• Follow

മാച്ച് പ്രിവ്യു ബാഴ്‌സലോണ VS റയൽ സോസിദാദ്

  • Posted On April 15, 2017

പ്രതിസന്ധികളിലൂടെയാണ് ബാഴ്‌സയിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നതു. ലാലീഗയിലും ചാമ്പ്യൻസ് ലീഗിലും സ്ഥിതി അൽപ്പം മോശമാണ്. സമീപ മത്സരങ്ങളിലുണ്ടായ തിരിച്ചടികൾ ടീമിനെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ട്. ഒപ്പം നെയ്മറിന്റെ വിലക്കും ടീമിന് തിരിച്ചടിയാണ്. പക്ഷെ കളിയിൽ ഇതെല്ലം സ്വാഭാവികമല്ലേ? ഇതിന്റെയെല്ലാം തരണം ചെയ്യുന്നവരേ ചാമ്പ്യന്മാരാകൂ. ഒരു ചാമ്പ്യനെന്നാൽ എല്ലാ തിരിച്ചടികളെയും നേരിട്ട് വിജയിക്കുന്നവരാകണം.

ഇപ്പോൾ കനത്ത മത്സരം നടക്കുന്ന ലാലിഗയിൽ, ഒരു കടുത്ത പോരാട്ടമാണ് ബാഴ്‌സയെ ഇന്ന് കാത്തിരിക്കുന്നത്. എന്നും ബാഴ്‌സക്ക് വൻ ഭീഷണി സൃഷ്ടിച്ചിട്ടുള്ള റയൽ സോസിദാദാണ് ഇന്ന് ബാഴ്‌സയുടെ എതിരാളികൾ. കാമ്പ് നോവിൽ ഇവർക്കെതിരെ ബാഴ്‌സക്ക് ജയങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിലും, എന്നും കനത്ത പോരാട്ടം കാഴ്ചവെക്കാൻ അവർക്കായിട്ടുമുണ്ട്. അത് കൊണ്ട് തന്നെ ഇന്ന് ഒരു മികച്ച മത്സരമാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.

ടീം ലൈൻ അപ്പിനെ കുറിച്ച് പറയുകയാണെങ്കിൽ ഇന്ന് ഏതു ഫോർമേഷൻ സ്വീകരിക്കും എന്ന് വ്യക്തമല്ല. രണ്ടു ഫോർമേഷനുകൾക്കും സാധ്യതയുണ്ട്. 3 – 4 – 3 തന്നെയാണ് ഉപയോഗിക്കുന്നതെങ്കിൽ ആൽബ പുറത്തിരിക്കേണ്ടി വരും. അല്ലെങ്കിൽ പരമ്പരാഗതമായ രീതിയ്യിൽ 4 – 3 – 3 തന്നെ ഉപയോഗിക്കും. മധ്യനിര നോക്കുകയാണെങ്കിൽ അത്യാവശ്യം സെറ്റ് ആണ്. പ്രധാനമായ ഒരു മത്സരമായതിനാൽ ഇനിയേസ്റ്റ – ബുസി – റാക്കി ഒരുമിച്ചു ഇറങ്ങുമെന്ന് കരുതാം. ഗോമസ് ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

മുന്നറ്റത്തിലാണ് അൽപ്പം പ്രശ്നം ഉള്ളത്. നെയ്മറുടെ അഭാവം എങ്ങനെ നികത്തും എന്ന് വ്യക്തമല്ല. സമീപകാലത്തു ഇടതു വിങ്ങിൽ അത്രയും സ്വാധീനം ഉണ്ടാക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. അത്ര പെട്ടന്ന് മറ്റൊരു കളിക്കാരനും അത് പോലൊരു പ്രകടനം നടത്താനാകില്ല. ആ സ്ഥാനത്തേക്ക് അനുയോജ്യനായ ഒരാളായിരുന്നു അർദ ടുറാൻ, പക്ഷെ പരിക്കിലായ ടുറാൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല. ഇന്ന് പുറത്തിറക്കിയ ടീം ലിസ്റ്റ് വച്ച് നോക്കുകയാണെങ്കിൽ രണ്ടു പേരാണ് ആ സ്ഥാനത്തെ സാധ്യതയുള്ളവർ. പാക്കോയും ഡെനിസ് സുവാരസും. ഒരു സെൻട്രൽ സ്‌ട്രൈക്കർ ആയതിനാലും, ഇതുവരെ അത്ര മികച്ച ഫോമും കാണിക്കാത്തതിനാലും പാക്കോയെ ഇടതു വിങ്ങിൽ ഇറക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. വ്യക്തിപരമായ അഭിപ്രായത്തിൽ ആ സ്ഥാനത്തേക്ക് നിലവിൽ ഡെനിസ് സുവാരസ് തന്നെയാണ് കൂടുതൽ അഭികാമ്യം. കോച്ചിന്റെ തീരുമാനങ്ങൾക്കായി കാത്തിരിക്കാം.

ലാലിഗ റൌണ്ട് 32
കാമ്പ് നൗ – ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി : 12:15 ന്

  • SHARE :