• Follow

ബാഴ്സയിലെ ഒരു ദശാബ്ദത്തിന്റെ ഓർമ

  • Posted On January 3, 2020

ഒരു ദശാബ്ദക്കാലം അവസാനിച്ചതോടെ നമ്മുടെയെല്ലാം ജീവിതങ്ങളുടെ ഭാഗമായ എഫ്.സീ. ബാഴ്‌സലോണ എന്ന ഐതിഹാസിക ക്ലബിന്റെ ആരാധകൻ എന്ന നിലയിൽ ഓരോ വർഷവും കീറിമുറിച്ചു നോക്കുവാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതങ്ങളുടെ ഭാഗമാണ് ഈ ക്ലബ് എന്ന് പറയുന്നതിന് കാരണമുണ്ട്. ജീവിത ടെൻഷനുകളുടെ നെട്ടോട്ടത്തിൽ ഈ ക്ലബ് തരുന്ന പ്രഷറും ചെറുതല്ല. 2017ലെ ട്രാൻസ്ഫർ വിൻഡോ ഒക്കെ ഇപ്പോളും ഓർമ്മയിലുണ്ട്. മാർക്കോ വെറാറ്റിയിൽ തുടങ്ങി നെയ്മറിൽ അവസാനിച്ച ട്രാൻസ്ഫർ വിൻഡോ. റയൽ മാഡ്രിഡ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസൺ അവസാനിപ്പിച്ച വർഷം. ആ സമയങ്ങളിൽ ഓരോ ദിവസവും എഴുന്നേറ്റിരുന്നു ട്വിറ്റർ നോക്കിയായിരുന്നു. ഒരു ബാഴ്‌സ ആരാധകൻ എന്ന നിലയിൽ ഏറ്റവും സന്തോഷം തന്ന വിജയം സമ്മാനിച്ച നെയ്മർ ടീം വിടുന്ന കാഴ്ച നമ്മളെല്ലാം ഹൃദയം നുറുങ്ങുന്ന വേദനയായാണ് വായിച്ചറിഞ്ഞത്.

2010

സോഷ്യൽ മീഡിയ യുഗത്തിന്റെ ആരംഭത്തിൽ ബാഴ്‌സലോണ അവരുടെ സുപ്രീം പവറിൽ ഉള്ള സമയമായിരുന്നു. ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലുമെല്ലാം ബാഴ്‌സലോണയുടെ ആരാധകർ. എന്നാൽ പൗരത്വം തെളിയിക്കാൻ ഇന്ത്യക്കാരൻ പെടാപാട് പെടുന്ന പോലെ എതിരാളികൾ ഓരോ ബാഴ്‌സലോണ ആരാധകന്റെയും ലോയൽറ്റി ചോദ്യം ചെയ്തിരുന്ന സമയം. ചോദ്യം ചെയ്തവർ അധികവും ജനിച്ച ഉടനെ ജനിച്ചപ്പോൾ ചുവന്ന കൊടി പിടിച്ചു പിന്നീട് വെള്ളയെ പ്രേമിച്ചിട്ടു ഒടുവിൽ ഇറ്റലിയിലേക്ക് തീവണ്ടി കയറിയവർ ആണെന്നതാണ് ഇതിലെ കോമഡി. എന്തിരുന്നാലും 2010 ബാഴ്‌സലോണയുടെ അപ്രമാദിത്വത്തിന്റെ വർഷമായിരുന്നു. സീസൺ തുടക്കത്തിൽ ടീമിനൊപ്പം ചേർന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ചായിരുന്നു അന്നത്തെ പുത്തൻ ആകർഷണം. ചാമ്പ്യൻസ് ലീഗിൽ ഇന്ററിൽ നിന്നേറ്റ പരാജയം മൗറീഞ്ഞ്യോയും, എതിരാളികളും ആഘോഷിച്ചതിൽ നിന്ന് വ്യക്തമായി ബാഴ്‌സലോണ എത്രകണ്ട് ശക്തരായിരുന്നു അന്നെന്നു. ബോയന്റെ അർഹിച്ച ഗോൾ നിഷേധിച്ച റഫറിയെയും മറക്കുവാൻ കഴിയില്ല. അന്ന് ജയിച്ചിരുന്നെങ്കിൽ ബാഴ്‌സലോണ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് അന്നേ നേടിയേനെ. സമ്മറിൽ ഡോൺ ആന്ദ്രസ് ഇനിയേസ്റ്റ ലോകകപ്പ് നേടിയതും, മെസ്സി-ചാവി-ഇനിയേസ്റ്റ ഒരുമിച്ചു ബാലൻ ദ്യോർ വേദിയിൽ എത്തിയതും ആ വർഷത്തെ നല്ല ഓർമ്മകളാണ്. അതെ വർഷം തന്നെ റയൽ മദർഡിനെയും, ഹോസെ മൗറീഞ്ഞ്യോനെയും 5-0 എന്ന സ്‌കോറിൽ ക്യാമ്പ് ന്യൂവിൽ പരാജയപ്പെടുത്തിയതും സുഖമുള്ള ഓർമ്മയാണ്. 2010

സമ്മറിൽ ഡേവിഡ് വിയ്യ , ഹാവിയർ മഷറാനോ എന്നീ താരങ്ങളും ബാഴ്‌സയിൽ എത്തിയിരുന്നു.

2011

ലോകചരിത്രത്തിൽ തന്നെ ഇത്ര ലളിത സുന്ദരവുമായ ഫുട്ബോൾ കളിച്ച ഒരു ടീമുണ്ടായിരുന്നില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തറപറ്റിച്ചത് ഓർമ്മയില്ലേ? സെമിയിൽ മൗറീന്യോയുടെ റയലിനെ തകർത്തതും അതെ വർഷം തന്നെ. എറിക്ക് ആബിദാൽ വെംബ്ലിയിൽ കിരീടം ഉയർത്തുന്നത് ഒരിക്കലും മായാത്ത ചിത്രമായി എല്ലാവരുടെയും മനസ്സിലുണ്ട്. തുടർച്ചയായ മൂന്നാം ലീഗും ബാഴ്‌സ ആ വർഷം നേടി. സെസ്‌ക് ഫാബ്രിഗാസ്, അലക്സിസ് സാഞ്ചസ് എന്നിവരുടെ സൈനിങ്ങാണ് സമ്മർ വിൻഡോയിലെ പ്രധാന വാർത്ത. ക്ലബ് ലോകകപ്പിൽ ബാഴ്‌സ പരാജയപ്പെടുത്തിയ സാന്റോസിന്റെ അത്ഭുതബാലനായ നെയ്മർ ജൂനിയർ എന്ന കൗമാരക്കാരാണ് വേണ്ടി റയലുമായി ബാഴ്‌സ കൊമ്പുകോർത്ത് തുടങ്ങിയതും അതെ വർഷം തന്നെ. നെയ്മർ റയലിലേക്കു എന്ന് ഉറപ്പിച്ച സമയത്തായിരുന്നു ബാഴ്‌സ പ്രെസിഡന്റ് സാൻഡ്രോ റോസലും, സംഘവും ഓപ്പറേഷൻ നെയ്മറിന് ആരംഭം കുറിച്ചത്. മെസ്സിയുടെ പകരക്കാരൻ അല്ലെങ്കിൽ മെസ്സിക്ക് ശേഷമുള്ള ഉത്തരം എന്ന നിലയിലായിരുന്നു അന്നും വാർത്തകൾ. കാർലസ് പുയോൾ എന്ന ഡിഫൻസീവ് അതികായന്റെ കരിയറിലെ വീഴ്ച പേരുകളുടെ രൂപത്തിൽ ആ വർഷം ആരംഭിച്ചിരുന്നു. മെസ്സി-വിയ്യ-പെഡ്രോ ത്രയത്തെയും ഓർമ്മിക്കാതെ വയ്യ.

2012

പെപ്പ് ഗാർഡിയോള എന്ന കൂർമ്മബുദ്ധിക്കാരൻ സൃഷ്‌ടിച്ച ടീമിനെ ആദ്യമായി വെല്ലുവിളി ഉയർത്തി മൗറീഞ്ഞ്യോയുടെ റയൽ. തൊട്ടു മുന്നത്തെ സീസണിൽ ബാഴ്‌സയുടെ ട്രെബിൽ തടഞ്ഞു കോപ്പ ജയിച്ചത് റയൽ ആഘോഷമാക്കിയതിൽ നിന്നും വ്യക്തമായിരുന്നു ബാഴ്‌സയെ തടയുവാനുള്ള റയലിന്റെ ആവേശം. റെക്കോർഡ് പോയിന്റുകളുമായി റയൽ അന്ന് ലീഗ് നേടി. ബാഴ്‌സ ചെല്സിയുമായി പരാജയപ്പെട്ടു ചാമ്പ്യൻസ് ലീഗ് സെമിയിൽ നിന്നും പുറത്തായി. കോപ്പ നേടി ബാഴ്‌സ പെപ്പ് ഗാർഡിയോളയുമായി വഴി പിരിഞ്ഞു. ഡേവിഡ് വിയ്യ പറിക്കുകളോട് പൊരുതിയ വർഷമായിരുന്നു അത്. എങ്കിലും ലയണൽ മെസ്സി 91 ഗോളുകൾ നേടി ആ വർഷവും അവിസ്മരണീയമാക്കി. ടിറ്റോ വിലനോവ ബാഴ്‌സയുടെ പുതിയ അമരക്കാരനായി.

2013

ബാഴ്‌സയുടെ ഇരുണ്ട നാളുകളുടെ തുടക്കമായിരുന്നു 2013. റെക്കോർഡ് പോയിന്റുകളുമായി ലെഗ് ജയിച്ചെങ്കിലും, ടിറ്റോ വിലനോവ കാൻസർ കാരണം ബാഴ്‌സ വിട്ടു, അതിന്റെയെല്ലാം മുകളിൽ ട്രാൻസ്ഫർ ബാൻ ഭീഷണിയും. പുയോൾ വിരമിച്ചു. ആബിദാൽ, ഡേവിഡ് വിയ്യ എന്നിവർ ടീം വിട്ടു. ലയണൽ മെസ്സി ആദ്യമായി അടിതെറ്റി വീണുതുടങ്ങിയതും അതെ വർഷം. മെസ്സിയുടെ ഫിറ്റ്നസ് ലെവൽ ഒരുപാടു താഴെ പോയ വർഷം. എല്ലാത്തിനും മുകളിൽ ബയേൺ മ്യൂണിക്കുമായുള്ള ചാമ്പ്യൻസ് ലീഗിലെ വലിയ തോൽവി. 2013ൽ നഷ്ടങ്ങളുടെ കണക്കെ ബാഴ്‌സയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. സമ്മറിൽ നെയ്മർ ജൂനിയറെ വാങ്ങിയതാകും ആ വർഷത്തെ ഏറ്റവും വലിയ നേട്ടം. ടാറ്റ മാർട്ടീനോ ബാഴ്‌സയുടെ പുതിയ മാനേജരായി.

2014

12 വർഷങ്ങൾക്ക് ശേഷം റയൽ ചാമ്പ്യൻസ് നേടി അവരുടെ ലാ ഡെസിമ സ്വപ്നം സാക്ഷാത്കരിച്ചു. കോപ്പ ഫൈനലിൽ റയൽ ബാഴ്‌സയെ തോൽപ്പിക്കുകയും ചെയ്തു. ലീഗിൽ അവസാന മത്സരത്തിൽ അറ്റ്‌ലറ്റിക്കോ ആയി സമനില വഴങ്ങിയതിനാൽ ലീഗ് കിരീടവും നഷ്ടപ്പെട്ടു. അന്ന് മെസ്സി നേടിയ ഗോൾ ലഭിച്ചിരുന്നേൽ ലീഗ് കിരീടം ക്യാമ്പ് ന്യൂ എത്തിയേനെ. ടിറ്റോ വിലനോവ കാൻസറിന്‌ മുന്നിൽ കീഴടങ്ങി. ബാഴ്‌സയുടെ കഷ്ടകാലം തുടരുന്നു. ലോകകപ്പ് ഫൈനലിൽ തോറ്റു ലയണൽ മെസ്സിയും ഹൃദയം തകർന്നു ക്യാമ്പ് ന്യൂ എത്തിയ സമയത്താണ് പെപ്പ് ഗാർഡിയോള യുഗത്തിന് ശേഷം ബാഴ്‌സലോണ ഏറ്റവും സന്തോഷിച്ച യുഗത്തിന് ആരംഭം കുറിക്കുന്നത്. ഇങ്ങോട്ടു നാലടിച്ചാൽ അങ്ങോട്ട് ആറടിക്കാൻ പഠിപ്പിച്ച ഇരുമ്പുഹൃദയമുള്ള ഒരാൾ ബാഴ്‌സയുടെ മാനേജറായി. അയാൾക്ക് കരുത്തായി ലൂയിസ് സുവാരസ് എന്ന വേട്ടക്കാരനും ആ വർഷം ബാഴ്‌സയിലെത്തി. ജർമ്മനിയിൽ നിന്ന് ഒരു ചെറുപ്പക്കാരനും അന്ന്

ക്ലബ് വിട്ട വിക്ടർ വാൽഡസിന് പകരമായി ടീമിലെത്തി. ഏറെ ഇഷ്ടപ്പെട്ടിരുന്ന അലക്സിസ് സാഞ്ചസ് എന്ന് ക്ലബ് വിട്ടു. ഫാബ്രിഗാസും പോയി. ബ്രാവോ ആയിരുന്നു മറ്റൊരു സൈനിങ്‌.

2015

ലൂയിസ് എൻറിക്ക്വേയുടെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. സാന്റിയാഗോ ബെർണാബിയുവിൽ ബാഴ്‌സ തോറ്റിരുന്നു. എന്നാൽ 2014ലെ ആ തോൽവി ആയിരുന്നു റയൽ ലീഗിൽ അവസാനമായി ബാഴ്‌സയെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ചത്. ഇപ്പോൾ വർഷം ആറായി. മെസ്സി-സുവാരസ്-നെയ്മർ എന്ന അത്ഭുതത്രയത്തെ ലൂയിസ് എൻറിക്ക്വേ സൃഷ്ടിച്ചു. ബാഴ്‌സലോണയുടെ അന്നത്തെ ട്രാൻഫോർമേഷൻ സിനിമകഥകളെ പോലും വെല്ലുന്നതായിരുന്നു. വർഷങ്ങൾക്ക് ശേഷം ആരാധകർ ചിരിച്ചു തുടങ്ങി. ബയേൺ മ്യൂണിക്കിയോട് പകരം വീട്ടിയാണ് എൻറിക്ക്വേ അന്ന് തുടങ്ങിയത്. ലീഗും, കോപ്പയും, ചാമ്പ്യൻസ് ലീഗും നേടി അന്ന് ബാഴ്‌സ ട്രിപ്പിൾ നേടി. ട്രിപ്പിൾ രണ്ടു തവണ നേടുന്ന ഒരേയൊരു ടീമായി മാറി ബാഴ്‌സ. MSN ചരിത്രത്തിന്റെ ഭാഗമായി. ചാവി എന്ന ഇതിഹാസത്തെ ബാഴ്‌സ അഭിമാനത്തോടെ യാത്രയയപ്പിച്ചു.

2016

2015ൽ എവിടെ അവസാനിച്ചോ അവിടെ നിന്ന് ബാഴ്‌സ തുടങ്ങി.MSN അവരുടെ ഏറ്റവും തികച്ച ഫോമിൽ. ലീഗും, കോപ്പയും നേടി മുന്നേറിയ ബാഴ്‌സയെ പക്ഷെ അറ്റ്‌ലറ്റിക്കോ ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെടുത്തി. ബാക്ക് റ്റു ബാക്ക് ട്രെബിൽ എന്ന സ്വപ്നം അവിടെ വീണു. മാർച്ചിൽ യോഹാൻ ക്രൈഫും ഭൂമിയോടു വിടപറഞ്ഞു. സാമുവേൽ ഉംറ്റിറ്റി വന്ന വർഷം കൂടിയായിരുന്നു 2016. ഡാനി ആല്വസ് ക്ലബ് വിടുകയും ചെയ്തു.

2017

ബാഴ്‌സലോണ അസാധ്യം സാധ്യമാക്കിയ റെമോൻടാഡ നടത്തിയ വർഷം. ഓരോ ബാഴ്‌സലോണ ആരാധകരുടെയും സിരകളിൽ ഇന്നും ആവേശം നൽകുന്ന ആ മത്സരം എങ്ങനെ മറക്കുവാൻ സാധിക്കും. യൂവന്റസുമായി പരാജയപ്പെട്ടു പുറത്തായി എങ്കിലും ആ വിജയം ഏറെ വിലപ്പെട്ടതാണ്. റയൽ ലീഗും, ചാമ്പ്യൻസ് ലീഗും നേടിയപ്പോൾ ബാഴ്‌സയുടെ നേട്ടം കോപ്പ മാത്രമായിരുന്നു. ലൂയിസ് എൻറിക്ക്വേ പോയി, നെയ്മർ പോയി. ഡെംബലെ, വാൽവർഡെ എന്നിവർ ടീമിലെത്തി.

2018

വീണ്ടും ഡൊമസ്റ്റിക് ഡബിൾ നേടിയ വർഷം. ഫിലിപ്പെ കൂട്ടീന്യോ വന്ന വർഷം. റയലിനെ 5-1നു തകർത്ത വർഷം. എന്നാൽ റയൽ ഹാട്രിക്ക് യൂ.സി.എൽ നേടുന്നതും, ബാഴ്‌സ റോമയോട് പരാജയപ്പെടുന്നതും കാണേണ്ടി വന്ന വർഷം. എല്ലാത്തിലും മുകളിൽ ഇനിയെസ്ടയുടെ വിടവാങ്ങൽ തന്ന വേദനയും അന്ന് നാം അനുഭവിച്ചു.

2019

2018ന്റെ വേദന മറക്കുവാൻ വന്ന ബാഴ്‌സയെ കൂടുതൽ വേദനിപ്പിച്ച വർഷം. ലീഗ് ഒരിക്കൽ കൂടി നേടിയെങ്കിലും, ലിവർപ്പൂൾ ആയുള്ള പരാജയവും, കോപ്പയിലെ തോൽവിയും വേദനയായി. ആന്റോയിന് ഗ്രീസ്മാൻ, ഫ്രാങ്കി ഡി യോംഗ് എന്നിവർ വന്ന വർഷം കൂടിയാണിത്.

**********************************************************

2010ൽ നിന്ന് 2020ൽ എത്തുമ്പോൾ ലോയൽറ്റി തെളിയിക്കേണ്ട അവസ്ഥ ആരാധകർക്കില്ല. പത്തു- പന്ത്രണ്ടു വർഷം ഒരു ചെറിയ കാലമല്ല. ജയങ്ങൾ പോലെ പരാജയങ്ങളും കണ്ടു നാം ശീലിച്ചു. ലയണൽ മെസ്സിയുടെ അവസാന കാലമാണ് ഇതെന്ന് നമുക്കറിയാം. ഏറിയാൽ രണ്ടോ മൂന്നോ വർഷം-മെസ്സിയുടെ സമയമായി. പുതിയ ചരിത്രം രചിക്കാനും സമയമായി. ഈ ദശാബ്ദം നന്നായി തുടങ്ങേണ്ടത് അത്യാവശ്യമാണ്. ജയിച്ചു കയറി വരട്ടെ ബാഴ്‌സ. എഴുതിത്തള്ളിയിടത്തു നിന്ന് പിടിച്ചു കയറി വെന്നിക്കൊടി പാറിച്ച ചരിത്രമുണ്ട് ഈ ക്ലബിന്. ആ ചരിത്രം ആവർത്തിക്കട്ടെ വിസ്‌ക്കാ എൽ ബാഴ്‌സലോണ!!!

നിഖിൽ സെബാസ്റ്റ്യൻ
©www.culesofkerala.com

  • SHARE :