• Follow

മാച്ച് പ്രിവ്യു: ബിൽബാവോ VS ബാഴ്‌സലോണ

  • Posted On January 5, 2017

കോപ ഡെൽ റേ – റൌണ്ട് 16 |
സാൻ മെമെസ് – ബിൽബാവോ |
ഇന്ത്യൻ സമയം രാത്രി 01:45 ന് |
ഇന്ത്യയിൽ സംപ്രേക്ഷണം ഇല്ല |
കൂളെസിന് ഒരിക്കൽ കൂടി പുതുവത്സരാശംസകൾ. പുതുവർഷം പിറന്നിട്ട് ഒരാഴ്ചക്കടുത്തു ആയെങ്കിലും നമ്മൾ കൂളെസിനു കളിയുടെ പുതുവർഷം ഇന്നാണ്. പുതുവർഷത്തിൽ ഒട്ടേറെ പ്രതീക്ഷകളുമായി ബാഴ്‌സ ആദ്യമായി കളത്തിലിറങ്ങുന്നു. സന്തോഷങ്ങളും ദുഖങ്ങളുമൊക്കെയായി ഒരു സമ്മിശ്ര വികാരങ്ങൾ തീർത്ത ഒരു വർഷമാണ് കടന്നു പോയത്. വിജയങ്ങൾ എന്നും ഒരു ലഹരിയായ ബാഴ്‌സ, കിരീടങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തന്നെ ലക്ഷ്യമിട്ടു തന്നെയാണ് 2017 ൽ കളത്തിലിറങ്ങുന്നത്. രക്തത്തിൽ വീറും വാശിയും മികവും കലർന്നിട്ടുള്ള ബാഴ്‌സക്ക് അതിനു സാധിക്കുകയും ചെയ്യും, ഒപ്പം എന്നും എപ്പോഴും പിന്തുണയുമായി നമ്മളും ഉണ്ടാകും.
ഈ വർഷം ബാഴ്‌സയുടെ മത്സരങ്ങൾ ആരംഭിക്കുന്നത് കോപ ഡെൽ റെയ് മത്സരത്തിലൂടെയാണ് . നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സ, കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ റൌണ്ട് 16-ൽ നേരിടുന്നത് അത്ലറ്റിക് ബിൽബാവോയെ ആണ് . 2015 ലെ കോപ ഫൈനലിൽ ബിൽബാവോയെ തോൽപ്പിച്ചായിരുന്നു ബാഴ്‌സ കിരീടം ചൂടിയത്. അന്നത്തെ മെസ്സിയുടെ ആ അദ്‌ഭുതഗോൾ നമ്മൾ ആരും തന്നെ മറന്നിട്ടുണ്ടാകില്ല.
ഈ വർഷം ബാഴ്‌സയിൽ നിന്നും നമ്മൾ ആരാധകർ പ്രതീക്ഷിക്കുന്നത് ഏറെയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായ പലകാര്യങ്ങളും ഇപ്രാവശ്യം ഉണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സീസൺ മുഴുവനും പൂർണ്ണമായ ആധിപത്യം പുലർത്തിയാണ് ബാഴ്‌സ മുന്നേറിയിരുന്നത്. പക്ഷെ ചില തീരുമാനങ്ങളിൽ വന്ന പാളിച്ചകൾ ഇപ്രാവശ്യം നമ്മെ പിറകോട്ടടിച്ചിട്ടുണ്ട് .നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ഒപ്പം കളിയുടെ പലമേഖലകളിലും നമ്മൾ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പക്ഷെ നമ്മൾ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ നമ്മൾ ടീമിൽ എത്തിച്ച ഒരു പിടി പ്രതിഭകളുടെ പ്രകടനമാണ്. ബാഴ്‌സയുടെ മുന്നോട്ടുള്ള പ്രയാണം ഇവരുടെ മികവിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ വർഷം നമ്മൾ എവിടെ അവസാനിപ്പിക്കും എന്നത് ലൂയിസ് എൻറിക്കെ ഇവരെ എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കും.
ഇന്നത്തെ മത്സരത്തിന് നമ്മുടെ ഏറ്റവും മികച്ച ഒരു ടീമിനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണങ്ങൾക്ക് ഇനി സമയമില്ല. ഈ മത്സരത്തിനായി പ്രഖ്യാപിച്ച സ്‌ക്വാഡ് ലിസ്റ്റും അത് തന്നെയാണ് ചൂണ്ടികാണിക്കുന്നത്.പതിവ് പോലെ ടെർ സ്റ്റീഗൻ ഗോളി ആയി എത്തും. വലതു ബാക്കായി സെർജി റോബർട്ടോ എത്തും. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെങ്കിലും അലക്സ് വിദാൽ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. ഒരു പക്ഷെ ഈയൊരു ഘട്ടത്തിൽ ഒരു പരീക്ഷണത്തിന് മുതിരണ്ട എന്ന് കരുതിയിട്ടാകും. ഒപ്പം ഒഴിവാക്കാനാവാത്ത സാന്നിധ്യമായി പിക്വെ ഫുൾ ബാക്ക് ആയി എത്തും. ഒപ്പം കൂട്ടായി മാഷെ / ഉംറ്റിറ്റി എത്തും. ഇവർ രണ്ടു പേരും നമ്മുടെ വിശ്വാസമാർജ്ജിച്ചു കഴിഞ്ഞു. ഇടതു ബാക്കിൽ ജോർദി ആൽബ / ലൂക്കാസ് ദിഗ്‌നെ എന്നിവരും വരും. കഴിഞ്ഞ മത്സരങ്ങളിൽ വല്ലാത്ത പ്രകടനമായിരുന്നു ആൽബ – മെസ്സി സഖ്യം കാഴ്ചവെച്ചത്. അതിവിടെയും തുടരുമെന്നാണ് പ്രത്യാശ.
മധ്യനിരയിലാണ് നമ്മൾ കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നത്. മജീഷ്യൻ ഡോൺ ഇനിയേസ്റ്റ ഇടതു ഭാഗത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം ഉണ്ടങ്കിൽ മത്സരത്തിന് കൈവരുന്ന മാന്ത്രിക ഭാവം ബാഴ്‌സയെ വിജയിപ്പിക്കും എന്നുറപ്പാണ്. കാലമെത്ര കഴിഞ്ഞെങ്കിലും ആ പ്രതിഭയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. ഒപ്പം ബുസി ഡിഫെൻസിവ് മിഡ് ഫീൽഡിൽ എത്തും. കഴിഞ്ഞ വർഷം നിരാശപ്പെടുത്തുന്ന പ്രകടനം ആണ് ബുസിയിൽ നിന്നും കണ്ടതെങ്കിലും അവസാന കുറച്ചു മത്സരങ്ങളിൽ അദ്ദേഹം ഫോമിലേക്ക് തിരികെയെത്തിയിരുന്നു. നമ്മുടെ ഡിഫെൻസിനും മിഡ് ഫീൽഡിനും ഇടയിലുള്ള ആ പാലമാണ് ബാഴ്‌സയുടെ പ്രകടനത്തിന്റെ പ്രധാന കാരണം. ഈ വർഷം മുഴുവനും ബുസി മികച്ചു നിൽക്കുമെന്ന് വിശ്വസിക്കുന്നു. ഒപ്പം റാക്കിയും ഇന്ന് സ്ഥാനം പിടിക്കുമെന്നു കരുതാം. റാകി കുറച്ചു നാൾ ആയി ഫോം ഔട്ട് ആണ്. കുറച്ചു കൂടെ മികച്ച പ്രകടനം റാക്കിയിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഒരു പിടി മികച്ച മിഡ് ഫീൽഡർമാർ അവസരം കാത്തുനിൽക്കുന്ന ബാഴ്‌സയിൽ. ഒപ്പം ടുറാൻ, റാഫിന്യ, ഗോമസ് എന്നിവരും സ്‌ക്വാഡിൽ ഉണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ഇവർ എല്ലാവരും തന്നെ മെച്ചപ്പെട്ടു വരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നു.ആദ്യമേ പറഞ്ഞത് പോലെ ബാഴ്‌സ ഈ വർഷം എത്ര കിരീടങ്ങൾ നേടും എന്നത് ഇവരുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
മുന്നേറ്റത്തിൽ MSN ത്രയം തന്നെ ഇറങ്ങും. അപാര ഫോമിലാണ് മെസ്സി കഴിഞ്ഞ വർഷം അവസാനിപ്പിച്ചത്. അത് ഈ വർഷവും തുടരും എന്ന് കരുതാം. ഒപ്പം നെയ്മറും സുവാരസും കൂടി അതെ ഫോമിലെത്തിയാൽ പിന്നെ ബാഴ്‌സയെ പിടിച്ചാൽ കിട്ടില്ല. ആൽക്കസ്സറും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. അവസരം ലഭിക്കുമോ എന്നുള്ളത് മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും. എങ്കിലും ഈ വർഷം ആൽക്കസ്സറിൽ നിന്നും കൂടുതൽ മികച്ച പ്രകടനം നമ്മൾ എല്ലാവരും തന്നെ ആഗ്രഹിക്കുന്നുണ്ട്. അതിനു അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
പുതിയവർഷം, ബാഴ്‌സയുടെ കൂടുതൽ മാന്ത്രികതയുള്ള കളി കാണാം എന്ന പ്രതീക്ഷയിലാണ് നമ്മളെല്ലാവരും. കയ്യിലുള്ള വിഭവങ്ങൾ ലൂയിസ് എൻറിക്കേ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഈ അവരത്തിൽ രണ്ടു വർഷം മുൻപത്തെ ഒരു പുതുവർഷക്കാലം ഓർമ്മ വരുന്നു. മോശം പ്രകടനവും കളിക്കാരും കോച്ചും തമ്മിലുള്ള അസ്വാരസ്വങ്ങളും കൂടിചേർന്നു, ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്ന ബാഴ്‌സ, പക്ഷെ പിന്നീട് ആ സീസൺ അവസാനിപ്പിച്ചത് ചാമ്പ്യൻസ് ലീഗ് അടക്കം അഞ്ചു കപ്പുകളുമായാണ്. അതുപോലൊരു മുന്നേറ്റമാണ് നമ്മൾ ഇന്നും ആഗ്രഹിക്കുന്നത്. മികച്ച ഒരു വർഷം മുൻപിൽ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ആദ്യ മത്സരത്തിനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.
#
©Penyadel Barca Kerala

  • SHARE :