• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ 4 – 0 ഡീപോർട്ടിവോ ലാ കൊറൂണ

  • Posted On December 18, 2017

ഏറെ നാളുകൾക്ക് ശേഷം ഏറെ സംതൃപ്തി നൽകിയ ഒരു മത്സരം. ഏവരും പ്രതീക്ഷക്കൊത്തു കളിച്ചപ്പോൾ മികച്ച ഒരു ജയം ബാഴ്‌സയുടെ പേരിൽ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈയടുത്ത കാലത്ത് ഗോൾ സ്കോറിങ് കുറഞ്ഞിരുന്നെങ്കിലും ഇന്നലെ ഗോളിനായുള്ള അടങ്ങാത്ത ദാഹമുള്ള ടീമിനെയാണ് കണ്ടത്. അടിച്ച നാലും റഫറി അനുവദിക്കാത്ത ഒരെണ്ണവും പോസ്റ്റിൽ തട്ടി മടങ്ങിയ നാലും കീപ്പർ രക്ഷിച്ച പെനാൽറ്റിയും ഒക്കെ കൂടി ഒട്ടേറെ അവസരങ്ങളാണ് ഇന്നലെ ടീം തുറന്നെടുത്തത്. ഇന്നലെത്തെ വിജയത്തോടെ ലീഗിൽ 6 പോയിന്റ് ലീഡ് നിലനിർത്തിയിരിക്കുകയാണ് ബാഴ്‌സ.

പ്രതീക്ഷിച്ച പോലെ പാക്കോ ആൽക്കസറിനെ മുന്നേറ്റത്തിൽ കൊണ്ട് വന്ന് 4 – 3 – 3 ഫോർമേഷൻ ആണ് ടീം സജ്ജീകരിച്ചതു. പാക്കോയും സുവാരസും തമ്മിലുള്ള സിങ്ക് നല്ല രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഇരുവരും ചേർന്ന് മികച്ച പല മുന്നേറ്റങ്ങളും സൃഷ്‌ടിച്ചിരുന്നു. പക്ഷെ ഇടയിൽ പരിക്കേറ്റ് പാക്കോക്ക് തിരിച്ചു കയറേണ്ടി വന്നത് ടീമിന്റെ പദ്ധതികൾക്ക് തിരിച്ചടിയായി. പകരം വേറെ ഒരു മുന്നേറ്റക്കാരൻ ഇല്ലാത്ത ബാഴ്‌സക്ക് മധ്യനിരയെ ആശ്രയിക്കുകയെ വഴിയുണ്ടായിരുന്നുള്ളൂ. പകരക്കാരനായി അലക്സ്‌ വിദാൽ കളത്തിലെത്തി. ഇടതടവില്ലാതെ ബാഴ്‌സ അവസരങ്ങൾ സൃഷ്‌ടിച്ചു കൊണ്ടിരുന്നു. അധികം വൈകാതെ ഗോളും വന്നു. കോർണറിൽ നിന്നും തുടങ്ങിയ നീക്കം, ഇനിയേസ്റ്റയുടെ ഒരു ഹൈ ബാൾ ഓഫ് സൈഡ് ട്രാപ്പ് പൊട്ടിച്ചെത്തിയ മെസ്സി ചെസ്റ്റിൽ സ്വീകരിച്ചിട്ട് സുവരെസിനായി നൽകി. അനായാസമായ ടാപ് ഇൻ ഗോളുമായി സുവാരസ് ബാഴ്‌സയെ ലീഡിലെത്തിച്ചു. പിന്നീടും ധാരാളം അവസരങ്ങൾ ബാഴ്‌സക്ക് കൈവന്നു. ഇടവേളക്ക് തൊട്ടു മുൻപ് മെസ്സിയും പൊളിഞ്ഞോയും ചേർന്ന് ബാഴ്‌സയുടെ ലീഡ് ഉയർത്തി. മധ്യത്തിലൂടെ മെസ്സി നടത്തിയ മികച്ച നീക്കത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും പൊളിഞ്ഞോ ഒരു റീബൗണ്ടിലൂടെ ഗോൾ നേടി. തൊട്ടുടനെ മെസ്സിയും സുവാരസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ സുവാരസിന്റെ അതിമനോഹരമായ റബോണ കിക്ക് ഗോൾ ലൈൻ കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. സുവാരസിന്റെ പ്രധിഷേധങ്ങൾക്കിടയിൽ മത്സരം ഇടവേളക്ക് പിരിഞ്ഞു

രണ്ടാം പകുതിയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. മത്സരം തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ തന്നെ ബാഴ്‌സ മൂന്നാം ഗോളും നേടി മത്സരം പൂർണമായും വരുതിയിലാക്കി. മത്സരത്തിലെ മനോഹരമായ ഗോൾ ആയിരുന്നു ഇത്. നമ്മുടെ ബോക്സിൽ നിന്നും മെസ്സി – ഇനിയേസ്റ്റ – പൊളിഞ്ഞോ എന്നിവർ തുടങ്ങി വെച്ച നീക്കം അലക്സ് വിദാലിലൂടെ റൈറ്റ് വിങ്ങിൽ റോബർട്ടോയിലേക്ക് എത്തുകയും, അദ്ദേഹം നൽകിയ അതിമനോഹരമായ ഒരു ക്രോസ് സുവാരസിന് കാൽ വെക്കാൻ പാകത്തിലായിരുന്നു. പിഴവുകളേതുമില്ലാതെ സുവാരസ് തന്റെ രണ്ടാം ഗോൾ നേടി. തുടർന്നും മെസ്സിയുടെ മികച്ച പ്രകടനങ്ങൾ തുടർന്നെങ്കിലും നിർഭാഗ്യം അദ്ദേഹത്തെ വിടാതെ വേട്ടയാടി. അതിനിടെ സുവാരസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയും ലക്ഷ്യത്തിലെത്തിക്കാൻ മെസ്സിക്ക് കഴിഞ്ഞില്ല. എങ്കിലും ബാക്കിയുള്ളവർ സ്കോറിങ് തുടർന്നപ്പോൾ ബാഴ്‌സക്ക് ആശങ്കകൾ ഏതുമില്ലായിരുന്നു. അതിനിടയിൽ പൊളിഞ്ഞോ തന്റെ രണ്ടാം ഗോളും നേടി. ഇത്തവണ ആൽബയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ലഭിച്ച റീബൗണ്ട് അദ്ദേഹം അനായാസേന വലയിലാക്കി. അവസാന നിമിഷങ്ങളിൽ ഡീപോർട്ടീവോ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ടെർ സ്റ്റീഗൻ വിലങ്ങുതടിയായി.

ആദ്യമേ പറഞ്ഞത് പോലെ സംതൃപ്തി നൽകിയ മത്സരം. സുവാരസ് മെച്ചപ്പെട്ടു എന്നത് ഏറെ സന്തോഷം നൽകുന്നു. മുൻകാലങ്ങളിലെ ഫോമിലേക്ക് എത്തിയില്ലെങ്കിലും പടിപടിയായി ആ നിലയിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കാം. പാക്കോയുടെ പ്രകടനം നന്നായിരുന്നു. സുവാരേസുമായി നടത്തിയ നീക്കങ്ങൾ കൊള്ളാമായിരുന്നു. പരിക്കേറ്റ് പിൻവാങ്ങിയത് നിരാശയായി. ഒരു പക്ഷെ ഇന്ന് മെസ്സിയുടെ ദിനമല്ലായിരിക്കാം. വിധി തടസ്സം നിന്നപ്പോൾ എണ്ണം പറഞ്ഞ ഗോളുകളാണ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ വഴിമാറിയത്. പോസ്റ്റും കീപ്പറും നിർഭാഗ്യവും ഒന്നിച്ചു നിന്നപ്പോൾ മെസ്സിക്ക് ഗോൾ ഇല്ലാതെ തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ഇന്നലത്തെ മത്സരത്തിലെ നിറസാന്നിധ്യം മെസ്സിയും ഇനിയേസ്റ്റയുമായിരുന്നു.

ഇനിയേസ്റ്റയിൽ നിന്ന് അവര്ണനീയമായ പ്രകടനം. ഇത്രയും നാൾ പരിക്കിലായിരുന്നു എന്ന് തോന്നിക്കുകയെ ഇല്ല. വീഞ്ഞിന് പഴകും കൂടും തോറും മികവും വർധിക്കും എന്ന ചൊല്ല് ഇദ്ദേഹത്തിന്റെ കാര്യത്തിൽ നൂറ് ശതമാനവും ശരിയാണ്. കൃത്യമായ സമയങ്ങളിൽ കൃത്യമായ പൊസിഷനിൽ വരിക എങ്ങനെയാണെന്ന് പൊളിഞ്ഞോ ഇന്നലെ തെളിയിച്ചു. രണ്ട് ഗോളുകളും സഹതാരങ്ങളുടെ ശ്രമഫലമായിരുന്നെങ്കിലും കൃത്യമായ ടൈമിങ്ങിൽ അവിടെ സ്ഥാനമുറപ്പിക്കുക എന്ന കർത്തവ്യം അദ്ദേഹം നന്നായി നടപ്പിലാക്കി. ബുസിയുടെ അഭാവത്തിൽ റാക്കി ആ സ്ഥാനം മോശമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തു. പകരക്കാരനായി ഇറങ്ങിയ ഗോമസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഡിഫെൻസിവിലി വളരെ നന്നായിരുന്നു. വിദാൽ തരക്കേടില്ലാതെ കളിച്ചു. എങ്കിലും പാസുകൾ ഏറെ മെച്ചപ്പെടാനുണ്ട്.

പിൻനിരയും ഇന്നലെ നന്നായിരുന്നു. അപൂർവം സമയങ്ങളിൽ ആണ് പരീക്ഷിക്കപ്പെട്ടതെങ്കിലും ആ അവസരങ്ങളിൽ നന്നായി ശ്രദ്ധിച്ചു. ഇടതു വലതു വിങ്ങുകളിൽ റോബർട്ടോ – ആൽബ ഒന്നിനൊന്നു മികച്ച കളി ആയിരുന്നു. ഇരു വശത്ത് നിന്നും രണ്ട് പേരും കനത്ത ആക്രമണമാണ് നടത്തിയത്. ഗോളുകളിൽ ഇരുവർക്കും നേരിട്ട് പങ്കുണ്ട്. പിക്വെയും വെർമയേലനും സമചിത്തയോടെ കളിച്ചു. പകരക്കാരനായി ഇറങ്ങിയ ഡിന്യേയും ആൽബയുടെ മികവിൽ കളിച്ചു. മത്സരത്തിലുടനീളം കാര്യമായ ജോലികൾ ഇല്ലായിരുന്നെകിലും അവസാന നിമിഷത്തിലെ സേവ് മത്സരത്തിൽ ടെർ സ്റ്റീഗന്റെ സാന്നിധ്യം ഓർമിപ്പിച്ചു. ഇന്നലെ താൻ ക്ളീൻ ഷീറ്റിന് അർഹനാണെന്ന് ആ ഒരൊറ്റ സേവിലൂടെ അദ്ദേഹം കാണിച്ചു തന്നു.

ടീം മൊത്തത്തിൽ നന്നായിരുന്നു. ഇതേ പ്രകടനമാണ് കൂടുതൽ നിലവാരമുള്ള ടീമുകളോടും നമുക്ക് പുറത്തെടുക്കേണ്ടത്. വരുന്ന ക്‌ളാസിക്കോ അതിപ്രധാനമാണ്. ഓരോ മത്സരവും ഫൈനൽ ആയ ലീഗിൽ ഇനിയുമേറെ മത്സരങ്ങൾ ഉണ്ട്. സീസണിലുടനീളം മികച്ച ഫോമിൽ കളിക്കുക എന്നത് വെല്ലുവിളിയാണെങ്കിലും നമുക്ക് അതിന് സാധിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. കാത്തിരിക്കാം നമുക്ക്.

©Penyadel Barca Kerala

  • SHARE :