മാച്ച് പ്രിവ്യു – സെൽറ്റ വീഗൊ vs എഫ് സി ബാഴ്സലോണ
ലാ ലീഗയിൽ മറ്റൊരു എവേയ് മത്സരത്തിന് ബാർസ ഇറങ്ങുകയാണ്. 16ആം സ്ഥാനത്തു ആണെങ്കിലും നിലവിലെ എറ്റവും അപകടകാരികൾ ആയ ടീമുകളിൽ ഒന്നാണ് സെൽറ്റ. കഴിഞ്ഞ 5 വർഷമായി സെൽറ്റയുടെ ഗ്രൗണ്ടിൽ ബാർസ ജയമറിഞ്ഞിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ യുവതാരങ്ങളിലൂടെ ടീമിൽ കണ്ട ഉണർവ് ഇന്നും പ്രതീക്ഷിക്കാം. മധ്യനിരയിൽ ബുസ്‌ക്വറ്റ്സ് സസ്‌പെൻഷൻ കാരണവും ഡി യോങ് പരിക്കേറ്റും പുറത്താണ്. ആര്തുർ സ്റ്റാർട്ട് ചെയ്യും എന്ന് വിശ്വസിക്കാം. കൂട്ടിനു റാക്കിയും വിദാലും ആവും ഇറങ്ങുക. പുജ് ഒരു സാധ്യതയായി ബെഞ്ചിൽ ഉണ്ടാവും. മുന്നേറ്റത്തിൽ, ഇടത് വിങ്ങിൽ ഫാറ്റി അവസരം അർഹിക്കുന്നുണ്ട്. ഗ്രീസ്മാനെയും ബ്രൈത്വയ്റ്റിനേയും മറികടന്ന ഫാറ്റി അത് നേടുമോയെന്നു കണ്ടറിയണം. എത്ര മോശമായി കളിച്ചാലും ടീം സുവാരസിനെ ബെഞ്ചിലിരുത്തും എന്ന് കരുതുന്നില്ല. മുമ്പത്തേക്കാൾ മികച്ച പകരക്കാർ ഉണ്ടായിട്ടും ഒരു തീരുമാനം എടുക്കാൻ ടീമിന് കഴിയാത്തത് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തും.
കഴിഞ്ഞ മത്സരത്തിന് ഒടുവിൽ ചെറിയ അസ്വാരസ്യം പ്രകടിപ്പിച്ച പീക്കെ പൂർണ ആരോഗ്യവാനായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മറിച്ചാണെങ്കിൽ അറ്റ്‌ലിറ്റിയോടുള്ള മത്സരത്തിന് തയ്യാറെടുക്കാൻ അയാൾക് വിശ്രമം ആവശ്യമുണ്ട്. ലെങ്ലെ, ആൽബ, സെമെടോ, സ്റ്റീഗൻ എന്നിവർ അവരുടെ റോളുകളിൽ ഉണ്ടായിരിക്കും.
ബാർസ ലോണി കൂടിയായ റാഫിന്യ, സെൽറ്റയുടെ പ്രധാന താരമാണ്. കൂടാതെ ഡെനിസ് സുവാരസും ഇന്ന് ബാഴ്സയ്ക്കെതിരെ ഇറങ്ങും. സ്‌മോളവിനൊപ്പം ഇറങ്ങുന്ന ഇയാഗോ അസ്പാസ് തന്നെയാണ് സെൽറ്റയുടെ കുന്തമുന. മുൻ ബാർസ താരം കൂടിയായി ഓസ്കാർ ഗാർഷ്യക്ക് കീഴിൽ ആക്രമിച്ചു കളിക്കുന്ന സെൽറ്റ ഈ ഘട്ടത്തിൽ ബാഴ്സക്ക് ലഭിക്കാവുന്ന കടുത്ത എതിരാളികൾ തന്നെയാണ്. ഈ വെല്ലുവിളി അതിജീവിച്ചു കിരീടപോരാട്ടം നിലനിർത്താൻ നമുക്ക് കഴിയട്ടെ.
എസ്റ്റേഡിയോ ഡി ബലായിഡോസ്
8.30PM IST
©www.culesofkerala.com
