• Follow

മാച്ച് റിവ്യൂ – റയൽ മാഡ്രിഡ്‌ 0 – 3 എഫ്.സി ബാഴ്‌സലോണ

  • Posted On December 24, 2017

സീസണിലെ ആദ്യ ലാലിഗ ക്ലാസിക്കോയിൽ ബാഴ്‌സക്ക് മിന്നും വിജയം

സാന്റിയാഗോ ബെർണാബ്യുവിലെ ആരവങ്ങളിൽ ഉയർന്നു കേട്ട നാമം ബാഴ്‌സ… ബാഴ്‌സ… ബാഴ്‌സ… വെള്ള പരവതാനി വിരിച്ച സ്റ്റേഡിയത്തിൽ ഉയർന്നു പാറിയത് ബ്ലോഗ്രാനാ നിറങ്ങൾ. ലോകമെങ്ങും ആർത്തലച്ച ആരാധകരുടെ ഹൃദയതുടിപ്പ് തിരിച്ചറിഞ്ഞ ബാഴ്‌സ, എതിരാളികളുടെ തട്ടകത്തിൽ ഒരു അടിപൊളി വിജയവുമായി ലീഗിൽ മുന്നേറുന്നു. ഈ സീസണിൽ ഇത് വരെ തോൽവി അറിയാതെ മുന്നേറിയ ബാഴ്‌സ ആ പ്രയാണം 2018ലേക്ക് കൂടി നീട്ടിയിരിക്കുന്നു. ആവേശം വാരിവിതറിയ ക്‌ളാസിക്കോയിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മാഡ്രിഡിനെ തുരത്തി ബാഴ്‌സ വെന്നിക്കൊടി പാറിച്ചിരിക്കുന്നു.

എന്നും പ്രവചനാതീതമാണ് ക്ലാസിക്കോ. അവിടെ ആർക്കും മുൻതൂക്കമില്ല. താരതമ്യേന പ്രബലർ എന്ന് തോന്നുന്നവർ എതിർ ടീമിന്റെ പോരാട്ടവീര്യത്തിന് മുൻപിൽ പലതവണ അടിയറവ് പറഞ്ഞിട്ടുണ്ട്. ആ വിശ്വാസത്തിലായിരുന്നു ബാഴ്‌സ ഈ മത്സരത്തെ നേരിട്ടത്. ആദ്യമേ പറഞ്ഞത് പോലെ പരിക്കുകൾ അലട്ടുന്ന ടീം, ആവിശ്യത്തിന് കളിക്കാരില്ലാത്ത മുന്നേറ്റനിര, പ്രതിരോധത്തിലെ ശക്തിദുർഗ്ഗമായ ഉംറ്റിറ്റിയുടെ അഭാവം, എന്തുകൊണ്ടും നമ്മളെ ഭയചികിതരാക്കുന്ന അവസ്ഥയാണ് ഇന്ന് ഉണ്ടായിരുന്നത്. അത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് വൽവേർദേ 4 – 4 – 2 ഫോർമേഷനിൽ ടീമിനെ സജ്ജമാക്കിയത്. സന്തുലിതമായ ഒരു ടീം ആയിരുന്നു അദ്ധേഹത്തിന്റെ ലക്ഷ്യം . പക്ഷെ അത്ഭുദപ്പെടുത്തിയത് മാഡ്രിഡിന്റെ ലൈൻ അപ്പായിരുന്നു. ആരും പരിക്കിലല്ലാതെ എത്തിയ അവരും, പതിവ് രീതി വിട്ട് 4 – 4 – 2 ഫോർമേഷൻ തന്നെ തിരഞ്ഞെടുത്തു. നെഞ്ചിടിപ്പോടെ നമ്മൾ മത്സരത്തിലേക്ക് കടന്നു.

ആദ്യ പകുതി ഒരു പക്ഷെ ബാഴ്‌സക്ക് അത്ര സുഖകരമല്ലാത്ത ഒന്നായിരുന്നു എന്ന് പറയേണ്ടി വരും. ബാഴ്‌സ ചിത്രത്തിലെ ഇല്ലായിരുന്നു. കളി തുടങ്ങി ഏതാനും സെക്കൻഡുകൾക്കകം പന്തിൽ നിയന്ത്രണം ഏറ്റെടുത്ത മാഡ്രിഡ് പോസെഷനും പാസിങ്ങുമായി കളം ഭരിച്ചു. എവിടെയും മാഡ്രിഡിന്റെ മുന്നേറ്റം മാത്രം. ഇടയിൽ ബാഴ്‌സയ്ക്ക് ലഭിക്കുന്ന പന്ത് മൂന്നോ നാലോ പാസുകൾക്കുള്ളിൽ തന്നെ റിക്കവർ ചെയ്തെടുത്ത മാഡ്രിഡ് ബാഴ്‌സയെ തീർത്തും നിസ്സഹായരാക്കി. ആദ്യനിമിഷങ്ങളിൽ തന്നെ റൊണാൾഡോ ഹെഡ്ഡറിലൂടെ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. പക്ഷെ അതികം വൈകാതെ അവർക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചു. പോസ്റ്റിന് തൊട്ടുമുൻപിൽ ലഭിച്ച അവസരം, ഷോട്ടുതിർക്കാൻ തുനിഞ്ഞ റൊണാൾഡോക്ക് പിഴച്ചപ്പോൾ നമ്മൾ ആശ്വാസം കൊണ്ടു. എന്നാൽ പിന്നെയും കനത്ത ആക്രമണം അഴിച്ചുവിട്ട മാഡ്രിഡ് ഏതു നിമിഷവും ഗോൾ നേടും എന്ന അവസ്ഥയിലായിരുന്നു. ഇടതു വിങ്ങിൽ റൊണാൾഡോയും മാഴ്സെലോയും ആവിശ്യത്തിന് സ്‌പേസ് ലഭിച്ചു കളിച്ചതോടെ ബാഴ്‌സ ബാക്ക്‌ഫുട്ടിലായി. പിക്വെയുടെ അവസരോചിതമായ ഇടപെടലുകളാണ് പലപ്പോഴും രക്ഷക്കെത്തിയത്. മുപ്പതാം മിനിറ്റിൽ ബെൻസിമയുടെ ഒരു മികച്ച ഹെഡ്ഡർ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. പക്ഷെ പിന്നീട് പതിയെ ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വന്നു തുടങ്ങി. ബാഴ്‌സയുടെ ആദ്യ മികച്ച ശ്രമം വന്നത് മെസ്സി പൊളിഞ്ഞോ കൂട്ടുകെട്ടിലൂടെയായിരുന്നു. മധ്യനിരയിൽ നിന്നും മെസ്സി ഉയർത്തിനൽകിയ പാസ്, ഓടിയെത്തിയ പൊളിഞ്ഞോ ഒരു ഹാഫ് വോളി ഉതിർത്തെങ്കിലും കീപ്പർ നവാസ് മികച്ച സേവിലൂടെ മാഡ്രിഡിനെ രക്ഷിച്ചു. പിന്നീട് ഒരിക്കൽ കൂടി പൊളിഞ്ഞോക്ക് അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല.

രണ്ടാം പകുതി മൊത്തത്തിൽ വ്യത്യസ്തമായ ഒരു മത്സരമാണ് നമ്മൾ ദർശിച്ചത്. ആദ്യ പകുതിയിൽ നിന്നും വിഭിന്നമായി മത്സരം മുഴുവൻ ബാഴ്‌സയുടെ കൈകളിൽ. ഫസ്റ്റ് ഹാഫിൽ മികച്ച ആക്രമണം കാഴ്ചവെച്ച മാഡ്രിഡ് സെക്കൻഡ് ഹാഫിൽ പിൻവലിഞ്ഞു കളിക്കുന്നത് ഞങ്ങൾ അതിശയത്തോടെയാണ് നോക്കിക്കണ്ടത്. കൃത്യമായി സംയമനത്തോടെ പോസെഷൻ നിലനിർത്തിയ ബാഴ്‌സ, ആദ്യ പകുതിയിൽ മാഡ്രിഡ് എങ്ങനെ കളിച്ചുവോ,അതെ രീതിയിൽ തന്നെ തിരികെ കളിച്ചു തുടങ്ങി. മികച്ച പാസിങ്ങുമായി ബാഴ്‌സ കളം കൈയ്യേറിയപ്പോൾ മാഡ്രിഡ് കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങി. അധികം വൈകാതെ ബാഴ്‌സ ആദ്യ ഗോളും നേടി. റയൽ മധ്യനിരയിലെ സ്‌പേസ് മുതലെടുത്തു റാക്കി നടത്തിയ ഒരു മികച്ച റണ്ണിന് ശേഷം വലതു വിങ്ങിൽ റോബർട്ടോക്ക് പാസ് നൽകി. ഗോളിലേക്ക് ഷോട്ട് തൊടുക്കുന്നതിനു പകരം റോബർട്ടോ അത് ഇടതു വിങ്ങിൽ ഓഫ് സൈഡ് ശ്രദ്ധിച്ചു നിന്നിരുന്ന സുവാരസിന് ഒരു ക്രോസ് നൽകി. തളികയിലെന്ന വണ്ണം നൽകിയ ആ മനോഹരമായ ക്രോസ് ഫിനിഷ് ചെയ്യുക എന്ന ജോലി മാത്രമേ സുവാരസിന് ഉണ്ടായിരുന്നുള്ളൂ. ആകെ ആഹ്ലാദത്തിൽ പൊട്ടിത്തെറിച്ച നിമിഷമായിരുന്നു അത്. ആദ്യ പകുതിയിൽ എപ്പോൾ വേണമെങ്കിലും ഗോൾ വഴങ്ങിയേക്കാം എന്ന അവസ്ഥയിൽ നിന്നും ബാഴ്‌സ ഒരു ഗോൾ നേടിയിരിക്കുന്നു. ഗോൾ നേടിയിട്ടും ബാഴ്‌സ തനതു ശൈലിയിൽ കളി തുടർന്നു . അധികം വൈകാതെ രണ്ടാമത്തെ ഗോളും നേടി. മധ്യനിരയിൽ നിന്നും മെസ്സി നൽകിയ ഒരു ത്രൂപാസ് പിടിച്ചെടുത്ത സുവാരസ് ഗോളിനായി ശ്രമിച്ചെങ്കിലും നവാസ് വീണ്ടും വിലങ്ങുതടിയായി. റീബൗണ്ട് വന്ന പന്ത് പിടിച്ചെടുത്തു മെസ്സി സുവാരസിന് തന്നെ നൽകിയപ്പോൾ സുവാരസിന്റെ ഷോട്ട് ഇത്തവണ ഗോൾ പോസ്റ്റ് തടഞ്ഞു. അപ്പോഴും ലഭിച്ച റീബൗണ്ട് പൊളിഞ്ഞോ പോസ്റ്റിലേക്ക് ഹെഡ്ഡർ ഉതിർത്തു. ഗോളിലേക്ക് നീങ്ങുകയായിരുന്ന പന്ത് കൈകൊണ്ട് തടുത്തിടാനേ കാർവാഹാലിനു സാധിക്കുമായിരുന്നുള്ളൂ. അർഹിച്ച ചുവപ്പ് കാർഡും വാങ്ങി അദ്ദേഹം തിരികെ കയറിയപ്പോൾ ബാഴ്‌സയ്ക്ക് അനുകൂലമായ പെനാൽറ്റി. സമ്മർദമേതുമില്ലാതെ പെനാൽറ്റിയെടുത്ത മെസ്സി ജെർഡ് മുള്ളറുടെ റെക്കോർഡ് എതിരാളികളുടെ മടയിൽ ചെന്ന് തന്നെ തകർത്തു. മത്സരം പൂർണ്ണമായും ബാഴ്‌സയുടെ വരുതിയിൽ എത്തി എന്ന് ഉറപ്പിച്ച നിമിഷം. ഒരാൾ കുറഞ്ഞിട്ടും ബെയ്‌ലിനെയും അസെൻസിയോയെയും കളത്തിലിറക്കിയ മാഡ്രിഡ് തിരികെ ഗോൾ നേടാനുള്ള ശ്രമത്തിലായിരുന്നു. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ബെയിലിന്റെ ഷോട്ട് സ്റ്റീഗന്റെ അസാമാന്യ സേവാണ് രക്ഷപ്പെടുത്തിയത്. രണ്ട് ഗോളിന്റെ വിജയം ആഘോഷിക്കാൻ ആരാധകർ തയ്യാറെടുക്കുമ്പോഴാണ് ബോണസ് എന്ന പോലെ മൂന്നാം ഗോൾ. വലത് വിങ്ങിൽ മെസ്സിയുടെ റണ്ണിൽ മാഴ്സെലോക്ക് കാല് പിഴച്ചപ്പോൾ, പന്തുമായി ബോക്സിലേക്ക് കുതിച്ച മെസ്സി പെനാൽറ്റി ഏരിയയിലേക്ക് ഒരു മികച്ച പാസ്. ഓടിയെത്തിയ അലക്സ് വിദാലിന്റെ ഷോട്ട് തടയാൻ മാഡ്രിഡ് ശ്രമിച്ചെങ്കിലും പതിയെ ആ പന്ത് ഗോൾ വര കടന്നിരുന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ആഘോഷങ്ങളിൽ ആർപ്പ് വിളിക്കുകയായിരുന്നു ബാഴ്‌സ ആരാധകരെല്ലാം.

ഈ സീസണിൽ പലതവണ കണ്ടത് പോലെ ഒരു പകുതിയിൽ ശരാശരി പ്രകടനവും മറ്റേ പകുതിയിൽ ലോകോത്തര പ്രകടനവും. ആദ്യ പകുതി മാത്രം കണ്ട ഒരാൾ ഫൈനൽ സ്‌കോർ 3 – 0 എന്ന സ്‌കോർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒരു പക്ഷെ ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കുക രണ്ടാം പകുതിയിൽ നന്നായി കളിക്കുക എന്ന തന്ത്രമായിരിക്കാം ബാഴ്‌സ പയറ്റിയത്. എങ്കിലും ആദ്യ പകുതിയിൽ റയലിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത് മികച്ച അവസരങ്ങളായിരുന്നു. ഫിനിഷിങ് പോരായ്മകൾ അവർക്ക് പ്രശ്നമായപ്പോൾ ബാഴ്‌സ ആശ്വാസം കൊണ്ടു . നമുക്ക് ലഭിച്ചു എന്ന് പറയാൻ രണ്ടേ രണ്ട് അവസരങ്ങൾ മാത്രമാണ് ആദ്യ പകുതിയിൽ ഉണ്ടായിരുന്നത്.

രണ്ടാം പകുതി പക്ഷെ വിശ്വസിക്കാനാവുന്നില്ല, അത്രമേൽ മികച്ച പ്രകടനം. രണ്ടാം പകുതിയിൽ അധികം ആക്രമിക്കാതെ മാഡ്രിഡ് പിൻവലിഞ്ഞു കളിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി. ആദ്യപകുതിയിൽ കനത്ത പ്രെസ്സിങ് നടത്തിയതിന്റെ ക്ഷീണമാകാം അത്. ഒരു പക്ഷെ അവർ ഈ മത്സരത്തിൽ കാണിച്ച ഏറ്റവും വലിയ പിഴവും അത് തന്നെയായിരിക്കണം അത്. ബാഴ്‌സ പന്ത് കൈവശം വച്ച് കളിക്കുന്ന ടീം ആണ്. അവർക്ക് പന്ത് നൽകാതിരിക്കുകയാണ് അവരെ പൂട്ടാനുള്ള ആദ്യത്തെ വഴി. ആദ്യ പകുതിയിൽ അത് നന്നായി നടപ്പിലാക്കിയപ്പോൾ ബാഴ്‌സ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. പക്ഷെ രണ്ടാം പകുതിയിൽ ബാഴ്‌സയ്ക്ക് പന്ത് ഏറെ നേരം നൽകിയപ്പോൾ അവർ സ്വസിദ്ധമായ കളി കാഴ്ചവെച്ചു. പതിയെ കളം പിടിച്ച അവർ, പതിയെ പതിയെ അവസരങ്ങൾ തുറന്നെടുക്കാനും തുടങ്ങി. മികച്ച ഫിനിഷിങ്ങും ഒത്തുചേർന്നപ്പോൾ മികച്ച ഒരു വിജയം സ്വന്തമാക്കിയാണ് ബാഴ്‌സ മടങ്ങുന്നത്. അവസാന നിമിഷങ്ങളിൽ ബാഴ്‌സ നഷ്ടപ്പെടുത്തിയ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ ഗോൾ മാർജിൻ ഇനിയുമേറെ ഉയർന്നേനെ.

ടീമിലെ എല്ലാവരും തന്നെ മനോഹരമായ കളിയാണ് പുറത്തെടുത്തത്. ആവിശ്യഘട്ടങ്ങളിൽ മികച്ച ഫിനിഷിങ്ങുമായി സുവാരസ് ഫോമിലെത്തി.കഴിഞ്ഞ ഏതാനും മത്സരങ്ങളായി സുവാരസ് മെച്ചപ്പെട്ട് വരുന്നുണ്ട്. ഫിനിഷിങ്ങും നന്നാവുന്നു. മിസ്പാസുകൾ കാണുന്നില്ല. ടീം പ്ലേയിൽ കൂടുതൽ ഇൻവോൾവ്മെന്റുണ്ട്. മാന്ത്രികൻ ഇനിയേസ്റ്റ തന്റെ ക്ലാസ് കാണിച്ചു തന്നെ മറ്റൊരു മത്സരം. അനുഭവസമ്പത് എങ്ങനെ ഉപയോഗിക്കണെമെന്ന് യുവതാരങ്ങൾക്ക് ഒരു ക്ലാസ് ആണ് അദ്ദേഹത്തിന്റെ പ്രകടനം. റാക്കിയും നന്നായി കളിച്ചു. വലിയ മത്സരങ്ങളിൽ അദ്ദേഹം ഫോമിലെത്തുന്നുണ്ട്. ഇന്നും തെറ്റിയില്ല. ചില അവസരങ്ങളിൽ പാസിംഗ് വൈകി പന്ത് നഷ്ട്ടപ്പെടുത്തിയിരുന്നു. പൊളിഞ്ഞോ മികച്ചുനിന്നു. ഒരു അറ്റാക്കിങ് മിഡ് ഫീൽഡർ റോളിൽ മനോഹരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് സ്‌കോർ ഷീറ്റിൽ ഇദ്ദേഹത്തിന്റെ പേര് ഇല്ലാതെ പോയത്. ബുസി പതിവ് പോലെ അമേസിംഗ് പെർഫോമൻസ്. സമ്മർദങ്ങളിൽ അദ്ദേഹം കാഴ്ചവെക്കുന്ന മനസ്സാന്നിധ്യം ലോകോത്തരം തന്നെയാണ്.

പിൻനിരയും ഇന്ന് നന്നായിരുന്നു. മറ്റൊരു ക്ളീൻ ഷീറ്റ് നിലനിർത്തിയത് ഇവരുടെ ക്രെഡിറ്റ് ആണ്. ആദ്യ പകുതിയിൽ മാഡ്രിഡിനെ ഗോളിൽ നിന്നും തടഞ്ഞു നിർത്തിയത് പിക്വെയുടെ മാസ്മരിക പ്രകടനമാണ്. എന്നാൽ രണ്ടാം പകുതിയിൽ നമ്മൾ കണ്ടത് വേർമയെലന്റെ അസാമാന്യ പ്രകടനമാണ്. അടിപൊളി. ഒരിക്കൽ പിക്വെക്ക് മാർക്കിങ് പിഴച്ചപ്പോൾ നടത്തിയ ഒരു സ്ലൈഡിങ് ക്ലിയറൻസ്, അതിമനോഹരം. ആ സമയത്തു അദ്ദേഹം എവിടെ നിന്നും വന്നു എന്ന് മനസ്സിലാകുന്നില്ല. ഇടതു വിങ്ങിൽ ആൽബയും അതിമനോഹരമായ പ്രകടനം. പ്രതിരോധത്തിലും ആക്രമണത്തിലും ഒരേ പോലെ സ്വാധീനം ചെലുത്തിയ അദ്ദേഹം ഇടതു വിങ്ങിനെ സജീവമാക്കി നിർത്തി. പലകുറി പ്രതിരോധം പാളിയപ്പോൾ വന്മതിലായി നിലകൊണ്ട സ്റ്റീഗന് മറ്റൊരു ക്ളീൻ ഷീറ്റ് കൂടി. സേവുകൾ മാസ്മരികം.

പകരക്കാരുടെ റോളിലെത്തിയവരും നന്നായിരുന്നു. സെമെടോ വന്നതോടെ വലതു വിങ് കൂടുതൽ ഊർജിതമായി. ഗോളെന്നുറച്ച ഷോട്ട് കീപ്പറുടെ ദേഹത്ത് തട്ടിയത് ഒന്നുകൊണ്ട് മാത്രമാണ് നഷ്ടമായത്. ഇനിയേസ്റ്റക്ക് പകരമായി ഇറങ്ങിയ ഗോമസ് ഡിഫെൻസീവ്‌ലി നന്നായിരുന്നു. എങ്കിലും അവസാന നിമിഷങ്ങളിൽ ലഭിച്ച അവസരം ഉപയോഗിക്കാതിരുന്നതിൽ നിരാശയുണ്ട്. അവസാന നിമിഷങ്ങളിലാണ് ഇറങ്ങിയതെങ്കിലും ഒരു ഗോളിലൂടെ ഈ മത്സരം അവിസ്മരണീയമാക്കാൻ വിദാലിനു കഴിഞ്ഞു.

വിട്ടുപോയതല്ല, അവസാനം ആധികാരികമായി പറയാൻ തന്നെയാണ് മെസ്സിയെയും റോബർട്ടോയെയും കുറിച്ച് പറയാഞ്ഞത്. പറയാൻ വാക്കുകൾ ഇല്ലാത്ത പ്രകടനം. മെസ്സിയെ ഗോൾ അടിപ്പിക്കാതിരിക്കാൻ മാഡ്രിഡ് കിണഞ്ഞു പരിശ്രമിച്ചപ്പോൾ അടിപ്പിക്കുക എന്ന റോളിലേക്ക് മാറിയ മെസ്സി മറ്റൊരു ഐതിഹാസിക പ്രകടനമാണ് കാഴ്ച വെച്ചത്. സാവിയുടെ റോളിൽ തിളങ്ങിയ അദ്ദേഹം ഒരുക്കിയെടുത്ത അവസരങ്ങൾ ഒട്ടനവധി. നല്ല രീതിയിൽ ഫിനിഷ് കൂടി ചെയ്യാമായിരുന്നെങ്കിൽ ഒട്ടേറെ അസിസ്റ്റുകൾ അദ്ദേഹം ഇന്ന് നൽകിയേനെ. ഒടുവിൽ എതിരാളിയുടെ മടയിൽ ചെന്ന് തന്നെ റെക്കോർഡ് മറികടന്നു. സെർജി റോബർട്ടോ, രോമാഞ്ചമുണർത്തിയ പ്രകടനം. ഒന്നും പറയാനാകുന്നില്ല. അവിസ്മരണീയം. എത്ര മനോഹരമായാണ് എത്ര അനായാസമായാണ് അദ്ദേഹം കളിക്കുന്നത്. ഒരു റൈറ്റ് ബാക്ക് സ്ഥാനത്തു നിന്ന് മധ്യനിരയിൽ ഇത്ര മനോഹരമായ പ്രകടനം കാഴ്ച വെക്കാനാകുമെങ്കിൽ അദ്ദേഹത്തിന്റെ കാലിബർ എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാം. മധ്യനിരയിൽ സ്ഥിരമായി കളിക്കുന്ന ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.

ഈ വിജയത്തോടെ ലീഗിൽ മികച്ച ലീഡിലേക്ക് ബാഴ്‌സ കുതിച്ചിരിക്കുകയാണ്. ഇന്നലെ അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ടതിനാൽ ഇപ്പോൾ ഒൻപതു പോയിന്റ് ലീഡ് ആണ് ബാഴ്‌സക്ക് കൈവന്നിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങൾ അതീവശ്രദ്ധയോടെ കളിച്ചാൽ ഈ നില ഇനിയും ഉയർത്താൻ ബാഴ്‌സക്കാകും. സാഹചര്യം മനസ്സിലാക്കി ടീം മികച്ച രീതിയിൽ മുന്നേറുമെന്ന് പ്രത്യാശിക്കുന്നു. അങ്ങനെ മികച്ച ഒരു വിജയത്തോടെ ബാഴ്‌സ ഈ വർഷം അവസാനിപ്പിക്കുന്നു. ഏറെ പ്രത്യാശയോടെയാണ് വരും വർഷത്തെ നമ്മൾ നോക്കിക്കാണുന്നത്. എല്ലാ ആരാധകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്തുമസ് ആൻഡ് ഹാപ്പി ന്യൂ ഇയർ.

വിസ്കാ എൽ ബാഴ്സാ ..

© Penyadel Barca Kerala

  • SHARE :