മാച്ച് പ്രിവ്യു – ബാഴ്‌സലോണ VS അത്ലറ്റികോ മാഡ്രിഡ്
ലാലീഗ റൗണ്ട് 5
ബാഴ്‌സലോണ VS അത്ലറ്റികോ മാഡ്രിഡ്
വേദി : കാമ്പ് നൗ , ബാഴ്‌സലോണ
ഇന്ത്യൻ സമയം രാത്രി 01 : 30
തത്സമയം
ചാനൽ : സോണി സിക്സ്
മറ്റൊരു മാച്ച് ഡേ കൂടി വന്നെത്തി. ഒരു പക്ഷെ ഈ സീസണിൽ ചങ്കിടിപ്പ് കൂട്ടുന്ന ആദ്യത്തെ മത്സരം ഇതാണ്. സ്പെയിനിലെ കരുത്തരായ രണ്ടു ടീമുകൾ നേർക്കുനേർ വരുന്നു. കളത്തിലും കടലാസിലും രണ്ടു ടീമും തികഞ്ഞ പോരാളികൾ . മികച്ച റെക്കോർഡുകളുമായി രണ്ടു കോച്ചുകളും. ഒപ്പം കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ പുറത്താക്കിയ ടീമുമായി നേർക്കുനേർ .മത്സരം തീ പാറാൻ ഇനിയെന്ത് വേണം .?
നിലവിൽ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സയ്ക്ക് വിജയത്തിൽ കുറഞ്ഞ ഒന്നും പരിഹാരമല്ല. ഇനിയും പരാജയപ്പെട്ടാൽ, പിന്നീട് തിരികെ മുന്നിലേക്ക് എത്താൻ വളരെയധികം ബുദ്ധിമുട്ടുണ്ട് എന്ന് കളിക്കാർക്കും ലൂചോക്കും നന്നായിട്ട് അറിയാം. അത്കൊണ്ട് ഒക്കെ തന്നെ മികച്ച ഒരു ടീമിനെ ഇറക്കി, നല്ല ഒരു വിജയം തന്നെ കൈവരിക്കാനാകും ബാഴ്‌സയുടെ ശ്രമം. കഴിഞ്ഞ മത്സരങ്ങളിൽ ടീം മികച്ച പ്രകടനങ്ങളും ആയിരുന്നല്ലോ.
അത്ലറ്റിക്കോ മാഡ്രിഡും ഏതാണ്ട് ഈ അവസ്ഥയിൽ തന്നെയാണ് .നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണവർ. ആദ്യ മത്സരത്തിൽ അലാവെസിനോടും രണ്ടാമത്തെ മത്സരത്തിൽ ലെഗാനെസിനോടും സമനിലയിൽ കുടുങ്ങിയതാണ് അവരെ നാലാം സ്ഥാനത്തെത്തിച്ചത്. പക്ഷെ അവസാന രണ്ടു മത്സരങ്ങളിൽ സെൽറ്റയോടും സ്പോർട്ടിങ് ഗൈഹണോടും മികച്ച രീതിയിൽ ജയിച്ച അത്ലറ്റിക്കോ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
പതിവ് പോലെ ടെർ സ്റ്റീഗൻ തന്നെ വല കാക്കും. പക്ഷെ പിൻനിരയിൽ ഉംറ്റിറ്റിയുടെ അഭാവം ആണ് ബാഴ്‌സയുടെ ഏക പ്രശ്നം. കേവലം വിരലിലെണ്ണാവുന്ന മത്സരങ്ങളിൽ നിന്നും തന്നെ, ഉംറ്റിറ്റി നേടിയെടുത്ത വിശ്വാസം അത്രത്തോളം ആണ്. പക്ഷെ അതൊരിക്കലും ബാഴ്‌സയെ പ്രകടനത്തെ തെല്ലും സ്വാധീനിക്കില്ല, കാരണം നമ്മൾ ഏറ്റവുമധികം വിശ്വസിക്കുന്ന മറ്റൊരു കളിക്കാരൻ ഇപ്പോഴും കൂടെയുണ്ട്. നമ്മുടെ സ്വന്തം മഷറാനോ . മാഷെ ഒന്ന് തകർത്തു കളിച്ചാൽ പിന്നെ, ആ ഭാഗം പേടിക്കണ്ട. ഒപ്പം സ്ഥിരം പ്രധിരോധ ഭടനായ പിക്വെയും ഉണ്ടാകും. റൈറ്റ് ബാക്കിൽ മികച്ച ഫോമിൽ കളിക്കുന്ന റോബർട്ടോക്കാണ് സാധ്യത കൂടുതൽ. ഇടതു വിങ് ബാക്കായി ആൽബയും ഡിഗ്‌നേയും വരും.
കഴിഞ്ഞ മത്സരത്തിൽ നിന്നും വിട്ടുനിന്ന ബുസ്കെറ്സ് തിരിച്ചെത്തുന്നതോടെ , ഇനിയേസ്റ്റ , ബുസി, റാകി മധ്യനിര സെറ്റ് ആകും. ഈ നിർണ്ണായക മത്സരത്തിൽ ഇനിയെസ്റ്റയുടെ പ്രകടനം വളരെ പ്രധാനമാണ്. അല്ലെങ്കിൽ തന്നെ വലിയ ടീമുകളോട് മുട്ടുമ്പോൾ ഇനിയേസ്റ്റക്ക് ഊർജ്ജം ഇത്തിരി കൂടുതൽ ആണ്. അതിന്നും നമ്മൾ പ്രതീക്ഷിക്കുന്നു. ഒപ്പം ബുസിയും റാക്കിയും നന്നായാൽ കളി പകുതി ജയിച്ചത് പോലെയാകും. കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ 3 – 4 – 3 ഫോർമേഷൻ ഇറക്കാൻ സാധ്യത കുറവാണ്. എങ്കിലും തള്ളിക്കളയുന്നില്ല. അത്ലെറ്റി പോലെ ഒരു മികച്ച ടീമിനെതിരെ പരീക്ഷണത്തിന് മുതിരാതെ സ്വന്തം ശൈലിയിൽ തന്നെ കളിക്കുന്നതിനോടാണ് ഞങ്ങൾക്ക് താൽപര്യം,
മുന്നേറ്റത്തിൽ MSN ത്രയം ഉണ്ടാകും .ഗ്രോയിൻ പരിക്ക് മൂലം വലയുന്ന മെസ്സി ഞായറാഴ്ച പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. പക്ഷെ ഇപ്പോൾ കുഴപ്പമില്ല എന്നാണ് റിപ്പോർട്ടുകൾ . പക്ഷെ, കളിയിൽ ആദ്യ പകുതിക്ക് ശേഷം സബ് ചെയ്യുമോ എന്ന് കണ്ടറിയണം. മെസ്സി എന്ന കളിക്കാരൻ കളത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം തന്നെ MSN തകർപ്പൻ പ്രകടനം ആണ് പുറത്തെടുത്തത്. അതിവിടെയും തുടരും എന്നാണ് പ്രതീക്ഷ. ഇവർ ഫോമിലാണെങ്കിൽ, ഗോളുകൾക്ക് ക്ഷാമം ഉണ്ടാകില്ല എന്നറിയാമല്ലോ.
അപ്പൊ മികച്ച ഒരു മത്സരത്തിനായി കാത്തിരിക്കാം. ..