാർത്ഥ ഫുട്ബാൾ പോരാളികൾ. ആ വീറും വാശിയുമാണ് ഒരു ടീമിന് ആദ്യം വേണ്ടത്..
ഞങ്ങൾക്കുറപ്പുണ്ട് , അതിശക്തമായി തന്നെ ബാഴ്‌സ തിരിച്ചു വരും. അവർ ചാമ്പ്യന്മാരാണ്. പലകുറി വീണിട്ടും , ഉയർത്തെഴുന്നേറ്റു വന്നു ചാമ്പ്യൻ പട്ടം തിരിച്ചു പിടിച്ചവരാണിവർ. നാളെ ചാമ്പ്യൻസ് ലീഗിന്റെ കാഹളം ഇനിയും മുഴങ്ങുമ്പോൾ അവിടെ ബാഴ്‌സയുടെ സാനിധ്യമുണ്ടാകും . കിരീടപ്പോരാട്ടത്തിൽ എന്നും മുൻപന്തിയിൽ അവർ ഉണ്ടാകും.
ഒപ്പം യുവന്റസിനെ പ്രകീർത്തിക്കാതെ ഈ ലേഖനം പൂർണ്ണമാകില്ല. തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്ന വിജയം. ലോകോത്തര പ്രതിരോധം. ഗോൾ വല കാക്കാൻ ഒരു ഇതിഹാസം. തീർച്ചയായും നിങ്ങൾ വിജയം അർഹിക്കുന്നു യുവന്റസ്. രണ്ടു വർഷങ്ങൾക്കു മുൻപിൽ ബെർലിനിൽ ബാഴ്‌സയ്ക്ക് മുൻപിൽ അടിയറവു വെച്ച കിരീടം വീണ്ടെടുക്കാൻ , നിങ്ങൾ ഒരു പടി കൂടി മുന്നോട്ട് കടന്നിരിക്കുന്നു. ഈ മുന്നേറ്റം കിരീടത്തിൽ ചെന്ന് പര്യവസാനിക്കട്ടെ എന്ന് ആശംസിക്കുകയാണ്. യുവന്റസിന് ഞങ്ങൾ കൂൾസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും കിരീടത്തിനായി ആശംസകളും.

ബാഴ്‌സലോണ 0 – 0 യുവന്റസ്
അഗ്രിഗേറ്റ് ( 0 – 3 )

© Penyadel Barca Kerala

  • SHARE :