• Follow

‘Remembering la manita’

  • Posted On December 16, 2017

എൽ ക്ലാസിക്കോയുടെയും അതിലുപരി ബാഴ്‌സയുടെയും ചരിത്രത്തിൽ അതീവ പ്രാധാന്യം അർഹിക്കുന്ന ഒരു വാക്കാണ് ‘ലാ മാനിതാ’. ലാ മാനിതാ എന്ന സ്പാനിഷ് വാക്കിനർത്ഥം ‘ചെറിയ കൈ’ എന്നാണ്, അതിലെ ഓരോ വിരലും ഓരോ ഗോളിനെയാണ് പ്രതിനിധാനം ചെയ്യുന്നത്, അതായത് അഞ്ചു ഗോളുകൾ നേടി വിജയിക്കുന്നതിനെയാണ് ‘ലാ മാനിതാ’ എന്ന് പറയുന്നത്. സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിന് ശേഷം രാഷ്ട്രീയപരമായ കാരണങ്ങളാൽ റയൽ മാഡ്രിഡിന് ബഹുദൂരം പിറകിലായിപ്പോയ ബാഴ്‌സയുടെ ഉയർത്തെഴുന്നേൽപ്പിനു തുടക്കം കുറിച്ചത് 1973ലെ ‘എൽ ക്ലാസിക്കോ’യിലൂടെ ആയിരുന്നു. ബാഴ്സയുടെ ചരിത്രത്തിൽ നിർണായക പ്രാധാന്യമുള്ള ക്രൈഫ് തന്നെയാണ് ഈ വിജയത്തിന് ചുക്കാൻ പിടിച്ചത്. അന്നത്തെ വിജയത്തിനിടയായ സംഭവവികാസങ്ങളിലേ ക്കു നമുക്കൊന്നു എത്തിനോക്കാം.

“ഫാസിസത്തെയും അതിന്റെ ഏകാധിപതിയെയും പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബിലേക്ക് പോകുന്നതിലും ഭേദം മരണമാണ് “.
അയാക്‌സും റയൽ മാഡ്രിഡും തന്നെ വിൽക്കാനുള്ള കരാറിൽ എത്തിയെന്നറിഞ്ഞപ്പോൾ ക്രൈഫിന്റെ പ്രതികരണമായിരുന്നു അത്. 1960 നു ശേഷം ഒരു ലീഗ് കിരീടം കൂടി സ്വന്തമാക്കാനാവാത്ത, കഴിഞ്ഞ സീസണിൽ പിറകിൽ നിന്നു നാലാമതെത്തിയ ഒരു ക്ലബ്ബിലേക്ക് അക്കാലത്തെ ഏറ്റവും മികച്ച കളിക്കാരനായ ക്രൈഫ് കൂടുമാറിയതു അന്നൊരു അത്ഭുതം ആയിരുന്നു. ലോകത്തെ മികച്ച ടീമുകളിൽ ഒന്നായ മാഡ്രിഡിലേക്കു പോവുക എന്നതു അദ്ദേഹത്തിന് എളുപ്പം കൈക്കൊള്ളാവുന്ന തീരുമാനമായിരുന്നു. പക്ഷെ തന്റെ ആദർശങ്ങളെ പണത്തിനും പ്രശസ്തിക്കും മുകളിൽ ഉയർത്തിപിടിച്ചിരുന്ന അദ്ദേഹത്തിന് റയലിലേക്ക് പോവുക എന്നത് അചിന്തനീയമായിരുന്നു.അങ്ങനെ 1973ൽ തന്റെ പ്രിയപ്പെട്ട ഗുരുവായ റീനസ് മിഷെലിന്റെ കൂടെ കളിക്കാൻ ക്രൈഫ് ബാഴ്സയിൽ വന്നിറങ്ങി. ബാഴ്സയുടെ സ്വപ്നതുല്യമായ നേട്ടങ്ങൾക്കു തറക്കല്ലിട്ട അവതാര പുരുഷന്റെ രംഗ പ്രവേശമായിരുന്നു അത്.

ഫ്രാങ്കോയുടെ ഏകാധിപത്യ കാലത്തു കളിച്ചതിനാലോ റയൽ മാഡ്രിഡിന് കീഴിൽ ഏറെ കാലം പിറകിൽ ആയിപോയതു കൊണ്ടോ ബാഴ്‌സ പ്ലെയേഴ്‌സിന് ഒരു തരം അപകർഷകത ബോധം ഉണ്ടായിരുന്നു, അത് മനസിലാക്കിയ ക്രൈഫ് അവരോടു പറഞ്ഞു, “ബാഴ്‌സ തങ്ങളെ സ്വയം രണ്ടാം നിരക്കാരായി വിലയിരുത്തിയിരിക്കുന്നു, ചരിത്രം നമ്മളെ ഇരകളാക്കിയതാണെന്ന് വിശ്വസിക്കുന്നു; എന്റെ ചിന്താഗതിയിൽ അങ്ങനെ ഒരു ഇര ഇല്ല, മറ്റുള്ളവർ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ, നമുക്ക് എന്ത് വേണമെന്ന് നമ്മുക്കറിയാം.”
ക്രൈഫിന്റെ മനോഭാവം ബാഴ്‌സ പ്ലയേഴ്‌സിന്റെ മനസ്സിൽ സ്വാധീനം ചെലുത്തി, അതോടു കൂടി റീനസ് മിഷെലിന്റെ തന്ത്രങ്ങൾ കൂടെ ചേർന്നതോടെ കൂടി ബാഴ്‌സ വിജയവഴിയിൽ തിരിച്ചെത്തി. ബാഴ്സയുടെ സ്വപ്നക്കുതിപ്പു തുടരുന്നതിനിടയാണ് ‘എൽ ക്ലാസിക്കോ’ വന്നെത്തിയത്.

കാസ്റ്റിലിയൻ ദേശീയതയുടെ പ്രതീകമായ റയലും കാറ്റാലൻ ദേശീയതയുടെ പ്രതീകമായ ബാഴ്സയും തമ്മിൽ പോരാടുന്ന ‘എൽ ക്ലാസിക്കോ’ ഒരു കളിയെന്നതിലുപരി രാഷ്ട്രീയപരമായ ഏറെ പ്രാധാന്യങ്ങൾ അതിലുണ്ടായിരുന്നു. തങ്ങളുടെ നാട്ടിലെ സ്പാനിഷ് അതോറിറ്റിയുടെ അതിക്രമങ്ങൾക്ക് കാറ്റാലൻസിനു പ്രതിഷേധിക്കാനുള്ള ഏക വഴി ആയിരുന്നു ക്ലാസിക്കോ പോരാട്ടങ്ങൾ. എന്നാൽ സാന്റിയാഗോ ബെർണാബ്യുവിൽ ആർത്തലക്കുന്ന അര ലക്ഷത്തിനും മുകളിൽ വരുന്ന കാണികളും അവരുടെ കൂടെ ജനറൽ ഫ്രാങ്കോയുടെ സില്ബന്ധികളും ഉള്ള സ്റ്റേഡിയത്തിൽ ബാഴ്‌സയുടെ വിജയത്തിന് വിദൂര സാധ്യത പോലും കൊടുത്തവർ വിരളമായിരുന്നു. എന്നാൽ റഫറിയുടെ വിസിലൂതലിനൊപ്പം ബാഴ്‌സ തുരു തുരെ ആക്രമണങ്ങൾ അഴിച്ചു വിട്ടു. റീനസ് മിഷെലിന്റെ ടോട്ടൽ ഫുട്ബോൾ നെഞ്ചിലാവാഹിച്ച ക്രൈഫും പടയാളികളും മാഡ്രിഡിനെ സകല മേഖലകളിലും നിഷ്പ്രഭമാക്കി, ബാഴ്‌സ എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ച മത്സരത്തിൽ രണ്ടാമത്തെ ഗോൾ അടിക്കുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത ക്രൈഫ് എന്ന ബാലെ നർത്തകന്റെ ലാസ്യഭംഗിയിൽ ബെർണാബ്യുവിലെ കാണികൾ സ്തബ്ധരായി ഇരുന്നു. ജെസ്സി ഓവൻസിന്റെ സ്വർണ നേട്ടത്തിൽ ക്രൂദ്ധനായി അദ്ദേഹത്തെ അനുമോദിക്കാതെ തല താഴ്ത്തിയിറങ്ങിയ ഹിറ്റലറെ പോലെ ഫ്രാങ്കോയുടെ സില്ബന്ധികൾ നിരാശരായി ഇറങ്ങി. പല കാറ്റാലൻ നേതാക്കൾക്കും തങ്ങളുടെ ജീവിതാന്ത്യം വരെ ചെയ്‌തു തീർക്കാൻ പറ്റാത്ത കാര്യം ക്രൈഫ് ഒരു രാത്രിയിലെ 90 മിനിറ്റ് കൊണ്ട് ചെയ്‌തു എന്ന് പിറ്റേന്ന് ന്യൂയോർക് ടൈംസ് തങ്ങളുടെ പത്രത്തിൽ എഴുതി.
ക്രൈഫിന്റെയും അന്നത്തെ ബാഴ്സയുടെയും പ്രകടനം അങ്ങനെ കാറ്റാലൻ നാടോടി കഥയിലെ വാഴ്ത്തപ്പെട്ട ഇതിഹാസമായി മാറി. തങ്ങളുടെ അപകർഷകത ബോധത്തിൽ നിന്നു കാറ്റലോണിയൻ ജനതയും ബാഴ്‌സ പ്ലയേഴ്‌സും പൂര്ണമായും പുറത്തു വന്നതു അന്നായിരുന്നു.

ബാഴ്സയുടെ പിൽക്കാല നേട്ടങ്ങൾക്കു തറക്കല്ലായ ഈ മത്സരം ബാഴ്‌സ ചരിത്രത്തിലെ എക്കാലത്തെയും പ്രാധാന്യം അർഹിക്കുന്ന മത്സരങ്ങളിലൊന്നായി ആണ് അറിയപ്പെടുന്നത്.

©Penyadel Barca Kerala

  • SHARE :