മാച്ച് പ്രിവ്യു
വീണ്ടും ലാലിഗയുടെ ചൂടിലേക്ക്. കഴിഞ്ഞ മത്സരത്തിന്റെ ഹാങ്ങ് ഓവർ ഇതുവരെ മാറിയിട്ടില്ല. എൽ ക്ലാസികോ എന്ന ക്‌ളാസ്സിക് പോരാട്ടത്തിൽ , മെസിയും ബാഴ്‌സയും അരങ്ങു തകർത്തപ്പോൾ എന്നെന്നും ഓർമ്മകളിൽ സൂക്ഷിച്ചു വെക്കാവുന്ന ഒരു മത്സരമായിരുന്നു അന്ന് പിറന്നത്. വളരെ പ്രധാനപ്പെട്ട ആ മത്സരത്തിലെ വിജയത്തിലൂടെ , ലാലിഗ കിരീടപോരാട്ടത്തിൽ ശക്തമായ ഒരു മുന്നറ്റം നടത്താനും ബാഴ്‌സയ്ക്ക് സാധിച്ചു എന്ന് പറയാം. ഇനി ബാക്കി കടമ്പകൾ കൂടി. വിരലെണ്ണാവുന്ന മത്സരങ്ങൾ അവശേഷിക്കുന്ന ലീഗിൽ ഇനി വിജയങ്ങൾ മാത്രമേ രക്ഷയുള്ളൂ. കുതിരവട്ടം പപ്പുവിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ” ഒരു പോയിന്റ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറിയാൽ മതി, ദേ കിടക്കുന്നു നമ്മുടെ കിരീടം തവിട് പൊടി..”
നിർണ്ണായകമായ മത്സരത്തിൽ ബാഴ്‌സ ഇന്ന് നേരിടുന്നത് ഒസാസുനയെയാണ്. പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. നിലവിൽ ബാഴ്‌സയാണ് ഒന്നും സ്ഥാനത്തു. ( രണ്ടാമതുള്ള റയൽ മാഡ്രിഡിനും ഒരേ പോയിന്റ് ആണെങ്കിലും അവർ ഒരു മത്സരം കുറവാണു കളിച്ചിരുന്നത്.) ഒസാസുനയാണ് ഇപ്പോൾ പട്ടികയിൽ ഏറ്റവും താഴെ നിൽക്കുന്ന ടീം. ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത അവർ ഒരു ശക്തമായത് വെല്ലുവിളി ഉയർത്തും എന്ന് തന്നെയാണ് തോന്നുന്നത്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാ മത്സരങ്ങളും ബാഴ്‌സയ്ക്ക് ഇനി നിർണ്ണായകമാണ്.
മാനസികമായും ശാരീരികമായും വളരെയധികം പരീക്ഷിച്ച ക്ലാസിക്കോക്ക് ശേഷം ആവിശ്യമായ വിശ്രമം ഇല്ലാതെയാണ് കളിയ്ക്കാൻ ഇറങ്ങുന്നത് എന്ന ആശങ്ക മാത്രമാണ് ഇപ്പോഴുള്ളത്. തീർച്ചയായും കളിക്കാർ ക്ഷീണിതരായിരിക്കും. പക്ഷെ പകരം കളിക്കാരെ ഇറക്കി , പ്രധാന സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ പാകത്തിലുള്ള നിലയിലല്ല ഇപ്പോൾ ബാഴ്‌സ. മത്സരങ്ങളെല്ലാം വളരെയധികം പ്രാധാന്യമുള്ളതും നല്ല ഒരു സ്‌ക്വാഡിന്റെ കുറവും ബാഴ്‌സക്കുണ്ട്. അതുകൊണ്ട് തന്നെ നിലവിലുള്ള കളിക്കാരെ ഇനിയും ഉപയോഗപ്പെടുത്താൻ ബാഴ്‌സ നിർബന്ധിതരാവുകയാണ് .
റയലിനെതിരെ കണ്ട ലൈൻ അപ്പ് ചെറിയ ഒരു മാറ്റത്തോടെ ഇറങ്ങാനാണ് സാധ്യത. ആകെ പ്രതീക്ഷിക്കുന്ന മാറ്റം , ഇനിയേസ്റ്റക്ക് പകരം ആന്ദ്രേ ഗോമസ് കളത്തിൽ ഇറങ്ങാനാണ് സാധ്യത എന്നതാണ്. തീർച്ചയായും ഇനിയേസ്റ്റ വിശ്രമം അർഹിക്കുന്നുണ്ട്. പിന്നെ മധ്യനിരയിൽ ഒരു പക്ഷെ ഡെനിസ് സുവാരസിന് കുറച്ചു സമയം നൽകാൻ സാധ്യതയുണ്ട്. അദ്ദേഹം അത് അർഹിക്കുന്നുമുണ്ട്. നെയ്മറുടെ വിലക്ക് നീങ്ങിയിട്ടില്ലെന്നതിനാൽ പാക്കോ സ്ഥാനം നിലനിർത്താനാണ് സാധ്യത. പ്രതിരോധത്തിൽ മാറ്റങ്ങൾ ഉണ്ടാകാനിടയില്ല.
#RETARD
| ബാഴ്‌സിലോണ VS ഒസാസുന |
| ലാലിഗ റൌണ്ട് 34 |
| ഇന്ത്യൻ സമയം രാത്രി 11 : 00 മണി |
| ക്യാമ്പ് ന്യു – ബാഴ്‌സിലോണ |
| തത്സമയം : TEN 1 |
©Penyadel Barca Kerala