• Follow

മാച്ച് റിവ്യൂ – സെൽറ്റ വീഗൊ 2 – 2 ബാഴ്‌സലോണ

  • Posted On June 28, 2020

മികച്ച ഒരു മത്സരത്തിനൊടുവിൽ നിരാശ പൂണ്ട സമനില. സാമാന്യം നല്ല രീതിയിൽ കളിച്ചു, സുവാരസിന്റെ മികവിൽ രണ്ടു ഗോളുകളും നേടിയെങ്കിലും നമ്മൾ വരുത്തിവെച്ച പിഴവുകൾ മൂലം നമ്മൾ തന്നെ കലം ഉടക്കുന്നത് കാണേണ്ടി വന്നു. ഇരട്ട ഗോൾ നേടിയ സുവാരസിന്റെ മികവിൽ രണ്ട് തവണ നമ്മൾ ലീഡെടുത്തെങ്കിലും രണ്ട് തവണയും അനാവശ്യമായി ഗോൾ വഴങ്ങി. ഇതോടെ ലീഗ് എന്ന സ്വപ്നം പതിയെ മായുകയാണ്. അത്ഭുദങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ.

കഴിഞ്ഞ മത്സരങ്ങളിലെ യുവതാരങ്ങളുടെ പ്രകടനം കണക്കിലെടുത്താണ് ഇന്നലെ സെറ്റിയൻ ടീമിനെ സജ്ജമാക്കിയത്. ഇടത്തെ വിങ്ങിൽ ഫാറ്റിയും മധ്യനിരയിൽ പുജ്ജും കളത്തിലെത്തി. പിൻനിരയിൽ ലെങ്ലേക്ക് പകരം ഉംറ്റിറ്റി എത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ബുസ്കെറ്റ്സിന്റെ അഭാവത്തിൽ റാക്കിറ്റിച് CDM റോൾ ഏറ്റെടുത്തു. ശോഭനമായ തുടക്കമായിരുന്നു. ഫാറ്റി മികവോടെ കളിച്ചപ്പോൾ ഇടത്തെ വിങ് വളരെ അധികം സജീവമായി നിലകൊണ്ടു.മികച്ച ആക്രമണങ്ങളുടെ ഫലമായി ലഭിച്ച കോർണർ കിക്കിൽ നിന്നും പീക്കെയുടെ ഹെഡ്ഡർ പോസ്റ്റിനെ പ്രകമ്പനം കൊള്ളിച്ചാണ് മടങ്ങിയത്. സെൽറ്റയും വെറുതെ ഇരുന്നില്ല. മുൻ ബാഴ്‌സ താരമായ ഡെനീസ് സുവാരസിന്റെ നേതൃത്വത്തിൽ അവർ ബാഴ്‌സ ഗോൾ മുഖത്തു ഇടക്കിടെ പ്രത്യാകർമ്മങ്ങൾ നടത്തിക്കൊണ്ടിരുന്നു. അവരുടെ ഒരു മികച്ച നീക്കം നമ്മുടെ പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. അധികം വൈകാതെ മത്സരത്തിൽ ലീഡെടുക്കാൻ നമുക്കായി. ബോക്‌സിന് പുറത്തു നിന്നും ലഭിച്ച ഫ്രീകിക്ക്, മെസ്സി പോസ്റ്റിലേക്ക് പായിക്കുമെന്ന കണക്ക്കൂട്ടലിൽ സെൽറ്റ മികച്ച പ്രതിരോധ മതിൽ സൃഷ്ടിച്ചപ്പോൾ സുവാരസിനെ മാർക്ക് ചെയ്യാൻ മറന്നു. ഒറ്റപ്പെട്ട് നിൽക്കുന്ന സുവാരസിന്റെ നേർക്ക് മെസ്സിയുടെ കിക്ക് ഉയർന്നുപൊങ്ങി. ഏകനായി നിന്നിരുന്ന സുവാരസ് അനായാസ ഹെഡ്ഡറിലൂടെ അത് വലയിലെത്തിച്ചു. തുടർന്നും ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളുകൾ ഒഴിഞ്ഞു നിന്നു. സാധാരണ ദിനങ്ങളെ അപേക്ഷിച്ചു മെസ്സിക്ക് ഇന്നലെ കൃത്യത കുറവായി തോന്നി.

രണ്ടാം പകുതിയിൽ ലീഡ് ഉയർത്തണമെന്ന മോഹവുമായാണ് ബാഴ്‌സ ഇറങ്ങിയത്. പക്ഷെ നേരെ തിരിച്ചായിരുന്നു സംഭവിച്ചത്. അത് വരെ മികച്ചു കളിച്ചിരുന്ന റാക്കിറ്റിച് വരുത്തിയ മത്സരത്തിലെ ആദ്യത്തെ പിഴവിൽ നിന്നും സെൽറ്റ പ്രത്യാക്രമണം നടത്തുമ്പോൾ ഉംറ്റിറ്റി ഔട്ട് ഓഫ് പൊസിഷൻ ആയിരുന്നു. ഒറ്റക്കായി പോയ പീക്കെ തന്നാൽ കഴിയുന്നതിന് ശ്രമിച്ചെങ്കിലും ഗോൾ ഒഴിവാക്കാൻ കഴിഞ്ഞില്ല. അതുവരെ മികച്ചു കളിച്ചിരുന്ന ടീമിന്റെ മനോവീര്യം കെടുത്തുന്നതായിരുന്നു ആ ഗോൾ.തുടർന്ന് സെൽറ്റ മികവിലേക്കയുയർന്നു. നമ്മൾ തുടർച്ചയായി പിഴവുകളും വരുത്താൻ തുടങ്ങി. മത്സരം ഏകദേശം പൂർണ്ണമായും നമ്മുടെ കയ്യിൽ നിന്നും പോവുകയാണെന്നും തോന്നി. പക്ഷെ ഞൊടിയിടയിൽ മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള സുവാരസിന്റെ സാനിധ്യം നമ്മളെ വീണ്ടും ലീഡ് നേടാൻ സഹായിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടക്ക് മെസ്സി നൽകിയ പന്ത് എതിർ ഡിഫൻഡറെ വിദഗ്ദമായി കബളിപ്പിച്ചു സുവാരസ് വലയിലെത്തിച്ചു. കളിയിൽ ചക്രശ്വാസം വലിച്ചാലും പൊടുന്നനെ ഗോൾ നേടാനുള്ള സുവാരസിന്റെ കഴിവ് അപാരമാണ്. തുടർന്ന് ബാഴ്‌സ മാറ്റങ്ങൾക്ക് മുതിർന്നു. ഫാറ്റിയെ മാറ്റി ബ്രൈത്വൈറ്റും സുവാരസിനെ ഗ്രീസ്മാനും, പുജ്‌ജിനെ മാറ്റി ആർതറും എത്തി. അതോടെ ബാഴ്‌സക്ക് ആധിപത്യവും നഷ്ടമായി. പൊടുന്നനെയുള്ള മാറ്റങ്ങൾ നമ്മുടെ കളികളിൽ മാറ്റം വരുത്തി. അതോടെ സെൽറ്റ കൂടുതൽ അക്രമകാരികൾ ആയി. കളിയുടെ അന്ത്യനിമിഷങ്ങളിൽ ബോക്സിന് തൊട്ടു മുൻപിൽ റഫിന്യയെ പീക്കേക്ക് ഫൗൾ ചെയ്യേണ്ടി വന്നു. അപകടകരമായ പൊസിഷനിൽ സെൽറ്റക്ക് അനുകൂലമായ ഫ്രീകിക്ക്.പക്ഷെ ബാഴ്‌സ ഉയർത്തിയ മതിലിനെ വിദഗ്ദമായി കബളിപ്പിച്ചു ആസ്പാസ് പന്ത് വലയിലാക്കി. ലീഗിൽ നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചു മത്സരം അവസാനിച്ചു.

താരതമ്യേന നന്നായി കളിച്ചിരുന്നു. ഫാറ്റിയും, പുജ്ജും, റാകിറ്റിച്ചുമെല്ലാം നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം മെസ്സിയും സുവാരസും കൂടി ചേർന്ന് ഗോളുകളും സമ്മാനിച്ച് പക്ഷെ നമ്മൾ വരുത്തിവെച്ച പിഴവുകൾ തന്നെയാണ് നമ്മളെ തിരിഞ്ഞു കടിച്ചത്. അതിനു ഒരുപരിധി വരെ ഡിഫെൻസിവ് ലൈനിന്റെ തിരഞ്ഞെടുപ്പായിരിക്കും കാരണം. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഡിഫെൻസിവ് റെക്കോർഡ് ഉണ്ടായിരുന്ന ലെങ്ലെയെ പുറത്തിരുത്തി ഉംറ്റിറ്റിയെ രംഗത്തിറക്കിയത് നല്ല തീരുമാനം ആയിരുന്നോ എന്ന ചോദ്യം ഉയരുകയാണ്. പ്രത്യേകിച്ച് ഇന്നലെ ഡിഫൻസിൽ ഉംറ്റിറ്റി നടത്തിയ അബദ്ധങ്ങൾ ചൂണ്ടി കാണിക്കുമ്പോൾ. പലപ്പോഴും ഔട്ട് ഓഫ് പൊസിഷൻ ആയി അദ്ദേഹം ആകെ നിരാശപ്പെടുത്തി.ഒരു പക്ഷെ ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ സസ്‌പെൻഷനിൽ ആകുന്ന ലെങ്ലെറ്റിനെ അത്ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിന്ന് മാറ്റി സി=വെച്ചതാകാം. പക്ഷെ അതിവേഗ കൗണ്ടർ അറ്റാക്ക് കളിക്കുന്ന സെൽറ്റക്കെതിരെ ഉംറ്റിറ്റിയെ പരീക്ഷിച്ചത് അബദ്ധമായെന്നെ പറയാനാകൂ.

ഇതോടെ ലീഗിലെ പ്രതീക്ഷകൾ പതിയ അസ്തമിക്കുകയാണ്. എങ്കിലും മത്സരങ്ങൾ ഇനിയുമേറെ ബാക്കിയുണ്ട്. പ്രതീക്ഷക്ക് വകയുണ്ട്. അതിനു നമ്മൾ വിജയിക്കുക മാത്രമല്ല, റയൽ മാഡ്രിഡ് പോയിന്റ് നഷ്ടമാക്കണം എന്ന സാഹചര്യം കൂടി ഉണ്ട്. അത്ര എളുപ്പമല്ല, പക്ഷെ അസംഭവ്യമല്ല. കാത്തിരുന്ന് കാണാം.
#RETARD

©www.culesofkerala.com