മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs അത്‌ലറ്റിക്കോ മാഡ്രിഡ്
വളരെ ബുദ്ധിമുട്ടിയെങ്കിലും താരതമ്യേന മോശമല്ലാത്ത രീതിയിൽ പൂർത്തിയാക്കി കൊണ്ടിരുന്ന ഒരു കളിയിൽ വളരെ അവസാന നിമിഷങ്ങളിൽ തിരിച്ചടിയേറ്റ് മടങ്ങേണ്ടി വന്നത് നിരാശകരമാണ്. എങ്കിലും പോരാട്ടങ്ങളും പ്രതീക്ഷകളും അവസാനിക്കുന്നില്ല എന്നത്തേയും പോലെ നാം വിടാതെ പോരാടിക്കൊണ്ടിരിക്കണം. ഇന്ന് ഒരുപക്ഷേ ലീഗിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു പോരാട്ടമാണ് ബാഴ്സയെ കാത്തിരിക്കുന്നത്, അതും സ്വന്തം മണ്ണിൽ. ഡിഫൻസീവ് ഫുട്ബോളിന്റെ അവസാനവാക്കായ സാക്ഷാൽ ചോളോ സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡിനെ ഈ നിർണായക സമയത്ത് നേരിടുക എന്നു പറയുന്നത് കിട്ടാവുന്നതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷണമാണ്. അവർ ഉയർത്തുന്ന എന്ത് ചോദ്യങ്ങൾക്കും ഉത്തരം നൽകി മറികടന്നേ പറ്റൂ സെറ്റിയന് അതാണ് ഏക വഴി.
മാച്ച്-ഡേ സ്ക്വാഡിലേക്ക് വരുമ്പോൾ, പരിക്കും മൂലം ഡി യോങ്ങും ഡെംബെലെയും ഇടം പിടിച്ചിട്ടില്ല. ഈ കളി മുൻ കണ്ട് കഴിഞ്ഞ കളിയിൽ വിശ്രമം ലഭിച്ച ലെങ്ലെ അദ്ദേഹത്തിന്റെ സ്ഥാനം തിരിച്ചെടുത്ത് പ്ലേയിങ്ങ് ഇലവനിൽ സ്ഥാനം നേടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. പരിക്കിൽ നിന്ന് വിമുക്തനായി സ്ക്വാഡിൽ തിരിച്ച് ഇടംനേടിയ റോബോർട്ടോയും കളിക്കളത്തിൽ ഇറങ്ങും എന്ന് തന്നെയാണ് പ്രതീക്ഷ. സസ്പെൻഷൻ പൂർത്തിയാക്കി ബുസ്ക്വറ്റ്സ് മധ്യനിരയിൽ തിരിച്ചെത്തുന്നതോടെ ടീമിന് കാര്യങ്ങളിൽ സ്വല്പം ആശ്വാസമാണ്, പ്രത്യേകിച്ച് കഴിഞ്ഞ കളിയിൽ മധ്യനിരയിൽ ഉള്ള പ്രതിരോധം പാളിപ്പോയ സ്ഥിതിയിൽ. മുന്നേറ്റ നിരയിൽ മെസ്സിക്കും സുവാരസിനുമൊപ്പം ആരിറങ്ങും എന്നതാവും ചോദ്യം. അൻസുവാണോ ഗ്രീസ്മാൻ ആണോ അതോ ബ്രാത്ത്വെറ്റ് ആണോ എന്ന്. കഴിഞ്ഞ കളിയിൽ ബെഞ്ചിൽ നിന്നും തുടങ്ങിയ ഗ്രീസ്മാനാവും ഇത്തവണ നറുക്ക് വീഴാൻ സാധ്യത. എന്തൊക്കെയായാലും മുന്നേറ്റനിര വളരെയധികം പണിപ്പെട്ടേ മതിയാവൂ ഇന്ന് അത്രയ്ക്ക് പ്രധാന മത്സരമാണ്.
അത്‌ലറ്റിക്കോയ്ക്ക് വരുമ്പോൾ ലീഗിലെയും യൂറോപ്പിലെയും തങ്ങളുടെ ആദ്യകാല ബുദ്ധിമുട്ടുകളിൽ നിന്ന് തിരിച്ചുപിടിച്ചു മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയ ഒരു സീസണിന്റെ അവസാന പാത്രമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒരിക്കൽ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിൽ നിന്ന് ഇപ്പോൾ ലീഗിൽ മൂന്നാമത്തേക്ക് വ്യക്തമായ മാർജിനിൽ തിരിച്ചെത്തിയതും യൂറോപ്പിലെ ഏറ്റവും മികച്ച എവേ രാത്രിയും മെല്ലാം ചോളോയുടെ കീഴിൽ അവരുടെ മെറ്റിൽ തിരിച്ചു ബലപ്പെട്ടു എന്നതിന്റെ തെളിവാണ്. തുടർച്ചയായ ജയങ്ങളുടെയും ഗോളുകളുടെയും എല്ലാം ആത്മവിശ്വാസത്തിലും ബലത്തിലുമാണ് അത്‌ലറ്റിക്കോ ക്യാമ്പ്-നൗ’ൽ ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള അവർ ഇവിടെ നിന്ന് പൊയിന്റുകളുമായി തിരിച്ച് ചെല്ലാം എന്നുള്ള വിശ്വാസത്തിൽ ഒട്ടും കുറവ് വരാൻ സാധ്യതയില്ല. കൊക്കെയും സാവിച്ചും ഇല്ലെങ്കിലും അത്‌ലറ്റിക്കോയുടെ മികവിൽ യാതൊരു കുറവുമില്ല. മികച്ച ഫോമിലുള്ള യ്യൊറെന്റെയും കോസ്റ്റയും പാർട്ടിയും ഒബ്ലാക്കുമെല്ലാം അവർക്ക് ധാരാളം ആണ് എന്നതിൽ സംശയമില്ല.
എന്തൊക്കെയായാലും വളരെ നിർണായകമായ ഒരു പോരാട്ടമാണ് ബാഴ്സയെ കാത്തിരിക്കുന്നത്. തോൽവിയെന്നത് ചിന്തിക്കാൻ കൂടി പറ്റാത്ത ഒരു പോരാട്ടം. മറികടന്നേ പറ്റൂ അവരെ എല്ലാ അർത്ഥത്തിലും. എല്ലാ പ്രാർത്ഥനകളോടെയും നമുക്ക് കാത്തിരിക്കാം.
വിസ്കാ എൽ ബാർസ !
ലാ ലിഗ : മാച്ച് ഡേ – 33.
ക്യാമ്പ് നൗ.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB
©www.culesofkerala.com
