പിറന്നാൾ ആശംസകൾ യുവാൻ റോമൻ റിക്ക്വൽമി
2006 ലോകകപ്പിലെ കണ്ണീർ സിദാന് പുറമെ മറ്റൊരാൾക്കു കൂടി അവകാശപ്പെട്ടതാണ്. ഫുട്‍ബോൾ കളിക്കുക എന്നത് ഒരു കവിത രചിക്കുക പോലെ സുന്ദരമാണ് എന്നു തെളിയിച്ച താരം. ചരിത്രം ബോധപൂർവ്വം മറക്കുന്ന കുറെ ഇതിഹാസങ്ങൾ ഉണ്ടല്ലോ ? ആ കൂട്ടത്തിൽ പെടും ഇയാൾ. യൂസേബിയോ, ജോർജ് ബെസ്റ്, കുബാല, സോക്രട്ടീസ്, മത്തിയാസ് സാമ്മർ, എന്നിവരെ പോലെ ഒരാൾ. പ്ലേമേക്കർ എന്ന വാക്കിനോട് ഏറ്റവും നീതി പുലർത്തിയ സാക്ഷാൽ “യുവാൻ റോമൻ റിക്ക്വൽമി ” എന്ന ഇതിഹാസം ജനിച്ച ദിവസമാണ് ജൂൺ 24. ലയണൽ മെസ്സി ജനിച്ച അതേ ദിവസം, സിനദീൻ സിദാൻ ജനിച്ചതിന്റെ പിറ്റേ ദിവസം (വർഷം വേറെ ആണ് എങ്കിലും).
സിദാൻ & മെസ്സി – ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളുടെ ഇടയിൽ പ്രതിഷ്ഠിക്കപ്പെടുമ്പോൾ , അർഹിച്ചതു പോലും നിഷേധിക്കപ്പെട്ട താരമാണ് റിക്ക്വൽമി. കണ്ണീരോടെ അല്ലാതെ നിങ്ങളെ ഓർമിക്കുവാൻ കഴിയില്ല, റിക്ക്വൽമി. അതിപ്പോൾ റിക്ക്വൽമി കളിച്ച അർജന്റീന & വിയ്യാറയൽ ടീമുകളുടെ റൈവലുകളായ ബ്രസീൽ, വലൻസിയ ആരാധകർക്കു ആണേലും, യുവാൻ റോമൻ റിക്ക്വൽമിയെ വെറുക്കുവാൻ കഴിയില്ല. ഫുട്‍ബോളിനെ സ്നേഹിക്കുന്ന ഒരാൾക്കും അതിനു കഴിയില്ല.പന്തിനെ മർദ്ദിക്കുന്ന അനേകരുടെ ഇടയിൽ അപൂർവമായിരുന്നു റിക്ക്വൽമിയെ പോലെ പന്തിനെ തഴുകിയിരുന്നവർ. പന്തിനെ മാത്രം പ്രണയിച്ചവൻ. ദി മോസ്റ് റൊമാന്റിക് ഫുട്‍ബോളർ എവർ. എന്തു കൊണ്ടു ഫുട്ബോൾ ഇഷ്ട്ടപ്പെടുന്നു എന്ന ചോദ്യം വന്നാൽ അഭിമാനപുരസരം നമുക്ക് പറയാം ” കാരണം യുവാൻ റോമൻ റിക്ക്വൽമിയെ പോലെയുള്ളവർ കളിച്ചിരുന്ന കളിയാണ് ഇതു”.
റിക്ക്വൽമിയുടെ ഫുട്ബോൾ വളരെ വ്യത്യസ്തമായിരുന്നു. പ്രത്യേകിച്ചു ഇന്നത്തെ ഫുട്ബോളർമാരായി താരതമ്യം ചെയ്യുമ്പോൾ. ഇന്നത്തെ കളിക്കാർ ശാരീരികവേഗത്തിനു മുൻതൂക്കം കൊടുക്കുമ്പോൾ റിക്ക്വൽമി പ്രാധാന്യം കൊടുത്തത് ‘മെന്റൽ സ്പീഡിനാണ്’. അതു കൊണ്ടാണ് ഫുട്ബോൾ കണ്ട ഒടുവിലത്തെ പ്യുവർ ക്ലാസ്സിക്ക്-10 പ്ളേ മേയ്കർ ആയി റിക്ക്വൽമിയെ ലോകം കാണുന്നത് . ’10’ എന്ന ജഴ്‌സി നമ്പർ ഇത്രയധികം ചേരുന്ന മറ്റൊരു താരമുണ്ടോ എന്നു പോലും സംശയം.
ബൊക്ക ജൂനിയേഴ്‌സിലായിരുന്നു റിക്ക്വൽമിയുടെ കരിയർ ആരംഭം. മിതഭാഷിയായ, അല്പം അന്തർമുഖൻ എന്നു തോന്നിപ്പിക്കുന്ന ഒരു ബാലൻ. അവൻ സംസാരിച്ചിരുന്നത് ഫുട്‍ബോളിലൂടെയാണ്. അവന്റെ കളി ഒരു കവിത പോലെ ഒഴുകി. ഒട്ടും വൈകിയില്ല, അർജന്റീന ഉറക്കെ പാടി ” ഇതാ ഇവിടെ പുതിയൊരു മറഡോണ പിറന്നിരിക്കുന്നു”. എന്നാൽ ആ പറഞ്ഞത് തെറ്റായിരുന്നു. റിക്ക്വൽമി ഒരിക്കലും മറഡോണയ്ക്കു പകരക്കാരനായിരുന്നില്ല. റിക്ക്വൽമിയെ പോലെ റിക്ക്വൽമി മാത്രമേ ഉണ്ടായിരുന്നുള്ളൂ. റിക്ക്വൽമിയുടെ മികവിൽ ബൊക്ക 2000, 2001 വർഷങ്ങളിലെ കോപ്പ ലിബർട്ടഡോറസ് ജേതാക്കളായതോടെ യൂറോപ്പിൽ നിന്നു വിളി വന്നു- ഒരുപാട് ടീമുകളിൽ നിന്നു എഫ്.സീ . ബാഴ്‌സലോണയെ റിക്ക്വൽമി തിരഞ്ഞെടുത്തു. തന്നെ ‘റോമൻ’ എന്നു വിളിച്ചിരുന്ന തന്റെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് അന്നാ തീരുമാനം ഉണ്ടായത് എന്നു റിക്ക്വൽമി പിന്നീട് പറഞ്ഞു. എന്നാൽ ബാഴ്‌സലോണയിൽ റിക്ക്വൽമിയെ കാത്തു നല്ല നാളുകളായിരുന്നില്ല ഉണ്ടായിരുന്നത് .
മഹാന്മാരായ പല ആളുകൾക്കും കൂടെപിറപ്പായ ‘ആത്മാഭിമാനം’ എന്നു അവർ വിളിക്കുന്ന ”ഈഗോ”, റിക്ക്വൽമിക്കും ഉണ്ടായിരുന്നു. കളത്തിൽ അധികം ഓടാതെ (മെസ്സിയെ പോലെ), കളിക്കുന്ന ഒരു താരമായിരുന്നു റിക്ക്വൽമി. അതിനെതിരെയും , റിക്ക്വൽമിയുടെ ഈഗോയെ പറ്റിയും വിമർശനം വന്നപ്പോൾ ഐതിഹാസിക കോച്ച് ആയ സെസാർ ലൂയിസ് മെനോട്ടി പറഞ്ഞു ” ചിന്തിക്കുന്ന കളിക്കാരനാണ് റിക്ക്വൽമി. ഫുട്‍ബോളിൽ ഓടി കളിക്കണം എന്ന നിയമം എന്നു മുതലാണ് വന്നത് ?റിക്ക്വൽമി ബുദ്ധി ഉപയോഗിച്ചു കളിക്കുന്ന ഫുട്‍ബോളർ ആണ്. മെരുങ്ങുവാൻ പാടുള്ള കുതിരയെ പോലെയാണ് അയാൾ . പക്ഷെ മെരുക്കിയാൽ അവനെക്കാൾ മിടുക്കനെ നിങ്ങൾ വേറെ കാണില്ല”. ഈ ഈഗോയുള്ള റിക്ക്വൽമി എത്തിപ്പെട്ടതോ ലൂയിസ് വാൻ ഗാലിന് മുന്നിൽ. “പൊളിറ്റിക്കൽ സൈനിങ്” എന്നാണ് വാൻ ഗാൽ റിക്ക്വൽമി സൈനിങ്ങിനെ വിശേഷിപ്പിച്ചത്. റിക്ക്വൽമിയുടെ കഴിവ് തിരിച്ചറിയാൻ കഴിഞ്ഞില്ല വാൻ ഗാലിന്. അല്ലെങ്കിൽ കണ്ടില്ല എന്നു വെച്ചു വാൻ ഗാൽ . റിക്ക്വൽമിയെ വാൻ ഗാൽ തുടർച്ചയായി ബെഞ്ച് ചെയ്തു. അവസരം ലഭിക്കാത്തതിനെ തുടർന്നു ആദ്യം ലോണിലും, പിന്നീട് പെർമനന്റ് ഡീലിലും റിക്ക്വൽമി വിയ്യാറയൽ എന്ന കൊച്ചു ക്ലബ്ബിലേക്ക് കൂടു മാറി. ഫുട്‍ബോളിലെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നിനെ നശിപ്പിച്ചതിന് വാൻ ഗാലിന് അഭിമാനിക്കാം. ചാവി ഹെർണാണ്ടസ് ഈയിടെ പറഞ്ഞു ” എന്നാൽ റിക്ക്വൽമി ബാഴ്‌സയിൽ വന്ന സമയം ശരി ആയിരുന്നില്ല”. ആ പ്രതിഭ എങ്ങും എത്താതെ പോയതിൽ തന്റെ ക്ലബ്ബിനുള്ള പങ്കിന്റെ കുറ്റബോധം ചാവിയുടെ ആ വാക്കുകളിൽ ഉണ്ടായിരുന്നു ”
വിയ്യാറയലിൽ എത്തിയ റിക്ക്വൽമി ആ ക്ലബ്ബിന്റെ തന്നെ ജാതകം തന്നെ മാറ്റിയെഴുതി. റിക്ക്വൽമിയുടെ സാന്നിധ്യം കൊണ്ടു മാത്രം വിയ്യാറയൽ തിരഞ്ഞെടുത്ത ഡീഗോ ഫോർലാൻ എന്ന മറ്റൊരു ഇതിഹാസത്തിനൊപ്പം റിക്ക്വൽമി വിയ്യാറയലിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിച്ചു . സെമിയിൽ ആഴ്‌സണൽ ആയുള്ള നിർണ്ണായക പെനാൽറ്റി നഷ്ട്ടപ്പെടുത്തിയതും റിക്ക്വൽമി തന്നെ. അന്നും വിധി റിക്ക്വൽമിക്കു എതിരെ. ലോകകപ്പുള്ള വർഷമായിരുന്നു അതു .അന്നത്തെ അർജന്റീന കോച്ച് പെക്കർമാന്റെ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു റിക്ക്വൽമി. 2002 ലോകകപ്പ് തന്റെ സഹോദരന്റെ കിഡ്നാപ്പിനോട് അനുബന്ധിച്ചു കളിച്ചിരുന്നില്ല റിക്ക്വൽമി. എന്നാൽ 2006ൽ ലോകം കണ്ടു അപൂർവ്വമായി മാത്രം കാണുന്ന ജനുസ്സിൽ ഒരു കളിക്കാരനെ റിക്ക്വൽമിയെ . സെർബിയ ആയുള്ള 26 പാസ്സ് ഗോൾ ഒന്നും ഒരു ഫുട്‍ബോൾ പ്രേമിക്കും മറക്കുവാൻ സാധിക്കില്ല. റിക്ക്വൽമിയുടെ ബുദ്ധിയിൽ പിറന്ന അത്ഭുദ ഗോൾ. അയാളുടെ ഓരോ പാസ്സിനും ഒരു കഥ പറയാനുണ്ടായിരുന്നു. ഇത്ര സുന്ദരമായി കളിച്ചു അർജന്റീന മധ്യനിര അടക്കി വാണ റിക്ക്വൽമി, കോച്ച് പെക്കർമാന്റെ ഒരു നിമിഷത്തെ തെറ്റിന്റെ പേരിൽ വീണ്ടും ദുഃഖപുത്രനായി . കവർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജർമ്മനിയ്ക്കു ഫുട്‍ബോൾ പാഠങ്ങൾ നൽകുകയായിരുന്നു റിക്ക്വൽമി. റിക്ക്വൽമി മാർക് ചെയ്യുവാൻ മാത്രം ഒപ്പം നടന്നു ജർമ്മൻ പ്ലേമേയ്കർ മിഷേൽ ബല്ലാക്ക്. ബല്ലാക്കിനെ കൊണ്ടു തടുക്കാവുന്നതിലും അപ്പുറമായിരുന്നു റിക്ക്വൽമി എന്ന ഇതിഹാസം. 1-0 ലീഡ് ചെയ്‌തിരുന്ന കളിയിൽ, 72 ആം മിനിറ്റിൽ റിക്ക്വൽമി യെ കോച്ച് വിളിച്ചതോടെ അർജന്റീന വീണു. അതു റിക്ക്വൽമിയുടെ ലോകകപ്പ് ആയിരുന്നു. എന്നാൽ പെക്കർമാൻ അതു തട്ടി കളയുകയായിരുന്നു. ഇത്ര സുന്ദരമായി കളിച്ച ഒരു അർജന്റീന ടീമില്ല. 2014 ൽ ഫൈനലിൽ കളിച്ച റ്റീം പോലും ആ ടീമിന് ഒപ്പമെത്തില്ല. 72 ആം മിനിറ്റിൽ തിരിച്ചു കയറുന്ന റിക്ക്വൽമിയുടെ മുഖം ഇന്നും മനസ്സിലുണ്ട്. 2010 ൽ മറ്റൊരു ഈഗോയിസ്റ്റിക് കോച്ചായ മറഡോണയുടെ ടീമിൽ പോലും റിക്ക്വൽമിയെ ഉൾപ്പെടുത്തിയില്ല. മഹാനായ ആ കളിക്കാരന്റെ കളി അധികം കാണുവാൻ ഭാഗ്യം ഇല്ലാത്തവരായിപ്പോയി നമ്മൾ .
2007 ലാണ് റിക്ക്വൽമി യൂറോപ്പ് വിട്ടു നാട്ടിലേക്കു മടങ്ങിയത്. പൂർണ്ണത എത്താത്ത ഒരു കരിയർ ആയിരുന്നു റിക്ക്വൽമിക്കു യൂറോപ്പിൽ നിന്നു ലഭിച്ചത്. പൂക്കൾ വിരിച്ച വഴി ആയിരുന്നില്ല അയാൾക്ക് കരിയറിൽ ഉടനീളം ലഭിച്ചത്. കല്ലും, മുള്ളും എല്ലാം ഉണ്ടായിരുന്ന പരുക്കൻ നിലത്തു കൂടിയാണ് അയാൾ നടന്നിരുന്നത്. എന്നാൽ റിക്ക്വൽമിക്കു പരാതികൾ ഒന്നുമില്ലായിരുന്നു. ശാന്തനായി, കോർണർ എടുക്കാൻ കോർണർ ഫ്ലാഗിന് നേരെ നടക്കുന്ന മനോഭാവമായിരുന്നു അയാളുടെ നഷ്ടങ്ങളുടെ കണക്കുകൾ എടുത്തു പറയുമ്പോൾ അയാൾ കാണിച്ചിരുന്നത്. 2006 ൽ സാർ അലക്സ് ഫെർഗ്യൂസൻറെ വിളി നിരസിച്ചതിൽ മാത്രം റിക്ക്വൽമി വിഷമിച്ചിരുന്നു.
പുരസ്കാരങ്ങൾ ചിലപ്പോൾ അർഹതയില്ലാത്തവരെ പോലും മഹാനാക്കിയേക്കാം. എന്നാൽ പുരസ്‌കാരങ്ങളുടെ അകമ്പടി വേണ്ട മഹത്വം അവകാശപ്പെടാൻ എന്നു തെളിയിച്ച താരാമാണ് റിക്ക്വൽമി.
പിറന്നാൾ മംഗളങ്ങൾ യുവാൻ റോമൻ റിക്ക്വൽമി – ദി മോസ്റ് റൊമാന്റിക് ഫുട്‍ബോളർ ഐ ഹാവ് എവർ സീൻ !!