• Follow

മാച്ച് റിവ്യൂ – ബാഴ്‌സലോണ 2 VS 1 അത്ലറ്റിക്കോ മാഡ്രിഡ്

  • Posted On February 2, 2017

കോപ ഡെൽ റേ – സെമി ഫൈനൽ – ആദ്യ പാദം

കളിയെക്കുറിച്ചു സമ്മിശ്ര പ്രതികരണം.നന്നായി കളിച്ച ആദ്യ പകുതിയും , വിയർത്തൊലിച്ചു ഒരു വിധത്തിൽ പൂർത്തിയാക്കിയ രണ്ടാം പകുതിയും. ലോകോത്തര ഗോളുകൾ പിറന്ന ആദ്യ പകുതിക്ക് ശേഷം , കളി മറന്ന ബാഴ്‌സയെ ആണ് കളത്തിൽ കണ്ടത്. ഓരോ മുന്നേറ്റവും ഗോളിലേക്കെന്നു തോന്നിച്ച അത്ലെറ്റി രണ്ടാം പകുതി അവരുടേതാക്കി. എങ്കിലും രണ്ട് എവേ ഗോളിന്റെ ആനുകൂല്യവും പേറി ബാഴ്‌സ ഇനി ഒരിക്കൽ കൂടി അത്ലെറ്റിയെ നേരിടും.

അത്ലറ്റിക്കോയുടെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് തുടക്കമായത്. അധികം വൈകാതെ ബാഴ്‌സ ആദ്യ വെടിപൊട്ടിച്ചു. അത്ലെറ്റി മധ്യനിരയിൽ നിന്നും കിടിലൻ ടാക്കിളിലൂടെ മാഷെ നേടിയ പന്ത്, ചെന്നെത്തിയത് സുവാരസിന്റെ കാൽ കീഴിൽ. മൈതാന മധ്യത്തിൽ നിന്നും പന്തുമായി കുതിച്ച സുവാരസ് , നാലു കളിക്കാരെ മറികടന്നു പന്ത് വലയിലെത്തിച്ചപ്പോൾ, ഒരിക്കൽ കൂടി എൽ പിസ്റ്റലേറോയുടെ ആ വിശ്വരൂപമായിരുന്നു നമ്മൾ കണ്ടത്. പിന്നീടും ബാഴ്‌സയായിരുന്നു കളത്തിൽ കൂടുതലും നിയന്ത്രിച്ചത്. അവസരങ്ങൾ പലകുറി മുട്ടി വിളിച്ചു. നിർഭാഗ്യവും നിസ്വാർത്ഥതയും അതെല്ലാം തട്ടിയകറ്റി. മത്സരം ആദ്യപകുതിയുടെ പകുതി പിന്നിട്ടയുടനെ മെസ്സിയിലൂടെ ബാഴ്‌സ ലീഡ് ഇരട്ടിയാക്കി. ബോക്സിന്റെ പുറത്തു വലതു ഭാഗത്തു റാകിറ്റിച്ചിൽ നിന്നും ലഭിച്ച പന്ത്, ഒരു പൊള്ളുന്ന ഷോട്ടിലൂടെ വലത് പോസ്റ്റിൽ അടിച്ചു വലയിലേക്ക്. സമീപകാലത്തു മെസ്സിയിൽ നിന്നും കണ്ട ഏറ്റവും മനോഹരമായ ഗോൾ. അധികം വൈകാതെ രണ്ടു ഗോൾ ലീഡുമായി ബാഴ്‌സ ആദ്യ പകുതി പൂർത്തിയാക്കി.

രണ്ടാം പകുതി മുതൽ അത്ലെറ്റി അടിമുടി മാറിയിരുന്നു. ഏതു വിധേനെയും തിരിച്ചടിക്കാൻ അവർ ആവുന്നത് ശ്രമിച്ചപ്പോൾ ബാഴ്‌സ നന്നായി തന്നെ വിയർത്തു. അറുപതാം മിനുട്ടിൽ അവർ ഒരെണ്ണം തിരിച്ചും അടിച്ചു. കൂടാതെ റാകിയെ പിൻവലിച്ചു ഡെനിസിനെ ഇറക്കിയ തീരുമാനവും പിഴച്ചു എന്ന് തോന്നുന്നു. മാഷെ, ഡെനിസ് , റാഫിന്യ എന്ന രീതിയിൽ താരതമ്യേന മധ്യനിരയിൽ പരിചയ സമ്പന്നത കുറഞ്ഞവരായിരുന്നു.ഓരോ നീക്കവും ഗോളിനായി അത്ലെറ്റി ശ്രമിച്ചപ്പോൾ ബാഴ്‌സ പരുങ്ങലിൽ ആയി. അവരുടെ പ്രെസ്സിങ്ങിന്റെ സമ്മർദ്ദം കൂടിയായപ്പോൾ പിഴവുകൾ ധാരാളം. പലകുറി ഗോളിൽ നിന്നും രക്ഷിച്ചത് അത്ലെറ്റിയുടെ മോശം ഫിനിഷിങ്ങും ഭാഗ്യവും കൊണ്ടാണ്. ഒരു വിധേനെ ബാഴ്‌സ മത്സരം പൂർത്തിയാക്കിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാഴ്‌സക്ക് ജയം.

ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ

MSN : മൂന്നു പേരിൽ മെസ്സിയും സുവാരസും നന്നായി തന്നെ കളിച്ചു. കിടിലോൽക്കിടിലം ഗോളുകൾ. കൂടുതൽ നേടാമായിരുന്നു. നെയ്മർ കൂടുതൽ മെച്ചപ്പെടേണ്ടിയിരിക്കുന്നു, കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാനായില്ല.

മാഷെ : ഡിഫെൻസിവ് മിഡ് ഫീൽഡർ റോളിൽ തിളങ്ങുന്നുണ്ട്. ടാക്കിളുകൾ അപാരം. സുവാരസിന്റെ ഗോളിലേക്കുള്ള വഴി തുറന്നത് ഒരു ടാക്കിളിൽ നിന്നുമായിരുന്നു.

ഉംറ്റിറ്റി : കട്ടക്ക് നിന്നു . അത്ലെറ്റി മുന്നേറ്റം പലതവണ പരീക്ഷിച്ചെങ്കിലും ഉറച്ച പാറ പോലെ തന്നെ നിന്നു .

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമ്മർദം താങ്ങുവാനാകണം. എതിർ ടീം നല്ല പ്രെസ്സിങ് ഗെയിം കളിക്കുമ്പോൾ നമ്മൾ വളരെയധികം സമ്മർദ്ദത്തിലാക്കുന്നു. തൽഫലമായി ധാരാളം പിഴവുകളും വരുന്നു. മധ്യനിരയിൽ പരിചയസമ്പന്നത കുറഞ്ഞവരെ മാത്രമായി ഇറക്കരുത്.

പ്രതിരോധം എളുപ്പത്തിൽ പൊട്ടുന്നു. അവസാന മുപ്പതു മിനുട്ടിൽ വളരെ അനായാസമായാണ് അവർ നമ്മളെ ആക്രമിച്ചിരുന്നത്.

© Penyadel Barca Kerala

  • SHARE :