• Follow

ഔസ്മാൻ ഡെംബെലെ

  • Posted On October 5, 2017

പ്രതിരോധ നിരയിൽ നിന്ന് മഴവില്ല് പോലെ പെയ്തിറങ്ങിയ പന്തിനെ തന്റെ ഇടതുകാൽ കൊണ്ട് ഔസ്മാൻ ഡെംബെലെ തഴുകി നിർത്തി. മൈതാനത്തിന്റെ മധ്യത്തിൽ ആയിരുന്നു അവനപ്പോൾ. അടുത്ത നിമിഷം ബോൾ ടച്ച് ലൈനിലേക്ക് തട്ടിയിട്ട് തന്നെ മാർക്ക് ചെയ്ത കളിക്കാരനെ നോക്കു കുത്തിയാക്കി അവൻ കുതിച്ചു കയറി. പെനാൽറ്റി ഏരിയക്കരികെ ഫുൾ സ്പീഡിൽ പന്തുമായി എത്തുമ്പോൾ അടുത്ത പ്രധിരോധ ഭടൻ. അയാളുടെ ഇടതുഭാഗത്തു കൂടി ബോൾ തട്ടിയിട്ട് മറുവശത്തിലൂടെ ഔസ്മാൻ പാഞ്ഞുകയറി. നോക്കി നിൽക്കാൻ മാത്രമേ എതിരാളിക്ക് കഴിഞ്ഞുള്ളു. അപ്പൊഴേക്കും ഡെംബെലെ 50 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ഞൊടിയിടയിൽ അളന്നു മുറിച്ച ഒരു ക്രോസ് ബോക്സിലേക്ക് തൊടുത്തുവിട്ടു.പിയെർ എമെറിക് ഒബമയാങിന് ഒന്നു തലവയ്ക്കുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു. ഗോൾ !!! വെറും എട്ട് നിമിഷങ്ങൾ കൊണ്ട് തന്റെ പ്രഹര ശേഷി എത്രമാത്രമുണ്ടെന്ന് ലോകത്തോട് വിളിച്ച് പറയുകയായിരുന്നു ഉസ്മാൻ ഡെമ്പെലെ എന്ന നമ്മുടെ സ്വന്തം ഡെമ്പൂസ്. 2017 ഫെബ്രുവരിയിൽ ലെപ്സിഗിനെതിരെ ഡോർട്ട്മുണ്ടിന്റെ വിജയഗോൾ പിറന്നതങ്ങനെയായിരുന്നു.

ഡെമ്പെലെക്ക് ഡ്രിബ്ലിംഗ് പ്രകൃതിയുടെ വരദാനം പോലെയാണ്. അവനത് ലളിതമായും സുന്ദരമായും കളിക്കളത്തിൽ പ്രദർശിപ്പിക്കുന്നു. ഫസ്റ്റ് ടച്, അജിലിറ്റി, കൺട്രോൾ, വേഗത, ക്രോസിങ് അങ്ങനെ എല്ലാം കൊണ്ടും മികച്ച ഒരു അസിസ്റ്റ് ആയിരുന്നു അത്. ഔസ്മാൻ എപ്പോൾ എന്ത് ചെയ്യുമെന്നൊ, ഏത് കാൽ ഉപയോഗിക്കുമെന്നോ പറയാനാകില്ല.

ഒരു പറ്റം ഫ്രഞ്ച് മാധ്യമ പ്രവർത്തകർ, ഭാവിതാരമെന്ന നിലയിൽ തന്നെക്കുറിച്ചുള്ള വാർത്തകൾ എങ്ങനെ നോക്കിക്കാണുന്നു എന്ന് ചോദിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയാർന്ന മറുപടി:” ഞാനതൊന്നും ശ്രദ്ധിക്കാറില്ല. അത്തരം വാർത്തകൾ അധിക സമ്മർദ്ദം ചെലുത്താറുമില്ല. ഞാൻ എന്റെ കരിയറിലെ യാത്രയിലാണ്. ഞാൻ ഡോർട്ട്മുണ്ടിൽ എന്റെ സമയം ആസ്വദിക്കുന്നു, അതിനായി പരിശീലിക്കുന്നു.”

ഫ്രഞ്ച് കോച്ച് ദിദിയെ ദേഷാമ്പ്സ് കളിക്കാരെ പേരെടുത്ത് പറയാറില്ല. എന്നാൽ ഡെമ്പുവിന്റെ കാര്യത്തിൽ അദ്ദേഹത്തിന് നൂറു നാവാണ്.

“കളി പുരോഗമിക്കുന്നില്ല എങ്കിൽ അവൻ സ്വന്തമായി അപ്രതീക്ഷിത നീക്കങ്ങൾ നടത്തും. എന്നാൽ ഒരുപാട് കാലത്തേക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതിലാണ് നേട്ടം. ഡെംബെലെയുടെ കാര്യത്തിൽ അവൻ മാനസികമായി എപ്പൊഴും കരുത്തനാണ്, തയ്യാറാണ്. നന്നായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.”

ബോറുസ്യയിലെ മുൻ കോച്ച് തോമസ് ടുക്കലും ഇത് തന്നെ പറയുന്നു.

“ട്രെയിനിംഗിൽ ഒൺ ടച് , ടു ടച്ച് പാസുകൾ ശ്രമിക്കും. അല്ലെങ്കിൽ സ്പേസ് മാനേജിങ് പഠിക്കും. ഉസ്മാൻ എല്ലാം വേഗത്തിൽ മനസിലാക്കും, ഞാൻ അത്ഭുതപ്പെടാറുണ്ട്, അവൻ എല്ലാം ഗ്രഹിക്കുന്ന വേഗത കണ്ട്. എല്ലാത്തിനോടും പെട്ടെന്ന് ഇണങ്ങിച്ചേരുന്ന പ്രകൃതം”

ഇണങ്ങിച്ചേരൽ വളരെ പ്രധാനമാണ്. ചുരുങ്ങിയ കാലയളവിൽ ഡെംബെലെ വിവിധ ടീമുകൾ, വേദികൾ, ഭാഷകൾ, സംസ്കാരങ്ങൾ, മാധ്യമ രീതികൾ, അങ്ങനെ എല്ലാത്തിനോടും ഇണങ്ങിയിട്ടുണ്ട്.

ടുക്കലിന്റെ അഭിപ്രായത്തിൽ പ്രതിഭ എന്നത് ഉത്തരവാദിത്തവും മുന്നേറണമെന്നുള്ള വാശിയും ചേർന്നതാണ്. അതുകൊണ്ട് തന്നെ ഡെമ്പെലെയുടെ കാര്യത്തിൽ ടുക്കൽ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.

“അവന് ഉയർന്ന നിലയിൽ തന്നെ കളിക്കാനാകും. ഇനിയും ഒരുപാട് മുന്നേറാനുണ്ട് വിവിധ തരത്തിലുള്ള പരിശീലന മുറകൾ ഔസ്മാന്റെ കളി വികസിക്കാൻ സഹായിച്ചിട്ടുണ്ട്. ഓരോ മാറ്റങ്ങൾക്കും അവൻ മികച്ച പ്രതികരണം കളിയിൽ കാഴ്ച്ചവയ്ക്കും. ട്രെയിനിംഗ് സങ്കീർണമാകുന്തോറും കളി കൂടുതൽ ലളിതമായി മാറും” – ടുക്കൽ പറയുന്നു

ലയണൽ മെസി കളിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരനുഭൂതി ഉണ്ട്. അതേ അനുഭവം തന്നെയാണ് ഡെംബലയുടെ കളി കാണുമ്പോഴും. ലാഘവത്തോടെയുള്ള, ഒഴുക്കൻ കളി.
പതിമൂന്നാം വയസിൽ ഡെംബലെ റെനെസ് ക്ലബിൽ ചേർന്നു, കൂടെ കുടുംബവും ഉണ്ടായിരുന്നു. 15-16 സീസണിൽ ലീഗ് വണ്ണിൽ ബെസ്റ്റ് യങ് പ്ലെയർ അവാർഡ് നേടിയതോടെ വമ്പൻ ക്ലബുകൾ ഡെമ്പൂസിനായി വലവിരിച്ചു രംഗത്തെത്തി. ലിവർപൂൾ, സിറ്റി, ആർസനൽ, ബയർ ലെവർക്യൂസൻ, ബോറൂസൃ എല്ലാവരും. അതൊരു വഴിത്തിരിവാണ്. മോശം തീരുമാനമെടുത്താൽ, അവസരങ്ങൾ കുറയും, വളർച്ച മുരടിക്കും, സ്വപ്നങ്ങൾ ബാക്കിയാവും. പക്വതയാർന്ന തീരുമാനം തന്നെ അവൻ എടുത്തു. ബോറൂസ്യയിൽ ടുക്കലിന്റെ അടുക്കലേക്ക്. പിന്നെ കണ്ടത് ഉസ്മാന്റെ കരിയർ ഗ്രാഫ് കുതിച്ചുയരുന്നതാണ്.

ബാഴ്സ ആയിരുന്നു അവന്റെ ചിരകാലാഭിലാഷം. ലാ മാസിയയിൽ പഠിച്ച സുഹൃത്തിനോട് കൗതുകത്തോടെ അവൻ വിശേഷങ്ങൾ തിരക്കുമായിരുന്നു. ബാഴ്സയിൽ നിന്ന് ഓഫർ വന്നാൽ വിടണമെന്ന് ബോറൂസിയ മേധാവികളുമായി അവൻ കരാറും വച്ചിരുന്നു. ഇക്കാലമത്രയും ബാഴ്സയുടെ കേളീശൈലി തന്റെ കളിയിലേക്ക് ചേർക്കാൻ അവൻ ശ്രമിച്ചിട്ടുമുണ്ട്. ലിങ്കിംഗ്, ഒൺ ടച്ച് പാസുകൾ ഒക്കെ അതിന്റെ ഭാഗമാണ്. ഒടുവിൽ ബ്ലോഗ്രാനയുടെ ചരിത്രത്തിലെ വിലയേറിയ താരമായി അവൻ ബാഴ്സയിലേക്ക് വണ്ടി കയറി. ട്രാൻസ്ഫർ തുകയെപ്പറ്റിയൊന്നും താൻ ശ്രദ്ധ കൊടുക്കുന്നില്ല എന്ന് ഡെമ്പൂസ് പറഞ്ഞ് കഴിഞ്ഞു’.

വെല്ലുവിളികൾ അതിജീവിച്ചാണ് ഡെമ്പെലെ ഇത് വരെ എത്തിയത്. എതിരാളികളെ ബഹുമാനിക്കുന്നു, നന്നായി പരിശീലിക്കുന്നു, ഇനിയും മുന്നേറാനുള്ള ത്വര, പടിപടിയായി പുരോഗമിക്കാൻ കാണിക്കുന്ന ശ്രദ്ധയും പ്ലാനിംഗും എല്ലാം കാണാം.ഒരു വിവാദങ്ങളിലും ശ്രദ്ധ ചെലുത്താതെ കളിയിൽ മാത്രം ശ്രദ്ധിക്കുന്ന പക്കാ പ്രെഫഷനൽ ആണ് ഉസ്മാൻ ഡെമ്പെലെ. അങ്ങനെ ശ്രമിച്ചിട്ടുള്ളവർ മാത്രമേ ഫുട്ബോളിന്റെ രാജകുമാരന്മാരും ചക്രവർത്തികളുമായി വാണിട്ടുള്ളു.

ഗെറ്റാഫെക്കെതിരെ പരിക്കേറ്റ ഡെമ്പൂസ് ഇപ്പോൾ ലഘുവായ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് തിരിച്ചു വരണമെന്ന പുതിയ വാശിയും വെല്ലുവിളിയുമായി. നൂ കാമ്പിലെ വലക്കണ്ണികളും ആർത്തുവിളിക്കുന്ന ആയിരങ്ങളും കാത്തിരിക്കുന്നു, ലയണൽ മെസിയുടെ പുതിയ ശിഷ്യന്റെ തിരിച്ചു വരവിനായി…

[Adapted from]: Edge by Ben Lyttleton

©Penyadel Barca Kerala

  • SHARE :