മാച്ച് റിവ്യൂ – ബാഴ്‌സലോണ vs അത്ലറ്റികോ മാഡ്രിഡ്
ബാഴ്‌സലോണ 1 – 1 അത്ലറ്റികോ മാഡ്രിഡ്
പ്രതീക്ഷകൾക്ക് എതിരെയുള്ള പ്രകടനം. ജയിക്കാമായിരുന്ന കളി കൈവിട്ടു പോയി.
ഒരിത്തിരി ആലസ്യത്തോടെയായിരുന്നു ഇന്നത്തെ മത്സരം തുടങ്ങിയത്. രണ്ടു ടീമും കാര്യമായി ആക്രമണത്തിനൊന്നും ശ്രമിക്കുന്നുണ്ടായിരുന്നില്ല. ബാഴ്‌സ അത്ലെറ്റിയുടെ ബോക്സിനു ചുറ്റും വട്ടമിട്ട് നടന്നെങ്കിലും ഉള്ളിലേക്ക് കയറാൻ ഉള്ള പഴുതുകൾ കണ്ടെത്താനായിരുന്നില്ല. അത്ലെറ്റിയാകട്ടെ, യാതൊരു ശ്രമവും നടത്താതെ പൂർണ്ണമായും ഉൾവലിഞ്ഞു കളിക്കുന്നു. ഒരു സമനിലേക്ക് വേണ്ടി വന്നത് പോലെ തോന്നിച്ചു. ഒരു 15 മിനുട്ടിനു ശേഷം ബാഴ്‌സ ഗോൾ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും മികച്ച അവസരങ്ങൾ എന്ന് പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു. പതിവ് പോലെ ചെറിയ പാസുകളിൽ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ഒക്കെ അത്ലെറ്റി ഡിഫെൻസ് അനായാസമായി തടുക്കുന്നുണ്ടായിരുന്നു. ബാഴ്‌സയുടെ മനസ്സ് അവർ വായിച്ചെടുത്ത പോലെ. ഇടക്ക് ലഭിച്ച അർധാവസരങ്ങൾ മെസ്സി ഗോളിലേക്ക് ശ്രമിച്ചെങ്കിലും, അവയെല്ലാം നിഷ്പ്രഭമായി. ഇടവേളക്ക് തൊട്ടുമുൻപ് ആണ് കളിയുടെ ഗതിയെ മാറ്റി മറിച്ച ഗോൾ വീണത്. ഇനിയേസ്റ്റ വഴി റാക്കിയിലൂടെ ഒരു സമ്പൂർണ്ണ മധ്യനിര ഗോൾ. കോർണറിൽ നിന്നും പാസ് ലഭിച്ച ഇനിയേസ്റ്റ, കിടിലൻ ഒരു ബോൾ ബോക്സിലേക്ക് നൽകിയപ്പോൾ, റാക്കിയുടെ കൃത്യമായ ഫിനിഷിങ്.
ഒരു ഗോൾ പിന്നിലായപ്പോഴാണ് അത്ലെറ്റി ഉണർന്ന് കളിക്കാനാരംഭിച്ചതു. അത്രയും നേരം പ്രതിരോധിച്ച അവർ, പിന്നെ ആക്രമിയ്ക്കാൻ ആരംഭിച്ചു. അതോടെ ബാഴ്‍സക്കും അവസരങ്ങൾ ലഭിച്ചു തുടങ്ങി. മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പിന്നീട് ബാഴ്‌സയുടെ ശനിദശ ആയിരുന്നു.ബുസിയും മെസ്സിയും പരിക്കേറ്റ് മടങ്ങിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. കളിയുടെ ആ ഫ്ലോ മൊത്തത്തിൽ പോയി. അവസരം മുതലെടുത്തു അത്ലെറ്റി തിരിച്ചടിച്ചു. എന്നത്തേയും പോലെ പ്രധിരോധനിരയുടെ പിഴവ്. നമ്മുടെ പ്രതിരോധം അൽപം ആലസ്യത്തിൽ ആയപ്പോൾ അത്ലെറ്റിക്ക് അനായാസ ഗോൾ. പിന്നീട് രണ്ടു ടീമും വിജയഗോളിനായി ശ്രമിക്കിച്ചെങ്കിലും നടന്നില്ല. പിക്വെയുടെ ഒരു ഹെഡ്ഡർ പോസ്റ്റിൽ തട്ടി പോകുന്നത് അവിശ്വസനീയതയോടെയാണ് കണ്ടത്. അവസാന വിസിൽ മുഴങ്ങുമ്പോൾ സ്കോർബോർഡിൽ 1 – 1. ജയിക്കാമായിരുന്ന കളി സമനിലയിൽ. ജയിച്ചിരുന്നെങ്കിൽ പോയിന്റ് നിലയിൽ മുന്നോട്ട് പോകാമായിരുന്നു അവസരം നമ്മൾ ആയിത്തന്നെ നശിപ്പിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* മെസ്സിയുടെ പരിക്ക് : പരിക്ക് കളിയിൽ സ്വാഭാവികം ആണ്, പക്ഷെ ഇവിടെ നമ്മുടെ സ്റ്റാഫിന്റെ പിഴവ് കൂടിയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി മെസ്സി അൽപം പരിക്കിലാണെന്നു നമുക്കറിയാം. എന്നിട്ടും കഴിഞ്ഞ മത്സരത്തിൽ മെസ്സിയെ മുഴുവൻ സമയവും കളിപ്പിച്ചു.അനായാസ ജയം ആയിരുന്ന ആ മത്സരത്തിൽ മെസ്സിക്ക് പകുതി സമയം കഴിഞ്ഞപ്പോൾ വിശ്രമം നൽകാമായിരുന്നു.
കഴിഞ്ഞത് കഴിഞ്ഞു. ഇത് കളിയാണ്, ഇത്തരം ഫലങ്ങൾ സ്വാഭാവികവും, മുൻപും നമ്മൾ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്, ഇവയെ എല്ലാം തരണം ചെയ്യാൻ അറിയുന്നവർ തന്നെയാണ് ബാഴ്‌സ. അപ്പോൾ ഉറപ്പായിട്ടും ടീം ശക്തമായി തിരിച്ചു വരും. എന്നും എപ്പോഴും പിന്തുണയുമായി നമ്മളുമുണ്ടാകും.
#വിസ്കാ_ബാഴ്‌സ
