മാച്ച് റിവ്യൂ
മൂന്ന് പോയിന്റുകൾ.. വളരെയധികം വിലപ്പെട്ട മൂന്ന് പോയിന്റുകൾ.. ഇന്നത്തെ മത്സരത്തിൽ ആ മൂന്നു പോയിന്റുകൾ ആയിരുന്നു നമ്മളെല്ലാവരും ഉറ്റുനോക്കിയിരുന്നത്. അൽപ്പം ഭയപ്പെടുത്തിയെങ്കിലും അവസാനം അത് സ്വന്തമാക്കി ടീം മുന്നോട്ട്. മത്സരത്തെക്കുറിച്ചു പറയുകയാണെങ്കിൽ നിരാശരാക്കി. എസ്പാന്യോൾ ഒരു ബസ് പാർക്കിങ് രീതിയാണ് പുറത്തെടുത്തതെന്ന് സമ്മതിക്കാം, പക്ഷെ കളിയിൽ ബാഴ്‍സയുടേതായ വ്യക്തമായ ആധിപത്യം പുലർത്താൻ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല. അടിച്ച മൂന്ന് ഗോളുകളിൽ രണ്ടും എസ്പാന്യോളിന്റെ പിഴവ് മൂലമാണെന്നോർക്കണം. എങ്കിലും നമ്മൾ ആവശ്യപ്പെട്ടത് മൂന്ന് പോയിന്റായിരുന്നു, അതും നേടിത്തന്നു ടീം മുന്നോട്ട്, ലാലിഗ കൂടുതൽ ആവേശകരമായിക്കൊണ്ടിരിക്കുന്നു..!!!
പരിക്കേറ്റ ആന്ദ്രെസ് ഇനിയേസ്റ്റയുടെ പകരം പ്രതീക്ഷിച്ച പോലെ ഗോമസ് ആയിരുന്നു കളത്തിലെത്തിയത്. ഒപ്പം സസ്‌പെൻഷൻ മൂലം കഴിഞ്ഞ മൂന്നു മത്സരത്തിൽ പുറത്തിരുന്ന നെയ്മർ തിരികെയെത്തി. ബാക്കി എല്ലാം മുൻ മത്സരങ്ങളിലെ ലൈൻ അപ്പ് തന്നെയായിരുന്നു.
മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ എസ്പാന്യോൾ ഒരു ഡിഫെൻസിവ് രീതിയായിരുന്നു പുറത്തെടുത്തത്. ബോക്സിനു വെളിയിൽ ബാഴ്‌സയ്ക്ക് കുറേ വിയർപ്പൊഴുക്കേണ്ടി വരുമെന്ന് അപ്പോഴേ മനസ്സിലായി. പക്ഷെ ലഭ്യമായ അവസരങ്ങളിൽ എസ്പാന്യോൾ പുറത്തെടുത്ത ആക്രമണോൽസുകത ബാഴ്‍സയെയും അൽപ്പം ഭയപ്പെടുത്തി. നാലാം മിനിറ്റിൽ ബാഴ്‌സയ്ക്ക് മാർക്കിങ്ങിൽ പിഴച്ചപ്പോൾ , എസ്പാന്യോളിന്റെ ഒരു ശ്രമം ഇഞ്ചുകൾക്കാണ് പുറത്തേക്ക് പോയത്. ബാഴ്‌സ പിന്നെയും മുന്നോട്ട് ആഞ്ഞു കളിച്ചെങ്കിലും പ്രധിരോധപരമായി മികച്ചുനിന്നു എസ്പാന്യോൽ ബാഴ്‌സയുടെ ശ്രമങ്ങളെ അതിവിദഗ്ധമായി തടഞ്ഞു, കാര്യമായി അവസരങ്ങൾ ലഭിക്കാതെ ബാഴ്‌സയ്ക്ക് ആദ്യ പകുതിക്ക് പിരിയേണ്ടി വന്നു.
ഒരു സമനിലയിലേക്ക് ഈ മത്സരം നീങ്ങുമോ എന്ന ആശങ്കയോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. ഒരു സമനിലയുടെ ഭവിഷ്യത്തുകൾ അറിയുന്ന കളിക്കാരും കൂടുതൽ ജാഗരൂകരായി തുടങ്ങി. എസ്പാന്യോളിന്റെ പിഴവുകൾക്ക് നന്ദി . അവരുടെ ഒരു ബാക്ക് പാസ് പിഴച്ചപ്പോൾ ഓടിയെത്തിയ സുവാരസ് അനായാസമായി ഫിനിഷ് ചെയ്തു. കഴിഞ്ഞ നാല് മത്സരങ്ങളിൽ എൽ പിസ്റ്റലേറോയുടെ ഒരു ഗോൾ. ഒന്ന് ആശ്വാസം വന്ന സമയമായിരുന്നു അത്. പക്ഷെ അത് പോരാ എന്ന് ഉറപ്പായിരുന്നു. മത്സരം ഇനിയുമേറെ ബാക്കിയുണ്ട്, ഒരെണ്ണം തിരികെ ബാഴ്‌സ പോസ്റ്റിൽ കയറിയാൽ ലീഗ് കൈവിട്ടുപോകുമെന്നു ഉറപ്പായിരുന്നു. അതിനാൽ തന്നെ ഡിഫെൻസിവ് ഗെയിം പുറത്തെടുക്കാൻ ബാഴ്‌സ തുനിഞ്ഞില്ല. പറ്റാവുന്ന രീതിയിൽ അവരുടെ പ്രതിരോധം ഭേദിക്കാൻ ബാഴ്‌സ ശ്രമിച്ചുകൊണ്ടിരുന്നു. അധികംവൈകാതെ ഈ മത്സരത്തിലെ ഏറ്റവും സുന്ദര മുഹൂർത്തവും വന്നു. മധ്യഭാഗത്തു നിന്നും ലഭിച്ച പന്തുമായി മുന്നേറിയ മെസ്സി , ഒരു കാന്തം പോലെ എതിർ ഡിഫെൻഡർമാരെ ആകർഷിച്ചു കൊണ്ട് മുന്നേറി. ബോക്സിനു തൊട്ടുവെളിയിൽ നിന്ന് മെസ്സി ഇടതു ഭാഗത്തേക്ക് പാസ് നൽകിയപ്പോൾ, അനായാസമായ ഫിനിഷിംഗിലൂടെ റാക്കി , അത് വലയിലെത്തിച്ചു. എത്ര സിമ്പിൾ ആയ ഫിനിഷ്. ! മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എസ്പാന്യോളിനെ മറ്റൊരു പിഴവ് മുതലെടുത്തു സുവാരസ് രണ്ടാമതും ഗോൾ നേടി മത്സരം അവസാനിപ്പിച്ചു.
ആദ്യമേ പറഞ്ഞത് പോലെ പതിവ് സന്തോഷം ഈ മത്സരം നൽകിയില്ലെങ്കിലും , വിജയത്തിൽ സന്തോഷവാനാണ്. അതായിരുന്നു നമ്മുടെ ലക്ഷ്യവും. വ്യക്തിഗത പ്രകടനത്തെക്കുറിച്ചു പറയുകയാണെങ്കിൽ റാക്കിയായിരുന്നു ഇന്ന് തിളങ്ങി നിന്നതു. ഗോൾ മാത്രമല്ല മത്സരത്തിൽ, എല്ലാ മേഖലയിലും അദ്ദേഹം മികച്ചുതന്നെ നിന്ന്. ഒപ്പം ഫുൾ സപ്പോർട്ടുമായി ബുസിയും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും ഫോമിലായതോടെ ഈയടുത്തകാലത്തായി ബാഴ്‌സയുടെ കളിയുടെ മാറ്റ് കൂടിയിട്ടുണ്ടെന്നു പറയാം. ഇനിയേസ്റ്റയുടെ മികവ് പുറത്തെടുക്കാൻ കഴിയില്ലെങ്കിലും ഗോമസും തന്നാലാവും വിധം കളിച്ചിരുന്നു. കുറച്ചു ദിവസം കളിക്കാതിരുന്നതിന്റെ ക്ഷീണം നെയ്മറിൽ കാണാം. പന്തിലുള്ള നിയന്ത്രണം കുറഞ്ഞതുപോലെ തോന്നിച്ചു. ചില ലോങ്ങ് റേഞ്ചുകൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വരും മത്സരങ്ങളിൽ കൂടുതൽ മെച്ചമാകുമെന്നു കരുതാം. മെസ്സി ഇന്ന് കൂടുതൽ ക്ഷീണിതനായ പോലെ തോന്നി. കഴിഞ്ഞ മത്സരങ്ങളിൽ മുഴുവൻ സമയവും കളിക്കുന്നത് കൊണ്ടാവും. ഒപ്പം കനത്ത ഡിഫെൻസുമായി എസ്പാന്യോൾ മെസ്സിക്ക് ചുറ്റും വട്ടമിട്ടിരുന്നു. എങ്കിലും നിർണ്ണായക സമയത്തു മികച്ച ഒരു അസ്സിസ്റ്റിലൂടെ ബാഴ്‌സയെ കളിയിൽ തന്റേതായ വ്യക്തിമുദ്ര ചാർത്താൻ കഴിഞ്ഞു.ഇന്ന് നേടിയ രണ്ടു ഗോളുകൾ സുവാരസിന്റെ ആത്മവിശ്വാസം ഉയർത്തുമെന്ന് ഉറപ്പാണ്. കൂടുതൽ ഗോളുകൾ വരും മത്സരങ്ങളിൽ എൽ പിസ്റ്റലേറോയിൽ നിന്നും പ്രതീക്ഷിക്കുന്നു. പിൻനിരയിൽ ഉംറ്റിറ്റിയും പിക്വെയും അവസരത്തൊനൊത്തു കളിച്ചു. ഡിഫെൻസിവ് പിഴവുകൾ ഒന്നും കണ്ടില്ല. പിക്വെ പലതവണ പന്തുമായി മുന്നോട്ട് കയറി വരികയും പിന്നെ അത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് കണ്ടു. അൽപ്പം റിസ്ക് പിടിച്ച പണിയാണത് . ആൽബയും റോബർട്ടോയും വിങ്ങുകളിൽ തങ്ങളുടെ ജോലി കൃത്യമായി ചെയ്തു.
തുടർച്ചയായ മത്സരങ്ങളുടെ ക്ഷീണം കളിക്കാരിൽ പ്രകടമാണ്. നല്ലൊരു ബെഞ്ച് ഇല്ലാത്ത നമ്മൾ ഇപ്പോൾ പ്രധാന കളിക്കാരെ തുടർച്ചായി ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണ്. എങ്കിലും ഇനി അധികം കളികൾ ഇല്ലല്ലോ. അതുകൊണ്ട് പറ്റാവുന്ന രീതിയിൽ കളിക്കാരെ ഉപയോഗപ്പെടുത്തി മുന്നേറണം. മറ്റൊരു നല്ല കാര്യം അടുത്ത മത്സരം ഇനി വരുന്ന ശനിയാഴ്ചയാണ്. അത്യാവശ്യം നല്ല വിശ്രമം ലഭിക്കാൻ അത് ഉപകരിക്കും.
#RETARD
| ഫുള്‍ ടൈം : എസ്പാന്യോൾ 0 – 3 ബാഴ്‌സലോണ |
©Penyadel Barca Kerala
