മാച്ച്റിവ്യൂ – ബാഴ്സലോണ vs സ്പോർട്ടിങ് ഗിഹോൺ
ബാഴ്സലോണ 5 – 0 സ്പോർട്ടിങ് ഗിഹോൺ
നന്നായി കളിച്ചു……
മെസ്സിയുടെ അഭാവത്തിലും ജയിക്കണമെന്നു തീരുമാനിച്ചു ഇറങ്ങിയാൽ പിന്നെ ജയിച്ചല്ലേ തരമുള്ളൂ. മെസ്സി മാത്രമാണ് ഇല്ലാത്തതെന്ന് നമ്മൾ ചിന്തിച്ചെങ്കിൽ തെറ്റി, കഴിഞ്ഞ മത്സരത്തിൽ നിന്നും 5 മാറ്റങ്ങളുമായാണ് ഇന്ന് ലൂച്ചോ ടീമിനെ കളത്തിലിറക്കിയത്.മെസ്സിക്ക് പുറമെ, ഇനിയേസ്റ്റ, റാക്കിറ്റിച് , മാഷെ , ആൽബ തുടങ്ങിയ പ്രമുഖരെയും ലൂച്ചോ പുറത്തിരുത്തി. പകരം, ആർദ, ഗോമസ്, റാഫിന്യ , മാത്യു, ഡിഗ്നെ എന്നിവർ കളത്തിലിറങ്ങി ശരിക്കും ഒരു ചൂത് കളി പോലെ തോന്നിച്ചു . പക്ഷെ എല്ലാം ഭംഗിയായി തന്നെ അവസാനിപ്പിക്കാനും ലുക്കോ കഴിഞ്ഞു.
ആദ്യ 20 – 25 മിനിറ്റ് ബോർ കളിയായിരുന്നു. നല്ല മുന്നേറ്റങ്ങളോ ഗോൾ ശ്രമങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല. പിന്നെയും കളി നടന്നിരുന്നത് ഇടതു വിങ്ങിൽ ആയിരുന്നു. നെയ്മറും ആർദയും നല്ല ഒത്തിണക്കം ഉണ്ടായിരുന്നു. പക്ഷെ അതൊരു മികച്ച അവസരം തുറന്നെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ ടെർ സ്റ്റീഗന്റെ ഒരു പിഴവ് , ബോക്സിനു തൊട്ടു മുൻപിൽ ഫ്രീകിക്ക് ആയെങ്കിലും, ഗോളാക്കാൻ എതിരാളികൾക്കായില്ല. അവസാനം അർദ – സുവാരസ് സഖ്യത്തിലൂടെ ബാഴ്സ ആദ്യമായി മുന്നിലെത്തി.മധ്യഭാഗത്തു നിന്നും അർദ ഉയർത്തി നൽകിയ പന്ത് സുന്ദരമായി വലയിലെത്തിച്ചു. തൊട്ടടുത്ത നിമിഷം ബാഴ്സ ലീഡ് ഉയർത്തി. വലതു വിങ്ങിൽ നിന്നും റോബർട്ടോ നൽകിയ മികച്ച ഒരു ക്രോസ്സ് , ഒരു തൂവൽ സ്പർശം പോലെയുള്ള ഹെഡറിലൂടെ റാഫിഞ്ഞ്യ വലയിലെത്തിച്ചു.
രണ്ടാം പകുതിയും ആദ്യ മുപ്പതു മിനിറ്റു വലിയ മുന്നേറ്റങ്ങൾ ഇല്ലാതെ മുന്നോട്ട് പോയി. സത്യത്തിൽ ഈ സമയത്തു എതിരാളികൾ സ്ഥിരമായി ബാഴ്സ പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കുകയായിരുന്നു. പലപ്പോഴും ഇടർച്ച സംഭവിച്ചെങ്കിലും, നമ്മുടെ ടീം പിടിച്ചു നിന്നു . 80 മിനുട്ടോടു കൂടിയാണ് സംഭവവികാസങ്ങൾ അരങ്ങേറാൻ തുടങ്ങിയത്. രണ്ടാം മഞ്ഞ കാർഡ് കണ്ട് ,ഗിഹോൺ ഡിഫൻഡർ പുറത്തു പോയതിനു പിന്നാലെ ബാഴ്സ ഗോളടിയും തുടങ്ങി. നെയ്മർ വലതു വിങ്ങിലേക്ക് നീട്ടി നൽകിയ പന്തിൽ റോബർട്ടോയുടെ കിടിലൻ ക്രോസ്സ്, ഒരു കിടു ഷോട്ടിലൂടെ പോസ്റ്റിലേക്ക് വെച്ചെങ്കിലും, ക്രോസ്സ് ബാറിൽ തട്ടി തിരിച്ചു വന്നു. ഓടിയെത്തിയ നെയ്മർക്ക് ഒരു അനായാസ ഫിനിഷ്. പക്ഷെ ഈ ഗോളിന്റെ ഫുൾ ക്രെഡിറ്റും ആൽക്കസറിനും റോബർട്ടോക്കും അവകാശപ്പെട്ടതാണ്. അപ്പോഴും ആൽക്കസ്സറിന്റെ ആദ്യ ഗോൾ നേട്ടം ലഭിച്ചില്ലല്ലോ എന്ന ദുഃഖം നമ്മൾ ഫാൻസിന് ബാക്കി നിൽക്കുന്നു.
തീർന്നില്ല, തൊട്ടടുത്ത മിനുറ്റിൽ അടുത്ത ഗോൾ, ഇവിടെയും റോബർട്ടോ തന്നെ നായകൻ. മികച്ച ഒരു ക്രോസ്സ് സിമ്പിൾ ആയി ടുറാൻ വലയിൽ എത്തിച്ചു. തൊട്ടു പിന്നാലെ നെയ്മർ രണ്ടാം ഗോളും നേടി. ഡെനിസ് സുവാരസിന്റെ മികച്ച ഒരു പാസിൽ നെയ്മറുടെ ട്രേഡ് മാർക്ക് ഫിനിഷ്.ഒപ്പം കളിയും ഫിനിഷ്….!
ശ്രദ്ധിക്കപ്പെടേണ്ട പ്രകടനങ്ങൾ
* റോബർട്ടോ : എന്റമ്മോ ഒരു രക്ഷയും ഇല്ലാത്ത പ്രകടനം. കിടിലൻ ക്രോസ്സുകൾ പറന്നു വരുന്നുണ്ടായിരുന്നു. അങ്ങനെ ഹാട്രിക് അസ്സിസ്റ്റോടു കൂടി മത്സരം അവിസ്മരണീയമാക്കി.
* നെയ്മർ : നന്നായി അദ്വാനിച്ചു കളിക്കുന്നുണ്ട്. അർഹതപ്പെട്ട ഗോളുകളും കിട്ടി . ആ പാസ്സുകളും കൂടി ഒന്ന് മെച്ചപ്പെടുത്തണം എന്നാണ് ഞങ്ങളുടെ ഒരു അഭിപ്രായം.
* പിക്വെ : ഡിഫെൻസിനെ നമ്മൾ പൊതുവെ പഴി പറയാറുണ്ടങ്കിലും , ഇങ്ങേരുടെ പ്രകടനം സൂപ്പർ ആണ്. നല്ല കിടിലൻ ടാക്ലിങ്. അപാര ടൈമിങ്ങും. ആ മുരിങ്ങാകോൽ പോലുള്ള കാലുകൾ കൃത്യമായി ഉപയോഗിക്കുന്നുണ്ട്.
മൊത്തത്തിൽ സംതൃപ്തി നൽകുന്ന പ്രകടനമായിരുന്നു ഇന്നത്തേത്. നിങ്ങൾക്ക് തോന്നിയ പോസിറ്റീവ്സ്, പാകപ്പിഴകൾ എന്തൊക്കെയാണ്……? ഒരു ചെറിയ ചർച്ച തന്നെ ആവാം….
#RETARD
