• Follow

മാച്ച് പ്രിവ്യൂ : ബാഴ്‌സലോണ VS ലാസ് പാമാസ്

  • Posted On January 14, 2017

ലാലിഗ – റൗണ്ട് 18
വേദി : കാമ്പ് നൗ – ബാഴ്‌സലോണ
ഇന്ത്യൻ സമയം വൈകീട്ട് : 08 : 45
തത്സമയം : സോണി സിക്സ്

കോപയിലെ വിജയത്തിന്റെ ആവേശത്തിൽ ബാഴ്‌സ ഇന്ന് വീണ്ടും ലാലിഗയിലെ അഗ്നിയിലേക്ക്. റൌണ്ട് 18 ൽ ബാഴ്‌സ, ലാസ് പാമാസിനെ നേരിടുന്നു. ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് വിജയത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നു നമുക്കറിയാം. മോശം തീരുമാനങ്ങളും ഫോമും നമ്മുടെ ലീഗിലെ മുന്നേറ്റത്തെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. ഓരോ മത്സരത്തിലും നിലയിൽ മെച്ചമുണ്ടാകും എന്ന പ്രതീക്ഷകൾ പലപ്പോഴും തെറ്റിയപ്പോൾ ആദ്യ സ്ഥാനക്കാരുമായി ഇപ്പോൾ ഏകേദശം 8 പോയിന്റ് പിറകിലാണ് ബാഴ്‌സ.നിരാശയുള്ള പ്രകടനം തന്നെ, പക്ഷെ ഏതൊരു നിമിഷവും തീപ്പൊരിയായി മാറാനും ബാഴ്‌സക്ക് കഴിയും എന്നും നമുക്ക് അറിയാം . കഴിഞ്ഞ മത്സരം ഒരു ഉദാഹരണം മാത്രം. വിജയം അനിവാര്യമായ ഘട്ടത്തിൽ മനസ്സും ശരീരവും അർപ്പിച്ചു നേടിയ വിജയവുമായി ബാഴ്‌സ കഴിഞ്ഞ മത്സരം അവസാനിപ്പിച്ചു. ആ പ്രകടനം തുടരാനായാൽ മുന്നോട്ടുള്ള കുതിപ്പ് അപ്രാപ്യമല്ല .

തീർത്തും വിജയപ്രതീക്ഷയോടെയാണ് ബാഴ്‌സ ലാസ് പാമാസിനെ നേരിടാനെത്തുന്നത്. പോയിന്റ് നിലയിലും കേളീ മികവിലും ബാഴ്‌സ തന്നെ മുന്നിട്ട് നിൽക്കുന്നു. ചരിത്രവും മറിച്ചല്ല. പക്ഷെ ഒരിക്കലും ഒരു എതിരാളിയെയും തള്ളിക്കളയാനാകില്ല. ലാസ് പാമസും കുഴപ്പമില്ലാത്ത രീതിയിലാണ് ലീഗിൽ മുന്നോട്ട് പോകുന്നത്. സ്പോർട്ടിങ് ജിഹോണിനെതിരെ ലീഗിലും അത്ലെറ്റിക്കെതിരെ കോപയിലും തുടർച്ചയായി വിജയിച്ചതിന്റെ ആവേശത്തിലാണ് അവർ.

ബാഴ്‌സയുടെ ലൈൻ അപ്പിനെ കുറിച്ച് പറയുകയാണെങ്കിൽ അവ്യക്തതയാണ്. ധാരാളം ഓപ്‌ഷനുകൾ നമുക്കുണ്ട്. ആരെയൊക്കെ പരീക്ഷിക്കാം എന്നത് കോചിന്റെ തീരുമാനവും മത്സരത്തിന്റെ സാധ്യതകളും ബന്ധപ്പെട്ട് കിടക്കുന്നു. ഈ സീസണിൽ ഇതുവരെ മാത്രം ബാഴ്‌സ മധ്യനിരയിൽ 15 റൊട്ടേഷൻസ് നടത്തിയിട്ടുണ്ട്. ഇത് വരെ ഒരു വിന്നിങ് കോമ്പോ കണ്ടെത്താൻ സാധിച്ചിട്ടുമില്ല. അതിനാൽ തന്നെ സാഹചര്യത്തിന് അനുസൃതമായ രീതിയിലായിരിക്കും ഓരോ മത്സരത്തെയും ബാഴ്‌സ സമീപിക്കുന്നത്.

ഗോൾ വല കാക്കാൻ സാധാരണ ഗതിയിൽ ടെർ സ്റ്റീഗനെയാണ് നമ്മൾ പ്രതീക്ഷിക്കാറ് . പക്ഷെ കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിതമായി സില്ലിസൺ എത്തി. മികച്ച പ്രകടനവും കാഴ്ചവെച്ചു. എങ്കിലും ലീഗിൽ ടെർ സ്റ്റീഗൻ തന്നെ തുടരാനാണ് സാധ്യത. പിൻനിരയിൽ അലക്സ് വിദാൽ / റോബർട്ടോ – പിക്വെ – മാഷെ / ഉംറ്റിറ്റി – ആൽബ/ഡിഗ്‌നെ എന്ന ലൈൻ അപ്പ് ആയിരിക്കും. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടും വിദാലിനു അർഹിക്കുന്ന അവസരങ്ങൾ ലൂചോ നൽകാത്തതിൽ നമ്മളെല്ലാം തന്നെ അമർഷത്തിലാണ്. മികച്ച പ്രകടനം നടത്തിയാൽ അവസരങ്ങൾ നൽകുക തന്നെ വേണം. ആവിശ്യത്തിന് മത്സരങ്ങളില്ലാതെ ഒരു കളിക്കാരൻ മികവ് തെളിയിക്കുന്നതെങ്ങിനെ.? മികച്ചു നിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഡിഫെൻസിവ് സൈഡ് നോക്കുകയാണെങ്കിൽ റോബർട്ടോ പിഴവുകൾ ഏറെ വരുത്തുന്നുണ്ട്. ഒരു സ്വാഭാവിക ഡിഫൻഡർ അല്ല റോബർട്ടോ. സാഹചര്യം മൂലം ആ സ്ഥാനം ഏറ്റെടുക്കുകയാണുണ്ടായത്. അധികം വൈകാതെ അനുയോജ്യനായ ഒരാളെ ആ പൊസിഷനിലേക്ക് കണ്ടെത്തണമായിരുന്നു. അതിൽ ലൂചോക്ക് പിഴച്ചു എന്ന് പറയാം. എങ്കിലും ഇനിയും സമയമുണ്ട്. അധികം വൈകാതെ ലൂചോ അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

മധ്യനിരയിലാണ് ഏറ്റവുമധികം പരീക്ഷണങ്ങൾക്കുള്ള സാധ്യതകൾ ഉള്ളത്. ഞങ്ങൾ മുൻപ് സൂചിപ്പിച്ചതു പോലെ ഈ സീസണിൽ ഇത് വരെ മാത്രം 15 വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിച്ചിട്ടുണ്ട്. എങ്കിലും ഇനിയേസ്റ്റയും ബുസിയും ഒട്ടുമിക്കപ്പോഴും കളത്തിലുണ്ടായിരുന്നു . ഇന്നും ഇരുവരും ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് കരുതാം. ഇനിയേസ്റ്റ പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലാതെ ഇപ്പോഴും മാരക കളിയാണ്. കഴിഞ്ഞ മത്സരത്തിൽ ഇനിയേസ്റ്റയും നെയ്മറും ആൽബയും ചേർന്ന് ഇടതുവിങ്ങിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇന്നും നമ്മൾ അത്തരം നിമിഷങ്ങൾ പ്രതീക്ഷിക്കുന്നു. പിന്നെയും നമ്മൾ ഉറ്റു നോക്കുന്ന പ്രകടനം ബുസിയുടേതാണ്. ആശാൻ ചില മത്സരങ്ങളിൽ തകർപ്പൻ കളിയാണെങ്കിലും മറ്റു ചില സമയങ്ങളിൽ ആകെ ഡൗൺ ആണ്. ആശാൻ ഒന്ന് മൂഡ് ഓഫ് ആയാൽ ബാഴ്‌സയും തളരും. എങ്കിലും മത്സരങ്ങൾ പുരോഗമിക്കുംതോറും കൂടുതൽ മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം റാക്കി / ഡെനിസ് / ഗോമസ് / റാഫിന്യ / ടുറാൻ എന്നിവരെ സബ് ആയി പ്രതീക്ഷിക്കാം.

മുന്നേറ്റത്തിൽ മെസ്സിയും നെയ്മറും സുവാരസും ആക്രമിക്കാൻ മുൻപന്തിയിൽ ഉണ്ടാകും. മെസ്സി വല്ലാത്ത ഒരു ഫോമിലുള്ള ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഓരോ മത്സരത്തിലും തന്റേതായ ഒരു വ്യക്തിമുദ്ര ഇദ്ദേഹം ചാർത്തുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ബാഴ്‌സയെ വൻ വീഴ്ചകളിൽ നിന്നും രക്ഷിച്ചത് ഇദ്ദേഹത്തിന്റെ മികവാണ്. അതിനിയും തുടരും എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഒപ്പം നെയ്മറും സുവാരസും ഗോൾ നേട്ടത്തിലേക് തിരികെയെത്തിയെന്നതും സന്തോഷം ഉളവാക്കുന്നു. തന്റെ കിടിലൻ ഫിനിഷിങ് കൈമോശം വന്നിട്ടില്ല എന്ന് തെളിയിച്ച സുവാരസും, ഒരു പ്ലേയ് മേക്കർ റോൾ ഭംഗിയായി ആസ്വദിക്കുന്ന നെയ്മറും നമുക്ക് തികഞ്ഞ പ്രതീക്ഷ നൽകുന്നു. മത്സരത്തിന്റെ ഗതിക്കനുസരിച്ചു ആൽക്കസ്സർ ഇന്ന് ഇറങ്ങാൻ സാധ്യതയുണ്ട്.

ഓരോ മത്സരങ്ങളും നമുക്ക് ഓരോ പ്രതീക്ഷകൾ ആണ്. ഒരു മികച്ച മത്സരം കാണാം എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം.

©Penyadel Barca Kerala™

  • SHARE :